Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Saturday, September 15, 2012

മോളി ആന്റി റോക്ക്സ് (Molly Aunty Rocks!)





രചന, സംവിധാനം: രഞ്ജിത് ശങ്കർ

അമേരിക്കയിൽ നിന്ന് നാട്ടിലെത്തി രണ്ട് വർഷക്കാലം കൂടി തന്റെ ബാങ്ക് ഉദ്യോഗം പൂർത്തിയാക്കി വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന മോളി ആന്റി ജീവിതത്തിലും സമൂഹത്തിലും ഇവിടെ നിലനില്ക്കുന്ന ബ്യൂറോക്രാറ്റിക് ചുറ്റുപാടിലും നേരിടുന്ന കാര്യങ്ങളാണ്‌ ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ സാധികുന്നതാകുന്നു.

ആദ്യപകുതി കഴിയാറാകുമ്പോൾ പ്രണവ് റോയ് എന്ന ഇൻ കം ടാക്സ് ഓഫീസറായി പൃഥിരാജ് എത്തുന്നതോടെ ചിത്രത്തിന്‌ മറ്റൊരു ഭാവതലം കൈവരുന്നു.
രണ്ടാം പകുതിയിൽ സലിം എന്ന വക്കീലായി മാമുക്കോയ എത്തുന്നതോടെ ചിത്രം കൂടുതൽ താല്പര്യജനകമാകുകയും തുടർന്ന് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു.

ടൈറ്റിൽ റോൾ അഭിനയിച്ച രേവതി തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടാം പകുതിയിലെത്തുന്ന മാമുക്കോയയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്.

മറ്റൊരു ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണെങ്കിലും അഭിനയിച്ചിട്ടുള്ള എല്ലാവരും വളരെ മികച്ചു നിന്നു എന്നതാണ്‌.

അമിതപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും പൃഥ്യിരാജ് മികച്ച അഭിനയം കാഴ്ച വെച്ചു. ലാലു അലക്സ്, കെ.പി.എസ്. സി ലളിത, കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ തുടങ്ങിയ എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ചു.

ആനന്ദ് മധുസൂദനനെന്ന പുതിയ സംഗീത സംവിധായകൻ ഒരു ഭാവി പ്രതീക്ഷയാണ്‌.

ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവനും എഡിറ്റർ ലിജോ പോളും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു.

ഗംഭീരമായ സംഭവവികാസങ്ങളൊന്നുമില്ലെങ്കിലും വളരെ ശാന്തമായ മനസ്സുമായി ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരുന്ന് മാനസിക സംതൃപ്തിയോടെ ഇറങ്ങിപ്പോരാവുന്ന ഒരു ചിത്രമാണ്‌ മോളി ആന്റി റോക്ക്സ്.

രേവതി റോക്ക്സ്!
മാമുക്കോയ റോക്ക്സ്!

Rating : 6.5 / 10

Note:
തുടക്കത്തിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ലെങ്കിലും ഈ ചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു  എന്ന് മനസ്സിലാകുന്നു. ഇന്നലെ എറണാകുളം പത്മയിൽ സെക്കന്റ് ഷോയ്ക്ക് ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു.

റൺ ബേബി റൺ (Run Baby Run)



കഥ, തിരക്കഥ, സംഭാഷണം: സച്ചി

സംവിധാനം: ജോഷി

വാർത്തകൾക്കും കണ്ടെത്തലുകൾക്കും വേണ്ടിയുള്ള ചാനലുകളുടെ കിടമൽസരങ്ങളും, മാധ്യമക്കെണിയിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് മാധ്യമക്കെണി ഉപയോഗിച്ച് തന്നെ തിരിച്ച് വരവ് നടത്താനുള്ള ശ്രമങ്ങളുമാണ്‌ പ്രധാനമായും ഈ ചിത്രത്തിന്റെ കഥാതന്തു.

ചാനൽ ക്യാമറാമാനായ വേണുവും (മോഹൻ ലാൽ) ചാനൽ റിപ്പോർട്ടറായ രേണുകയും (അമല പോൾ) ചേർന്ന് വെളിച്ചത്ത് കൊണ്ടുവന്ന വാർത്തയെത്തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളും അഞ്ച് വർഷത്തെ കേരളത്തിനു പുറത്തുള്ള ജോലികളിൽ നിന്ന് വീണ്ടും കേരളത്തിലേയ്ക്ക് എത്തിച്ചേരുന്ന വേണുവിന്‌ നേരിടേണ്ടിവരുന്ന അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളും ഈ ചിത്രത്തിന്റെ ചടുലത വർദ്ധിപ്പിക്കുന്നു.

വേണുവിന്റെ സുഹൃത്തും മറ്റൊരു ചാനൽ മാധ്യമരംഗത്തെ പ്രധാനിയുമായി ബിജുമേനോനും നല്ലൊരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

എല്ലാ കഥാപാത്രങ്ങളുടേയും അഭിനയമികവുകൊണ്ടും കഥാപരമായ വേഗതകൊണ്ടും പ്രേക്ഷകരെ താല്പര്യത്തോടെ പിടിച്ചിരുത്തുവാനും നല്ലൊരു ആസ്വാദന അനുഭവം നല്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

അമല പോളിന്റെ രേണുക എന്ന കഥാപാത്രം പതിവ് സ്ത്രീ കഥാപാത്രങ്ങളെക്കാൾ വേറിട്ട് നില്ക്കുന്ന ഒരു അനുഭവമായി.

കഥാസന്ദർഭവുമായി യാതൊരു ബന്ധമില്ലാത്ത വരികളാണെങ്കിലും മോഹൻൽ ലാൽ ആലപിച്ചിരിക്കുന്ന ഗാനം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതായി.

തിരക്കഥയിലെ ന്യൂനതകൾ ചിത്രം ആസ്വദിക്കുന്ന സമയത്ത് ചെറുതായൊന്ന് അലോസരപ്പെടുത്തുമെങ്കിലും അത് ആലോചിക്കാൻ സമയം കൊടുക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിച്ചിരികുന്നത് എന്നത് സച്ചിയുടേയും ജോഷിയുടേയും മികവ് തന്നെ.

പൊട്ടിമുളച്ച് വരുന്ന അഡ്വക്കേറ്റ് കഥാപാത്രം വെളിപാടുപോലെ നല്കുന്ന പല വിവരങ്ങളും മറ്റും തന്നെ തിരക്കഥയുടെ പ്രധാന ന്യൂനത. ഈ കഥാപാത്രത്തിന്റെ അവ്യക്തത കാണുമ്പോഴേ ഒരുവിധം കാര്യങ്ങൾ മനസ്സിലാകും. കൂടാതെ കൃത്യമായ തിരനാടകം ഒരുക്കി കെണിയിൽ പെടുത്തുന്നത് കണ്ടാൽ തിരക്കഥാകൃത്ത തന്നെ ഒന്ന് ഞെട്ടും..



പൊതുവേ പറഞ്ഞാൽ പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ ആസ്വദിക്കാവുന്ന ഒരു മികച്ച ചിത്രം.

Rating : 6.5 / 10