Friday, December 26, 2008

ഗജിനി


സംവിധാനം: എ. ആര്‍. മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
തിരക്കഥ: എ. ആര്‍. മുരുഗദോസ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍ തോട്ടുങ്കല്‍, ജിയ ഖാന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍
സംഗീതം: ഏ. ആര്‍ റഹ്മാന്‍
വരികള്‍: പ്രസൂണ്‍ ജോഷി
ഛായാഗ്രാഹണം: രവി. കെ. ചന്ദ്രന്‍
ചിത്രസംയോജനം: ആന്റണി ഗോണ്‍സാല്‍‌വസ്


എ. ആര്‍. മുരുഗദോസിന്റെ അഞ്ചാമത് ചിത്രമാണ് 2008 ഡിസംബര്‍ 25-ന് പുറത്തിറങ്ങിയ ഹിന്ദിയിലുള്ള ഗജിനി. മുരുഗദോസിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. മുരുഗദോസ് തന്നെയാണ് തമിഴില്‍ ഇറങ്ങിയ ഗജിനിയും സംവിധാനം ചെയ്തത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി എന്ന ചിത്രം തന്നെയാണ് അതേ പേരില്‍ ഹിന്ദിയിലും ഇറക്കിയിരിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത നായകവേഷം ഹിന്ദിയില്‍ അമീര്‍ ഖാന്‍ ചെയ്യുമ്പോള്‍, തമിഴില്‍ അസിന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍ എന്നിവര്‍ ചെയ്ത വേഷം ഹിന്ദിയിലും അവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴില്‍ നയന്‍ താര ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് ജിയ ഖാന്‍.

തമിഴ് ഗജിനിയുടെ തിരക്കഥയുടെ ഫോട്ടോകോപ്പി തന്നെയാണ് ഹിന്ദി ഗജിനിയിലും ഉപയോഗിച്ചിരിക്കുന്നത്. തമിഴിനെ ഹിന്ദി ആക്കുന്ന ഒരു സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സംഭാഷണം രചിച്ചിരിക്കുന്നു എന്നു തോന്നുമാറ് അപ്രധാനരംഗങ്ങളിലുള്ള സംഭാഷണങ്ങള്‍ പോലും തനി പകര്‍പ്പാണ്. അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്‍ഖാന്‍ മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല. തമിഴ് ചിത്രത്തില്‍ നിന്ന് കാലികമായ മാറ്റം പ്രതീക്ഷിച്ച് ഈ സിനിമ കാണുന്നവരെ തീര്‍ച്ചും നിരാശരാക്കുന്നതാണ് ഈ ചിത്രം.

മറവി രോഗമുള്ള രോഗിയായ സഞ്ചയ് സിങ്ഹാനിയ എന്ന കഥാപാത്രത്തെ ആമിര്‍ ഖാന്‍ ഭംഗിയാക്കി. തന്റെ ശരീരം ആമിര്‍ ഫലപ്രദമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍, പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍. ദേഷ്യവും വാശിയും സങ്കടവും എല്ലാം ആമിര്‍ ഫലപ്രദമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ മനസ്സിനു താളം തെറ്റിയ ഒരാളുടെ വൈകാരിക സംഘര്‍ഷങ്ങളെ, സൂര്യ വെള്ളിത്തിരയില്‍ നമുക്കു കാണിച്ചുതന്നത്ര മനോഹരമായി ആമിര്‍ ചെയ്തില്ല എന്നുവേണം പറയാന്‍. നടപ്പിലും, നോട്ടത്തിലും, തലയുടെ പല രീതിയിലുള്ള ചലനത്തിലും ഒക്കെ സൂര്യ ആ രോഗിയുടെ മാനസികാവസ്ഥ വ്യക്തമായി നമുക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആമിര്‍ ഖാന്‍ പലപ്പോഴും ഒരു സാധാരണ മനുഷ്യന്റെ സ്വഭാവമേ കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ സൂര്യയേക്കാള്‍ ഒരു പടി മുന്നിലായി ആമിര്‍.

അസിന്‍ തന്റെ റോള്‍ ഒരിക്കല്‍ക്കൂടി അഭിനയിച്ചപ്പോള്‍ അത് കുറച്ച് കൂടുതല്‍ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെ ഈ കഥാപാത്രത്തിനു നല്‍കി അസിന്‍ തന്റെ കഥാപാത്രത്തിനോട് കൂറു പുലര്‍ത്തി. എങ്കിലും തമിഴ് ഗജിനിയിലേതുപോലെതന്നെയായി ഈ സിനിമയിലും അസിനിന്റെ മരണരംഗങ്ങള്‍. ഇവിടെ അസിനിനു കുറച്ചുകൂടി മികവ് പുലര്‍ത്താമായിരുന്നു. ഗജിനി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച രാവതും തന്റെ റോള്‍ മനോഹരമാക്കി. ക്രൂരത നിറഞ്ഞ വില്ലമായി പ്രശംസനീയമായ അഭിനയമാണ് പ്രദീപ് കാഴ്ചവച്ചത്. തമിഴ് ഗജിനിയേക്കാള്‍ ഹിന്ദി ഗജിനിയില്‍ നന്നായത് വില്ലന്‍ കഥാപാത്രം തന്നെയാണ്. നയന്‍ താരയുടെ കഥാപാത്രമായി അഭിനയിച്ച ജിയ ഖാന്‍ എടുത്തുപറയത്തക്ക അഭിനയമൊന്നും കാഴ്ചവച്ചില്ല. റിയാസ് ഖാന്‍ പഴയ പോലീസ് ഓഫീസര്‍ കഥാപാത്രത്തില്‍ നിന്ന് ഒരു പടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല എന്ന രീതിയിലാണ് ഹിന്ദിയില്‍.

എ. ആര്‍ റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല. പാട്ടുകളുടെ ആവശ്യമില്ലാത്തയിടത്ത് അവയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് അവ ഏച്ചു കെട്ടിയതുപോലെ മുഴച്ചും നില്‍ക്കുന്നു.

ചുരുക്കത്തില്‍: നല്ലൊരു സിനിമ, നല്ല അഭിനയം, റൊമാന്‍സും, പ്രതികാരവും, സസ്പെന്‍സും, ആക്ഷനും എന്നിങ്ങനെ എല്ലാ ചേരുവകളും ഉള്ള ഒരു അസ്സല്‍ കമേര്‍ഷ്യല്‍ സിനിമ. തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.

എന്റെ റേറ്റിങ്ങ്: 4/5

Tuesday, December 23, 2008

റബ് നേ ബനാദീ ജോഡി


സംവിധാനം - ആദിത്യ ചോപ്ര
നിര്‍മ്മാണം - ആദിത്യ ചോപ്ര, യശ് ചോപ്ര
തിരക്കഥ - ആദിത്യ ചോപ്ര
അഭിനേതാക്കള്‍ - ഷാറൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, വിനയ് പാഠക്
സംഗീതം - സലീം - സുലൈമാന്‍
വിവരണം - യശ് രാജ് ഫിലിംസ്


ദില്‍‌വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും മൊഹബത്തേം എന്ന ശരാശരി ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-ന് ഈ ചിത്രം പ്രദര്‍ശനശാലകളിലെത്തി.

സുരിന്ദര്‍ സാഹ്നി എന്ന ഒരു പഞ്ചാബ് പവര്‍ ബോര്‍ഡിലെ ജീവനക്കാരനാണ് ഷാറൂഖ്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അനുഷ്‌ക അവതരിപ്പിക്കുന്ന താനിയ ഗുപ്തയെ സുരിന്ദറിന് വിവാഹം കഴിക്കേണ്ടി വരുന്നു. അന്തര്‍മുഖനും നാണംകുണുങ്ങിയുമായ സുരിന്ദറും അതിനു വിപരീത സ്വഭാവമായ താനിയയും തമ്മിലുള്ള വിവാഹജീവിതമാണ് സിനിമയുടെ കാതല്‍. വിവാഹത്തിനു ശേഷമുള്ള പ്രണമാണ് ഈ സിനിമയില്‍ എന്നത് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നു.

സ്ഥിരം യശ് രാജ് സിനിമകളുടെ പല്ലവി തന്നെയാണ് ഈ സിനിമയിലും. ഷാറൂഖിന്റെ ഗോഷ്ഠിസദൃശ്യമായ മുഖപ്രകടനങ്ങളും പതിഞ്ഞ സംഭാഷണങ്ങളും പ്രണയിനിയെ നിര്‍ബന്ധിക്കാതെ തന്നെ തിരിച്ച് സ്നേഹിപ്പിക്കാനുള്ള ശ്രമങ്ങളും തന്നെ ഈ സിനിമയില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നതും. എങ്കിലും കഥയുടെ വ്യത്യസ്ഥതയും സ്വാഭാഗികമായ നര്‍മ്മവും അധികം ഏച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളും ഈ സിനിമയെ രസകരമാക്കുന്നു. സ്ഥിരം ശൈലിയാണെങ്കിലും ഷാറൂഖിന്റെ അഭിനയം മടുപ്പുളവാക്കുന്നില്ല ചിത്രത്തില്‍. പുതുമുഖ നടിയായ അനുഷ്‌ക ശര്‍മ്മയും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. വിനയ് പാഠക്കിന്റെ കഥാപാത്രവും അഭിനയവും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഊഹിക്കാന്‍ പറ്റാത്ത കഥാന്ത്യവും ഈ സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നു.

ഒന്നിച്ച് ഉറങ്ങുന്നില്ലെങ്കിലും ഭര്‍ത്താവ് വെപ്പ് മീശ വച്ചാണ് വീട്ടില്‍ ജീവിക്കുന്നതെന്ന് ഒരു ഭാര്യയ്ക്ക് മനസ്സിലാകില്ലെന്നും, ഭര്‍ത്താവ് മീശ വടിച്ച് മുടിയുടെ സ്റ്റൈലും സംസാര രീതിയും മാറ്റി വന്നാല്‍ ഭാര്യ തിരിച്ചറിയില്ലെന്നുമൊക്കെ വിശ്വസിക്കാന്‍ തയ്യാറാകേണ്ടി വരും ഈ സിനിമ വെള്ളം തൊടാതെ വിഴുങ്ങാന്‍. ഇതുപോലെ സാമാന്യബുദ്ധിക്ക് വിശ്വസിക്കാന്‍ പറ്റാത്ത പല കഥാസന്ദര്‍ഭങ്ങളും സിനിമയില്‍ ഉണ്ട് എന്നത് സിനിമാസ്വാദനത്തിന് ഒരു തടസ്സമാകുന്നു. ഡാന്‍സ് മുഖ്യമായ സ്ഥാനം വഹിക്കുന്ന ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡാന്‍സ് രംഗങ്ങള്‍ നിറം മങ്ങിപ്പോയതും സിനിമയുടെ ആകര്‍ഷണീയത കുറയ്ക്കുന്നു.

സിനിമയുടെ സംഗീതം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുന്നു. ഓം ശാന്തി ഓം സിനിമയിലേതുപോലെ താരനിബിഡമായ “ഫിര്‍ മിലേംഗേ ചല്‍തേ ചല്‍തേ” എന്ന ഗാനവും ആകര്‍ഷകമാണെന്ന് ആ വീഡിയോയുടെ ജനപ്രീതി തെളിയിക്കുന്നു.

ഫലത്തില്‍, ഷാറൂഖിന്റേയും യശ് രാജ് സിനിമകളുടേയും ആരാധര്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു ചിത്രം. അതല്ലാത്തവര്‍ക്ക് കഥയുടെ മെല്ലെയുള്ള മുന്നേറ്റം സഹിക്കാമെങ്കില്‍ ഈ സിനിമ ആസ്വദിക്കാവുന്നതേയുള്ളൂ. തിയറ്ററില്‍ പോയി കണ്ടാലും നഷ്ടം വരില്ലെന്ന് കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും പറയാവുന്ന ഒരു ചിത്രം പുറത്തിറക്കിയതിന് ആദിത്യ ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍.

എന്റെ റേറ്റിങ്ങ്: 3.75/5

Tuesday, April 22, 2008

ഇന്നത്തെ ചിന്താവിഷയം

രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
അഭിനയിക്കുന്നവര്‍: മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മോഹിനി, സുകന്യ
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
ഛായാഗ്രഹണം: അഴകപ്പന്‍

മൂന്ന് കുടുംബങ്ങളുടെ താളപ്പിഴകള്‍ വിവാഹമോചനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം അവരുടെ ജീവിതത്തില്‍ ഇടപെടുകയും തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ നല്ല ജീവിതത്തിലേയ്ക്ക്‌ തിരികെ കൊണ്ടുവരുന്നതുമാണ്‌ ഈ സിനിമയുടെ രത്നച്ചുരുക്കം.
വിവാഹജീവിതം ഒരു അഡ്ജസ്റ്റ്‌ മെന്റ്‌ അല്ല, മറിച്ച്‌ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണ്‌ എന്നതാണ്‌ സന്ദേശം.

സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ പ്രേക്ഷകരെ വഞ്ചിച്ച്‌ തിയ്യറ്ററില്‍ എത്തിക്കുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. കാരണം, സത്യന്‍ അന്തിക്കാട്‌, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇളയരാജ എന്നീ പേരുകളാല്‍ തന്നെ ഈ സിനിമ ഒരു നല്ല സിനിമയായിരിയ്ക്കും എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഉപകരിച്ചിട്ടുണ്ട്‌.

ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്നുണ്ടെങ്കിലും ആ താളപ്പിഴകളുടെ കുരുക്കഴിക്കുന്നതില്‍ ഒരു വ്യക്തതക്കുറവ്‌ തോന്നും. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാലിന്റെ അമിതാഭിനയം കോമഡിയായല്ല, മറിച്ച്‌ അരോചകമായി തോന്നി.

മോഹന്‍ലാലിന്റെ സഹായിയായി വന്ന മാമുക്കോയയ്ക്ക്‌ കാര്യമായ ഒരു കോമഡിറോളൊന്നും ചെയ്യാനുണ്ടായില്ല.

മുകേഷിന്റെ കഥാപാത്രമാണ്‌ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക്‌ കുറച്ചെങ്കിലും താല്‍പര്യം ജനിപ്പിച്ചത്‌. ഭാര്യയും കുട്ടിയുമുണ്ടെങ്കിലും ഒരേ സമയം പല സ്ത്രീകളുമായും മൊബൈല്‍ ഫോണില്‍ ബന്ധം പുലര്‍ത്തുന്ന ഒരു ദന്ത ഡോക്ടര്‍. ഭാര്യ അറിയാതിരിക്കാന്‍ സ്ത്രീകളുടെ പേരുകള്‍ പുരുഷവല്‍ക്കരിച്ച്‌ ഫോണില്‍ സ്റ്റോര്‍ ചെയ്ത്‌ കൊണ്ടു നടക്കുന്നതും മറ്റ്‌ പല ഫോണ്‍ സംസാരങ്ങളും ഹാസ്യത്തോടൊപ്പം പലപ്പോഴും നാം കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളുമായി നല്ല സാമ്യം തോന്നുന്നവയുമായിരുന്നു.

മീരാജാസ്മിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഈ സിനിമയില്‍ ഒരു കരടായി അവശേഷിക്കുന്നു. വിശ്വാസ്യതക്കുറവ്‌ മാത്രമല്ല, അത്‌ മുഴുമിപ്പിക്കാതെ അപൂര്‍ണ്ണമായിത്തനെ നില്‍ക്കുന്നു.

മീരാജാസ്മിനെ സ്മാര്‍ട്ട്‌ ആക്കാന്‍ ഉപയോഗിച്ചിരിക്കുന്ന തന്ത്രങ്ങള്‍ പലതും ആവര്‍ത്തനവിരസത സൃഷ്ടിക്കുകയും ചെയ്തു.

വിജയരാഘവന്റെ ഗള്‍ഫ്‌ റിട്ടേര്‍ണ്‍ ഡ്‌ ഭര്‍ത്താവ്‌ കഥാപാത്രം അത്ര നല്ല നിലവാരം പുലര്‍ത്തിയില്ല.

ഗാങ്ങങ്ങള്‍ ഇളയരാജ അദ്ദേഹത്തിന്റെ തന്നെ തമിഴ്‌ സിനിമകളില്‍ നിന്ന് വലിച്ചെടുത്ത്‌ തട്ടിമിനുക്കി മലയാളികള്‍ക്ക്‌ തന്നിരിക്കുന്നു എന്ന് മനസ്സിലാക്കന്‍ വലിയ വിജ്നാനമൊന്നും വേണ്ട.

സിനിമയുടെ കഥ ഒട്ടും ഉദ്വേഗം ജനിപ്പിക്കുന്നതല്ലെന്നു മാത്രമല്ല, വളരെ മുന്‍ വിധിയോടെത്തന്നെ കാണാവുന്നതുമാണ്‌.. അതായത്‌ ക്ലൈമാക്സ്‌ എന്ന ഒരു പരിപാടിയില്ല എന്നത്‌ തന്നെ.

ആകെ ഒരു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന്റെ കുടുംബത്തിലെ കുട്ടികളും വിജയരാഘവന്റെ കുട്ടികളേയും മറ്റും ചേര്‍ത്ത്‌ വച്ച്‌ ഇതൊരു കുടുംബ സിനിമയാണെന്നും കുട്ടികളുടെ സിനിമയാണെന്നും കൂടി ഒരു തെറ്റിദ്ധാരണ ജനിപ്പിച്ച്‌ വീണ്ടും പ്രേക്ഷകരെ തിയ്യറ്ററില്‍ എത്തിക്കാന്‍ പരസ്യങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്‌ യാതൊരു മൂല്യവുമില്ലാത്ത ഒരു തട്ടിപ്പ്‌ സിനിമയാണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജനസംസാരമായിക്കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ സത്യം.

Wednesday, March 05, 2008

3 അയേണ്‍ [3-Iron / Bin-jip]

പ്രധാന അഭിനേതാക്കള്‍ : ഹ്യുന്‍-ക്യോന്‍ ലീ ,
സെയുങ്-യോന്‍ ലീ
സംവിധാനം : കിംകിഡുക്

ദൈര്‍ഘ്യം : 90 മിനിറ്റ്

http://www.imdb.com/media/rm685218048/tt0423866

തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റെ 2004ല്‍ ഇറങ്ങിയതും പ്രശംസ നേടിയതുമായ ഒരു ചിത്രമാണ് 3-Iron അഥവാ Bin-jip. ആംഗലേയനാമമായ 3-Iron എന്നത് ഗോള്‍ഫ് കളിയില്‍ സ്റ്റിക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കുന്ന ലോഹഭാഗത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ “ഒഴിഞ്ഞ വീട്” എന്നാണ് Bin-jip എന്ന കൊറിയന്‍ പദത്തിന്റെ അര്‍ത്ഥം.ഈ രണ്ട് സങ്കേതങ്ങള്‍ക്കും കഥയില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ട് എന്നിരിക്കേ ഈ ഇരട്ടനാമധേയത്തെ സ്വീകരിക്കാവുന്നതാണ്. San Sebastián International Film Festival, Valladolid International Film Festival, Venice Film Festival എന്നീ ഫിലിം ഫെസ്റ്റുകളില്‍ പുരസ്ക്കാരം നേടിയതാണ് ഈ ചിത്രം.

ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള്‍ സൈക്കിളില്‍ സഞ്ചരിച്ച് വീടുകള്‍ തോറും പരസ്യപ്രചാരണാര്‍ത്ഥം പാം‌ലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് രസകരമായ മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട്. വീടുകളുടെ വാതിലുകളില്‍ പരസ്യം പതിക്കുന്ന തേസൂക്ക് അവിടങ്ങളിലേക്ക് തിരികെ വരുകയും സ്ഥാനചലനം സംഭവിക്കാത്ത പരസ്യ ലീഫ്ലെറ്റുകളെ അനുമാനിച്ച് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടൊ ഇല്ലയോ എന്ന് ഗണിക്കുക്കയും ചെയ്യുന്നു. ആള്‍താമസമില്ലെന്ന് ഉറപ്പ് വരുത്തിയ വീടുകളുടെ വാതില്‍ കള്ളത്താ‍ക്കോലിട്ട് തുറക്കുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ രീതി. ഭവനഭേദനം നടത്തുന്നുണ്ടെങ്കിലും തേസുക്ക് ഒരിക്കലും ഒരു മോഷ്ടാവല്ല. ആളൊഴിഞ്ഞ വീടുകളിലെ ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വാസസ്ഥലം അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.

ചിത്രം ആരംഭിക്കുന്നത് തന്നെ തേസൂക്കിന്റെ ഒരു ഭവനഭേതനത്തോടെയാണ്. ഒരു കുടുംബം വെക്കേഷനില്‍ പോകുന്ന സമയത്ത് അവിടെ അതിക്രമിച്ച് കയറുന്ന തേസുക്ക് കേടുപാടുകള്‍ സംഭവിച്ച കളിക്കോപ്പുകള്‍,മ്യൂസിക് സിസ്റ്റം എന്നിവ നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. വീട്ടുകാര്‍ തിരികെ വരുന്നതിന് തൊട്ട് മുന്നേ തന്റെ മോട്ടോര്‍ ബൈക്കില്‍ അയാള്‍ രക്ഷപ്പെടുന്നു. അടച്ചിട്ട മറ്റൊരു രമ്യഹര്‍മ്മത്തിലാണ് അയാള്‍ പിന്നീട് എത്തുന്നത്. ആ വീട്ടിലെ അന്തേവാസിയായി മാറുന്ന തേസൂക്കിന്റെ ശ്രദ്ധയില്‍ പെടുന്ന വസ്തുക്കളില്‍ ഒന്ന് കയറിനിന്ന് ഭാരം നോക്കുന്ന ഉപകരണത്തിലെ പാകപ്പിഴയാണ്. തെറ്റായി തന്റെ ഭാരം രേഖപ്പെടുത്തുന്ന ഉപകരണത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം അവിടെ അയാള്‍ കാണുന്നു. ആല്‍ബത്തിലെ പെണ്‍കുട്ടിയില്‍ അനുരക്തനാകുന്ന തേസൂക് ഏകനായി ആല്‍ബവുമൊത്ത് സ്വന്തം മനോവ്യാപാരങ്ങളില്‍ അഭിരമിക്കുകയാണ്. എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. കിംകിഡുക്കിന്റെ സ്ഥിരം ശൈലിയില്‍ ഇതിലേയും നായകനായ തേസൂക്കും, നായിക സ്വന്‍ഹായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. നിശബ്തതയിലൂടെയാണ് ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടന്ന് പോകുന്നത്. ധനികനായ ഭര്‍ത്താവിന്റെ പീഡനമേറ്റാണ് അവള്‍ അവിടെ വസിക്കുന്നതെന്ന് തേസൂക്ക് മനസിലാക്കുന്നു. ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും പുറത്ത് കടക്കുന്ന തേസൂക് പതിവിന് വിപരീതമായി ഇത്തവണ ആ വീട്ടിലേക്ക് തിരികെ വരുന്നു. തന്റെ ഭാര്യയെ നിര്‍ബ്ബന്ധരതിക്കും മര്‍ദ്ധനങ്ങള്‍ക്കും ഇരയാക്കുന്ന ഭര്‍ത്താവിന്റെ ചെയ്തികളില്‍ കുപിതനാകുന്ന തേസൂക്ക് ഗോള്‍ഫ് ബോളുകള്‍ ശരീരത്തിലേക്ക് അടിച്ച് തെറിപ്പിച്ചുകൊണ്ട് അയാളെ ശിക്ഷിച്ചതിന് ശേഷം, പെണ്‍കുട്ടിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയാണ്.

സ്വന്‍ഹാ തേസൂക്കിന്റെ സഹചാരിയാകുന്നതോടെ തെസൂക്കിന്റെ ജിവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. അവര്‍ ഇരുവരും ചേര്‍ന്ന് ഫ്ലാറ്റുകളിലും, തെരുവീഥികളിലും വാതിലുകളില്‍ പരസ്യങ്ങള്‍ പതിക്കുകയും ഒഴിഞ്ഞവീടുകളില്‍ ജീവിക്കുകയും, ചെറിയജോലികള്‍ ചെയ്യൂകയും ചെയ്യുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍....ഉറങ്ങുന്നവീടുകളില്‍ അവര്‍ അഥിതികളാകുന്നു. ഒരിക്കല്‍ ബോക്സറുടെ വീട്ടില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട് സ്വന്‍ഹായോടോപ്പം ഉറങ്ങുന്ന തേസൂക്കിന് മടങ്ങിയെത്തുന്ന ബോക്സറുടെ മര്‍ദ്ധനമേല്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം സങ്കീര്‍ണ്ണതകളൊന്നും അവരെ ബാധിക്കുന്നതേയില്ല. വീടുകള്‍ ഒഴിവില്ലാത്തപ്പോള്‍ പാര്‍ക്കിലോ, പുന്തോട്ടത്തിലോ ഇലക്ക്ട്രിക്ക് വയര്‍ ഉപയോഗിച്ച് മരത്തില്‍കെട്ടിയിട്ട ഗോള്‍ഫ് ബോള്‍ അടിച്ച് കളിക്കുയും, വീണ്ടും വാസസ്ഥലങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരേയും അറിയ്ക്കാതെ ഇരുവരും ആ ശവശരീരം മറവ് ചെയ്തതിന് ശേഷം സ്വാഭാവികമായ പതിവ് രീതികള്‍ ആ വീട്ടിലും അനുവര്‍ത്തിക്കുകയാണ് എന്നാല്‍ അപ്രതീക്ഷിതമായി വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. കൊലപാതക്കുറ്റം ആരോപിച്ച് തന്നെ മര്‍ദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് പോലും പുഞ്ചിരിയാലാണ് തേസൂക്ക് പ്രതികരിക്കുന്നത്. മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിസങ്കീര്‍ണ്ണമായ വിവരങ്ങളാണ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ഒരു ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും ഇതേ രീതിയില്‍ ജീവിക്കുന്ന തേസൂക്കിന്റെ ജീവിതം, ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അന്വേഷിച്ച വീടുകളിലൊന്നും മോഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട്, തേസൂക്കിന്റെ കൂടെയുള്ള പെണ്‍കുട്ടി നഗരത്തിലെ ധനികനായ ബിസിനസുകാരന്റെ കാണാതായ ഭാര്യയാണെന്ന അറിവ് ഇതെല്ലാം അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വാന്‍ഹോയുടെ ഭര്‍ത്താവ് അവളെ തിരിര്‍കേ വീട്ടിലേക്ക് കൊണ്ട് പോകുകയും, അന്വേഷണ ഉദ്യൊഗസ്ഥന് കൈക്കൂലികൊടുത്ത് ഗോള്‍ഫ് ബോളുകള്‍ ഉപയോഗിച്ച് തേസൂക്കിന്റെ അപായപ്പെടുത്തുകയും ചെയ്യുന്നു. തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.

തേസൂക്കിന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ജയിലിലാണ്. ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ഏകാന്ത തടവറയില്‍ മുലയ്ക്ക് ഒളിച്ചിരുന്നും, ചുമരില്‍ അള്ളിപ്പിടിച്ചും തടവറയില്‍ താന്‍ അപ്രത്യക്ഷനാണ് എന്ന് ധരിപ്പിച്ച് കാവല്‍ക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന തേസൂക്ക് നിരന്തര മര്‍ദ്ധനം ഏറ്റ് വാങ്ങുന്നു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ അത് ഒരു ശ്രമമായി തേസൂക്ക് മാറ്റുകയാണ്. തടവറയില്‍ മാര്‍ജ്ജാര പാദചലനങ്ങള്‍ അനൂകരിച്ച് ശബ്ദമില്ലാതെ നടക്കുകയും, തടവറയില്‍ പ്രവേശിക്കുന്ന കാവല്‍ക്കാരുടെ പുറകില്‍ മറഞ്ഞുനിന്ന് അപ്രത്യക്ഷനാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനും അയാള്‍ ശ്രമിക്കുന്നു. ആദ്യം തന്റെ നിഴല്‍ ഒറ്റിക്കൊടുക്കുന്നുണ്ടെങ്കിലും നിരന്തരപരിശീലനത്താല്‍ ഒരാളുടെ പുറകില്‍ ഒളിക്കാനും അയാളുടെ തന്നെ ചലനങ്ങള്‍ അനുകരിച്ച് ഒരു നിഴലെന്നോണം മറഞ്ഞിരിക്കാനും തേസൂക്ക് അഭ്യസിക്കുന്നു. മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. പെണ്‍കുട്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. ജയില്‍ മോചിതനാകുന്ന തേസൂക്ക് താന്‍ മുമ്പ് താമസിച്ച ഭവനങ്ങളില്‍ ഒരു അദൃശ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും, തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തന്നെ പ്രതികാരം ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയും ഭര്‍ത്താവും തമസിക്കുന്ന വീട്ടില്‍ എത്തുന്ന തേസൂക്കിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ പുറകില്‍ തേസൂക്ക് ഒളിവിലാണ് തന്റെ ചലനങ്ങള്‍ അനുകരിച്ച് അപ്രത്യനാകുന്ന തേസൂക്കിനെ ഭര്‍ത്താവിന് കാണാനാകുന്നില്ലെങ്കിലും സ്വാന്‍‌ഹായ്ക്ക് അയാളുടെ സാന്നിദ്ധ്യം പുതിയ ഉണര്‍വാകുന്നു. അതിനാല്‍ തന്നെയാകണം “ഞാന്‍ നിന്നെ സ്ണേഹിക്കുന്നു” എന്ന് ഭര്‍ത്താവിനോട് (ഭര്‍ത്താവിന് പുറകിലെ തേസൂക്കിനോട്) അവള്‍ പറയുന്നത്. ചിത്രത്തില്‍ ഈയൊരിടത്ത് മാത്രമാണ് സ്വന്‍‌ഹാ സംസാരിക്കുന്നത്. ഒരിക്കല്‍ തേസൂക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ആശ്ലേഷിതരായ അവര്‍ ഇരുവരും അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന മാപനത്തോടെ ചിത്രം അവസാനിക്കുന്നു.

സ്വന്തമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ഒരു കുടുംബാംഗമായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന തേസൂക്കിന്റെ ചെയ്തികളെ സൂക്ഷ്മമായി കിംകിഡുക്ക് ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ അന്തേവാസിയാകുന്ന അയാള്‍ വീട്ടുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടന്നുന്നതും, വസ്ത്രം അലക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും,അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. എന്ത് കൊണ്ട് അയാള്‍ ഒരു വീട് സ്വന്തമായെടുത്ത് താമസിക്കുന്നില്ല എന്നതാണ് അത്. തനിക്ക് സ്വന്‍ഹായെ പങ്കാളി ആയി ലഭിച്ചിട്ടും അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. മറ്റുപലരുമായി ജിവിക്കാനുള്ള മനുഷ്യസഹജമായ വാസനയിലാണ് തേസൂക്കിന്റെ ജീവിതം നീങ്ങുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ ജോലിയോ ജീവിതക്രമങ്ങളോ അയാള്‍ അനുവര്‍ത്തിക്കുന്നില്ല. ഒരു ശലഭം ഏത് വിധത്തിലാണോ പൂവുകള്‍ പറന്നുമാറി സഞ്ചരിച്ച് തേനുണ്ണുന്നത് , ഒരു ഭിക്ഷു ഏത് രീതിയിലാണോ വ്യത്യസ്ഥഭവനങ്ങളില്‍ നിന്ന് ഭിക്ഷതേടുന്നത് അതേ നിയമത്തിന്റെ പാതയിലാണ് തേസുക്ക്... പലനാളുകളില്‍ പലയിടത്ത് അനേകം പേരായി...

അപരത്വം എന്ന സങ്കല്‍പ്പത്തിന്റെ അനന്യസൌന്ദര്യം വെളിവാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ കിംകിഡുക് നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട്. ജയില്‍ മോചിതനായി തേസൂക്ക് തിരികെ വരുന്നുണ്ടോ എന്നത് ഫാന്റസി പരിവേഷം കലര്‍ന്ന ഒരു തിരിഞ്ഞ് നോട്ടമാണ്. തേസൂക്കിന്റെ സാമീപ്യവും കണ്ണാടിയിലെ പ്രതിബിംബവും സ്വാന്‍‌ഹായ്ക്ക് അനുഭവിക്കാനാകുന്നെങ്കിലും ഭര്‍ത്താ‍വിന് അത് കാണാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ അവള്‍ തേസൂക്കിനെ ഭര്‍ത്താവില്‍ തന്നെ അപരസങ്കല്‍പ്പം നടത്തുന്നതാകാം. പത്മരാജന്റെ അപരനിലും, ഈയിടെ ഗോവെന്‍ ഫെസ്റ്റില്‍ സുവര്‍ണ്ണചകോരം നേടിയ “ദി വോള്‍ [The Wall]“ എന്ന ചിത്രത്തിലും മറ്റും അപരത്വം എന്ന ആശയം ഗോചരവും, സങ്കീര്‍ണ്ണമാവുമായി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ കാല്‍പ്പനിക സൌന്ദര്യത്തിന്റെ മറവിലാണ് കിംകിഡുക് ഈ ചിത്രത്തില്‍ അപരസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നത്.

ഒരുപക്ഷേ തേസൂക്ക് ജയിലില്‍ നിന്ന് മടങ്ങി വന്നിട്ടില്ലായിരിക്കാം... തങ്ങളുടെ ചെയ്തികളുടെ തിരിച്ചടികളായിരിക്കാം ഉദ്യോഗസ്ഥനിലും, ക്രൂരനായ ഭര്‍ത്താവിലും ഭയം നിറയ്ക്കുന്നത്... ഒരുപക്ഷേ ഭര്‍ത്താവില്‍ തേസൂക്കിനെ പ്രതിഷ്ഠിച്ച് സ്വന്‍ഹാ ഒരു നല്ലവീട്ടമ്മയായി സ്വയം മാറുകയായിരിക്കാം...

കെട്ടിയിട്ടതും ചലനാത്മകവുമായ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ചുള്ള കളികള്‍, അടഞ്ഞ വാതിലുകള്‍, ഒഴിഞ്ഞവീട്, ശരീരം,നിഴല്‍ , ജലം ദാഹിക്കുന്ന ചെടികള്‍ എന്നിങ്ങനെയുള്ള ഒട്ടനവധി രൂപകങ്ങളിലൂടെയാണ് കിംകിഡുക്ക് എന്ന സംവിധായകന്‍ കഥപറയാന്‍ ശ്രമീക്കുന്നത്. ചിലയിടത്തെങ്കിലും കണ്ട് മടുത്ത കിംകിഡുക്ക് രൂപങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും. സ്ത്രീപുരുഷ പരിപൂര്‍ണ്ണതയൂടെ ഒരു യിംഗ്-യാംഗ് സങ്കല്‍പ്പം അനുസ്മരിപ്പിക്കുന്ന , അഹംബോധത്തിനെ ഒഴിവില്‍(Ego) പൂജ്യത്തില്‍ ഭാരം രേഖപ്പെടുത്തുന്ന ആ ഭാരമാപിനി കുടുംബസങ്കപ്പങ്ങളിലേക്കുള്ള വ്യക്തമായ കടന്നുക്കയറ്റമാണ്. തേസൂക്ക് ആയി ഹ്യുന്‍-ക്യോന്‍ ലീയും സ്വന്‍ഹായായി സെയുങ്-യോന്‍ ലീയും മികച്ചപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഭാഷണങ്ങളില്ലാതെ ശരീരഭാഷകൊണ്ടും, ഭാവപ്രകടനങ്ങള്‍കൊണ്ടും ഉള്‍ക്കൊള്ളേണ്ട കിംകിഡുക്ക് കഥാപാത്രങ്ങളായി സ്വയം സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

വിവരണം : ദേവദാസ് വി.എം [ vm.debadas@gmail.com ]

Friday, January 25, 2008

ഹല്ലാ ബോല്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രാജ്‌കുമാര്‍ സന്തോഷി
നിര്‍മ്മാണം: സുരേഷ് ശര്‍മ്മ, അബ്ദുള്‍ സമി സിദ്ധിക്കി
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, വിദ്യാ ശര്‍മ്മ, പങ്കജ് കപൂര്‍, ദര്‍ശന്‍ ജരിവാല തുടങ്ങിയ്‌വര്‍
ഛായാഗ്രഹണം: ഗണേശ് ആചാര്യ
സംഗീതം: സുഖ്‌വിന്ദര്‍ സിങ്ങ്, വന്‌രാജ് ഭാട്ടിയ
വരികള്‍: സമീര്‍, ശ്രീ ദുശ്യന്ത് കുമാര്‍, മെഹ്ബൂബ്

സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹല്ലാ ബോല്‍. ജനുവരി 11-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സുഖ്‌വിന്ദര്‍ സിങ്ങും വന്‍‌രാജ് ഭാട്ടിയയും ചേര്‍ന്നാണ്.

ശബ്ദമുയര്‍ത്തൂ എന്നാണ് ഹല്ലാ ബോലിന്റെ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്താന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയാവണം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതും. ഇവിടെ വിഷയം ഒരു കൊലപാതകമാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഒരു പാര്‍ട്ടിയില്‍ വച്ച് വധിക്കപ്പെടുന്നതും, കൊലപാതകത്തിനുത്തരവാദികളായ വന്‍ പണച്ചാക്കുകളെ ഭയന്ന് ഈ ദൃശ്യത്തിനു ദൃക്‌സാക്ഷിയായ നായകന്‍ ഞാ‍ന്‍ ഒന്നും കണ്ടില്ല എന്ന് ആദ്യം പോലീസുകാര്‍ക്ക് മൊഴികൊടുക്കുകയും പിന്നീടെ കുറ്റബോധം കാരണം സത്യം വിളിച്ച് പറയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് നായകനു പല രീതിയിലും ഉള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. ഏതൊരു സിനിമയേയും പോലെ വില്ലന്മാരെ മുഴുവന്‍ കോടതി ശിക്ഷിച്ച് നായകന്‍ ജനങ്ങളുടെ ഹീറോ ആകുന്നതോടെ ഈ സിനിമയും തീരുന്നു. എത്ര പുതുമയുള്ള പ്രമേയം, അല്ലേ.

ഇത്തരം ഒരു ക്ലീഷേ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാന്‍ സംവിധായകന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഥയുടെ നിര്‍ണ്ണായകമായ വഴിത്തിരിവായ ഈ കൊലപാതകം ഇടവേളയ്ക്ക് തൊട്ട് മുന്‍പ് കാണിക്കുവാന്‍ വേണ്ടി അതു വരെ സിനിമയെ വലിച്ച് നീട്ടിക്കൊണ്ട് പോകുന്ന രീതി, വലിച്ചുനീട്ടല്‍ ആഗ്രഹിക്കുന്ന ഏതൊരു സംവിധായകനും ഒരു വഴികാട്ടിയേക്കാം. ഈ സിനിമയില്‍ ഹിന്ദി സിനിമയിലെ ഒരു മുന്‍‌നിര നടന്റെ വേഷം കൈകാര്യം ചെയ്യുന്ന നായകന്‍ ഇത്രയധികം ഭാവാഭിനയം മുഖത്ത് പ്രദര്‍ശിപ്പിച്ചത് താന്‍ ഷാറൂഖ് ഖാനിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാകും. നായകന്റെ പ്രേമരംഗങ്ങള്‍ സംവിധായകന്‍ ഒരു ഇരുപത് വര്‍ഷമായി സിനിമ കാണാറില്ലെന്ന് തോന്നിക്കുമാറ് മനം മടുപ്പിക്കുന്നവയാണ്‍. നായകന്റെ മാതാപിതാക്കളും നായികയുടെ പിതാവും എല്ലാവരും ചേര്‍ന്ന് ഈ സിനിമയെ ഒരു സീരിയല്‍ നിലവാരത്തില്‍ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.

തികഞ്ഞ അബദ്ധമായ ഈ സിനിമയിലും ആസ്വദിക്കാന്‍ പാകമായ ചിലതുണ്ടെന്ന് പറയാതെ വയ്യ. സഹനടനായി പങ്കജ് കപൂര്‍ തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. സിനിമയുടെ ജീവനായ അവസാന ഭാഗങ്ങളിലൊക്കെ സിനിമയുടെ ശ്രദ്ധാകേന്ദ്രവും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതും പങ്കജ് കപൂര്‍ തന്നെയാണ്. ഒരു സംഘട്ടനരംഗമൊഴികെ മറ്റെല്ലാ രംഗങ്ങളിലും അസ്സലായി ശോഭിച്ച പങ്കജ് കപൂറിന്റെ റോള്‍ മാത്രമായി സിനിമ വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് എത്രയോ കൂടുതല്‍ ആസ്വാദകരുണ്ടായേനേ എന്ന് തോന്നിപ്പോകുന്നു. വില്ലനായി രംഗത്ത് വന്ന ദര്‍ശനും നല്ല അഭിനയമാണ് കാഴ്ചവച്ചത്. സിനിമയില്‍ പ്രാധാന്യം ഉള്ള മറ്റാരും തന്നെയില്ലാത്തതിനാല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.

ഈ സിനിമ രക്ഷപ്പെടാന്‍ പാട്ടുകള്‍ നന്നായേ തീരൂ എന്ന അവസ്ഥ ആയിരുന്നെങ്കിലും അവിടേയും സംവിധായകനു പിഴച്ചു. സുഖ്‌വിന്ദര്‍ സിങ്ങിന്റേയും വന്‌രാജ് ഭാട്ടിയയുടേയും സംഗീതവും പ്രേക്ഷകരെ പ്രദര്‍ശനഹാളിലേയ്ക്ക് കൊണ്ട്‌വരാന്‍ പര്യാപ്തമായില്ല. ഛായാഗ്രഹണവും പുതുമനിറഞ്ഞതായിരുന്നില്ല.

ഈ സിനിമ കണ്ട് കഴിഞ്ഞ് ആളുകള്‍ ഒരു പക്ഷെ സംവിധായകനെതിരേ ഒരു ഹല്ലാ ബോല്‍ നടത്താന്‍ സാധ്യതയുണ്ട്. അടുത്ത സംരംഭമെങ്കിലും നല്ല ഒരു വിഷയം ഉള്ളതാവാന്‍ സംവിധായകനെ ആ‍ശംസിച്ചുകൊള്ളുന്നു.

എന്റെ റേറ്റിങ്ങ്: 0.5/5