Saturday, January 25, 2014

സലാല മൊബൈല്‍ സ്‌ (Salala Mobiles)


രചന, സംവിധാനം: ശരത്‌ എ. ഹരിദാസന്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

അലസനായ ഒരു ചെറുപ്പക്കാരണ്റ്റെ കഥ പറഞ്ഞ്‌ ശ്രീനിവാസണ്റ്റെ ശബ്ദത്തിലാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌.

ഈ ചെറുപ്പക്കാരനെ മെച്ചപ്പെടുത്തി എടുക്കാന്‍ അമ്മാവന്‍ ഒരു മൊബൈല്‍ ഷോപ്പ്‌ ആരംഭിക്കാന്‍ സഹായിക്കുകയും ആ ഷോപ്പില്‍ സുഹൃത്തിനോടൊപ്പം ബിസിനസ്സ്‌ തുടരുമ്പോള്‍ അടുത്ത ബസ്‌ സ്റ്റോപ്പില്‍ സ്ഥിരമായി വരുന്ന ഒരു സുന്ദരിക്കുട്ടിയോട്‌ വല്ലാത്ത അനുരാഗം തോന്നുകയും ചെയ്യുന്നു. 

തുടര്‍ന്ന് മൊബൈല്‍ ടെക്‌ നോളജിയിലെ ഒരു പുതിയ കണ്ടുപിടുത്തം ഈ ചെറുപ്പക്കാര്‍ക്ക്‌ കൂട്ടായി കിട്ടുകയും അതിണ്റ്റെ കുറേ ഹാസ്യാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുകയും ചെയ്തു.

പക്ഷേ, ഈ ടെക്നോളജി സംബദ്ധിയായ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും പ്രണയത്തിണ്റ്റെ തീവ്രത ഒട്ടും തന്നെ അനുഭവഭേദ്യമല്ലാതെ കഥയെ മുന്നോട്ട്‌ കൊണ്ടുപോയതും ഒടുവില്‍ ശ്രീനിവാസണ്റ്റെ തന്നെ കഥാവിവരണത്തിലൂടെ രണ്ട്‌ വരിയില്‍ കഥ സംഹരിച്ചതും ഈ ചിത്രത്തിണ്റ്റെ പരാജയ കാരണങ്ങളായി എടുത്ത്‌ പറയാം.

ചിത്രത്തിണ്റ്റെ ഇടയ്ക്കുള്ള ഒരു ഇരുപത്‌ മിനിറ്റ്‌ ആസ്വാദ്യകരവും താല്‍പര്യജനകവുമായിരുന്നു.

നസ്രിയയുടെ സൌന്ദര്യത്തിണ്റ്റെ മാസ്മരികതയും മികച്ച സംഗീതവും ഈ ചിത്രത്തിണ്റ്റെ ആകര്‍ഷണങ്ങളായി പറയാം.

നായികയുടെ വീട്ടിലെ പശ്ചാത്തലം കഠിനമാണെന്ന തോന്നല്‍ പ്രേക്ഷകന്‌ ഉണ്ടാക്കിത്തന്നതിനുശേഷം ചിത്രത്തിണ്റ്റെ അവസാനം വളരെ നിഷ്‌ പ്രയാസം നായിക സ്വാതന്ത്ര്യം കൈവരിച്ചു എന്ന് അശരീരി കേള്‍പ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുപോയതില്‍ ഒട്ടും അതിശയമില്ല. 

നായകന്‍ ഒരു അപകടാവസ്ഥയില്‍ എത്തുന്നതിനോടടുപ്പിച്ച്‌ ഒരല്‍പ്പം ആകാംക്ഷാഭരിതമായെങ്കിലും പ്രേക്ഷകണ്റ്റെ ആ താല്‍പര്യത്തെ ഒട്ടും തന്നെ മാനിക്കാതെ നായകനെ നിഷ്ക്രിയനാക്കിയ സംവിധായകനെ പ്രേക്ഷകര്‍ കൂക്കിവിളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കഥാപരമായി വിദഗ്ദമായി ഉപയോഗിക്കാവുന്ന ഒരു സംഗതി ഈ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്‌ ഫലപ്രദമായി ഉപയോഗിക്കാനോ പ്രണയത്തെ പ്രേക്ഷകരിലേക്കെത്തിക്കാനോ സാധിക്കാത്ത ഈ ചിത്രം ശരാശരി നിലവാരത്തില്‍ എത്തിയില്ലെന്ന് തന്നെ പറയേണ്ടിവരുന്നു.

Rating : 4 / 10

Sunday, January 05, 2014

Punyalan Agarbattis (പുണ്യാളന്‍ അഗര്‍ബത്തീസ്)

കഥ, സംഭാഷണം, സംവിധാനം: രഞ്ജിത് ശങ്കർ
തിരക്കഥ: അനില്‍ കുര്യന്‍, അഭയകുമാര്‍, രഞ്ജിത്‌ ശങ്കര്‍
നിർമ്മാണം: രഞ്ജിത് ശങ്കർ, ജയസൂര്യ
അഭിനേതാക്കൾ: ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ്, രചൻ നാരായണൻകുട്ടി
സംഗീതം: ബിജിബാൽ
ക്യാമറ: സുജിത് വാസുദേവ്
ചിത്രസംയോജനം: ലിജോ പോൾ

രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രചന, നിർമ്മാണം എന്നിവയും രഞ്ജിത് ഇത്തവണ ചെയ്തിരിക്കുന്നു.

പുണ്യാളൻ അഗർബത്തീസ് എന്ന ചന്ദനത്തിരി കമ്പനി തുടങ്ങി അതൊന്ന് പച്ചപിടിപ്പിക്കാനായി പെടാപ്പാട് പെടുന്ന സംരംഭകനായ ജോയി താക്കോൽക്കാരന്റെ കഥയാണ് ഈ സിനിമ. മിഥുനം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളിൽ കണ്ട സാമൂഹ്യവ്യവസ്ഥിതിക്കെതിരേ പൊരുതുന്ന നായകൻ തന്നെയാണ് ജോയ്. എന്നാൽ മുൻ‌‌കാല ചിത്രങ്ങളുടെ നിഴലിൽ നിൽക്കാതെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജോയിക്ക് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത്, മുന്നേ വന്ന സിനിമകളിൽ, നായകർ തങ്ങളുടെ തന്നെ വ്യവസായത്തിൽ സിനിമയുടെ അവസാനം വിജയികൾ ആകുമ്പോൾ ഇവിടെ നായകൻ രാഷ്ട്രീയത്തിലേയ്ക്ക് മാറി അതുവഴി തന്നെയും വ്യവസായത്തേയും വിജയിപ്പിക്കുന്നു എന്ന രീതിയിലായി എന്നതാണ്.

സംവിധായകനായി രഞ്ജിത്തും നടനായി ജയസൂര്യയും വളരെ വലിയ ഒരു വളർച്ചയാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും എല്ലാം കഥയോട് ചേർന്ന് പോകുന്നതും ഏച്ച് കെട്ടലുകൾ ഇല്ലാത്തതും ആയി എന്നത് രഞ്ജിത്തിന്റെ രചനാമികവിന് തെളിവായി. അഭിനേതാക്കളായി വന്ന മറ്റ് നടന്മാരും നടിമാരും എല്ലാവരും സ്വന്തം ഭാഗം ഭംഗിയാക്കി. പ്രത്യേകം എടുത്ത് പറയേണ്ടത് ശ്രീജിത്ത് രവിയുടേയും സുനിൽ സുകടയുടേയും പേരുകളാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും  കാണിക്കുന്ന കാർട്ടൂണുകളും പുതുമ നിറഞ്ഞ ഒരു അനുഭവമായി. സംഗീതവും ആസ്വദിക്കത്തക്കതായത് സിനിമയുടെ മാറ്റ് കൂട്ടി. തൃശൂരിന്റെ പ്രകൃതിഭംഗിയും സുജിത് വാസുദേവ് നന്നായി പകർത്തിയിട്ടുണ്ട്.

മനസ്സറിഞ്ഞ് ആസ്വദിച്ച് സിനിമ കാണാൻ പറ്റിയ ഒരു ചലച്ചിത്രം തന്നെയാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

എന്റെ റേറ്റിങ്ങ് 4/5