Tuesday, February 02, 2010

ദ്രോണ

സംവിധാനം: ഷാജികൈലാസ്‌
കഥ, തിരക്കഥ: ഏ.കെ. സാജന്

‍അഭിനേതാക്കള്‍: മമ്മൂട്ടി, തിലകന്‍, മനോജ്‌ കെ. ജയന്‍, കനിഹ, നവ്യാ നായര്‍

ഒരു റിവ്യൂ അര്‍ഹിക്കാത്ത ഒരു സിനിമ എന്നേ ഇതിനെക്കുറിച്ച്‌ പറയാനുള്ളൂ.. എന്നിരുന്നാലും, ഒരു കടമ പോലെ, മലയാള സിനിമയോടുള്ള ഇഷ്ടം കൊണ്ട്‌ മാത്രം ഈ ദ്രോഹ ചിത്രത്തെക്കുറിച്ച്‌ അല്‍പം..

സിനിമ കണ്ട്‌ ഇറങ്ങുന്ന ആര്‍ക്കും കാര്യമായൊന്നും മനസ്സിലാവാന്‍ ഇടയില്ലാത്ത ഈ ചിത്രം, വളരെ താഴ്‌ന്ന നിലവാരത്തിലുള്ളതായിരുന്നു.

പഴയ രണ്ട്‌ മനകള്‍ തമ്മില്‍ വൈരാഗ്യവും, അതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത അവിടത്തെ പെണ്‍കുട്ടി പ്രേതമായി വിലസി എതിര്‍പക്ഷത്തെ വകവരുത്തുന്നു എന്നൊക്കെപ്പറഞ്ഞ്‌ സംഭവം തുടങ്ങുകയും, പിന്നീട്‌ മണിച്ചിത്രത്താഴിലെ ഡ്യുവല്‍ പേര്‍സണാലിറ്റി എന്ന സെറ്റപ്പില്‍ കൊണ്ടെത്തിച്ചിരിക്കുന്നു കാര്യങ്ങള്‍...

ഒടുവില്‍ ഇതില്‍ പ്രേതമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്‌ എന്നോ ഇല്ല എന്നോ മറുപടി പറയാന്‍ കഴിയാത്തവിധത്തിലുള്ള ഒരു സംവിധാനത്തില്‍ ചെന്നെത്തുന്നു കാര്യങ്ങള്‍...

ആദ്യത്തെ മമ്മൂട്ടിക്ക്‌ ശേഷം എത്തുന്ന രണ്ടാമത്തെ പൂജാരിയായ മമ്മൂട്ടിയും 'കളരി' നിലവാരം നിലനിര്‍ത്തി എന്ന് മാത്രമല്ല, ഒരു ഒന്നാംകിട മുങ്ങല്‍ അഭ്യാസിയുമായിരുന്നു എന്ന് വേണം കരുതാന്‍... ഇദ്ദേഹത്തിനുമാത്രം വെള്ളത്തിന്നടിയില്‍ എത്രകാലം വേണമെങ്കിലും കഴിയാനുള്ള കപ്പാസിറ്റിയുണ്ടെന്ന് വേണം ഈ സിനിമ കണ്ടാല്‍ മനസ്സിലാക്കാന്‍...

എന്തായാലും, പ്രേക്ഷകരെ ദ്രോഹിക്കുന്ന ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയ്ക്‌ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.. കാരണം, ഇനി തിയ്യറ്ററില്‍ പോയി സിനിമ കാണുന്ന പരിപാടി ഉപേക്ഷിക്കാന്‍ ആളുകള്‍ക്ക്‌ ഇത്‌ പ്രചോദനമാകും എന്നത്‌ തന്നെ. ഞാനും അത്തരം ഒരു തീരുമാനത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു.