Wednesday, February 20, 2013

സെല്ലുലോയ്ഡ്‌


 രചന, സംവിധാനം: കമല്‍

ഒരു ജീവചരിത്രത്തെ ഡോക്യുമെണ്റ്ററി തലത്തില്‍ നിന്ന്‌ ഒരു ചലച്ചിത്രത്തിണ്റ്റെ അനുഭവത്തിലേയ്ക്ക്‌ ഒരു പരിധിവരെ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

മലയാള സിനിമയുടെ പിതാവിനെയും ആദ്യ മലയാളസിനിമയിലെ നായികയെയും കണ്ടെത്താനും അവര്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നുമുള്ള കാര്യങ്ങളിലേയ്ക്ക്‌ വെളിച്ചം വീശാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നു.

പഴയ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതിന്‌ വളരെയധികം സാധിച്ചിരിക്കുന്നു എന്നതില്‍ 'കാറ്റേ കാറ്റേ..' എന്ന ഗാനത്തിന്‌ നിര്‍ണ്ണായ പങ്കുണ്ട്‌. ഒരു പ്രാവശ്യം കാതില്‍ പതിഞ്ഞാല്‍ പിന്നെ മനസ്സില്‍ നിന്ന്‌ മായാത്തത്ര മികവോടെ ആ ഗാനം ചിട്ടപ്പെടുത്തിയതിന്‌ എം. ജയചന്ദ്രനും അത്‌ ആലപിച്ചിരിക്കുന്നവരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

പൃഥ്യിരാജും മമതയുമടക്കമുള്ള എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു കഥാപാത്രം.

പൊതുവേ ഒരല്‍പ്പം ഇഴച്ചിലുണ്ടെങ്കിലും ഈ കഥാപശ്ചാത്തലത്തിണ്റ്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അത്‌ അവഗണിക്കാവുന്നതേയുള്ളൂ.

ഒരു മികച്ച ചിത്രം!

Rating: 6 / 10 

Saturday, February 02, 2013

കമ്മത്ത്‌ & കമ്മത്ത്‌


കഥ, തിരക്കഥ, സംഭാഷണം : സിബി കെ. തോമസ്‌, ഉദയകൃഷ്ണന്‍
സംവിധാനം: തോംസണ്‍

ഈ ചിത്രത്തിണ്റ്റെ കഥ എന്തെന്ന് പറഞ്ഞാല്‍ സസ്പെന്‍സ്‌ നഷ്ടപ്പെടും. അതിനാല്‍ അതിന്‌ മുതിരുന്നില്ല. എങ്കിലും ചെറിയൊരു സൂചന തരാം. സിബിയും ഉദയകൃഷ്ണനും ആയതുകൊണ്ട്‌ കഥ ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ലല്ലോ.. പഴയതില്‍ നിന്നൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലല്ലേ ഊഹിച്ച്‌ സമയം കളയേണ്ടതുള്ളൂ.

ഒരു ബാല്യകാലം... സഹോദരങ്ങള്‍... അച്ഛന്‍ കിടപ്പിലായപ്പോള്‍ ദോശ കച്ചവടം തുടങ്ങി. 

ഇപ്പോഴത്തെ കാലം... പട്ടണത്തിലെ ഒരു വലിയ ഹോട്ടല്‍ വ്യവസായി മറ്റൊരു പാവം ബ്രാഹ്മ്മണണ്റ്റെ നിര്‍ത്തിപ്പോയ ഹോട്ടല്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനപ്രിയ നായകന്‍ ബി.എം.ഡബ്ളിയു കാറില്‍ കുടയും നിവര്‍ത്തി സ്ളോ മോഷനില്‍ കടന്നുവരും.

പിന്നേ കുറേ കൊങ്ങിണി ചുവയുള്ള ഡയലോഗുകല്‍ ('എല്ലാ ഡയലോഗിണ്റ്റേയും അവസാനം 'കൊടുക്കെടോ', 'കൊടുക്കാം', 'നല്ല റസമായിറിക്കും' എന്നൊക്കെ ചേര്‍ത്താല്‍ മതി)

അങ്ങനെ ഈ അനിയന്‍ കമ്മത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചേട്ടന്‍ കമ്മത്ത്‌ വിലകൂടിയ ഒരു കാറില്‍ നിന്ന് സ്ളോമോഷനില്‍ ഇറങ്ങും. അവിടെ ഒരു സ്റ്റണ്ട്‌ വേണമല്ലോ.. അത്‌ പക്ഷേ, താന്‍ തീറ്റ കൊടുത്തുവളര്‍ത്തുന്ന ഡ്റൈവറായ ബാബുരാജിനെക്കൊണ്ട്‌ നിര്‍വ്വഹിക്കും.

ഈ കമ്മത്തുമാര്‍ അങ്ങനെ ആരേയും നേരിട്ട്‌ തല്ലില്ലത്രേ... തല്ലിയാല്‍ ചത്തുപോകും (ആരാണെന്ന് ചോദിക്കരുത്‌). അതുകൊണ്ട്‌ ബാബുരാജിനെക്കൊണ്ട്‌ തല്ലിക്കുകയേയുള്ളൂ.. എത്ര ദയാശീലര്‍!

ഈ കഥ ഇങ്ങനെയൊക്കെ അങ്ങ്‌ പോകും. ഒന്ന് രണ്ട്‌ പെണ്ണുങ്ങള്‍ വരും.. അവരുടെ കഥയും ദുഖങ്ങളു അങ്ങനെ എന്തൊക്കെയോ... പക്ഷേ, കമ്മത്തുമാര്‍ ഉണ്ടല്ലോ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍.

ഒടുവില്‍ ഗോഡൌണില്‍ കൊണ്ടുപോയി ഗംഭീരമായ സ്റ്റണ്ട്‌ നടത്തി സംഗതി അവസാനിപ്പിക്കും. 

ഒന്ന് രണ്ട്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലുള്ളത്‌ അസഹനീയമാണെന്ന് പറയാതെ വയ്യ. പിന്നെ, ചിത്രത്തിണ്റ്റെ മൊത്തം അസഹനീയതയില്‍ ഈ ഗാനങ്ങളെ മാത്രം കുറ്റം പറയുന്നത്‌ ശരിയല്ലാത്തതിനാല്‍ ഗാനങ്ങള്‍ കൊള്ളാം എന്ന് പറഞ്ഞേക്കാം.

ബാബുരാജിണ്റ്റെ ചില ഡയലോഗുകളും ഭാവങ്ങളും ഒരല്‍പം ചിരിക്ക്‌ ഇട നല്‍കുന്നുണ്ട്‌. പക്ഷേ, ഈ ചിത്രം തരുന്ന പീഠനത്തിണ്റ്റെ തീവ്രത ഒട്ടും കുറയ്ക്കാന്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ ആവുന്നില്ല.

സിബിയും ഉദയകൃഷ്ണനും മലയാള സിനിമയുടെ എക്കാലത്തും സ്മരിക്കപ്പെടേണ്ട രണ്ട്‌ വ്യക്തികളാണ്‌. ഇവരെ എപ്പോള്‍ പൊന്നാടയണിയിച്ച്‌ 'ഇനി ദയവുചെയ്ത്‌ ഒരു തിരക്കഥയും എഴുതരുത്‌' എന്ന ഉറപ്പ്‌ വാങ്ങി എന്തെങ്കിലും അവാര്‍ഡ്‌ കൊടുത്ത്‌ മുക്കിലിരുത്തിയാല്‍ മലയാളസിനിമയ്ക്ക്‌ കുറേ കളങ്കം മാറിക്കിട്ടും.

രണ്ട്‌ ജനസ്വാധീനമുള്ള അഭിനേതാക്കളെ ഉപയോഗിച്ച്‌ പ്രത്യേകതയുള്ള ഭാഷയുടെ ഹൈലൈറ്റില്‍ ധനുഷിനെപ്പോലെയുള്ള ഒരു തമിഴ്‌ സ്റ്റാറിനെക്കൂടി ദുരുപയോഗപ്പെടുത്തി മലയാളിപ്രേക്ഷകരെ പറ്റിക്കുവാനുള്ള ഒരു വ്യക്തമായ ശ്രമം എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

 Rating : 2 / 10 

Friday, February 01, 2013

ലോക്‌ പാല്‍ (Lokpal)


കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ജോഷി

 ഒരുപാട്‌ വായനക്കാരുള്ള ലോക്‌ പാല്‍ എന്ന ഒരു സൈറ്റുണ്ട്‌. അതിണ്റ്റെ ഉടമസ്ഥനെ ആര്‍ക്കും അറിയില്ല. ആ സൈറ്റില്‍ വരുന്ന കാര്യങ്ങള്‍ പുതു തലമുറയുള്‍പ്പെടെയുള്ളവര്‍ക്ക്‌ വളരെ താല്‍പര്യമുള്ളതും അവരുടെയൊക്കെ പിന്തുണയുള്ളതുമാണ്‌.

എന്തൊക്കെയാണ്‌ ഈ സൈറ്റില്‍ പറയുന്നതെന്ന് പ്രേക്ഷകര്‍ക്കും നിശ്ചയമില്ല. അതില്‍ ഒരുപാട്‌ പേര്‍ കമണ്റ്റ്‌ ഇടുന്നുണ്ട്‌. ഒരു മ്യൂസിക്‌ ബാന്‍ഡ്‌ അവരുടെ പാട്ടുകളുടെ വീഡിയോ ഇടയ്ക്കിടെ ഡെഡിക്കേറ്റ്‌ ചെയ്ത്‌ ഇടാറുണ്ട്‌. അങ്ങനെ അനാവശ്യത്തിന്‌ വേണ്ടപ്പോള്‍ ആ മ്യൂസിക്‌ ബാന്‍ഡിണ്റ്റെ പാട്ട്‌ പ്രേക്ഷകരെ കാണിക്കാനുള്ള അവസരം സംവിധായകന്‌ ലഭിക്കുന്നു.

കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം മോഷ്ടിക്കലാണ്‌ ലോക്‌ പാല്‍ എന്ന പേരില്‍ 'നന്ദഗോപാല്‍' (മോഹന്‍ ലാല്‍) ചെയ്തുകൊണ്ടിരിക്കുന്ന പുണ്യകര്‍മ്മം. ആ പണമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ചെന്ന് ചേരും എന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ട്‌. എപ്പോള്‍ എങ്ങനെ എന്നൊന്നും നമ്മള്‍ ആലോചിച്ച്‌ മെനക്കെടരുത്‌.

ഈ ലോക്‌ പാല്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു ചാനലിണ്റ്റെ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ട്‌. 'സത്യാന്വേക്ഷി' എന്ന ഒരു അഴിമതിവിരുദ്ധ പത്രം പണ്ട്‌ നടത്തിയിരുന്ന ടി. ജി. രവിയുടെ കഥാപാത്രത്തിന്‌ വയസ്സാന്‍ കാലത്ത്‌ ആകെ ഒരു കൂട്ട്‌ ഈ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടിയാണ്‌.

ഒരു അഴിമതി വിരുദ്ധ സെമിനാരിനായി സത്യാന്വേക്ഷി ചെന്ന് കയറുമ്പോള്‍ മിസ്റ്റര്‍ നന്ദഗോപാല്‍ യുവജനങ്ങളേ അഴിമതിക്കെതിരെ ഡയലോഗുകള്‍ നിരത്തി ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്‌. അസാമാന്യ ക്ഷമയും മനസ്സാന്നിദ്ധ്യവുമുണ്ടെങ്കില്‍ ആ പ്രഭാഷണം കുറച്ചുനേരം സഹിക്കാം. അത്‌ കഴിഞ്ഞാല്‍ ചെവി പൊത്തി കണ്ണടച്ച്‌ ഇരുന്നുപോകും. ഇത്‌ കണ്ടുകൊണ്ട്‌ വരുന്ന സത്യാന്വേഷി വേണുഗോപാലില്‍ ആകൃഷ്ടനാകുന്നു.

അവര്‍ തമ്മില്‍ വേറെ ഒരു കൂടിക്കാഴ്‌ ച നടത്തുമ്പോള്‍ വേണുഗോപാല്‍ തണ്റ്റെ പൂര്‍വ്വകാലത്തെ അനുസ്മരിക്കുന്നു.
ഫ്ലാഷ്‌ ബാക്ക്‌... ചെറുപ്പത്തില്‍ അച്ഛന്‍ എന്തോ വലിയ ഒാപ്പറേഷന്‍ നടത്തേണ്ട അവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശില്ലാതെ അമ്മ കയ്യിലുള്ളതെല്ലാം വാരി ഡോക്ടറുടെ മുന്നില്‍ വെയ്ക്കുന്നു (വര്‍ഷം 1950 നു മുന്‍പാണോ എന്നറിയില്ല). ഡോക്ടര്‍ തൃപ്തനാകാതെ കാമത്തോടെ അമ്മയെ സമീപിക്കുമ്പോള്‍ അമ്മ പുറത്തേയ്ക്കോടുന്നു. ഇത്‌ കണ്ട മകന്‍ ഡോക്ടരെ കമ്പിപ്പാരകൊണ്ട്‌ ആക്രമിക്കുന്നു. ദുര്‍ഗുണപരിഹാര പാഠശാലയില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നു.
പക്ഷേ, അവിടെ നിന്ന് ഇറങ്ങുന്നത്‌ കള്ളനായിട്ടാണത്രേ.

വളരെ രസകരമായ പുതുമയുള്ള ഒരുപാട്‌ ഡയലോഗുകളില്‍ ഒന്ന് ഇവിടെ കാണാം. 'അതിന്‌ ദുര്‍ഗുണപരിഹാരപാഠശാല എന്നല്ല പേരിടേണ്ടത്‌.. ദുര്‍ഗുണ നിര്‍മ്മാണ പാഠശാല' എന്നാണ്‌.

പാവം മോഹന്‍ ലാലിനെക്കൊണ്ട്‌ ഇത്തരം പല പുതുമയുള്ള ഡയലോഗുകളും പറയിപ്പിക്കാനായതില്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിമാനിക്കാം.

അതുപോലെ പുതുമയുള്ള ഒരു ഡയലോഗുകൂടി ഇവിടെ കുറിക്കുന്നു. 'മെഡിക്കല്‍ കോളേജ്‌ അല്ല.. മേഡിക്കല്‍ കോളേജ്‌ എന്നാണ്‌ വിളിക്കേണ്ടത്‌' (പൊരിഞ്ഞ കയ്യടി പ്രതീക്ഷിക്കാം)

ഇതെല്ലാം കേട്ട്‌ സത്യാന്വേക്ഷിയുടെ ഒരു ചോദ്യം .. 'Are you a social activist?' (ഇത്‌ കേട്ട്‌ തീയ്യറ്ററില്‍ കൂട്ടച്ചിരി മുഴങ്ങുന്നു.)
വീണ്ടും സത്യാന്വേക്ഷിയുടെ ഒരു ചോദ്യം.. 'ഞാന്‍ ലോക്‌ പാലിനോടാണോ സംസാരിക്കുന്നത്‌?'
ഇത്‌ കേട്ട്‌ നന്ദഗോപാല്‍ അല്‍പം നാണത്തോടെ 'യെസ്‌' (രോമാഞ്ചം.. രോമാഞ്ചം.. )

ഇനി തുടര്‍ന്ന് പല പല അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൃത്യമായി അവരുടെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം ലോക്‌ പാല്‍ ഫോണില്‍ വിളിക്കും. മുന്നറിയിപ്പ്‌ കൊടുത്തിട്ട്‌ ഭയങ്കര ബുദ്ധിപൂര്‍വ്വം മോഷ്ടിക്കും. കള്ളപ്പണമായതിനാല്‍ പാവങ്ങള്‍ക്ക്‌ കേസ്‌ കൊടുക്കാനോ പിടിക്കാനോ പറ്റില്ലത്രേ. അതും എസ്‌.പി., മന്ത്രി തുടങ്ങിയ ചെറുകിടക്കാരാണേ എല്ലാം..

ഇങ്ങനെ സംഗതികള്‍ രസകരമായി പുരോഗമിക്കുമ്പോള്‍ കാവ്യാമാധവന്‍ വരും. ഒരു ദുഖപുത്രിയുടെ മുഖഭാവത്തില്‍ വന്ന് ജീവനില്ലാതെ എന്തൊക്കെയോ പുലമ്പും.
അതിലെ ഒരു പുലമ്പലിണ്റ്റെ സാമ്പിള്‍.. 'പുതിയ കൂട്ടുകാരിയെ കിട്ടിയതുകൊണ്ടാണോ എന്നെ വേണ്ടാന്നു വെച്ചത്‌? നിങ്ങളോടുള്ള വൈരാഗ്യം കൊണ്ടാണ്‌ ഞാന്‍ കല്ല്യാണം കഴിച്ചത്‌. A kind of self destruction' (തീയ്യറ്ററില്‍ വീണ്ടും കൂട്ടച്ചിരി)

ലോക്‌ പാല്‍ സംഗതി രഹസ്യമാണെങ്കിലും കുറേ പേര്‍ക്കെല്ലാം പരസ്യവുമാണ്‌.

ഈ കള്ളപ്പണം, മോഷണം എന്ന പരമ്പര ആവര്‍ത്തിക്കപ്പെട്ട്‌ ഒടുവില്‍ കോടതിയില്‍ എത്തി എന്തൊക്കെയോ നാടകം കളിച്ച്‌ സംഗതി അവസാനിപ്പിക്കുന്നു. അപ്പോഴും ലോക്‌ പാല്‍ നന്ദഗോപാല്‍ ആണോ എന്ന് തെളിയിക്കപ്പെടാതെ അവശേഷിക്കുന്നു.

ഹൃദയഭേദകമായ സീനുകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ തന്നെക്കാല്‍ പഠിപ്പ്‌ കുറഞ്ഞവര്‍ക്ക്‌ ഉയര്‍ന്ന് റാങ്ക്‌ ലഭിച്ചതിണ്റ്റെ പേരില്‍ ഒരു പയ്യന്‍ ആത്മഹത്യ ചെയ്യുന്നു. അതും താന്‍ പഠിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ട്‌ അതിണ്റ്റെ മുകളില്‍ കയറിനിന്ന് കെട്ടിത്തൂങ്ങിയാണ്‌ ആത്മഹത്യ. ഭീകരമായിപ്പോയി!

ഈ സിനിമയില്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. 'എന്നെ ആക്കിയതാണ്‌' എന്ന ഡയലോഗ്‌.

നന്ദഗോപാല്‍ ഒരിക്കല്‍ പറയുന്നു.. 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
കാവ്യാമാധവന്‍ പറയുന്നു 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
ഒടുവില്‍ പ്രേക്ഷകര്‍ പറയുന്നു "ഞങ്ങളെ 'ആക്കി'യതാണ്‌"

പക്ഷേ, ടെക്നോളജിയും ബുദ്ധിയും തനിക്ക്‌ ഒരുപാടുണ്ടെന്ന് എസ്‌. എന്‍. സ്വാമി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്‌. ജോഷിയും മോഹന്‍ ലാലും കൂടി ആ കൂട്ടത്തില്‍ കൂടിയതിനാല്‍ സംഗതി കെങ്കേമം.. 

മുദ്രപത്രത്തില്‍ പതിച്ച വിരലടയാളത്തെ ഫോട്ടോയെടുത്ത്‌ അതിണ്റ്റെ സ്റ്റിക്കര്‍ എന്തോ ഉണ്ടാക്കി അതുപയോഗിച്ച്‌ ഒരു ലോക്കര്‍ തുറക്കുന്ന ടെക്‌ നോളജി കണ്ട്‌ എല്ലാവരും അന്തം വിട്ടുപോകും.

അതുപോലെ തലയില്‍ വിഗ്ഗും വെച്ച്‌, താടിയും ഫിറ്റ്‌ ചെയ്ത്‌ നടന്നാല്‍ പെറ്റമ്മ പോലും തിരിച്ചറിയില്ല. ഭയങ്കര ബുദ്ധി തന്നെ.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സൌണ്ട്‌ റെക്കോറ്‍ഡിങ്ങും വീഡിയോ റെക്കൊര്‍ഡിങ്ങും നടത്തിയുള്ള പല നൂതനമായ സംഗതികളും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

സായികുമാര്‍ അവതരിപ്പിച്ച കള്ളപ്പണക്കാരന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ച്‌ മുഴുവന്‍ സമയം പ്രേക്ഷകരെ വെറുപ്പിച്ച്‌ സന്തോഷിപ്പിക്കും.

ഷമ്മി തിലകന്‍ 'തിരോന്തോരം' ഭാഷ സംസാരിച്ച്‌ ആക്രമിക്കുമെങ്കിലും വലിയ പരിക്കേല്‍ക്കില്ല.

കാവ്യാമാധവന്‍ എന്ന നടിയോട്‌ പ്രേക്ഷകര്‍ക്ക്‌ എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഒറ്റയടിക്ക്‌ വെറുപ്പായി രൂപാന്തരപ്പെടുത്താന്‍ കെല്‍പുള്ള ഉഗ്രന്‍ കഥാപാത്രവും അതിനൊത്ത അഭിനയവും ഡബ്ബിങ്ങും. ഭാഗ്യവതി!

പലപ്പോഴും 'സിനിമ കഴിഞ്ഞു' എന്ന് സമാധാനിക്കുമ്പോഴും സംഗതി അവസാനിക്കില്ല.
ഒടുവില്‍ അവസാനിക്കുമ്പോള്‍ ആളുകള്‍ നിര്‍ത്താതെ കയ്യടിക്കും... എന്തൊരു ആശ്വാസം.....

Rating : 2 / 10