Monday, August 11, 2014

ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌


കഥ, സംവിധാനം : രാജീവ്‌ രവി
തിരക്കഥ : സന്തോഷ്‌ എച്ചിക്കാനം, അജിത്‌ കുമാര്‍, ഗീതു മോഹന്‍ ദാസ്‌

സ്റ്റീവ്‌ ലോപ്പസ്‌ ആയി ഫര്‍ഹാന്‍ ഫാസിലും അഞ്ജലിയായി അഹാന കൃഷ്ണയും ഈ ചിത്രത്തില്‍ പ്രണയജോടികളായി അഭിനയിച്ചിരിക്കുന്നു.
ന്യൂ ജനറേഷന്‍ സംവിധാനത്തോടെയുള്ള കൌമാരപ്രണയത്തിലൂടെ കഥ ആരംഭിക്കുന്നു എങ്കിലും, പതുക്കെ കഥാഗതി കൂടുതല്‍ സങ്കീര്‍ണ്ണമായ മറ്റ്‌ മേഘലകളിലേയ്ക്ക്‌ കടക്കുന്നു.

ഗുണ്ടാസംഘങ്ങളും അവരുടെ കണക്ക്‌ തീര്‍ക്കലുകളും അതിന്നിടയില്‍ പോലീസിണ്റ്റെ ഒളിച്ചുകളികളും നടക്കുമ്പോള്‍ അതിന്നിടയിലേയ്ക്ക്‌ കൌതുകത്തോടെയും അന്വേഷണബുദ്ധിയോടെയും കടന്നുചെല്ലുന്ന സ്റ്റീവ്‌ ലോപ്പസ്‌ എന്ന യുവാവ്‌ കാണുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്‌ ഈ ചിത്രത്തില്‍ തുടര്‍ന്ന് സംഭവിക്കുന്നത്‌.

ആദ്യപകുതിയില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ആകാംക്ഷ ജനിപ്പിക്കാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌. എന്തോ ഒരു തീപ്പൊരി ഈ ചിത്രത്തില്‍ ഒളിഞ്ഞ്‌ കിടപ്പുണ്ടെന്ന് ന്യായമായും തോന്നുകയും ചെയ്യും.

പക്ഷേ, തുടര്‍ന്നുള്ള കഥാഗതിയില്‍ പലപ്പോഴും വല്ലാത്ത ഇഴച്ചില്‍ അനുഭവപ്പെടുകയും ഹൃദയത്തില്‍ നിന്ന് അകന്നുപോകുകയും ചെയ്യുന്നുണ്ട്‌.

ഇതിലെ ഓരോ അഭിനേതാക്കളും വളരെ സ്വാഭാവികമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു എന്നത്‌ എടുത്തുപറയേണ്ട വസ്തുതയാണ്‌.

ഫര്‍ഹാന്‍ മോശമാക്കിയില്ലെങ്കിലും പലപ്പോഴും വികാരരഹിതമായ ഒരു മുഖഭാവത്തിലാണ്‌ കണ്ടത്‌.

അഹാന കൃഷ്ണ ചിലപ്പോഴൊക്കെ ഒരു പ്രണയനൈര്‍മ്മല്ല്യഭാവം പുലര്‍ത്തിയെങ്കിലും പ്രേക്ഷകര്‍ക്ക്‌ ഹൃദയത്തില്‍ ചേറ്‍ത്ത്‌ വെക്കാവുന്ന അത്ര ശോഭിച്ചില്ല.

തുടക്കത്തിലെ ടൈറ്റില്‍ സോങ്ങ്‌ 'തിരോന്തോരം' ഭാഷയിലൂടെ ശരിക്ക്‌ ചിരിപ്പിച്ചു.

 ക്യാമറയും മികവുറ്റതായിരുന്നു.

പൊതുവേ പറഞ്ഞാല്‍ എന്തൊക്കെയോ ഒരു തീപ്പൊരിയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അത്‌ കത്തിപ്പിടിക്കാതെ അവസാനിച്ച ഒരു പ്രതീതിയായിരുന്നു സിനിമ കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ തോന്നിയത്‌.

Rating : 4.5 / 10

Friday, August 08, 2014

മംഗ്ലീഷ്‌ (Manglish)സംവിധാനം : സലാം ബാപ്പു
രചന : റിയാസ്‌

കൊച്ചിയിലെ മല്‍സ്യമാര്‍ക്കറ്റിന്റെ പ്രധാനിയായ മാലിക്‌ ഭായി... ഇദ്ദേഹം അറിയാതെ കൊച്ചിയില്‍ ഈച്ച പോലും വഴി നടക്കില്ലെന്നാണ്‌ പറയുന്നത്‌.

ഒരു വിദേശവനിത അനധികൃതമായി താമസിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള നിയോഗം ഇദ്ദേഹത്തിന്‌ വന്നുചേരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവപരമ്പരകളാണത്രേ ഈ സിനിമകൊണ്ട്‌ ഉദ്ദേശിച്ചത്‌.

ഈ വിദേശവനിതയ്ക്ക്‌ മാലിക്‌ ഭായിയോട്‌ മാത്രമായി എന്തോ പറയാനുണ്ട്‌. പക്ഷെ, ഭാഷ വശമില്ല. മാലിക്‌ ഭായി ഇംഗ്ലീഷ്‌ പഠിക്കുകയും വിദേശവനിത മലയാളം പഠിക്കുകയും ചെയ്തു. ഇനിയിപ്പോ ഏത്‌ ഭാഷയില്‍ വേണേലും കാര്യം പറയാമല്ലോ..
പ്രേക്ഷകര്‍ കാത്തിരുന്ന ആ ഞെട്ടിക്കുന്ന കാര്യം മദാമ്മ വെളിപ്പെറ്റുത്തിയപ്പോള്‍ തീയ്യറ്റര്‍ ഞെട്ടിവിറച്ചു. (അതായിരിക്കും യാതൊരു ഭാവവ്യതിയാനങ്ങളും ഇല്ലാതെ പ്രേക്ഷകര്‍ ഇരുന്നതും ഒടുവില്‍ നെടുവീര്‍പ്പോടെ ഇറങ്ങിപ്പോയതും).

വളരെ പുതുമകളും ഒട്ടേറെ വികാരനിര്‍ഭരമായ രംഗങ്ങളും കൊണ്ട്‌ സമ്പന്നമായ ഒരുപാട്‌ സിനിമകളുണ്ടെന്നതുകൊണ്ട്‌ ഈ സിനിമ അതിലൊന്നും പെടാതെ വ്യത്യസ്തമായി നില്‍ക്കുന്നു. 'പിന്നെ എന്തുണ്ട്‌?' എന്ന് ചോദിച്ചാല്‍ മാലിക്‌ ഭായിയുടെ ചില വീരപരിവേഷങ്ങള്‍ക്കായുള്ള ശ്രമങ്ങളും ചേഷ്ടകളും കാണാം.
 വെറുപ്പിക്കാന്‍ മാത്രം ഒന്നും ഇല്ലാത്തതുകൊണ്ട്‌ ആ പേരുദോഷം ഇല്ല.

Rating : 3 / 10