Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ്‌
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര

നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം

സംവിധാനം: സജി സുരേന്ദ്രന്‍

ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥ നേരിടുന്ന കുറച്ചുപേര്‍ക്കിടയില്‍ നിന്ന് നാല്‌ സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. കണ്ണീരില്‍ നിന്ന് മാറി ജീവിതം ഒരു ഉത്സവമാക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അതിനെത്തുടര്‍ന്നുള്ള ചില സംഭവങ്ങളും സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രതയും പ്രേമത്തിന്റെ പൊള്ളത്തരവും ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നേരിട്ട്‌ പ്രേക്ഷകരോട്‌ "ഞങ്ങളുടെ കഥ പറയാം.." എന്ന് മുഖത്തുനോക്കി പറഞ്ഞുള്ള സംഗതി അല്‍പം അരോചകമായി തോന്നി. ഭേദപ്പെട്ട രീതികള്‍ സ്വീകരിക്കാമായിരുന്നു.

സിനിമ തുടങ്ങി കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ കഥ മുന്നോട്ട്‌ അറിയാനുള്ള താല്‍പര്യം നഷ്ടപ്പെടുന്ന രീതിയില്‍ പ്രേക്ഷകന്റെ പ്രതീക്ഷ നശിപ്പിക്കുന്നതില്‍ കഥയുടെ അവതരണത്തിന്‌ സാധിച്ചിരിക്കുന്നു.

'എന്തായാലും കാശ്‌ കൊടുത്ത്‌ കയറിയതല്ലേ, കണ്ടേക്കാം' എന്ന മനോഭാവത്തോടെ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പിന്നീട്‌ നടക്കുന്ന സെന്റിമെന്റ്സെല്ലാം കോമഡിയായി തോന്നുകയും കൂവിയും ആര്‍ത്തട്ടഹസിച്ചും ആസ്വദിക്കുകയും ചെയ്യുന്നത്‌ തീയ്യറ്ററില്‍ ആഘോഷപ്രതീതി ജനിപ്പിച്ചു. ഈ സംഗതികള്‍ കണ്ട്‌ ചിരിക്കാനായി എന്നത്‌ ഒരു നേട്ടം തന്നെയായി ഞാന്‍ കണക്കാക്കുന്നു.

പല സീനുകളും അനാവശ്യമായിരുന്നു എന്നത്‌ എഡിറ്റര്‍ക്കും ഡയറക്ടര്‍ക്കും ഒഴികെ ഏതൊരാള്‍ക്കും വ്യക്തമായി മനസ്സിലാകും.

ഭൂരിഭാഗം കോമഡി രംഗങ്ങളും ദയനീയമായിരുന്നു.

സലിം കുമാര്‍ കുറേ നേരം കോമഡി പറഞ്ഞ്‌ അവസാനം സെന്റി യാവാന്‍ നോക്കിയെങ്കിലും അവിടെയും അത്ര ഏശിയില്ല.

സുരാജ്‌ വെഞ്ഞാര്‍മൂടിന്റെ ഒരു സീന്‍ അത്യുഗ്രനായിരുന്നു. ഗുണ്ടയുടെ തല്ലില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം വളരെ രസകരമായിരുന്നു. ബാക്കി എല്ലം ഒരു തരം ആവര്‍ത്തനം.

കുറേ വിഗ്ഗ്‌ തലയന്മാരുടെ സിനിമയായിരുന്നു ഇത്‌. ഗണേഷ്‌ കുമാര്‍, ലാലു അലക്സ്‌, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍ തുടങ്ങിയവരുടെയെല്ലാം തലയലങ്കാരം പ്രകടവും കേമവുമായി. അതില്‍ ഗണേഷ്‌ കുമാര്‍ ഇടയ്ക്കിടെ വിഗ്ഗ്‌ നെറ്റിയില്‍ നിന്ന് വടിച്ച്‌ നേരെയാക്കുന്നുണ്ട്‌.

കമലഹാസനെ അവതരിപ്പിച്ച്‌ അദ്ദേഹത്തിന്റെ കുറേ ഉപദേശങ്ങളും ഓര്‍മ്മക്കുറിപ്പുകളും കുറേ നേരം പറയിപ്പിച്ച്‌ നന്ദി പറഞ്ഞ്‌ പിരിഞ്ഞു. അത്ര ആധികം നേരം കമലഹാസനെക്കൊണ്ട്‌ ഇതെല്ലാം ഒറ്റ ശ്വാസത്തില്‍ പറയിപ്പിക്കുമ്പോഴും പ്രേക്ഷകര്‍ക്ക്‌ ഒരു മടുപ്പ്‌ തോന്നിത്തുടങ്ങിയെങ്കില്‍ തിരക്കഥാകൃത്തിന്റേയും സംവിധായകന്റെയും കഴിവിനെ പ്രകീര്‍ത്തിക്കാതെ വയ്യ.

ജയസൂര്യയ്ക്ക്‌ ആകെ ചേരുന്ന ചില വേഷങ്ങളേ ഉള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.. പോക്കറ്റടിക്കാരന്‍, കള്ളന്‍ തുടങ്ങിയ ഏരിയയില്‍ പുള്ളിക്കാരന്‍ തകര്‍ക്കും. അതുകൊണ്ട്‌ ഈ സിനിമയിലും ജയസൂര്യ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ഒരു സെന്റിമന്റ്‌ സീന്‍ പ്രേക്ഷകര്‍ കൂവിത്തകര്‍ത്തപ്പോല്‍ മറ്റൊരെണ്ണം പ്രേക്ഷകരെ ആകര്‍ഷിച്ചു.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വത വന്ന രീതിയില്‍ തുടര്‍ന്നപ്പോള്‍ മീരാ ജാസ്മിന്‍ തീരെ ആകര്‍ഷണീയമായില്ലെന്ന് മാത്രമല്ല അഭിനയവും ഒരു വകയായിരുന്നു.

ഒരു ബെര്‍ത്ത്‌ ഡേ സോങ്ങ്‌ ആളുകളെ ബോറടിപ്പിച്ച്‌ കൊന്നു. ബെര്‍ത്ത്‌ ഡേയ്ക്ക്‌ കൊച്ചിന്റെ അച്ഛനമ്മമാര്‍ വരുമെന്നൊക്കെ പ്രേക്ഷകരെ അറിയിച്ചെങ്കിലും ആരെയും കാണിച്ചെന്ന് തോന്നുന്നില്ല, (സംവിധായകന്‍ വിളിക്കാന്‍ മറന്നുപോയതായിരിക്കും... ഈ ബോറിനിടയില്‍ അവരും കൂടി എന്തിനാ?)

ഒരൊറ്റ രംഗം കൊണ്ട്‌ തന്നെ കുഞ്ചാക്കോ ബോബനും ജയസൂര്യെയും ജയറാമിന്റെ സുഹൃത്തുക്കളായി. അതുപോലെ ഒരൊറ്റ സീനുകൊണ്ട്‌ മീരാ ജാസ്മിന്‍ ജയറാമിനെ ആരാധിക്കാന്‍ (പ്രേമിക്കാന്‍?) തുടങ്ങി. സിനിമ എങ്ങനെയെങ്കിലും തീര്‍ക്കാനുള്ള തിരക്കുകാരണം സംവിധായകന്‍ ചെയ്തതാണെങ്കിലും നമുക്കെന്തോ ഒരു വല്ലായ്ക.


ഒരു ഗാനത്തിലെ ദൃശ്യങ്ങള്‍ മനോഹരമായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുകയും നിരാശരാക്കുകയും ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു മുട്ടന്‍ സിനിമ.

Tuesday, October 26, 2010

അന്‍വര്‍രചന, സംവിധാനം: അമല്‍ നീരദ്‌
സംഭാഷണം: ഉണ്ണി ആര്‍., ശ്രീജിത്ത്‌ ഡി പിള്ള
നിര്‍മ്മാണം: രാജ്‌ സക്കറിയ


കോയമ്പത്തൂര്‍ സ്ഫോടനവും അതുമായി ബന്ധപ്പെട്ട തീവ്ര വര്‍ഗ്ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങളും അതിന്നിടയിലുണ്ടാകുന്ന തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്‌ അന്‍ വര്‍ എന്ന സിനിമയുടെ പ്രധാന ഘടകം.

ബാബു സേട്ട്‌ (ലാല്‍) എന്ന മുസ്ലീം സംഘടനാ നേതാവിന്റെ അറസ്റ്റും, അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജയില്‍ വാസ കാലത്ത്‌ പുതിയതായി ജയിലില്‍ എത്തി അദ്ദേഹത്തിന്റെ വിശ്വാസവും പ്രീതിയും നേടിയെടുക്കുന്ന അന്‍ വര്‍(പൃഥ്യിരാജ്‌) എന്ന ചെറുപ്പക്കാരനിലൂടെ അദ്ദേഹം തന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഉള്ളടക്കം.

അമല്‍ നീരദിന്റെ കയ്യൊപ്പ്‌ ഈ ചിത്രത്തിലും പതിഞ്ഞിട്ടുണ്ട്‌. ആ കയ്യൊപ്പ്‌ നല്ലതാണോ മോശമാണോ എന്നത്‌ വേറെ കാര്യം. സ്ലോ മോഷന്‍, തോക്ക്‌, മഴ, മണല്‍പ്പുറം, ബീച്ച്‌ തുടങ്ങിയവയൊക്കെ സ്ഥിരമായി ചേരുവകളായി ലഭിക്കുന്നു എന്നതാണ്‌ ആ കയ്യൊപ്പിന്റെ പ്രത്യേകത.

ബിഗ്‌ ബി എന്ന സിനിമയെ പല രംഗങ്ങളിലും അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലേയും രംഗങ്ങള്‍. പ്രധാനമായും ക്ലൈമാക്സ്‌ രംഗങ്ങളോടടുക്കുന്ന സീനുകളില്‍ ആ ഒരു സാമ്യം വളരെ പ്രകടവുമായിരുന്നു.

ഒരു മണിക്കൂറിന്റെ സിനിമ സ്ലോ മോഷനില്‍ കാണിച്ച്‌ രണ്ട്‌ മണിക്കൂറിലധികമാക്കി റെഡിയാക്കിയിരിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്‌.

അഭിനേതാക്കളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നു. ഫോട്ടോഗ്രാഫിയും മികച്ചുനിന്നു.

പൃഥ്യിരാജ്‌ തന്റെ റോള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ മമത ആകര്‍ഷണീയത നിലനിര്‍ത്തി. ലാലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പ്രകാശ്‌ രാജ്‌ അദ്ദേഹത്തിന്റെ പതിവ്‌ മേന്മ നിലനിര്‍ത്തി.

ചിത്രത്തിലെ ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരെണ്ണം സിനിമാചേരുവകയിലെ പതിവ്‌ രീതിയിലുള്ള സ്വപ്നവും മനോഹരമായ ഭൂപ്രദേശവും കൊണ്ട്‌ നിറച്ചപ്പോള്‍ സിനിക കഴിഞ്ഞപ്പോളുള്ള ഗാനം വേഷം കെട്ട്‌ (പൃഥ്വിരാജിനും മമതയ്ക്കും പാടാനും വേഷം കെട്ടി ആടാനും) പ്രകടനത്തിനുള്ളതായി മാറ്റിവച്ചുവെന്ന് മാത്രം.

ബസ്സിലിരുന്ന് ബോംബ്‌ സ്ഫോടനം ആസ്വദിക്കുന്ന സീന്‍ കൗതുകകരമായി. സ്ഫോടനമൊക്കെ പതിവ്‌ സംഭവങ്ങളായതുകൊണ്ടാണാവോ ബസ്സ്‌ യാതൊരു ഭാവമാറ്റവുമില്ലാതെ യാത്ര തുടര്‍ന്നത്‌.

കഥാപാത്രത്തിന്‌ വേണ്ട ട്രെയിനിംഗ്‌ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും, പത്തിരുപത്‌ പേരെ എത്രനേരം വേണമെങ്കിലും നിന്ന് ഇടിച്ച്‌ മലര്‍ത്താവുന്ന നിലയില്‍ പൃഥ്യിരാജ്‌ വളര്‍ച്ച നേടി എന്നതും ഈ ചിത്രം പ്രേക്ഷകന്‌ മനസ്സിലാക്കിത്തന്നു.

തീവ്രവര്‍ഗ്ഗീയവാദികളുടെ നിലപാടുകളിലെ പൊള്ളത്തരവും ദൂഷ്യഫലങ്ങളും സ്വാര്‍ത്ഥതയും വരച്ചുകാട്ടാനായി എന്നത്‌ ഈ ചിത്രത്തിന്റെ ഒരു പ്രധാന നേട്ടമായി കാണാം.

സിനിമ കഴിഞ്ഞ്‌ തീയ്യറ്റര്‍ വിട്ടാലുമൊരു സ്ലോമോഷന്‍ വലിച്ചിലും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഇഴച്ചിലും കുറേ നേരം നമ്മുടെ കൂടെയുണ്ടാകും.

പൊതുവേ പറഞ്ഞാല്‍, വലിയ ബുദ്ധിമുട്ടുകളില്ലാതെ കണ്ടിരിക്കുകയും പൃഥ്യിരാജിന്റെ ഹീറോയിസം ആസ്വദിക്കുകയും ചെയ്യാവുന്ന ഒരു ചിത്രം.

Monday, October 11, 2010

ഒരിടത്തൊരു പോസ്റ്റ്‌ മാന്‍‍സ്ക്രിപ്റ്റ്‌: കെ. ഗിരീഷ്‌ കുമാറ്‍
സംവിധാനം: ഷാജി അസീസ്‌
നിര്‍മാണം: ടി. ഷാജി, ബഷീര്‍ സില്‍ സില

ഫുഡ്‌ ബോള്‍ കമ്പക്കാരനും മഹാ മടിയനുമായ പോസ്റ്റ്‌ മാനായി ഇന്നസെണ്റ്റും, പി.എസ്‌.സി. പരീക്ഷ പാസ്സായി നല്ലൊരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന മകനായി കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്‌ ഒരു പ്രധാനമായ അജണ്ട.

ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌, പി.എസ്‌.സി. ട്യൂഷന്‍ തുടങ്ങിയ വിവിധ പരിപാടികളിലൂടെ ജീവിക്കാന്‍ വേണ്ട പണം കണ്ടെത്തുന്ന മകനും, ഫുഡ്‌ ബോള്‍ കമ്പത്തില്‍ പണം നഷ്ടപ്പെടുത്തുന്ന അച്ഛനും ഇവര്‍ക്കിടയിലെ ബന്ധവുമാകുന്നു ഒരു വിഷയം.

കുഞ്ചാക്കോ ബോബന്‍ ട്യൂഷനെടുക്കുന്ന സെണ്റ്ററിലെ സ്റ്റുഡന്‍ഡ്‌ ആയ മീരാ നന്ദന്‍ ഇവിടെ വലിയ പ്രതിസന്ധികളിലില്ലാത്ത കാമുകിയുടെ വേഷമിടുന്നു.

ഇതിന്നിടയില്‍ ഒരു സസ്പെന്‍സ്‌ എലിമണ്റ്റ്‌ ആയി ശരത്‌ കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

കലാഭവന്‍ മണിയുടെ എസ്‌. ഐ. യും സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ കോണ്‍സ്റ്റബിളും സലിം കുമാറിണ്റ്റെ ലോട്ടറി ഭ്രമക്കാരനായ നിരുത്തരവാദിയായ ഭര്‍ത്താവും മറ്റ്‌ പ്രധാന സംഗതികളാണ്‌.

ലോട്ടറി ഭ്രമത്തിനെതിരെ ഒരു സന്ദേശമാണ്‌ ഈ സിനിമയുടെ പ്രധാന ഉദ്ദേശമെന്ന് തോന്നിപ്പോകും. (അത്‌ ഒരു ഉദ്ദേശം മാത്രമാകുന്നു).

തീവ്രവാദ ബന്ധമെന്ന വിഷയം കൊണ്ട്‌ നിരപരാധികളെ ബലിയാടുകളാക്കുന്നു എന്ന ഒരു വിഷയവും ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നു.

വളരെ ദയനീയമായി പ്രേക്ഷകരെ ബൊറടിപ്പിക്കുന്ന ഒരു ചിത്രം എന്നേ ഈ സിനിമയെ വിശേഷിപ്പിക്കാനാകൂ.

കുഞ്ചാക്കോ ബൊബണ്റ്റെ തലയില്‍ വിഗ്ഗ്‌ തള്ളിവച്ചിരിക്കുന്ന കണ്ടിട്ട്‌ ചിരിവരാത്ത ഒരു പ്രേക്ഷകനും തീയ്യറ്ററില്‍ ഉണ്ടാകില്ല (പ്രേക്ഷകര്‍ തീയ്യറ്ററില്‍ ഉണ്ടെങ്കില്‍.... ആകെ 30% ആളുകളേ ശനിയാഴ്ച സെക്കന്‍ഡ്‌ ഷോ കാണുവാന്‍ ചാലക്കുടി സുരഭിയില്‍ ഉണ്ടായിരുന്നുള്ളൂ)

കുഞ്ചാക്കോ ബോബന്‍ ഒരിക്കലെങ്കിലും കണ്ണാടിയില്‍ നോക്കിയിരുന്നെങ്കില്‍ ഈ കോമാളിത്തരത്തിന്‌ നില്‍ക്കുമായിരുന്നില്ല എന്ന് തോന്നുന്നു.

ഇന്നസെണ്റ്റ്‌ എന്ന കഥാപാത്രത്തിണ്റ്റെ സ്വഭാവവും വൈകാരികതലവും 'എത്സമ്മ എന്ന ആണ്‍കുട്ടി' എന്ന ചിത്രത്തിലെ കെ.പി.എസ്‌.സി. ലളിതയുടെ അതേ കോപ്പി തന്നെ.... കഷ്ടം തോന്നിപ്പോയി...

അച്ഛാന്‍ മകന്‍ സ്നേഹ സുഹൃദ്‌ ബന്ധങ്ങള്‍ ജയറാമിനും ദിലീപിനും ആകാമെങ്കില്‍ ഞാനും ഒട്ടും മോശമല്ല എന്ന് കുഞ്ചാക്കോ ബോബന്‌ കാണിക്കാനാണാവോ ഈ ഒരു ആവര്‍ത്തനം എന്ന സംശയം സ്വാഭാവികം മാത്രം.

ഇന്നസെണ്റ്റിനെക്കൊണ്ട്‌ കോമഡി ഡയലോഗുകള്‍ നീട്ടി വലിച്ച്‌ പറയിപ്പിച്ച്‌ തിരക്കഥാകൃത്തും സംവിധായകനും അപഹാസ്യരാകുക എന്നതല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായിട്ടില്ല.

ചുരുക്കിപ്പറഞ്ഞാല്‍, വളരെ ദയനീയമായി, വ്യക്തതയില്ലാതെ മനുഷ്യണ്റ്റെ കാശും സമയവും മെനക്കെടുത്താനുള്ള ഒരു സിനിമ എന്നതില്‍ കവിഞ്ഞ്‌ വേറെ ഒന്നും പറയാനില്ല.

(Rating : 2.5 / 10)