നെയ്ത്തുകാരന്‍.
സംവിധാനം : പ്രിയ നന്ദനന്‍.
കഥ,തിരക്കഥ, സംഭാഷണം: എന്‍.ശശിധരന്‍
ഛായാഗ്രഹണം : ജെയിന്‍ ജോസഫ്
സംഗീതം : ജോണ്‍ പി.വര്‍ക്കി.
അഭിനേതാക്കള്‍ : മുരളി, സോനാ നായര്‍,വിജയരാഘവന്‍, എം.ആര്‍.ഗോപകുമാര്‍,മുല്ലനേഴി തുടങ്ങിയവര്‍.
ഇ.എം.എസ്. മരിക്കുന്ന ദിവസം ആണ് ചിത്രം തുടങ്ങുന്നത്. ഇ.എം.എസ് മരിക്കുന്ന വാര്‍ത്തയറിയുന്ന ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരനിലൂടെ കടന്നു പോകുന്ന ഓര്‍മ്മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.രണ്ട് കാലഘട്ടങ്ങളിലെ തലമുറകളുടെ വൈരുദ്ധ്യം, അവരുടെ പെരുമാറ്റത്തിലും, പ്രവൃത്തിയിലും ഉള്ള അന്തരങ്ങള്‍, പണ്ട് കമ്മ്യൂണിസ്റ്റ്കാര്‍ ആയിരുന്നവര്‍ ആശയങ്ങള്‍ ഉപേക്ഷിച്ച് ഒരു പുതിയ ജീവിത പന്ഥാവിലേക്ക് തിരിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, എല്ലാം ഈ ചിത്രം കാണിക്കുന്നു. ഒരു ശരാശരി കമ്മ്യൂണിസ്റ്റ്കാരനെ ആവേശ ഭരിതനാക്കാന്‍ ഈ ചിത്രത്തിനു കഴിയുമെങ്കിലും, ഒരു ചലചിത്രം എന്ന നിലയില്‍ ഈ ചിത്രം ഒരു പരാജയമാണ്.
ഒരു പഴയ കമ്മ്യൂണിസ്റ്റ് കാരനാണ് അപ്പ മേസ്തിരി.അപ്പമേസ്തിരിയുടെ മകനാണ് ജോഷി.അപ്പമേസ്തിരിയായി മുരളിയും, ജോഷിയായി വിജയരാഘവനും,ജോഷിയുടെ ഭാര്യയായി സോനാ നായരും അഭിനയിക്കുന്നു. അപ്പമേസ്തിരി തീരെ സുഖമില്ലാതെയിരിക്കുകയാണ്. അതിന്റെ ആശങ്കകളിലാണ് ജോഷിയുടെ ഭാര്യ.ജോഷിയുടെ മക്കളാകട്ടെ, റാപ്പ് സംഗിതവും, എഫ്.ടി.വിയുമാണ് ആസ്വദിക്കുന്നത്. അവര്‍ക്ക് ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരന്റെ ചെയ്തികളൊ, അവരുടെ ജീവിതരീതികളോ ചേരുന്നില്ല.ജോഷിയാകട്ടെ ഒരു പഴയ നക്സല്‍ പ്രവര്‍ത്തകനാണ്. ജോഷി ഇന്ന് ഒരു പരസ്യ കമ്പനി നടത്തുന്നു. ജോഷി വളരെ സമ്പന്നനാണ്. ഇന്നയാള്‍ പഴയ നക്സല്‍ അല്ല. ജോഷിയുടെ മാറ്റങ്ങള്‍ പഴയ നക്സല്‍ പ്രവര്‍ത്തകര്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നു.ജോഷിയെ കാണാന്‍ പഴയ നക്സല്‍ പ്രവര്‍ത്തകനും, സുഹൃത്തുമായിരുന്ന ബാഹുലേയന്‍ വരുന്നു. ബാഹുലേയന്‍ ആയി എം.ആര്‍. ഗോപകുമാര്‍ ആണ് അഭിനയിക്കുന്നത്. ജോഷി മാതാ അമൃതാനന്ദമയിയെ കണ്ടതിനു ശേഷം പരസ്യ കമ്പനിയുടെ പേരു മാറ്റിയതും അതിനു ശേഷം ഉണ്ടായ വളര്‍ച്ചയും ഒക്കെ വളരെ ഉത്സാഹത്തോടെയാണ് സുഹൃത്തിനെ ധരിപ്പിക്കുന്നത്.
ഇ.എം.എസ്സിന്റെ മരണവാര്‍ത്ത റേഡിയോയില്‍ നിന്നാണ് അപ്പമേസ്തിരി മനസ്സിലാക്കുന്നത്. അപ്പമേസ്തിരിയെ പാര്‍ട്ടി സെക്രട്ടറി വിവരം ധരിപ്പിക്കാന്‍ വന്നെങ്കിലും അപ്പ മേസ്തിരിയെ അതെങ്ങിനെ ബാധിക്കും എന്ന ആശങ്കയുള്ളതിനാല്‍ മകള്‍ അത് വിലക്കുന്നു. തീരെ സുഖമില്ലാതെയിരുന്ന അപ്പ മേസ്തിരിയില്‍ ഇ.എം.എസ്സിന്റെ മരണവാര്‍ത്ത, തന്റെ നഷ്ടപ്പെട്ട് ഓര്‍മ്മകളേയും,ഊര്‍ജ്ജത്തേയും അയാള്‍ക്ക് തിരിച്ച് നല്‍കുകയാണ്.അപ്പ മേസ്തിരി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ഇ.എം.എസ്സിന്റെ മരണം അയാളില്‍ വല്ലാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.ഇ.എം.എസ്സിന്റെ മരണത്തോടെ എല്ലാം തീര്‍ന്നു എന്നയാള്‍ വിലപിക്കുന്നു.ഒരു തലമുറയുടെ അന്ത്യം,കമ്മ്യൂണീസ്റ്റ് സംഘടനകളില്‍ എത്രമാത്രം വിടവു സൃഷ്ടിക്കുന്നു എന്നയാള്‍ക്ക് അറിയാം. സഖാവ് കൃഷ്ണപിള്ളയെയും അയാള്‍ ഈ തരുണത്തില്‍ ഓര്‍ക്കുന്നുണ്ട്. ഇ.എം.എസ്സിന്റെ ശവസംസ്കാര ദിവസം അയാള്‍ ജലപാനം പോലും നടത്തുന്നില്ല.അയാള്‍ക്ക് അതിന് ന്യായങ്ങളുണ്ട്. പക്ഷെ പുതിയ തലമുറക്ക് അതൊന്നും മനസ്സിലാകുന്നില്ല.ഈ. എം. എസ്സിന്റെ മൃദദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ട് തിരികെ മുറിയെലെത്തുന്ന അപ്പ മേസ്തിരിയും ലോകത്തോട് വിടവാങ്ങുകയാണ്.പ്രസ്ഥാനം ഒരു തുടര്‍ച്ചയാണെന്നും, ഇ.എം.എസ്സിനും തെറ്റ് പറ്റിയിട്ടുണ്ടാകാമെന്നും അയാള്‍ നമ്മോട് പറയുന്നുണ്ട്.
മുരളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ കഥാപാത്രമാണ് അപ്പ മേസ്തിരി. അപ്പ മേസ്തിരിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ മുരളിക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പ മേസ്തിരി പഴയ ഓര്‍മ്മകളിലൂടെ തിരിച്ച് പോകുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, അയാളുടെ വികാര വിചാരങ്ങള്‍ എല്ലാം നമുക്ക് മുന്നിലൂടെ മിന്നി മറയുന്നു. വളരെ മനോഹരമായ ചിത്ര സംയോജനത്തിലൂടെ ഇത് സാധിച്ചെടുക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.ഒരു ശരാശരി കമ്മ്യൂണിസ്റ്റ് അനുഭാവിയെ ആവേശഭരിതമാക്കാന്‍ ഈ മുഹൂര്‍ത്തങ്ങള്‍ക്കും, രംഗങ്ങള്‍ക്കും കഴിയും. അപ്പമേസ്തിരിയുടെ ഓര്‍മ്മകളിലൂടെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, അതിന്റെ പൂര്‍വ്വകാല നേതാക്കളും,കേരളത്തിന്റെ നവോത്ഥാനത്തിനും, പുരോഗതിക്കും എത്രമാത്രം സംഭാവന നല്‍കിയിട്ടുണ്ട് എന്ന് കാണിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്.ഈ കാര്യത്തില്‍ സംവിധായകന്‍ വിജയിട്ടുണ്ട്.എന്നാല്‍ നക്സല്‍ പ്രസ്ഥാനത്തിനുണ്ടായ അപചയം ഒരു തലമുറയെ എത്രമാത്രം നാശത്തിന്റെ വക്കിലെത്തിച്ചു എന്ന് കാണിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല. മറിച്ച് ഒരു പഴയ നക്സല്‍ പ്രവര്‍ത്തകന്‍ സമ്പന്നനായി തീരുന്ന ചിത്രമാണ് സംവിധായകന്‍ നമുക്ക നല്‍കുന്നത്. ഒരു അപവാദമുള്ളത് ബാഹുലേയന്‍ എന്ന കഥാപാത്രമാണ്. ബാഹുലേയനാകട്ടെ, ഇന്ന് ഒരു സംസ്കാരിക പ്രവര്‍ത്തകനാണ്. അപ്പമേസ്തിരിയെ ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുന്നതിലൂടെ മറ്റു കഥാപാത്രങ്ങള്‍ അപ്രസക്തമാവുകായാണ് ഈ ചിത്രത്തില്‍. എം.ആര്‍. ഗോപകുമാറിന്റേയോ, വിജയരാഘവന്റേയോ അഭിനയ സാധ്യതകളെ സംവിധായകന് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ വളരെ നല്ല ചിത്ര സംയോജനവും, ഛായാഗ്രഹണവും ഈ ചിത്രത്തിന്റെ മേന്മകളാണ്.പശ്ചാത്തല സംഗീതവും തെറ്റില്ല. കഥ പൂര്‍ണ്ണമായും അപ്പമേസ്തിരിയില്‍ ഊന്നിയായതിനാല്‍ വിശാലമായ ഒരു കാന്‍വാസില്‍ പറയേണ്ടിയിരുന്ന ഒരു കഥ പറയാന്‍ സംവിധായകനോ, തിരക്കഥയെഴുതിയ ശശിധരനോ കഴിഞ്ഞില്ല. അത് ഈ ചിത്രത്തെ പരിപൂര്‍ണ്ണമായ ഒരു പരാജയമായി മാറ്റുന്നു.
16 comments:
നെയ്ത്തുകാരന്‍ എന്ന സിനിമയുടെ ഒരു ചെറിയ നിരൂപണമാണിത്. പുതിയ ചിത്രങ്ങള്‍ യഥാ സമയം കാണാന്‍ സാഹചര്യമില്ലാത്തതിനാല്‍, ഈയിടെ കാണാനിടയായ നെയ്ത്തുകാരനെകുറിച്ച് ഒരു വിശകലനം.
അനംഗാരി, നിരൂപണം വായിച്ചുകഴിഞ്ഞപ്പോള്‍ സിനിമ കണ്ടതുപോലെയായി.
വളരെയധികം അന്വഷിച്ച രണ്ടുപടങ്ങളായിരുന്നു നൈയ്‌ത്തുകാരനും, നിഴല്‍ക്കുത്തും. അവസാനം നിഴല്‍ക്കുത്തു സായിപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും കിട്ടി. നൈത്തുകാരന്‍ കിട്ടിയിട്ടില്ല. എവിടുന്നാ സംഘടിപ്പിച്ചത്?
അനംഗാരി,
നല്ല വിലയിരുത്തല്‍. എന്നാലും സിനിമ അതിവിശാലമായ ക്യാന്‍വാസ് തേടിപ്പോയില്ല എന്ന വാദത്തോടു യോജിപ്പില്ല. ഒരു സൈദ്ധാന്തികാചാര്യന്റെ വിയോഗം സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരില്‍ വരുത്തുന്ന ശൂന്യത തന്നെയല്ലേ സിനിമയുടെ കേന്ദ്രപ്രമേയം. അപ്പമേസ്തിരിയിലൂടെത്തന്നെയല്ലേ അപ്പോള്‍ കഥ വികസിക്കേണ്ടത്? അതിനിടയില്‍ നക്സല്‍ പ്രസ്ഥാനത്തെപ്പറ്റിയും മറ്റും വിശദമായി പ്രതിപാദിക്കാന്‍ പോയാല്‍ സിനിമ ഒന്നുമല്ലാതെപോകില്ലായിരുന്നോ?
ശ്രദ്ധിക്കപ്പെടേണ്ട സിനിമയാണു നെയ്ത്തുകാരന്‍.
റീനി കൈരളി ടി.വി.യില്‍ സിനിമ വന്നിരുന്നു. അതില്‍ നിന്ന് പകര്‍ത്തിയ ഒരു കോപ്പിയാണ് കണ്ടത്.വേണമെങ്കില്‍ അയച്ച് തരാം.കമന്റിന് നന്ദി.
മന്‍ജിത്: നന്ദി. ഞാനുദ്ദേശിച്ചത്, കഥയില്‍ നക്സലിസം സൂചിപ്പിച്ച് കടന്ന് പോകുന്നു എന്ന് മാത്രമാണ്.എ.എം.എസ്സിന്റെ മരണം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വരുത്തുന്ന ശൂന്യത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സിനിമക്ക കഴിഞ്ഞില്ല എന്നാണ് എന്റെ വിലയിരുത്തല്‍. അപ്പമേസ്തിരി കേന്ദ്ര കഥാപാത്രമാണെങ്കിലും, ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ മരണം എന്തു വികാരമുളവാക്കുന്നു എന്ന് കാണിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറി പോലും വേവലാതി കൊള്ളുന്നത് അപ്പമേസ്തിരിയെ കുറിച്ചാണ്.
തുളസി നന്ദി. എഴുതിയപ്പോള്‍ ഉണ്ടായ പിശകാണ്. ജെയിന്‍ ജോസഫ് തന്നെയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഥയുടെ പേര് നെയ്ത്തുകാരന്‍ എന്നാണെങ്കിലും, കഥയുടേ കാമ്പ് എന്ന് പറയുന്നത് ഇ.എം.എസ്സിന്റെ മരണവും അതിലൂടെ അപ്പാ മേസ്തിരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് പോകുന്നതുമാണ്.ഒരിടത്ത് ബാഹുലേയന്‍ പറയുന്നു:.ഇ.എം.എസ്സിനേക്കാള്‍ വലിയ ആളാണ് അപ്പ മേസ്തിരി എന്ന്. പക്ഷെ അപ്പ മേസ്തിരിയുടെ ജീവിതത്തെ പോലും പൂര്‍ണ്ണമായി കഥാകാരന്‍ വിവരിക്കുനില്ല.മറിച്ച് അപ്പമേസ്തിരിയിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചില ചരിത്രങ്ങള്‍ പറയുന്നു എന്ന് മാത്രം.
റീനി പറഞ്ഞതു പോലെ നിരൂപണം വായിച്ചു കഴിഞ്ഞപ്പോള്‍ സിനിമ കണ്ടതുപോലെയായി.. കാണാന്‍ കരുതിയിരുന്ന ചിത്രമായിരുന്നു .. നാട്ടില്‍ പോകുമ്പോ എന്തായാലും കാണും .. ഇതു ഒരു ഓര്‍മ്മ പെടുത്തലായി :)
അനംഗാരി,"നെയ്‌ത്തുകാരന്റെ" കോപ്പി അയച്ചുതരുന്നതില്‍ ബുദ്ധിമുട്ടില്ലയെങ്കില്‍ കിട്ടിയാല്‍ വളെരെ സന്തോഷമായിരുന്നു. ഈമെയില്‍ വിലാസം ബ്ലോഗിലുണ്ട്.
നിഴല്‍ക്കുത്തിന്റെ DVD പകര്‍ത്താന്‍ സാധിച്ചെങ്കില്‍ കോപ്പി വേണോ? അടൂര്‍ ഗോപാലകൃഷ്ണ്‍റ്റെയാണ്.
മെംബര്‍ഷിപ്പ് ചോദിക്കേണ്ടത് ഇവിടെയല്ലേ
ഒരെണ്ണം എനിക്കുമയയ്ക്കുമോ...
divaswapnam@yahoo.com
Anamgaari niroopanam kollaam. Ithinte copy kayyil undo? Enikkum orennam venamaayirunnu... Reeni DVD kayyilundenkil pakarthaan njaan sahaayikkaam. connect - bodhigreen@gmail.com
നെയ്‌ത്തുകാരന്‍ ഒരു പരാജയമായി എന്ന ആശയത്തോട് വിയോജിക്കുന്നു. ഈ സിനിമയിലെ മുഖ്യ വിഷയം നക്സലിസത്തിന്റെ അപചയം അല്ലല്ലോ...!
ഏതായാലും കരണ്‍ ജോഹറിന്റെയും പ്രിയനന്ദനന്റെയും സിനിമകള്‍ ഒന്നിച്ച് വിലയിരുത്തുന്ന ഇവിടം ഒരു സംഭവം തന്നെ.
നെയ്ത്തുകാരന്റെ നിരൂപണത്തിന് നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി. റീനി, മന്‍ജിത്,മ്മഗു, തുളസി, റോബി, ദിവാ ,സിനികുമാര്‍, കൊച്ചുമുതലാളി എല്ലാവര്‍ക്കും നന്ദി.
താങ്കളുടെ നിരൂപണരീതി മോശമായിട്ടില്ല. ആരാധ്യപുരുഷനായ കമ്മ്യൂണിസ്റ്റ് നേതാവിണ്റ്റെ മരണമറിഞ്ഞു വേദനിക്കുന്ന പഴയകാല കമ്മ്യൂണിസ്റ്റ് കാരന്‍. ഇടതു തീവ്രവാദം ഉപേക്ഷിച്ച് ബിസിനസ് ചെയ്യുന്ന മകന്‍, എഫ് റ്റിവി കാണുന്ന പേരക്കുട്ടി.. ഇത്തരം അതിലളിതമായ, മുന്‍ വിധി നിറഞ്ഞ സമീപനം നല്ല ചലചിത്രകാരണ്റ്റെ ലക്ഷണമായി തോന്നുന്നില്ല. പരമ്പരാഗത കച്ചവട സിനിമാക്കാര്‍ നല്ലവനായ നായകന്‍, സുന്ദരിയായ നായിക, നീചനായ വില്ലന്‍ എന്നൊക്കെ തീരുമാനിക്കുന്ന പൊലെയാണതെന്ന് എനിക്കു തോന്നുന്നു. സിനിമയെ തീവ്രമായ കലാനുഭവമാക്കി മാറ്റാന്‍ കഴിയാത്തവര്‍ അത്യാവശ്യം ഭേദപ്പെട്ട കച്ചവട സിനിമ ചെയ്ത് നാലു കാശുണ്ടാക്കാന്‍ നോക്കണം. പക്ഷേ, അതിനും കുറച്ച് ഔചിത്യവും ഹ്യൂമര്‍ സെന്‍സുമൊക്കെ വേണമല്ലോ!
നെയ്ത്തുകാരൻ എന്ന് തലക്കെട്ട് ഇ തിരക്കഥക്ക് എങ്ങനെ യോചിക്കുന്നു ?
എനിക്ക് നെയ്ത്തുകാരൻ ഇല്ലേസ്ത്രീകഥാപാത്രത്തെകുറിച്ചുള്ള വിവരങ്ങളൊന്നും വേണം
നെയ്ത്തുകാരൻ
Post a Comment