Sunday, September 28, 2014

വെള്ളിമൂങ്ങ (Vellimoonga)


കഥ : ജോജി തോമസ്, ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം : ജോജി തോമസ്
സംവിധാനം : ജിബു ജേക്കബ്


അപ്പന്‍റെ ആദര്‍ശ രാഷ്ട്രീയം കൊണ്ട് കുടുംബം വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത മകനായ മാമച്ചന്‍ ഒരു ദിവസം ഖദറ് ഇടേണ്ടിവരുന്നു.  ആ ഖദറാണ്‍ തന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുണകരമെന്ന് അന്നത്തെ ദിവസം മാമച്ചന്‍ തിരിച്ചറിഞ്ഞു. ഇത് മാമച്ചന്‍ എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. മാമച്ചനിട്ട ഖദറിന്‍റെ കഥ.


ഇതൊരു രാഷ്ട്രീയ ചിത്രമല്ല. പക്ഷേ, രഷ്ട്രീയം പശ്ചാത്തലമാക്കി മാമച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ വികാരവിചാരങ്ങളേയും അദ്ദേഹത്തിന്‍റെ കുശാഗ്രബുദ്ധിയോടെയുള്ള മുന്നേറ്റങ്ങളേയും രസകരമായി ചിത്രീകരിച്ചിരിക്കുന്നു.

വലിയ പ്രതീക്ഷകളൊന്നും തരാതെ പതുക്കെ തുടങ്ങിയശേഷം ഈ കഥ രസകരമായ രീതിയിലേയ്ക്ക് വളരുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുക. മാമച്ചന്‍ എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകന്‍ സഞ്ചരിച്ചുതുടങ്ങുമ്പോളാണ് അദ്ദേഹത്തിന്‍റെ പല ഭീകരതകളും നമുക്ക് മനസ്സിലാകുന്നത്.

മാമച്ചനെക്കുറിച്ച് നാട്ടുകാര്‍ പറയുന്ന കാര്യം എന്ന് പറഞ്ഞുകൊണ്ട് മാമച്ചന്‍റെ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട്…

"ഇന്നും ജീപ്പിന്‍റെ മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  മുന്സീറ്റിലിരിക്കാന്‍ പറ്റാത്തോണ്ടാണ് നീ ഓട്ടോയില്‍ കയറാത്തതെന്നാ എല്ലാരും പറയുന്നേ  ...
കല്ല്യാണത്തിനുപോയാല്‍ കല്ല്യാണച്ചെക്കനാവണം, മരണവീട്ടില്‍ പോയാല്‍ പെട്ടിയില്‍ കിടക്കണം… ഇങ്ങനെ ഒരു നാണമില്ലാത്ത ഒരുത്തന്‍…."


ഇത് തന്നെ മതി മാമച്ചന്‍റെ കഥാപാത്രത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍.

ഒരു സ്വീകരണയോഗത്തിലേയ്ക്കുള്ള മാമച്ചന്‍റെ ഇടിച്ച് കയറ്റവും അതിന്‍റെ നടപടികള്‍ തുടങ്ങുമ്പോള്‍ മറ്റൊരു കഥാപാത്രം പറയുന്ന "മാമച്ചന്‍ പണി തുടങ്ങീ"  എന്ന ഡയലോഗും മാമച്ചന്‍റെ വരാന്‍പോകുന്ന വെടിക്കെട്ടിന്‍റെ സൂചനയാണ്.

പ്രേക്ഷകരെ മതിമറന്ന് ചിരിപ്പിക്കാന്‍ കഴിയുന്ന കുറേ രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍.

അജുവര്‍ഗ്ഗീസ് എന്ന അഭിനേതാവ് ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും രസകരമായ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.


അയലത്തെ വീട്ടില്‍ താമസിക്കുന്ന മാമച്ചന്‍റെ പാപ്പന്‍റെ കാലില്‍ കുപ്പിച്ചില്ല് തറച്ചതിനെ പാമ്പ് കടിയാക്കി മാറ്റുന്ന സീന്‍ ഗംഭീരമായിരുന്നു.

മാമച്ചന്‍റെ പെണ്ണുകാണലും പ്രേക്ഷകരെ കുറേ നേരം ചിരിപ്പിക്കും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതോടെ ഈ ചിത്രം നര്‍മ്മത്തിന്‍റേയും കുതന്ത്രങ്ങളുടേയും മറ്റൊരു മേഖലയിലേയ്ക്ക് കടക്കുന്നു.

ഡല്‍ഹി യില്‍ ചെന്നിട്ടുള്ള ഇന്ത്യാഗേറ്റിനെക്കുറിച്ചുള്ള പരാമറ്ശം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും.

അതുപോലെത്തന്നെ മാമച്ചന്‍റെ അനിയന്‍റെ കുട്ടിയുടെ "ലാലീ ലാലീ ലോ" വരികളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.

മരണവീട്ടില്‍ റീത്ത് വെക്കാനെത്തുന്ന മാമച്ചനെ കണ്ടപ്പോള്‍ "പെട്ടിയില്‍ ഒരു കണ്ണ് വേണം" എന്ന ഡയലോഗിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നവര്‍ക്ക് ചിരിയടക്കാനാവില്ല.  തുടര്‍ന്ന് ആ വിട്ടില്‍ നിന്ന് ജീപ്പ് റിവേര്‍സ് എടുത്ത് പോകുമ്പോഴുണ്ടാകുന്ന രസകരമായ സംഭവം തീയ്യറ്ററില്‍ കുറേ നേരം കൂട്ടച്ചിരി ഉയര്‍ത്തി.

മാമച്ചന്‍ എന്ന കഥാപാത്രം  ബിജുമേനോന്‍റെ ജീവിതത്തില്‍ എല്ലാക്കാലത്തും മികച്ചുനില്‍ക്കും.
രൂപവും ഭാവവും ചേഷ്ടകളും തന്ത്രങ്ങളും കൊണ്ട് പ്രേക്ഷകരെ മാമച്ചന്‍ അമ്പരിപ്പിക്കുന്നു.

അതുപോലെത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രകടനമാണ്‌ അജുവര്‍ഗ്ഗീസിന്‍റേത്.  അവസരവും സ്വാതന്ത്ര്യവും കൊടുത്താല്‍ ഈ നടനില്‍ നിന്ന് ഇനിയും മികച്ച പ്രകടനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

പാഷാണം ഷാജിയും ഹാസ്യത്തിന്‍റെ മേഖലകളില്‍ മികവോടെ നില്‍ക്കുന്നുണ്ട്.  ടിനി ടോം, കലാഭവന്‍ ഷാജോണ്‍ എന്നിവറ് മാമച്ചന്‍റെ ഈ സഞ്ചാരത്തില്‍ ശത്രുവോ മിത്രമോ എന്നറിയാതെ കൂടെയുണ്ട്.

അധികസമയം ഇല്ലെങ്കിലും ആസിഫ് അലി ഒരു നിര്‍ണ്ണായകമായ വേഷം ചെയ്യുന്നു.

നിക്കി എന്ന നടിയില്‍ നിന്ന് അഭിനയപ്രകടനം ഒന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ക്ഷമിക്കാം.

ബിജിബാലിന്‍റെ മ്യൂസിക്കും ബാക്ക് ഗ്രൌണ്ട് സ്കോറും ചിത്രത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.  ക്യാമറയും എഡിറ്റിങ്ങും നന്നായി.

ജോജി തോമസ് എന്ന പുതിയ തിരക്കഥാകൃത്തിന്‍റെ നര്‍മ്മത്തോടുള്ള അഭിരുചിയും മികവും ഈ ചിത്രത്തിലൂടെ പ്രകടമാണ്‍.  ജോജി തോമസില്‍ നിന്നും ഇനിയും മികച്ച സിനിമകള്‍ക്കുള്ള സംഭാവനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പരിചയസമ്പന്നനായ മികച്ച ക്യാമറാമാന്‍റെ റോളില്‍ നിന്ന് ജിബു ജേക്കബ് മികച്ച ഒരു സംവിധായകനിലേയ്ക്കുള്ള സഞ്ചാരവും ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നു.

പ്രേക്ഷകരെ വളരെയധികം ആസ്വദിപ്പിക്കുന്ന, വലിയ ആശയക്കുഴപ്പങ്ങളോ കെട്ടുപിണഞ്ഞ കഥാസങ്കീര്‍ണ്ണതകളോ ഇല്ലാത്ത നല്ലൊരു എന്‍ററ്ടൈനറ് എന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തെ നിസ്സംശയം പറയാം

Rating : 6.5 / 10

Friday, September 26, 2014

സപ്തമശ്രീ തസ്കരാ: (Sapthamashree Thaskaraha)രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍


ഈ സിനിമയുടെ ആദ്യപകുതിയില്‍ മൂന്ന് നാല്‌ നിരുപദ്രവകാരികളായ കള്ളന്മാര്‍ ജയിലില്‍ എത്തിച്ചേരുന്ന രസകരമായ സംഭവങ്ങളിലൂടെ വിവരിക്കുന്നു. ജയിലിലെത്തിയ ഇവരുടെ ചില ദിവസങ്ങളും തുടര്‍ന്ന് കൂട്ടത്തിലുള്ള ഒരാളുടെ നേതൃത്വത്തില്‍ ജയിലില്‍ നിന്നറങ്ങിയതിനുശേഷമുള്ള ഒരു വലിയ മോഷണവും പ്ലാന്‍ ചെയ്യുന്നു.

ഇതിലെ ഒരു കള്ളനായ മാര്‍ട്ടിന്‍ (ചെമ്പന്‍ വിനോദ്‌) പള്ളിയില്‍ വന്ന് കുമ്പസാരിക്കുന്നതായാണ്‌ ഈ കഥ അവതരിപ്പിക്കപ്പെടുന്നത്‌. പള്ളീലച്ചനായി ലിജോ ജോസ്‌ പെല്ലിശ്ശേരി വേഷമിടുന്നു.

തൃശൂര്‍ ഭാഷയിലാണ്‌ ഇതിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും സംസാരിക്കുന്നത്‌.

ലിജോയും രസകരമായി തന്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

നെടുമുടി വേണുവും സുധീര്‍ കരമനയും ഈ കള്ളന്മാരുടെ കൂട്ടത്തില്‍ മികവോടെത്തന്നെയുണ്ട്‌.

ചെമ്പന്‍ വിനോദ്‌, നീരജ്‌ മാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തില്‍ ഏറ്റവും മികച്ച്‌ നിന്നത്‌.

ആസിഫ്‌ അലി ഒരു പതിവ്‌ പരുഷഭാവത്തില്‍ തന്നെ അവതരിച്ചിരിക്കുന്നു.

റീനു മാതൂസ്‌ കുറച്ച്‌ സമയമേ സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും തന്റെ റോള്‍ നന്നായി നിര്‍വ്വഹിച്ചു.
സനുഷ ചിത്രത്തിലുണ്ട്‌.

ആദ്യപകുതിയില്‍ പതുക്കെ പതുക്കെ ഹാസ്യത്തിലൂടെ സഞ്ചരിച്ച്‌ രണ്ടാം പകുതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ രീതിയിലേയ്ക്ക്‌ കഥ മാറുന്നു. ഒടുവില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ചെറിയ ഞെട്ടലും സമ്മാനിച്ചുകൊണ്ടാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

കഥയിലെ പല ഭാഗങ്ങളിലും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷേ, അതൊക്കെ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടുകഴിഞ്ഞേ ആലോചിക്കൂ എന്നത്‌ അനില്‍ രാധാകൃഷ്ണന്റെ ഭാഗ്യമാണ്‌. ഉദാഹരണത്തിന്‌, കൃഷ്ണനുണ്ണിയെ അവതരിപ്പിച്ച പൃഥ്യിരാജിന്റെ കഥാപാത്രം, പോലീസിന്റെ ഇടികൊണ്ട്‌ അവശതയിലാവുന്നതെങ്ങനെ എന്നത്‌ ഒടുവില്‍ മാത്രമേ സംശയിക്കേണ്ടിവരുന്നുള്ളു.

പൊതുവേ, രസകരമായ രീതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ ആയി ഒടുവില്‍ ഒരു സര്‍പ്രൈസും നല്‍കി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.

Rating : 6/ 10

രാജാധിരാജസംവിധാനം : അജയ്‌ വാസുദേവ്‌
രചന : സിബി കെ തോമസ്‌, ഉദയകൃഷ്ണ


വളരെ ശാന്തസ്വഭാവിയും കുടുംബസ്ഥനുമായി ഭാര്യയോടും മകളോടുമൊപ്പം ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ഒരു ഘട്ടത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. തന്റെ സംഭവബഹുലമായ, ഗംഭീരമായ ഭൂതകാലത്തിലേയ്ക്ക്‌ ഇയാള്‍ക്ക്‌ പോകേണ്ടിവരികയും തുടര്‍ന്ന് അതിസാഹസികവും യുദ്ധസമാനവുമായ പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച്‌ അതിജീവിക്കുകയും ചെയ്യുന്നു. ഇത്രയുമാണ്‌ ഈ സിനിമയുടെ കഥ.

ഇതൊക്കെ കുറേ സിനിമകളില്‍ കണ്ടിട്ടുള്ളതല്ലേ എന്ന് ചോദിച്ചാല്‍ അതെ. തമിഴും ഹിന്ദിയുമടക്കം പല സിനിമകളും നമുക്ക്‌ ഓര്‍മ്മ വരികയും ചെയ്യാം. പക്ഷേ... പാവത്താനായി മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ട്‌. അവിടെ നിന്ന് ഒരു പൊട്ടിത്തെറിയിലേയ്ക്ക്‌ കടക്കുമ്പോള്‍ നമുക്ക്‌ ഇഷ്ടപ്പെടുകയും ചെയ്യും.

രണ്ടാം പകുതി കാണുമ്പോള്‍ ടി.വി യില്‍ പഴയ ഏതോ ഹിന്ദി സിനിമ കാണുന്ന അതേ അനുഭവം ഉണ്ടാകും. അഭിനേതാക്കളും അത്തരം ഹിന്ദി താരങ്ങളൊക്കെ ആയതിനാല്‍ ആവാം.

ആദ്യപകുതിയില്‍ ജോജോ എന്ന നടന്‍ ഹാസ്യം കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കും. പക്ഷേ, ഇന്റര്‍വെല്‍ ആകുമ്പോഴേയ്ക്കും മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ഉദിച്ചെഴുന്നേല്‍ക്കുകയും പിന്നീട്‌ ആ താരപ്രഭയില്‍ ജോജോ അലിഞ്ഞ്‌ ചേരുകയും ചെയ്യുന്നു.


Rating : 4.5 / 10

Wednesday, September 03, 2014

പെരുച്ചാഴികഥ, സംവിധാനം : അരുണ്‍ വൈദ്യനാഥന്‍
സംഭാഷണം : അജയന്‍ വേണുഗോപാലന്‍, അരുണ്‍ വൈദ്യനാഥന്‍
നിര്‍മ്മാണം : സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

ആദ്യത്തെ ഒരു അര മണിക്കൂര്‍ ഈ സിനിമ വലിയ പ്രതീക്ഷയാണ്‌ നല്‍കുക. ടൈറ്റില്‍സ്‌ മോഹന്‍ ലാല്‍ എന്ന അഭിനയപ്രതിഭയുടെ പഴയകാല സിനിമകളുടെ ഡയലോഗുകള്‍ കൊണ്ട്‌ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. തുടര്‍ന്ന് ആദ്യത്തെ കുറച്ച്‌ മിനിട്ടുകള്‍ നായകന്റെ ഇണ്ട്രൊഡക്‌ ഷനും കേമത്തരവും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

ഇടയ്ക്കൊക്കെ ചില ഡയലോഗുകളും രംഗങ്ങളും ചിരിപ്പിക്കുമെങ്കിലും ആദ്യത്തെ കുറച്ച്‌ മിനിട്ടുകള്‍ക്ക്‌ ശേഷം ഈ ചിത്രം വല്ലാതെ നിലവാരത്തകര്‍ച്ചയിലേയ്ക്ക്‌ പോകുകയും പലപ്പോഴും ബോറടിപ്പിക്കുകയും ചെയ്യും.

നാട്ടില്‍ എന്തോ വലിയ സംഭവമായ ജഗന്നാഥന്‍ (മോഹന്‍ ലാല്‍) ഇവിടത്തെ രാഷ്ട്രീയ സങ്കീര്‍ണ്ണതകളില്‍ മന്ത്രിയടക്കമുള്ളവര്‍ക്കൊക്കെ പരിഹാരങ്ങള്‍ കൊടുത്ത്‌ ക്രിക്കറ്റും ബുള്ളറ്റുമൊക്കെയായി രണ്ട്‌ ശിങ്കിടികളുമായി (അജു വര്‍ഗ്ഗീസ്‌, ബാബുരാജ്‌) വിലസുമ്പോഴാണ്‌ അങ്ങ്‌ അമേരിക്കയില്‍ ഗവര്‍ണ്ണര്‍ തെരെഞ്ഞെടുപ്പ്‌ വരുന്നതും ഒരു സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ്‌ പ്രചാരണച്ചുമതല ഒരു മലയാളിയുടെ തലയില്‍ ആവുന്നതും. അമേരിക്കയിലെ ഈ സായ്പിനെ ഒന്ന് ഗവര്‍ണ്ണര്‍ ആക്കി എടുക്കാനായി തെരെഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കാനായി ജഗന്നാഥനെയും കിങ്കരന്മാരെയും അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നു.

പിന്നെ ഭയങ്കരമാന തന്ത്രങ്ങളാണ്‌.
സസ്പെന്‍സ്‌ ഒന്നും ഇല്ലാത്തതിനാല്‍ ചിലതൊക്കെ വിവരിക്കാം.

1. ജാതീയ വിവേചനം സൃഷ്ടിച്ച്‌ മുതലെടുക്കുന്ന സംഗതി കറുത്തവരും വെളുത്തവരും തമ്മില്‍ ഉടക്കുണ്ടാക്കി അനുകൂലമാക്കുന്നു. ഇതൊക്കെ ജഗന്നാഥന്‌ വളരെ ലളിതം. രണ്ട്‌ ഗ്രൂപ്പ്‌ ആളുകള്‍ പോകുമ്പോള്‍ ജഗന്നാഥന്‍ ഇവരുടെ നടുക്ക്‌ നിന്ന് രണ്ട്‌ കൂട്ടത്തിലേയും സ്ത്രീകളുടെ പുറക്‌ വശത്ത്‌ പഴയ വന്ദനം സ്റ്റെയില്‍ ഒരു അടി കൊടുത്ത്‌ ഒന്നും അറിയാത്തപോലെ നില്‍ക്കുന്നു. അവര്‍ തമ്മില്‍ അടിപിടിയാകുന്നു. അങ്ങനെ ഒന്ന് രണ്ട്‌ ട്രിക്ക്സ്‌. ആ ഐറ്റം ക്ലിക്ക്ഡ്‌.

2. ഇലക്‌ ഷന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ടി.വി. കൊടുക്കാം എന്നൊക്കെ ഐഡിയ പറയുന്നുണ്ട്‌. ഇത്‌ പറയുന്നത്‌ വലിയ ബിസിനസ്‌ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്‌ അമേരിക്കയില്‍ ജോലി ചെയ്യുന്ന അഭ്യാസിയാണെന്നതാണ്‌ ഏറ്റവും വലിയ കോമഡി. പിന്നീട്‌ അത്‌ പരിഷ്കരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലാപ്‌ ടോപ്പും സോപ്പും ചീപ്പും പോലെ എന്തൊക്കെയോ കൊടുക്കാമെന്നോ ബിയര്‍ അലവന്‍സ്‌ കൊടുക്കാമെന്നോ ഒക്കെ പ്രഖ്യാപിക്കുന്നുണ്ട്‌. (സംഭവങ്ങളുടെ താല്‍പര്യം നഷ്ടപ്പെട്ട പ്രേക്ഷകനെ സംബദ്ധിച്ചിടത്തോളം എന്ത്‌ കൊടുത്താലും വേണ്ടില്ല, ഇതൊന്ന് തീര്‍ത്ത്‌ തരുമോ എന്ന് മാത്രമേ ചിന്ത ഉണ്ടായുള്ളൂ)

3. എഴുത്ത്‌ പരീക്ഷ നടത്തി നന്നായി പ്രസംഗം എഴുതാനറിയുന്ന ആളെക്കൊണ്ട്‌ പ്രസംഗം എഴുതിച്ച്‌ സംവാദത്തില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന സംഭവം അതിമനോഹരം. എഴുതിക്കൊണ്ട്‌ പോയ കാര്യങ്ങളാണല്ലോ ഒരു സംവാദത്തില്‍ സാധാരണ സംഭവിക്കുക.

ഇത്‌ പോലുള്ള കളികള്‍ ഒക്കെ നടത്തി സ്ഥാനാര്‍ത്ഥിയുടെ റേറ്റിംഗ്‌ വര്‍ദ്ധിപ്പിക്കുന്ന സംഗതികള്‍ പ്രേക്ഷകനെ വല്ലാതെ ഞെട്ടിക്കും. (ഇത്ര തറ നിലവാരം പ്രതീക്ഷിച്ചില്ല എന്ന ഞെട്ടല്‍)

ഇതിന്നിടയില്‍ നമ്മുടെ നായകന്‌ അമേരിക്കയിലെ ഒരു ലൈഗികത്തൊഴിലാളിയായ സ്ത്രീയില്‍ പ്രണയവും സംഭവിക്കുന്നുണ്ട്‌. അതിന്റെ പേരില്‍ ആ സ്ത്രീയെയും കുട്ടിയെയും ദത്തെടുക്കാനും നായകന്‍ തയ്യാര്‍. ന്യൂ ജനറേഷന്‍ അതിക്രമിച്ച്‌ വളരെ വിശാലമായ ഒരു മാനസികമേഖലയിലേയ്ക്ക്‌ നമ്മുടെ നായകന്മാര്‍ സഞ്ചരിക്കുന്നത്‌ കണ്ട്‌ വളരെ സന്തോഷം തോന്നിപ്പോയി.

പിന്നെ, ഇലക്‌ ഷന്‍ ദിവസം ആകുമ്പോഴെയ്ക്കും കൊടുക്കാമെന്ന കാശ്‌ കൊടുക്കാതെ സ്ഥാനാര്‍ത്ഥിയും സ്ഥാനാര്‍ത്ഥിയുടെ മാനേജരായ മലയാളിയും വാക്ക്‌ മാറുന്നു. നായകനോടാണോ ഇവരുടെ കളി. ഇലക്‌ ഷന്റെ തലേന്ന് പോലും വലിയ ഒരു ഭീകരത പ്രവര്‍ത്തിച്ച്‌ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ പുഷ്പം പോലെ ജഗന്നാഥന്‌ സാധിക്കും എന്ന് ആ പാവങ്ങള്‍ കരുതിയില്ല.

വലിയ സീക്രട്ട്‌ ആണ്‌. എങ്കിലും പറയാം.

തെരെഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന വോട്ടിംഗ്‌ യന്ത്രങ്ങള്‍ മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി, അത്‌ കൊണ്ടുപോകാനുള്ള ട്രക്കും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി. എന്നിട്ട്‌ ഈ ഡ്യൂപ്ലിക്കേറ്റ്‌ യന്ത്രങ്ങള്‍ കൊണ്ടുപോയി സ്ഥാപിക്കപ്പെടുകയും ഒരു സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടുന്ന വോട്ടുകളില്‍ പലതും എതിര്‍ സ്ഥാനാര്‍ത്ഥിക്കായി പോകുന്ന തരത്തില്‍ സെറ്റ്‌ ചെയ്ത്‌ വെക്കുകയും ചെയ്ത്‌ തന്നെ ചതിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നു.

അതിന്നിടയില്‍ രാജാവിന്റെ മകന്‍ കളി വേറെയുണ്ട്‌. കാമുകിയുടെ മകനെ തട്ടിക്കൊണ്ട്‌ പോകലും അത്‌ പിടിക്കലും ഇടിക്കലുമെല്ലാം. അതൊക്കെ ഒരു സൈഡില്‍ നടന്നോളും, നമ്മള്‍ കാര്യമാക്കാന്‍ പോകണ്ട.

ഗാങ്ങള്‍ അതി ഗംഭീരം.. അതിലെ വരികള്‍ എഴുതിയവര്‍ക്ക്‌ പ്രത്യേക പുരസ്കാരത്തിന്‌ പരിഗണിക്കണം.

'ഞാന്‍ എന്തോ ചെയ്യാന്‍.. ഞാന്‍ എന്തോ ചെയ്യാന്‍' എന്നൊക്കെ കേട്ടു. പിന്നെ, നീ പോ മോനേ ദിനേശാ എന്ന കാവ്യാത്മകമായ സംഗതികള്‍ വേറെയും.

എന്നാലും ഇത്ര പ്രതീക്ഷയൊക്കെ തന്ന് പ്രേക്ഷകരോട്‌ ഒരുതരം പെരുച്ചാഴി സ്വഭാവം കാണിക്കേണ്ടതില്ലായിരുന്നു എന്നേ പറയാനുള്ളൂ.

Rating : 3.5 / 10