Monday, February 13, 2012

കാസനോവകഥ, സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്‌

ഏറ്റവും കൂടുതല്‍ തുക മുടക്കി ഒരു മലയാളം സിനിമ വന്നിട്ട്‌ അത്‌ കാണാത്ത പാപം വേണ്ടല്ലോ എന്ന് കരുതി ഈ ചിത്രം കാണാന്‍ പോകുന്നവരെ മലയാളം സിനിമയുടെ ശത്രുക്കളാക്കാനായി മാത്രം ഉപകരിക്കുന്ന ഒരു 'തറ' സിനിമ എന്ന് മാത്രമേ ഈ ചിത്രത്തെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാനാകൂ.

പൊതുജനവികാരം മാനിച്ച്‌ ഈ ചിത്രം കാണാതിരിക്കാന്‍ ശ്രമിച്ചെങ്കിലും തലവരയുടെ ചില ഏനക്കേടുകൊണ്ട്‌ കണ്ട്‌ സഹിക്കേണ്ടി വന്നു എന്നതാണ്‌ സത്യം.

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കണ്ടാല്‍ (അതിനുള്ള സഹനശേഷിയുണ്ടെങ്കില്‍) ആസ്വദിക്കാവുന്ന ഒരൊറ്റ സീന്‍ പോലും ഇല്ല എന്നത്‌ ഈ സിനിമയുടെ മാത്രം പ്രത്യേകതയായി തോന്നി.

നാല്‌ ചെറുപ്പക്കാരായ മിടുക്കന്‍ കള്ളന്‍മാര്‍... (ഒന്നുകില്‍ ഇവര്‍, അല്ലെങ്കില്‍ റോഷന്‍ ആന്‍ഡ്രൂസ്‌.. ഇവരിലാരെങ്കിലും 'ധൂം' സിനിമ കണ്ട്‌ പ്രചോദിതരായി ഉണ്ടാക്കിയെടുത്ത കള്ളന്‍മാരാകുന്നു ഇവര്‍). ഇണ്റ്റര്‍ പോള്‍ ഉദ്യോഗസ്ഥന്‍ (ഇതും ധൂം സിനിമയെ കടത്തി വെട്ടിയ കഥാപാത്രം). ഈ കള്ളന്‍മര്‍ കുരങ്ങന്‍മാരെപ്പോലെ ചാടി നടന്ന് മോഷണം നടത്തും. ഇണ്റ്റര്‍ പോള്‍ ഉദ്യോഗസ്ഥന്‍ കോട്ടിട്ട്‌ ഇംഗ്ളീഷ്‌ മൊഴിഞ്ഞ്‌ തേരാ പാരാ നടക്കും.

പക്ഷേ, കാസിനോവ എന്നൊരു സംഭവമുണ്ട്‌. അങ്ങേര്‍ ഒരു ലോഡ്‌ പെണ്ണുങ്ങളും കുറേ കാറുകളുമൊക്കെയായി ഇറങ്ങും. ഇങ്ങേര്‍ക്ക്‌ ഈ മോഷണസംഘത്തോട്‌ എന്താണ്‌ ഇത്ര അലര്‍ജി? അതാണ്‌ ഈ സിനിമയുടെ സസ്പെന്‍സ്‌... ഇനി കൂടുതല്‍ എഴുതാന്‍ വയ്യ... കണ്ട്‌ വെറുത്തത്‌ ഇനി എഴുതി വെറുക്കാന്‍ കൂടി വയ്യാത്തതുകൊണ്ടാണ്‌..

മോഹന്‍ ലാല്‍ ഈ സിനിമയില്‍ ചിലപ്പോഴൊക്കെ നല്ല ചെറുപ്പം തോന്നിച്ചു. മറ്റ്‌ ചിലപ്പോള്‍ വയസ്സന്‍ ലുക്കും.

ഒരെണ്ണമില്ലാതെ എല്ലാവരും വളരെ ദയനീയ അഭിനയം കാഴ്ച വെച്ചു. (ജഗതി ശ്രീകുമാറിനെപ്പോലും മോശമാക്കാന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാത്രമേ കഴിയൂ... കേമന്‍).

ബോബിയും സഞ്ജയും ഈ ഒരൊറ്റ ചിത്രം കൊണ്ട്‌ അവരോട്‌ തോന്നിയിരുന്ന സകല ബഹുമാനവും ഇല്ലാതാക്കി.

റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകനെ ഇനി ഒരിക്കലും ഒരു സിനിമയുടെ സംവിധായകനായി കാണേണ്ടിവരല്ലേ എന്ന് ആരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച്‌ പോകും.

ഈ ചിത്രത്തിനുവേണ്ടി പണം മുടക്കിയിരിക്കുന്നവര്‍ക്ക്‌ മറ്റെന്തോ ദുരുദ്ദേശ്യമല്ലാതെ വേറെ ഒന്നുമില്ല എന്ന് ആര്‍ക്കും മനസ്സിലാകുകയും ചെയ്യും.

Rating : 1.5 / 10

Saturday, February 04, 2012

സെക്കണ്റ്റ്‌ ഷോകഥ, തിരക്കഥ, സംഭാഷണം: വിനു വിശ്വലാല്‍
സംവിധാനം: ശ്രീനാഥ്‌ രാജേന്ദ്രന്‍

സമൂഹത്തിലെ നിയമവിരുദ്ധവും ഇരുണ്ടതുമായ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ ജീവിതം മുന്‍പോട്ട്‌ കൊണ്ടുപോകുകയും അങ്ങനെ ധനം സമ്പാദിച്ച്‌ വളര്‍ന്ന്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്ന നായകനടക്കമുള്ള ചെറുപ്പക്കാരും അവരുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന പരിണിത ഫലങ്ങളും ഒട്ടേറെ തവണ സിനിമകളില്‍ കണ്ട്‌ പരിചിതമാണെങ്കിലും അതിനെ അധികം ആവര്‍ത്തനവിരസമല്ലാതെയും പരമ്പരാഗത രീതികള്‍ അവലംബിക്കാതെ വ്യത്യസ്തതയോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഈ ചിത്രം ഭേദപ്പെട്ട സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും.

ഇത്‌ പുതിയ കുറേ ചെറുപ്പക്കാരുടേ കൂട്ടായ പ്രയത്നത്താല്‍ സംഭവിച്ചതാണ്‌ എന്നതിനാല്‍ അതിണ്റ്റെ പ്രസക്തി കുറച്ചുകൂടി കൂടുകയും ചെയ്തിരിക്കുന്നു.

സ്ഥിരം സിനിമാ ചേരുവകളുടെ ആക്ഷേപസൂചകങ്ങള്‍ അവിടവിടെ എടുത്ത്‌ കാണിക്കുന്നുണ്ടെങ്കിലും അത്‌ അതേ അര്‍ഥത്തില്‍ തന്നെ സാധാരണ പ്രേക്ഷകരിലേക്കെത്തുന്നുണ്ടോ എന്ന്‌ സംശയം പ്രേക്ഷകപ്രതികരണത്തില്‍ നിന്ന്‌ തോന്നാം.

ചിത്രത്തിലെ ഒന്നോ രണ്ടോ ഘട്ടങ്ങളില്‍ സംഭവിച്ച വല്ലാത്ത ഒരു വലിച്ചില്‍ അഥവാ മെല്ലെപ്പോക്ക്‌ പ്രേക്ഷകരെ ചിത്രത്തിണ്റ്റെ ആസ്വാദനത്തില്‍ നിന്ന്‌ വിഘടിപ്പിച്ച്‌ നിര്‍ത്തിയെങ്കിലും മറ്റ്‌ ഘട്ടങ്ങളിലെല്ലാം ആസ്വാദനക്ഷമമായിരുന്നു.

കഥാസന്ദര്‍ഭങ്ങളില്‍ പലപ്പോഴും ഒരു സ്വാഭാവികതയുടെ കുറവ്‌ (ആളുകളെ കൊല്ലുന്നത്‌ ഒരു പുല്ല്ള്‌ പരിപാടിയാണെന്നതും അത്‌ നിര്‍ബാധം തുടരാമെന്നതും) തോന്നുമെങ്കിലും അവതരണത്തിലേയും കഥാപാത്രങ്ങളുടെ സ്വഭാവഘടനകളിലേയും വ്യത്യസ്തതകൊണ്ട്‌ കാര്യമായ പരിക്കുകളില്ലാതെ ഈ ചിത്രം പ്രേക്ഷകരുടെ അനുമോദനത്തിന്‌ സാദ്ധ്യത നല്‍കി.

ലാലു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ ക്കര്‍ സല്‍മാനും ഇദ്ദേഹത്തിണ്റ്റെ സന്തതസഹചാരിയായ കൂട്ടുകാരനെ അവതരിപ്പിച്ച സണ്ണി വെയ്നും ചിത്രത്തില്‍ മികച്ചുനിന്നു. ഒന്നോ രണ്ടോ സീനുകളിലെ അമിയതാഭിനയം ഒഴിച്ചുനിര്‍ത്തിയാല്‍ സണ്ണി വെയ്ന്‌ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ പ്രിയപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന്‌ പറയാം.
ഈ ചിത്രത്തിലെ പുതുമുഖ നായിയകയായ ഗൌതമി നായര്‍ അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രവും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. അഭിനയനിലവാരം പൊതുവേ മികച്ചതായിരുന്നു.

ഗാനങ്ങളില്‍ ഒരെണ്ണം താല്‍പര്യജനകമായിരുന്നെങ്കിലും ബാക്കിയുള്ളവ അത്ര ആകര്‍ഷണീയമായി തോന്നിയില്ല.

മലയാള സിനിമയുടെ പുതു തലമുറയില്‍ നിന്നുള്ള നായക ദാരിദ്ര്യത്തിണ്റ്റെ തീഷ്ണത കുറയ്ക്കാന്‍ തീര്‍ച്ചയായും ദുല്‍ ക്കര്‍ സല്‍മാന്‌ കഴിയും എന്ന്‌ വളരെ വ്യക്തമാക്കുന്ന പ്രകടനമാണ്‌ ഈ ചെറുപ്പക്കാരന്‍ അമിതാര്‍ഭാടങ്ങളില്ലാത്ത ഉറച്ച കാല്‍ വെയ്പേ്പാടെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നത്‌. കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ പൃഥ്യിരാജ്‌ ശ്രേണിയിലേയ്ക്ക്‌ നിസ്സംശയം എഴുതിച്ചേര്‍ക്കാവുന്ന ഒരു താരമാണ്‌ ദുല്‍ ക്കര്‍ സല്‍മാന്‍.

മലയാള സിനിമയുടെ ഭാവി പുരോഗതിയില്‍ ദുല്‍ ക്കറിനും ഈ ചിത്രത്തിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ക്കും ഇനിയും ഒട്ടേറെ ചെയ്യാനാകും എന്ന പ്രതീക്ഷ തന്നെയാണ്‌ ഈ ചിത്രം നമുക്ക്‌ നല്‍കുന്നത്‌.

Rating : 6.5 / 10