Monday, July 27, 2009

രഹസ്യ പോലീസ്‌

സംവിധാനം : കെ. മധു
കഥ, തിരക്കഥ : S.N. സ്വാമി

ജയറാം പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍, പോലീസ്‌ സ്റ്റേഷനില്‍ രണ്ട്‌ ജോക്കര്‍മാര്‍, ഹരിശ്രീ അശോകനും ഇന്ദ്രന്‍സും. തുടക്കം മുതല്‍ തന്നെ പുളിച്ച്‌ നാറിയ പഴയ തമാശകളും ചേഷ്ടകളുമായി ആളുകളെ വെറുപ്പിക്കുന്നു.

ജയറമിന്റെ സഹോദരിയടങ്ങുന്ന മൂന്ന് നാല്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, അവരുടെ ഷട്ടില്‍ ബാറ്റ്‌ മിന്‍ഡന്‍ കളി തുടങ്ങിയ രംഗങ്ങളിലൂടെ പ്രേക്ഷകരെ ബോറടിപ്പിച്ച്‌ വെറുപ്പിച്ചതിനുശേഷം അതിലൊരുത്തിക്ക്‌ (കലോല്‍സവതാരം) ഒരു ചെറുപ്പക്കാരനോട്‌ പ്രേമം, അത്‌ കാണുന്ന ഒരു കൂട്ടുകാരിക്ക്‌ ദേഷ്യം, പിന്നേയും സൗഹൃദം അങ്ങനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.

സ്ഥലത്തെ രണ്ട്‌ അമ്പലക്കമറ്റിക്കാരുടെ നേതാക്കളും പ്രമുഖരുമാണെങ്കിലും ചിരകാല വൈരികളായി ഗണേഷ്‌ കുമാറും ജഗതി ശ്രീകുമാറും. അഡ്വക്കേറ്റാണെന്ന ആഭാസം കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ കാര്യസ്ഥന്റെ റോളില്‍ പാവം മാള അരവിന്ദന്റെ ഗോഷ്ടിപ്രകടനങ്ങളും.

32 തവണ ജയില്‍ ചാടിയ കള്ളന്‍ കേശുവിന്റെ രംഗപ്രവേശം, അയാളുടെ മുപ്പത്തിമൂന്നാമത്തെ ജയില്‍ ചാട്ടം, അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ കലോല്‍സവതാരമായി സമ്മാനങ്ങള്‍ വാരിക്കൂട്ടി എത്തിയ പെണ്‍കുട്ടിയെ കാണാതാകുന്നു. പിന്നെ, കൊക്കയില്‍ നിന്ന് ജഡം കിട്ടുന്നു.

മാള അരവിന്ദനെക്കൊണ്ട്‌ പെണ്‍കുട്ടിയെ ഗണേഷ്‌ കാറില്‍ കയറ്റുന്ന കണ്ടു എന്ന് കള്ള സാക്ഷി പറയിച്ച്‌ ഗണേഷിനെ ജയിലിലടക്കുവാന്‍ നേതൃത്വം വഹിക്കുന്ന ജഗതിശ്രീകുമാര്‍. അദ്ദേഹത്തെ എതിര്‍ക്കുന്ന മകള്‍ സംവൃതസുനില്‍.

കള്ളന്‍ കേശുവാണോ, കൂട്ടുകാരികളിലാരെങ്കിലുമാണോ, അതിലൊരു കൂട്ടുകാരിയുടെ ചെറിയമ്മയാണോ, കാമുകനാണോ, ഗണേഷ്‌ കുമാറാണോ അതോ ആത്മഹത്യയാണോ എന്നൊക്കെ പ്രേക്ഷകരെ ടെന്‍ഷനടിപ്പിച്ച്‌ അവശരാക്കുന്ന കുറേ രംഗങ്ങള്‍.

(ഈ ശ്രമങ്ങളെല്ലാം കണ്ട്‌ പ്രേക്ഷകര്‍ കുടുകുടേ ചിരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ നല്ല പ്രാകലും തെറിവിളിയും... ഈ രഹസ്യം കാണാനാണല്ലോ ഈശ്വരാ കാശും മുടക്കി സമയോ മെനക്കെടുത്തി തീയ്യറ്ററില്‍ ഇരിക്കുന്നത്‌ എന്നതിന്റെ കുറ്റബോധം ഓരോ പ്രേക്ഷകനേയും വേട്ടയാടിയിരുന്നു എന്ന് വ്യക്തം)

അപ്പോഴതാ വലിയ ഗുണ്ടയായി അടുത്ത ജയറാം, കൂടെ രണ്ട്‌ തമാശഗുണ്ടകള്‍ സുരാജ്‌ വെഞ്ഞാര്‍മൂടും സുധീഷും... ഗണേഷ്‌ കുമാറിനെ ജയിലില്‍ നിന്നിറക്കാന്‍ പാര്‍ട്ടി നിയോഗിച്ചതാണത്രേ ഈ ഗുണ്ടയെ.

കള്ളന്‍ കേശുവിനെ പിടിക്കാന്‍ ഓടുന്ന പോലീസ്‌ ജയറാമിനെ ആരോ തലയ്ക്കടിച്ച്‌ ബോധം കെടുത്തിക്കഴിഞ്ഞപ്പോള്‍ ഗുണ്ട ജയറാം അദ്ദേഹത്തെ തോളില്‍ ഏന്തി സ്ലോമോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ഇന്റര്‍വെല്‍.

പിന്നെ കുറേ കഴിയുമ്പോള്‍ ഞാന്‍ ഗുണ്ടയല്ലാട്ടോ.. ക്രൈംബ്രാഞ്ച്‌ ആണെന്ന് പറഞ്ഞ്‌ മീശപിരിച്ച്‌ ഞളിഞ്ഞിരിക്കുന്ന ഗുണ്ടജയറാം.. കൂടെ രണ്ട്‌ ഇന്‍സ്പെക്ടര്‍മാരായി അത്‌ വരെ കോമാളിഗുണ്ടായിസം കാണിച്ച സുരാജും സുധീഷും (കഷ്ടം!).

ഇനിയങ്ങോട്ട്‌ ക്രൈംബ്രാഞ്ച്‌ ജയറാമിന്റെ കേസന്വേഷണം, കണ്ടെത്തലുകള്‍, എസ്‌.ഐ. ജയറാമിന്റെ അനിയത്തിയാണെന്ന ആദ്യകണ്ടെത്തല്‍. ഒരേ ആളെത്തന്നെ സ്നേഹിച്ചതിന്റെ പേരിലുള്ള തര്‍ക്കം ഒരു ഉന്തലില്‍ കലാശിച്ചപ്പോള്‍ കൂട്ടുകാരി കൊക്കയില്‍ വീണതാണത്രേ.

പക്ഷെ, ക്രൈംബ്രാഞ്ച്‌ ഏമാന്റെ കണ്ടെത്തലുകള്‍.. ആദ്യ ഉന്തലില്‍ വീണ ആള്‍ മരിച്ചിട്ടില്ല. പിന്നെ എന്തോ നടന്നപ്പോഴാണ്‌ മരിച്ചത്‌.. ഹോ... അങ്ങനെ കണ്ടെത്തി കണ്ടെത്തി കൊണ്ടെത്തിച്ചു.

അതിനിടയിലെ ഒരു ഡയലോഗ്‌ വലരെ കേമമായി തോന്നി.
"അങ്ങനെ രക്ഷപ്പെട്ട ഭാമയെ വീണ്ടും കൊന്നതാര്‌?" (വീണ്ടും കൊല്ലുക എന്ന പ്രയോഗം കേട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടായി... ).

ഒടുവില്‍ ULTIMATE SUSPENSE കഴിഞ്ഞ്‌ തീയ്യറ്ററില്‍ നിന്ന് കുറ്റബോധവും കബളിപ്പിക്കപ്പെട്ടതിന്റെ വേദനയുമായി ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില പ്രതികാരനടപടികള്‍ (S.N. സ്വാമി ഇനി സ്ക്രിപ്പ്‌ എഴുതാതിരിക്കാന്‍ വല്ലെ ക്വൊട്ടേഷന്‍ ടീമിന്റെയും സഹായം തേടിയാലോ? കെ.മധുവിനെ എങ്ങനെ തീര്‍ക്കാം)

[ഈ ചിത്രത്തിന്‌ റിവ്യൂ എഴുതേണ്ടി വന്നു എന്നത്‌ എന്റെ ദുര്യോഗം. എങ്കിലും ആരെങ്കിലുമൊക്കെ ഇത്‌ വായിച്ച്‌ ഈ ചിത്രം കളിക്കുന്ന തീയ്യറ്ററിന്റെ നാലയലത്ത്‌ പോകാതിരിക്കട്ടെ എന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരല്‍പം സമയം മെനക്കെടുന്നു. ഇതിലെ എല്ലാ അഭിനേതാക്കളേയും (ജഗതി ശ്രീകുമാറിനെപ്പോലും) ഒരുപോലെ മോശമായ പ്രകടനം പുറത്തെടുപ്പിക്കാന്‍ സംവിധാനത്തിലൂടെ കെ.മധുവിനു സാധിച്ചിരിക്കുന്നു എന്നത്‌ പ്രശംസാവഹം തന്നെ. ]