Sunday, October 16, 2011

വീരപുത്രന്‍കഥ: എന്‍. പി. മുഹമ്മദ്‌
തിരക്കഥ, സംഭാഷണം, സംവിധാനം: പി.ടി. കുഞ്ഞുമുഹമ്മദ്‌

1921 മുതല്‍ 1945 വരെയുള്ള മുഹമ്മദ്‌ അബ്ദുരഹ്മാന്‍ സാഹിബിണ്റ്റെ ധീരമായ പ്രവര്‍ത്തനങ്ങളും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിണ്റ്റെ ഇടപെടലുകളും അനുഭവങ്ങളുമാണ്‌ വീരപുത്രന്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ വ്യക്തി ജീവിതത്തിലേയ്ക്ക്മും വെളിച്ചം വീശുകവാന്‍ ശ്രീ. പി.ടി. കുഞ്ഞുമുഹമ്മദ്‌ ശ്രമിച്ചിരിക്കുന്നു.
മുഹമ്മദ്‌ അബ്ദുരഹ്മാണ്റ്റെ വ്യക്തി ജീവിതത്തിലെ ചില പ്രത്യേക താല്‍പര്യങ്ങളും സ്വകാര്യദുഖങ്ങളുമെല്ലം ഇതില്‍ പ്രതിപാദിക്കുന്നു.

ഇദ്ദേഹത്തിണ്റ്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുള്ള പല കാലപുരുഷന്‍മാരും (ഇ. എം.എസ്‌., വൈക്കം മുഹമ്മദ്‌ ബഷീര്‍, സുബാഷ്‌ ചന്ദ്രബോസ്‌, നെഹ്രു) നേരിട്ടോ അല്ലെങ്കില്‍ വര്‍ത്തമാനങ്ങളിലൂടെയോ കടന്നുവരുന്നു.

സത്യസന്ധമായി ജീവിച്ച്‌ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിണ്റ്റെ പേരില്‍ ഇദ്ദേഹത്തിന്‌ നേരിട്ട നഷ്ടങ്ങളുംസ്വന്തം സമുദായത്തിലെ ചിലരില്‍ നിന്നും സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിലെ ചിലരില്‍ നിന്നും അനുഭവിക്കേണ്ടിവന്ന ഇകഴ്ത്തലുകളും അപമാനങ്ങളും സംവിധായകന്‍ വരച്ച്‌ കാട്ടുന്നു.

ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനകാലയളവില്‍ ഇദ്ദേഹത്തോടൊപ്പം നിന്ന ഒരു പറ്റം രാജ്യസ്നേഹികളെയും നമുക്ക്‌ കാണാം.

പലവട്ടം കണ്ടുമടുത്ത ബ്രിട്ടീഷ്‌ പോലീസിണ്റ്റെ അടിച്ചമര്‍ത്തലുകളും ഭീകരതയും വീണ്ടും വീണ്ടും കാണേണ്ടിവരുമ്പോഴുണ്ടാകുന്ന ഒരു മടുപ്പ്‌ ഈ ചിത്രം കാണുന്ന പ്രേക്ഷകരുടെ മനസ്സിനെ ബാധിക്കുന്നു.

ഒരു ഡോക്യുമെണ്റ്ററി കാണുന്ന ലാഘവത്തോടെയോ മുരടിപ്പോടെയോ മാത്രമേ ഈ സിനിമയുടെ നല്ലൊരു ഭാഗവും കണ്ടുതീര്‍ക്കാന്‍ സാധിക്കൂ എന്നതാണ്‌ മറ്റൊരു സത്യം.

ഗാനങ്ങള്‍ മോശമായില്ല എന്ന്‌ പറയാം.

അഭിനയം പൊതുവേ എല്ലാവരുടേയും നന്നായിരുന്നു.

നരേന്‍ തണ്റ്റെ കഥാപാത്രത്തെ പരമാവധി മികവുറ്റതാക്കി.

റിമ സെന്നും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ഒരു അസ്വസ്ഥതയായി മുഹമ്മദ്‌ അബ്ദുരഹ്മാന്‍ എന്ന വീരപുത്രന്‍ അവശേഷിക്കുന്നുണ്ട്‌ എന്നത്‌ ആ കഥാപാത്രത്തിണ്റ്റെ ജീവിതം നല്ലൊരു അളവില്‍ പ്രേക്ഷകരിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നതിണ്റ്റെ തെളിവാണ്‌.

തളരാത്ത രാഷ്ട്രീയപ്രവര്‍ത്തനവും അതിന്നിടയില്‍ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും രാഷ്ട്രീയമായ തിരിച്ചടികളും അകാലത്തിലെ മരണവും അദ്ദേഹത്തെ പിന്നീടുള്ള കാലഘട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമായതിനാല്‍ തന്നെ അത്‌ തിരിച്ചറിഞ്ഞ്‌ ശ്രദ്ധിക്കാന്‍ ഒരു അവസരവുമൊരുക്കുന്നു.

Rating : 4 / 10

Friday, October 07, 2011

ഇന്ത്യന്‍ റുപ്പി (Indian Rupee)കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌
നിര്‍മാണം: പൃഥ്യിരാജ്‌, ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍

ഒരു സ്ഥലക്കച്ചവടബ്രോക്കര്‍ കണ്ണിയിലെ ഏറ്റവും താഴെക്കിടയിലെ ആളുകളില്‍ നിന്ന് സമ്പന്നനാകാനുള്ള മോഹവുമായി ചില ശ്രമങ്ങള്‍ നടത്തുന്നയാളാണ്‌ ജെ.പി. എന്ന് വിളിക്കുന്ന ജയപ്രകാശ്‌ (പൃഥ്യിരാജ്‌). അദ്ദേഹത്തിണ്റ്റെ സുഹൃത്തും കൂട്ടാളിയുമായി സി.എച്ച്‌. എന്ന കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു. ഇവര്‍ക്കിടയിലേയ്ക്ക്‌ വിഞ്ജാനവും തന്ത്രങ്ങളുമുള്ള ഒരു വൃദ്ധകഥാപാത്രമായ അച്യുതമേനോന്‍ (തിലകന്‍) കടന്നുവരുന്നു.

കോടികളുടെ സ്ഥലക്കച്ചവട ഇടപാടുകളില്‍ ചെന്ന് പെട്ട്‌ അതില്‍ നിന്ന് ജീവിതം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനൊടുവില്‍ ജീവിതം കൈവിട്ടുപോകാതിരിക്കാന്‍ ശ്രമിക്കുന്ന ജെ.പി.യുടേയും കൂട്ടരുടേയും കഥയാണ്‌ ഈ സിനിമ പറയുന്നത്‌.

റിയല്‍ ഏസ്റ്റേറ്റ്‌ ബിസിനസ്സിലെ കളികളും തന്ത്രങ്ങളും കുടുക്കുകളും ഈ ചിത്രത്തിലൂടെ വ്യക്തമാക്കാന്‍ രഞ്ജിത്‌ ശ്രമിച്ചിരിക്കുന്നു.

ജെ.പി. എന്ന കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തുകൊണ്ട്‌ പൃഥ്യിരാജ്‌ മണ്ണിലേയ്ക്കിറങ്ങി കുറച്ചൊന്നു ജനകീയനാകാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. ഇതില്‍ രഞ്ജിത്തിണ്റ്റെ കഴിവും ധൈര്യവും പ്രശംസനീയം തന്നെ.

തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‌ പലപ്പെൊഴും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്താനും പ്രേക്ഷകരില്‍ ചില സദ്‌ ഭാവനകള്‍ ഉണര്‍ത്താനും സാധിച്ചിട്ടുണ്ട്‌. പക്ഷേ, അവ്യക്തമായതും ദഹിക്കാനാകാത്തതുമായ ചില ജീവിത സന്ദര്‍ഭങ്ങളും പ്രവര്‍ത്തികളും ഈ കഥാപാത്രത്തിണ്റ്റെ ശേഷിയിരിപ്പുകളായി തുടരുന്നു. തിലകന്‍ തണ്റ്റെ അഭിനയമികവോടെ അദ്ദേഹത്തിണ്റ്റെ കഥാപാത്രത്തെ ശ്രദ്ദേയമാക്കി.

റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കറായി മാമുക്കോയ ചെറുതെങ്കിലും തണ്റ്റെ വേഷം ഭംഗിയാക്കി.

ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിശുക്കനായ പണക്കാരന്‍ ശ്രദ്ദേയമായിരുന്നു.

റീമ കല്ലിങ്ങള്‍ നായികാവേഷത്തിലുണ്ടെങ്കിലും കാര്യമായ പ്രാധാന്യമൊന്നും ഉണ്ടെന്ന് പറയാനാവില്ല.

വിവാഹക്കമ്പോളത്തിലെ പുതിയതലമുറയ്ക്ക്‌ വേണ്ട ചങ്കുറപ്പിനെ ചൂണ്ടിക്കാണിച്ചും, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ചൂഷണങ്ങളും കളികളും അപകടങ്ങളും തുറന്നുകാണിച്ചും ധാര്‍മ്മികതയ്ക്കു വേണ്ടി പണം ഉപേക്ഷിക്കേണ്ട ആവശ്യത്തെ ഉയര്‍ത്തിക്കാണിച്ചും ഒരു നല്ല സന്ദേശം നല്‍കാന്‍ രഞ്ജിത്‌ തണ്റ്റെ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു. എങ്കിലും, ഈ ചിത്രം ഒരു ആവറേജ്‌ തലത്തിലുള്ള ആസ്വാദനസുഖമേ ഒരു സാധാരണപ്രേക്ഷകന്‌ നല്‍കുന്നുള്ളൂ എന്നതാണ്‌ സത്യം.

തുടക്കം മുതല്‍ വളരെ ഇഴഞ്ഞ്‌ നീങ്ങുന്ന കഥയില്‍ ഇടയ്ക്കിടയ്ക്ക്‌ ചില ഉണര്‍വ്വുകളും ചലനങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു വരള്‍ച്ച പ്രകടമായിരുന്നു.

ജയപ്രകാശിണ്റ്റെ അമ്മയും സഹോദരിയും ചേര്‍ന്നുള്ള സീനുകളില്‍ കുറച്ചൊരു സുഖകരമായ ബന്ധം അനുഭവപ്പെട്ടിരുന്നു.

എം.ബി.ബി.എസ്‌. ഒാള്‍ഡ്‌ ബാച്ചിണ്റ്റെ ഒരു കൂട്ടായ്മയില്‍ നായകന്‍ ഒരു മുണ്ടുടുത്ത്‌ നിന്ന് പാട്ടുപാടിയപ്പോള്‍ ഡോക്ടര്‍മാരായ ഒരു പറ്റം ഇണക്കുരുവികള്‍ പരസ്പരം ഒരേ അളവില്‍ തലചായ്ച്ച്‌ ആരുടേയോ നിര്‍ദ്ദേശാനുസരണം തലയാട്ടി ആസ്വദിച്ചപ്പോള്‍ വല്ലാത്ത ഒരു അസ്വാഭാവികതയായിരുന്നു പ്രേക്ഷകര്‍ക്ക്‌.

പലപ്പോഴും ഉണര്‍വ്വുള്ളതും രസപ്രദവുമായ പല ഡയലോഗുകളും കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ ഈ സിനിമയെ കൊടും വരള്‍ച്ചയില്‍ നിന്ന് രഞ്ജിത്‌ രക്ഷിച്ചെടുത്തിരിക്കുന്നു.

സിനിമയുടെ അവസാനം ദൃശ്യഭംഗിയുള്ള ഒരു ഗാനരംഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പൃഥ്യിരാജ്‌ എന്ന നടനെ കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും താറടിച്ച്‌ ആസ്വദിക്കുന്ന നല്ലൊരുശതമാനം ആളുകളിലും പുറത്തറിയിക്കാനാകാത്ത ഒരു ഈഗോയും അസൂയയും ഉണ്ടെന്ന ചില സത്യവശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇദ്ദേഹത്തിണ്റ്റെ സിനിമകളെ കൂവി തോല്‍പിക്കാനുള്ള ശ്രമവും വ്യക്തമാണ്‌. പക്ഷേ, ഈ ചിത്രത്തില്‍ തുടങ്ങുമ്പോള്‍ കിട്ടുന്ന കൂവലുകള്‍ പതുക്കെ പതുക്കെ കുറഞ്ഞ്‌ വന്ന് നിശ്ചലാവസ്ഥയിലെത്തുന്നത്‌ ഈ കഥാപാത്രത്തെ പൃഥ്യിരാജിന്‌ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിന്‌ തെളിവാണ്‌. ഈ ഉദ്യമത്തില്‍ രഞ്ജിത്തും വിജയം കണ്ടിരിക്കുന്നു.

പക്ഷേ, പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കുവാന്‍ മാത്രം പോന്ന ഒരു കപ്പാസിറ്റി ഈ ചിത്രത്തിനില്ല എന്ന് തന്നെ വേണം സത്യസന്ധമായി പറയാന്‍.

Rating : 5 /10

Saturday, October 01, 2011

സ്നേഹവീട്‌ (Snehaveedu)രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

പിഞ്ചുകുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ മരിച്ച അജയന്‍ (മോഹന്‍ ലാല്‍), രാജ്യത്തിണ്റ്റെ പല ഭാഗങ്ങളിലും പോയി പല ജോലികളും ചെയ്ത്‌ ഒടുവില്‍ ഗള്‍ഫിലെത്തി കുറേ പണം സമ്പാദിച്ച്‌ നാട്ടില്‍ കുറേ സ്ഥലവും സമ്പാദ്യവുമായി തിരിച്ചെത്തുകയും അമ്മയോടൊപ്പം (ഷീല) തനിക്കിഷ്ടപ്പെട്ട കൃഷിയും നാടുമായി ജീവിക്കുകയും ചെയ്യുന്നു.

രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ തനിക്കുവേണ്ടി ജീവിച്ച അമ്മയ്ക്കുവേണ്ടി ജീവിക്കാന്‍ അജയനും വിവാഹം കഴിക്കാതിരിക്കുന്നു. ആ സ്നേഹബന്ധം കേട്ടിട്ട്‌ കോരിത്തരിക്കുന്നില്ലേ?.. തരിക്കും തരിക്കും... കഥ മുഴുവനായാല്‍ ശരിക്കും തരിക്കും...

ഇങ്ങനെ സുഖമായി ജീവിക്കുന്ന ഇവര്‍ക്കിടയിലേയ്ക്ക്‌ അജയനെ അന്വേഷിച്ച്‌ ഒരു കൌമാരക്കാരന്‍ പയ്യന്‍ എത്തുന്നതും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സത്യാന്വേഷണങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

പശുവിനെ കുളിപ്പിക്കല്‍, പശുവിനെ കറക്കല്‍, നാളിലേരം ഇടല്‍, തെങ്ങ്‌ കയറ്റം, നെല്ല് വിതയ്ക്കല്‍, ടാറിടാത്ത റോഡ്‌, കള്ള് ചെത്ത്‌, കള്ള് കുടി, നാട്ടുകാരുടെ കലാപരിപാടികള്‍, നാടകം, ചെണ്ടമേളം, നല്ലവരായ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, തറവാട്ടമ്മ, സല്‍ സ്വഭാവിയായ നായകന്‍ എന്നീ ചേരുവകള്‍ ഇഷ്ടാനിഷ്ടം പല അളവിലായി ചേര്‍ത്ത്‌ ഒരു കുടുക്കയിലിട്ട്‌ കുലുക്കി അതില്‍ മേമ്പൊടിക്ക്‌ ഒരല്‍പ്പം പതിവ്‌ സെണ്റ്റിമെണ്റ്റ്സ്‌ ചേര്‍ത്ത്‌ ഇളക്കിയാല്‍ സത്യന്‍ അന്തിക്കാടിണ്റ്റെ മണ്ണിണ്റ്റെ മണമുള്ള സിനിമയാകും എന്നാണ്‌ ധാരണയായിരുന്നത്‌. എന്നാല്‍ ഇത്‌ യാതൊരു മണവും ഗുണവുമില്ലാത്ത കഷായമായി മാറി എന്നതാണ്‌ സത്യം.

ഒരൊറ്റ തവണപോലും കാണാത്ത ഒരു രംഗമോ (ഇദ്ദേഹ സിനിമകളില്‍ തന്നെ), സന്ദര്‍ഭങ്ങളോ, ഡയലോഗുകളോ, കഥാപാത്രങ്ങളോ ഈ ചിത്രത്തിലില്ല എന്നത്‌ തന്നെ ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നു.

'ഹിറ്റ്‌ ലര്‍ മാധവന്‍ കുട്ടിയുടെ വീടേതാ' എന്ന ചോദ്യവും അപ്പോഴത്തെ സാഹചര്യവും ഈ സിനിമയില്‍ വന്നപ്പോള്‍ 'കരിങ്കണന്‍ മത്തായിയുടെ വീടേതാ' എന്നതാക്കി മാറ്റി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്നു. ഒരു കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങള്‍ പരാജയങ്ങളാകുന്നത്‌ തിരിച്ച്‌ പാരയാകുന്നതും പോലുള്ള സംഭവങ്ങള്‍ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. ചെയ്യാത്ത കര്‍മ്മത്തിന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ ബന്ധുക്കളുടേയും നാട്ടുകാരുടേയും ഇടയില്‍ മാനം നഷ്ടപ്പെട്ട്‌ ചമ്മേണ്ടിവരുന്ന സീനുകളും പുതുമകള്‍ തന്നെ.

അജയനെ അന്വേഷിച്ചെത്തുന്ന പയ്യനായി അഭിനയിച്ച പുതുമുഖ താരം 'രാഹുല്‍', ഒന്ന് രണ്ട്‌ സീനുകളില്‍ കല്ല് കടി ഉണ്ടാക്കിയെങ്കിലും ഈ ചിത്രത്തിന്‌ അല്‍പമെങ്കിലും ഒരു ഭാവം നല്‍കി എന്നു വേണം പറയാന്‍.

മോഹന്‍ലാലിണ്റ്റെ ശരീരം പൊതുവേ ഈ കഥാപാത്രത്തിന്‌ വല്ലാത്തൊരു അസ്വാഭാവികത വരുത്തുന്നതായി തോന്നി. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ തണ്റ്റെ മുഖഭാവങ്ങളിലും ഡയലോഗുകളിലും തണ്റ്റേതായ ഒരു സുഖം മോഹന്‍ലാലിന്‌ നല്‍കാനായി.

ഷീലയും പതിവ്‌ തറവാട്ടമ്മ റോള്‍ പതിവുപോലെ തന്നെ ചെയ്തു.

തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെ പ്രേക്ഷകരെ ബോറടിയുടെ തീവ്രത മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു എന്നതില്‍ സത്യന്‍ അന്തിക്കാടിന്‌ അഭിനന്ദിക്കാം. പക്ഷേ, ഒന്ന് രണ്ട്‌ സീനുകളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ചെറുതായൊരു ചലനം ഉണ്ടാക്കാനായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അജയനെ തേടിയെത്തുന്ന പയ്യണ്റ്റെ ഭൂതകാലവും മറ്റും അന്വേഷിച്ച്‌ ചെന്നെത്തി കണ്ടെത്തുന്നത്‌ വല്ലാത്തൊരു കണ്ടുപിടുത്തമായി ഭവിച്ചു. 'ഇതെല്ലാം കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കേണ്ടിയില്ലായിരുന്നു' എന്ന് ആര്‍ക്കും തോന്നിപ്പോകും. ഒടുവില്‍ പ്രേക്ഷകരെ ആ പച്ചക്കള്ളം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്‌ 'കൂടുതല്‍ അറിയേണ്ടതില്ല' എന്ന അഹങ്കാരത്തില്‍ സിനിമ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ തൃപ്തിയായി.

മോഹന്‍ലാലിനെ മണ്ണില്‍ ചവിട്ടി നടത്തിച്ചു എന്നത്‌ സത്യന്‍ അന്തിക്കാട്‌ മോഹന്‍ലാലിനോടും മലയാളസിനിമയോടും ചെയ്ത ഒരു നല്ലകാര്യമായി പലയിടത്തും കണ്ടു. പാവം മോഹന്‍ലാല്‍! ഇങ്ങനെ മണ്ണില്‍ ചവിട്ടി നടക്കേണ്ടിവന്ന ഇദ്ദേഹത്തിണ്റ്റെ ഗതികേട്‌ എന്നല്ലാതെ വേറൊന്നും പറയാനില്ല.

DNA ടെസ്റ്റ്‌ എന്ന് പറയുന്നത്‌ ആര്‍ക്കും ഒാടിപ്പോയി ഒരു ലാബില്‍ ചെന്ന് ചെയ്യാവുന്ന സിമ്പിള്‍ സംഗതിയാണെന്ന് കാണിച്ചുതന്നതിനും സത്യന്‍ അന്തികാടിന്‌ പ്രത്യേക നന്ദി.

'നല്ലതായാലും ചീത്തയായാലും സത്യന്‍ അന്തിക്കാടിണ്റ്റെ സിനിമയല്ലേ, പോയി കണ്ടേക്കാം' എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷകരാണ്‌ തണ്റ്റെ ശക്തി എന്ന് സത്യന്‍ അന്തിക്കാട്‌ ഈയിടെ പറഞ്ഞതായി വായിച്ചു. ആ പ്രേക്ഷകരോട്‌ ഈ ചതി കാണിച്ചതിന്‌ സത്യന്‍ അന്തിക്കാടിന്‌ കാലം മാപ്പുതരില്ല.

സിനിമയില്‍ യാതൊരു കഥയുമില്ലെങ്കിലും, പ്രേക്ഷകരുടെ നാടിനോടും നാട്ടിന്‍പുറത്തിനോടുമുള്ള നൊസ്റ്റാള്‍ജിയയെ വിറ്റ്‌ കാശാക്കാം എന്ന ഒരൊറ്റ ഉദ്ദേശത്തോടെതന്നെ ഇദ്ദേഹം പല സീനുകളും വളരെ നിര്‍ബന്ധബുദ്ധിയോടെ ചേര്‍ത്തിരിക്കുന്നു എന്നത്‌ ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണ്‌. ഇത്രയ്ക്കങ്ങ്‌ ഈ ബോറന്‍ രംഗങ്ങള്‍ പല അളവില്‍ ചേര്‍ത്ത്‌ നല്‍കാന്‍ മാത്രം ഒരു മാനസികദരിദ്രാവസ്ഥ പ്രേക്ഷകസമൂഹത്തിനില്ല എന്ന് വൈകാതെ തന്നെ ഇദ്ദേഹത്തിന്‌ മനസ്സിലായിക്കോളും.

Rating : 3 / 10