Sunday, September 18, 2011

ഡോക്ടര്‍ ലൌ (Doctor Love)കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: കെ. ബിജു
നിര്‍മ്മാണം: ജോയ്‌ തോമസ്‌ ശക്തികുളങ്ങര

കോളേജിലെ ഒരു അദ്ധ്യാപകണ്റ്റെ (ഇന്നസെണ്റ്റ്‌) ആ കോളേജിലെ തന്നെ അദ്ധ്യാപികയുമായുള്ള (ബിന്ദു പണിക്കര്‍) ഒരു പഴയകാലപ്രണയത്തിനെ പൂവണിയിക്കാന്‍ കോളേജ്‌ കാണ്റ്റീനില്‍ ജോലിയായി എത്തുന്നതാണ്‌ വിനയചന്ദ്രന്‍ (കുഞ്ചാക്കോ ബോബന്‍). തുടര്‍ന്ന്‌ ആ കോളേജിലെ ചില പ്രണയങ്ങളെ വിജയത്തിലേക്കെത്തിക്കുവാന്‍ ഇയാള്‍ നല്‍ കുന്ന ഉപദേശങ്ങളും തന്ത്രങ്ങളും കോളേജില്‍ വിനയചന്ദ്രണ്റ്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും 'ഡോക്ടര്‍ ലൌ' എന്ന്‌ പേര്‌ ചാര്‍ത്തിക്കിട്ടുകയും ചെയ്യുന്നു.

കോളേജ്‌ ഡെവിള്‍ എന്നറിയപ്പെടുന്ന 'ആണ്‍ സ്വഭാവമുള്ള' പെണ്‍കുട്ടിയെ (ഭാവന) സ്നേഹിക്കുന്ന ഒരു പയ്യണ്റ്റെ കേസ്‌ വിനയചന്ദ്രന്‍ ഏറ്റെടുക്കുകയും അതൊരു പബ്ളിക്‌ ചലഞ്ച്‌ ആയി മാറുകയും ചെയ്യുന്നു. 'തന്നെക്കൊണ്ട്‌ ആ പയ്യനെ പ്രണയിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിനയചന്ദ്രന്‍ ജയിച്ചു, അല്ലെങ്കില്‍ വിനയചന്ദ്രന്‍ തന്നെ കെട്ടണം' എന്നാണ്‌ ഈ പെണ്‍കുട്ടിയുടെ പബ്ളിക്‌ ചലഞ്ച്‌... സമയവും നിശ്ചയിച്ചു.. ആനുവല്‍ ഡേയ്ക്ക്‌ മുന്‍പ്‌.... നല്ല രസമുള്ള ചലഞ്ച്‌ അല്ലേ?

കുഞ്ചാക്കോ ബോബന്‍ തണ്റ്റെ കഥാപാത്രത്തെ വളരെ മിതത്വത്തോടെ കൈകാര്യം ചെയ്തു എന്നതാണ്‌ ഏറ്റവും ശ്രദ്ദേയം. അതുപോലെ ഭഗത്‌ മാനുവല്‍, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം മോശമല്ലാതെ തന്നെ അവരുടെ റോളുകള്‍ ചെയ്തിട്ടുണ്ട്‌. ഭാവനയും തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

തമിഴിലെ 'ഷാജഹാന്‍' അടക്കമുള്ള പല ചിത്രങ്ങളിലും കണ്ടിട്ടുള്ള കഥാതന്തുവും സംഭവങ്ങളുമൊക്കെയാണെങ്കിലും പൊതുവേ ഒരു സിമ്പില്‍ ആയ ആറ്റിറ്റ്യൂഡും പോസിറ്റീവ്‌ ആയ ചിന്താഗതിയും ചിത്രത്തിലുടനീളം പ്രകടമായി നിര്‍ത്തുവാന്‍ കെ. ബിജുവിന്‌ സാധിച്ചിരിക്കുന്നു എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

കോളേജ്‌ സിനിമകളിലെ പതിവുരീതികളില്‍ ചിലതിലെങ്കിലും മാറ്റം വരുത്താനും ബിജുവിന്‌ സാധിച്ചിട്ടുണ്ട്‌. ഒരു വില്ലന്‍ ഗ്യാങ്ങും അവരുമായുള്ള അടിപിടിയുമൊക്കെ പതിവുള്ളതാണെങ്കിലും ആ മേഖലയില്‍ അത്രയ്ക്ക്‌ ആവര്‍ത്തനത്തിന്‌ ശ്രമിച്ചില്ല എന്നത്‌ ആശ്വാസം തന്നെ.

കുഞ്ചാക്കോ ബോബന്‍ എന്ന നടനെക്കൊണ്ട്‌ ഒാവര്‍ ഹീറോയിസം കാണിക്കാതെ നടനെയും കഥാപാത്രത്തെയും തമ്മില്‍ ഒരുമിച്ച്‌ നിര്‍ത്തി കൂടുതല്‍ വിശ്വാസയോഗ്യമാക്കാനും ബിജുവിന്‌ സാധിച്ചിരിക്കുന്നു.

വില്ലന്‍ ഗ്യങ്ങിനോട്‌ കുഞ്ചാക്കോ പറയുന്ന ഡയലോഗ്‌ തന്നെ ഉദാഹരണം. "നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ എന്നെ രണ്ട്‌ തല്ല് തല്ലാം.. പക്ഷേ, എത്ര തല്ല് കിട്ടിയാലും ഞാന്‍ എടുത്ത തീരുമാനം മാറ്റില്ല".

അതുപോലെ തന്നെ മറ്റൊരു ഡയലോഗ്‌ .. "എനിയ്ക്കിപ്പോള്‍ ലാലേട്ടന്‍ ചെയ്യുന്നപോലെ നിങ്ങളെ അടിച്ച്‌ നിരത്താന്‍ ആഗ്രഹമുണ്ട്‌.. പക്ഷേ, ഞാനൊരു സൂപ്പര്‍ സ്റ്റാറൊന്നുമല്ല" .

"ഒരാള്‍ വിചാരിച്ചാല്‍ രണ്ടുപേരെക്കൊണ്ട്‌ പ്രേമിപ്പിക്കാന്‍ ഒന്നും പറ്റില്ല" എന്ന് രണ്ടുമൂന്ന് പ്രാവശ്യം കുഞ്ചാക്കോയെക്കൊണ്ട്‌ ബിജു പറയിക്കുന്നത്‌ ഒരു ഒാവര്‍ കരുതല്‍ അല്ലേ എന്ന സംശയം ന്യായം.

'പ്രേക്ഷകര്‍ ഈ ക്രിയകള്‍ നായകണ്റ്റെ കഴിവായി കാണേണ്ട... അത്ര സീരിയസ്‌ ആയി എടുക്കേണ്ട' എന്നൊരു ധ്വനി തന്നെ ചിത്രത്തെ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌.

ചലഞ്ചില്‍ ജയിക്കാനായി വില്ലന്‍ ഗ്യാങ്ങിണ്റ്റെ കൂട്ടുപിടിക്കുന്ന ഭാവന അവരോട്‌ സമ്മതിക്കുന്ന കണ്ടീഷന്‍ കുറച്ച്‌ അതിക്രമമായിപ്പോയി. 'കുടുംബത്ത്‌ പിറന്ന' ഒരുത്തിയും അത്തരം ഒരു കണ്ടീഷന്‍ സമ്മതിക്കില്ലെന്നതാണ്‌ സത്യം. (പിന്നീട്‌ വിനയചന്ദ്രണ്റ്റെ കണ്ടെത്തലില്‍ ആ ഒരു സംശയം മാറിക്കിട്ടും...).

ബിജുവിണ്റ്റെ രചനയിലെ മറ്റൊരു പ്രധാന ന്യൂനതയാണ്‌ വിനയചന്ദ്രണ്റ്റെ ബാല്യകാല സഖിയോടുള്ള പ്രണയം.

ചില ഡയലോഗുകള്‍ കേട്ടാല്‍ തകര്‍ന്ന് പോകും.. "അവള്‍ക്കെന്നോട്‌ ഇഷ്ടമല്ലെന്ന് പറഞ്ഞാലും എണ്റ്റെ ഇഷ്ടം അവള്‍ മനസ്സിലായതുകൊണ്ടാണല്ലോ അവള്‍ക്ക്‌ ഇങ്ങോട്ട്‌ ഇഷ്ടമല്ലെന്ന് പറയാനാകുന്നത്‌ എന്ന് കരുതി ഞാന്‍ സമാധാനിക്കും.."
ആരായാലും കോരിത്തരിക്കും.. ഈ ഡയലോഗ്‌ രണ്ട്‌ പ്രാവശ്യം ഉള്ളതുകൊണ്ട്‌ രണ്ട്‌ പ്രാവശ്യം കോരിത്തരിക്കാന്‍ സാദ്ധ്യതയുണ്ട്‌.

പല ന്യൂനതകളൊക്കെ നിലനില്‍ക്കുമ്പോഴും, പൊതുവേ ആസ്വാദനക്ഷമതയുള്ള പല സന്ദര്‍ഭങ്ങളും പോസിറ്റീവ്‌ സ്പിരിറ്റും സുഹൃത്‌ ബന്ധങ്ങളുടെ ഊഷ്മളതയും മോശമല്ലാത്ത അളവില്‍ പകര്‍ന്നുതരാനും പതിവ്‌ സങ്കീര്‍ണ്ണതകളും വില്ലന്‍ ഇടപെടലുകളും ഒഴിവാക്കി ലളിതമായ ഒരു ദൃശ്യാനുഭവം ഒരുക്കാനും കെ.ബിജുവിനും കൂട്ടുകാര്‍ക്കും സാധിച്ചിരിക്കുന്നു എന്നത്‌ നല്ല കാര്യം.

Rating : 4.5 / 10

Wednesday, September 14, 2011

സെവന്‍സ്‌ (SEVENES )*SEVENES : ഏഴ്‌ അക്ഷരം തികയ്ക്കാന്‍ പുതിയതായി കണ്ടുപിടിച്ച വാക്ക്‌.... ഇംഗ്ളീഷ്‌ വിജ്ഞാനകോശത്തില്‍ ഉടനെ ചേര്‍ക്കും...

കഥ, തിരക്കഥ, സംഭാഷണം: ഇക്‌ ബാല്‍ കുറ്റിപ്പുറം
സംവിധാനം: ജോഷി
നിര്‍മ്മാണം: സന്തോഷ്‌ പവിത്രം, സജയ്‌ സെബാസ്റ്റ്യന്‍

ഫുള്‍ബോള്‍ കളിക്കാരായ ഏഴ്‌ സുഹൃത്തുക്കള്‍... ഇതിലെ മിക്കവരും (പ്രമുഖര്‍ എന്ന്‌ പറയുന്നതാവും ശരി) വലിയ സാമ്പത്തികശേഷിയില്ലാതെ, കുടുംബപ്രാരാബ്ദങ്ങളുമായി തട്ടിമുട്ടി ജീവിക്കുന്നവര്‍. ഇവരുടെ കയ്യബദ്ധം കൊണ്ട്‌ കളിക്കളത്തില്‍ പരിക്കേറ്റ ഒരുത്തണ്റ്റെ ജീവന്‍ രക്ഷിക്കാന്‍ പണം സംഘടിപ്പിക്കേണ്ടിവന്നതിണ്റ്റെ പേരില്‍ ചെറിയൊരു ക്വൊട്ടേഷന്‍ പണി ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാര്‍, പിന്നീട്‌ ഒന്ന്‌ രണ്ട്‌ പ്രാവശ്യം കൂടി ഇത്‌ ആവര്‍ത്തിക്കേണ്ടിവരുന്നു. തുടര്‍ന്ന്‌, ഒരു ചതിയില്‍ പെട്ട്‌ കൊലപാതകക്കുറ്റം ആരോപിക്കപ്പെടുകയും അതില്‍ നിന്ന്‌ കരകയറാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്‌ ഈ സിനിമയുടെ കഥാസാരം.

ഒരു ശക്തയായ ഒരു വനിതാ പോലീസ്‌ ഓഫീസറായി നദിയാ മൊയ്തുവിണ്റ്റെ ഇടപെടലാണ്‌ ഈ കഥയിലെ നിര്‍ണ്ണായക ഘടകം.

കാര്യമായ അഭിനയപാടവം ഒന്നും പ്രകടിപ്പിക്കാനില്ലാത്തതിനാല്‍ തന്നെ എല്ലാവരും മോശമില്ലാതെ സിനിമയിലുണ്ട്‌ എന്ന്‌ പറയാം. പക്ഷേ, നദിയാമൊയ്തുവിണ്റ്റെ പോലീസ്‌ ഓഫിസര്‍ വളരെ മികച്ചുനിന്നു.

തിരക്കഥയിലെ പാളിച്ചകള്‍ വളരെ പ്രകടമായിരുന്നു എന്നത്‌ തന്നെ ഈ സിനിമയെ ആകര്‍ഷകമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.

സ്ളോ മോഷനും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും മിക്സ്‌ ചെയ്ത്‌ ശ്രമിച്ചിട്ടും പ്രേക്ഷകരുടെ കയ്യടി വാങ്ങിയെടുക്കാന്‍ മാത്രം കെല്‍പ്പ്‌ പുതിയ പിള്ളേര്‍ക്ക്‌ ഇല്ലാ എന്ന സത്യം വിസ്മരിക്കാന്‍ വയ്യ.

സ്ളോമോഷനില്‍ നടത്തിച്ച്‌ ഒരുമിച്ച്‌ തിരിച്ചുനിര്‍ത്തുന്ന സ്ഥിരം പരിപാടിയൊക്കെ ജോഷി സാറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഫുട്ബോള്‍ ടൂര്‍ണ്ണമെണ്റ്റിണ്റ്റെ ഫൈനല്‍ നടക്കുമ്പോള്‍ കളി കാണാന്‍ നില്‍ക്കാതെ ബാറിലേയ്ക്ക്‌ പോകുന്ന ടീം ഒഫീഷ്യത്സിനെ കാണിച്ചുതന്ന്‌ സഹായിച്ചതിന്‌ ഇക്ബാല്‍ സാറിനും ജോഷി സാറിനും നന്ദി. എന്നാലാണല്ലോ ആള്‌ മാറി ഫൌള്‍ നടത്താന്‍ പറ്റുകയുള്ളൂ.. നല്ല ഐഡിയ.

ഇനി, എതിര്‍ ടീമിലെ ഫൌള്‍ വീരനായ ഒരുത്തന്‍ സെവന്‍സ്‌ ഇറങ്ങുന്നത്‌ കണ്ട്‌ പേടിച്ച്‌ ഒളിക്കുന്ന രംഗം അല്‍പം ദയനീയമായിപ്പോയി.

ഈ സിനിമയില്‍ ആവശ്യമുള്ള സമയത്തൊക്കെ ടി.വി. ചാനല്‍ തുറന്നാല്‍ ഒരേ ചേട്ടന്‍, ഒരേ വേഷത്തില്‍ ഇരുന്ന്‌ വാര്‍ത്ത വായിച്ചോണ്ടിരിക്കും. ഇങ്ങേര്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ എന്ന്‌ തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.

സെവന്‍സിനെ അന്വേഷിച്ചുനടക്കുന്ന ടീമുകള്‍ അതിലൊരുത്തണ്റ്റെ കാര്യം തീര്‍ത്തതില്‍ പിന്നെ ബാക്കി പ്ളാനൊക്കെ കെട്ടിപ്പൂട്ടി എവിടെപ്പോയി എന്ന് ആര്‍ക്കും സംശയം തോന്നാം. കാരണം, അത്ര ദിവസം പേടിച്ച്‌ നടന്ന സെവന്‍സ്‌, പിന്നീട്‌ സര്‍വ്വസ്വതന്ത്രരായി വ്യാപരിക്കുന്നത്‌ കാണാം.

കുറ്റം തെളിയിക്കാനോ, കുറ്റക്കാരല്ലെന്ന് സ്ഥാപിക്കാനോ മോബൈല്‍ ഫോണിലുള്ള വീഢിയോ സുലഭമായി ലഭിക്കുന്നതിനാല്‍ സിനിമാക്കാര്‍ അത്യാവശ്യം ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ കഷ്ടപ്പെട്ടുപോയേനേ...

ഒരുത്തനെക്കൊണ്ടു മാത്രമല്ല, കണ്ടവരൊക്കെ വീഡിയോ എടുക്കുന്നുണ്ടോ എന്തോ? ഒരു വീഡിയോ സെവന്‍സിനെ കുടുക്കാനും, ഒരു വീഡിയോ രക്ഷിക്കാനും... കോമ്പ്ളിമെണ്റ്റ്സ്‌....

ഗുണ്ടാപയ്യന്‌ ദുരിതശയ്യയില്‍ കിടന്ന് മാനസാന്തരവും പുണ്യാളപദവിയും വളരെ പുതുമയുള്ള സംഗതി തന്നെ.

വനിതാപോലീസ്‌ ഒാഫീസറുടെ ഒരു ഡയലോഗ്‌ ശ്രദ്ധിക്കുക. അതേ വരികളായിക്കൊള്ളണമെന്നില്ല, പക്ഷേ, അര്‍ത്ഥം ഏതാണ്ട്‌ ഇതേപോലെ വരും... "ഈ രണ്ട്‌ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നിയമത്തിണ്റ്റെ വഴിയല്ലാതെ ചിലത്‌ ചിലപ്പോള്‍ ഞാന്‍ ചെയ്തേക്കും. പക്ഷേ, ഒരു പോലീസ്‌ ഒാഫീസറ്‍ അങ്ങനെ ചിന്തിക്കാന്‍ പാടില്ല, പ്രത്യേകിച്ചും ഒരു ലേഡി ഒാഫീസര്‍.. "

ഇത്‌ കേട്ടാല്‍ നമുക്ക്‌ തോന്നാവുന്ന ഒരു സംശയം.. "അതെന്താ ലേഡി പോലീസ്‌ ഒാഫീസറ്‍ അങ്ങനെ ചിന്തിച്ചാല്‍? "

ഉത്തരം ആത്മഗതത്തില്‍ ഒതുക്കണം.. "ചിന്തിക്കേണ്ട.. അത്ര തന്നെ"

ഗുണ്ടായിസത്തില്‍ നിന്ന് ഈ ചെറുപ്പക്കാരെ രക്ഷിക്കാന്‍ ഉപദേശവും ശിക്ഷയുമെല്ലാം നല്‍കുന്ന ഈ പോലീസ്‌ ഒാഫീസര്‍ ഒടുവില്‍ ഈ പിള്ളേരെ കൊലയ്ക്ക്‌ കൊടുക്കാന്‍ വിടുന്നതോടെ അവര്‍ ഈ സിനിമയില്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ക്കെല്ലാമുള്ള പ്രായശ്ചിത്തം ചെയ്തു.

എതിര്‍ ഗ്രൂപ്പുകളെ തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ സെവന്‍സ്‌ നടത്തുന്ന ധീരോചിതമായ മണ്ടന്‍ കളി, വീരോചിതം തന്നെ. അവസാനം തോക്ക്‌ തട്ടിയിട്ട്‌ നടക്കാന്‍ പറ്റാത്ത സ്ഥിതി. എല്ലാവരുടെ കയ്യിലും തോക്ക്‌... എന്തായാലും തോക്ക്‌ കണ്ട്‌ കൊതി തീര്‍ന്നു.

കയ്യിലെ മൊബൈലില്‍ ഉള്ള വീഡിയോ ക്ളിപ്പ്‌ എതിര്‍ഗ്രൂപ്പിന്‌ അയച്ച്‌ കൊടുത്ത്‌ മിണ്ടാതിരുന്നെങ്കില്‍ സിനിമ വലിയ കോലാഹലവും സെവന്‍സിണ്റ്റെ കയ്യങ്കളിയുമില്ലതെ തീര്‍ന്നേനെ. ഇതിനാണോ രണ്ട്‌ പാട്ടവണ്ടിയും ഒാടിച്ച്‌ ഓടിച്ചാടി ഇടികൂടി ഇത്രയും കാണിച്ചത്‌ എന്ന സംശയം ബാക്കി.

ഫുഡ്ബോള്‍ കളിയിലെ ചില ആക്‌ ഷനുകള്‍ ഉള്‍പ്പെട്ട ഫൈറ്റ്‌ സീനില്‍ നല്ല വലുപ്പമുള്ള വെട്ട്‌ കല്ല് പോലുള്ള ഐറ്റംസ്‌ ഫുഡ്ബോള്‍ കിക്ക്‌ ചെയ്യുന്നപോലെ തിരിഞ്ഞും മറഞ്ഞും പറന്നും അടിച്ച്‌ തെറിപ്പിച്ച്‌ വില്ലന്‍മാര്‍ക്കിട്ട്‌ കൊള്ളിക്കുന്ന രംഗം കണ്ടാല്‍ ആരായാലും ഒന്ന് കോള്‍മയിര്‍ കൊള്ളും... 'എണ്റ്റമ്മേ...' എന്നൊരു പുറത്തുവരാത്ത നിലവിളിയും.

സെവന്‍സിണ്റ്റെ ഒരു ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്‌. ഒരുത്തന്‍ തട്ടിപ്പോയപ്പോള്‍ വേറൊരുത്തന്‍ വന്ന് കേറി. സിനിമ കഴിയാറായപ്പോള്‍ ഒരുത്തന്‌ ഗള്‍ഫില്‍ പോകാന്‍ വിസ വന്നു. അപ്പോഴുണ്ട്‌ ദേ വരുന്നു ഗുണ്ട മാനസാന്തരപ്പെട്ട്‌ പുണ്യാളനായ പയ്യന്‍. എന്തായാലും കോറം തികച്ച്‌ ജോഷി സാറ്‌ സിനിമ അവസാനിപ്പിച്ചു.

അസഹ്യമായതല്ലെങ്കിലും അത്ര സഹനീയവുമല്ലാത്ത കുറേയധികം കണ്ട്‌ മടുത്ത പുതുമകളുള്ള ഒരു പുതിയ സിനിമ.

Rating : 3.5 / 10

Wednesday, September 07, 2011

പ്രണയംകഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ളെസ്സി
നിര്‍മാണം: സജീവ്‌ പി. കെ. , ആനി സജീവ്‌

വിദേശത്ത്‌ ജോലിചെയ്യുന്ന മകണ്റ്റെ ഭാര്യയോടും മകളോടുമൊപ്പം എറണാകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന അച്യുതമേനോന്‍ ഒരു ദിവസം അവിചാരിതമായി ലിഫ്റ്റില്‍ വെച്ച്‌ ഗ്രേസിയെ കാണുന്നു. ഇതേത്തുടര്‍ന്ന്‌ അച്യുതമേനോന്‌ രണ്ടാമത്തെ ഹൃദയാഘാതം സംഭവിക്കുന്നു.

ഗ്രേസി തണ്റ്റെ ഭര്‍ത്താവ്‌ മാത്യൂസിനോടൊപ്പം ഇതേ ഫ്ളാറ്റില്‍ താമസിക്കുന്ന മകളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്നു. കോളേജ്‌ പ്രൊഫസറായിരുന്ന മാത്യൂസ്‌ ഇപ്പോള്‍ ശരീരം പകുതി തളര്‍ന്ന്‌ വീല്‍ ചെയറില്‍ തണ്റ്റെ ജീവിതം തള്ളിനീക്കുന്നു.

അച്യുതമേനോണ്റ്റെ കുടുംബത്തേയും ഗ്രേസിയുടെ കുടുംബത്തേയും ബന്ധിപ്പിക്കുന്ന ഘടകങ്ങളും അതുമൂലം ഇവരുടെ കുടുംബങ്ങളിലും ഇവര്‍ക്കിടയിലും ഉണ്ടാകുന്ന ജീവിതസ്പര്‍ശിയായ അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ചിത്രീകരണമാണ്‌ പ്രണയം.

പണ്ടൊക്കെ കണ്ണില്‍ കണ്ണില്‍ നോക്കിയാല്‍ പ്രണയമാണെന്ന്‌ പറഞ്ഞ്‌ അച്യുതമേനോനും ഗ്രേസിയുമായ പ്രണയത്തെ സംവിധായകന്‍ സൂത്രത്തില്‍ ഉറപ്പിച്ചു.

എവിടെയൊക്കെയോ ചില വിട്ടുപോകലുകള്‍ തോന്നുമെങ്കിലും പൊതുവേ നല്ല കെട്ടുറപ്പുള്ള ഒരു ചിത്രം ഒരുക്കുവാന്‍ ബ്ളസ്സിക്കും ടീമിനും സാധിച്ചിരിക്കുന്നു.

വീല്‍ ചെയറിലിരുന്ന്‌ പ്രൊഫസര്‍ മാത്യൂസ്‌ (മോഹന്‍ ലാല്‍) ഒരുപാട്‌ ഫിലോസഫിയൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും എല്ലം സന്ദര്‍ഭത്തിനുചേരുന്നതാണെന്ന്‌ തോന്നിയില്ല. ഇനി, മനസ്സിലാവാഞ്ഞിട്ടാണോ എന്തോ?

അനുപം ഖേറിണ്റ്റെ ലിപ്‌ മൂവ്‌ മെണ്റ്റ്സ്‌ പലപ്പോഴും കഷ്ടമായി തോന്നി. എങ്കിലും, മിതമായ രീതിയില്‍ തന്നെ ഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിച്ച്‌ അദ്ദേഹം, അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി.

ജയപ്രദയും തണ്റ്റെ റോള്‍ മനോഹരമായി തന്നെ കൈകാര്യം ചെയ്തു.

മോഹന്‍ ലാലിണ്റ്റെ മാതൂസാണ്‌ ഈ ചിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രകടനം കാഴ്ചവച്ചത്‌.

അനൂപ്‌ മേനോണ്റ്റെ അഭിനയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

എല്ലാവരുടേയും അഭിനയം മികച്ചുനിന്നതിനാല്‍ തന്നെ, ഈ ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു പ്രതിഫലനം ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു.

സുഖവും സുന്ദരവുമായ പ്രണയത്തില്‍ തന്നെ സംഭവിക്കുന്ന നൊമ്പരങ്ങളും തിരിച്ചറിവുകളും പ്രായശ്ചിത്തങ്ങളും പലപ്പോഴും പ്രേക്ഷകമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും മാനസികവികാരങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്നു എന്നിടത്താണ്‌ ഈ സിനിമയുടെ വിജയം.

പ്രണയം എന്ന കേന്ദ്രബിന്ദുവല്ലാതെ മറ്റ്‌ പല മനുഷ്യബന്ധങ്ങളുടെ തീവ്രതകളും ഈ ചിത്രത്തീല്‍ പലപ്പോഴും കടന്നുവരുന്നുമുണ്ട്‌.

ഛായാഗ്രഹണം, സംഗീതം എന്നിവ ഈ ചിത്രത്തിന്‌ വളരെ നല്ലൊരു പിന്തുണ നല്‍കിയിട്ടുണ്ടെന്നത്‌ വ്യക്തം.

പൊതുവേ പറഞ്ഞാല്‍ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കാവുന്ന ജീവിതഗന്ധിയായ സന്ദര്‍ഭങ്ങളും നല്ല ജീവിതവീക്ഷണത്തിണ്റ്റെ ഉദാഹരണങ്ങളും ചേര്‍ന്ന്‌ മനോഹരമാക്കിയ ഒരു ദൃശുകാവ്യം എന്നുതന്നെ 'പ്രണയം' എന്ന സിനിമയെ വിലയിരുത്താം.

Rating: 7 / 10

Sunday, September 04, 2011

തേജാഭായി & ഫാമിലികഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി

ലോജിക്കുകളോ ക്വാളിറ്റിയോ നോക്കാതെ ഇതൊരു ലാഘവത്തോടെ കാണേണ്ട സിനിമയാണ്‌ എന്നാണെങ്കില്‍ ഈ റിവ്യൂവിനേയും അങ്ങനെത്തന്നെ കാണണമെന്ന് അപേക്ഷ.

മലേഷ്യയില്‍ അധോലോകത്ത്‌ ഉന്നതസ്ഥാനീയനായ തേജാഭായി. ഏതെങ്കിലും ഒരു ഏരിയയിലെ കെട്ടിടങ്ങളോ പ്രോപ്പര്‍ട്ടിയോ ഇദ്ദേഹത്തിണ്റ്റെ ആളുകള്‍ വന്ന് 'തേജാഭായി സീല്‍' പതിപ്പിച്ചാല്‍ പിന്നെ ചോദ്യോം പറച്ചിലും ഒന്നുമില്ല. അത്‌ അവരുടേതായി അത്രേ. ('വെള്ളരിക്കാപ്പട്ടണം' അല്ല, മലേഷ്യയാണ്‌.. ഒര്‍മ്മിപ്പിച്ചൂന്ന് മാത്രം...)

ഇനി അഥവാ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യണമെന്നു തോന്നിപ്പോയാല്‍ തേജാഭായി കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ളാസ്സും വച്ച്‌ ഒരുപ്രാവശ്യം സ്ളോമോഷനില്‍ വരും.. കൂടെ ഏകദേശം ഇതേ വേഷവിധാനത്തില്‍ (കോട്ടിണ്റ്റെ കളര്‍ വ്യത്യാസം കാണും) കൂട്ടാളികളും ഉണ്ടാകും. ഇവര്‍ നിരന്ന് നിന്ന് പല വലുപ്പത്തിലും ഡിസൈനിലും ഉള്ള തോക്കുകള്‍ കൊണ്ട്‌ ഒരു വെടിക്കെട്ട്‌ നടത്തും... ചോദ്യം ചെയ്ത ആളുടെ ദേഹത്തല്ല, ചുറ്റിലുമാണ്‌ ഈ വെടിക്കെട്ട്‌. ഇത്‌ കണ്ട്‌ ഹിസ്റ്റീരിയ ബാധിച്ച്‌ എവിടെ വേണേലും ഒപ്പിട്ട്‌ കൊടുത്ത്‌ പാവങ്ങള്‍ സ്ഥലം വിടും.

ഇനി അഥവാ വേറെ കോട്ടിട്ട ക്വൊട്ടേഷണ്‍ ടീമുകള്‍ വന്നാല്‍ തേജാഭായി എല്ലാവരേയും ഒറ്റയ്ക്ക്‌ നേരിടും.. ഇത്‌ പുള്ളി തണ്റ്റെ ബോഡി വല്ലപ്പോഴും അനങ്ങാന്‍ വേണ്ടി ചെയ്യുന്നതാണത്രേ... ഒരു പ്രത്യേകത എന്തെന്നാല്‍, തേജാഭായിയുടെ ഗ്യാങ്ങിണ്റ്റെ കയ്യില്‍ മാത്രമേ തോക്ക്‌ ഉണ്ടാവുള്ളൂ... ബാക്കി ടീമുകളെല്ലാം വാളിണ്റ്റെ ആളുകളാ... തോക്കുപോലെതന്നെ വാളും തേജാഭായിയ്ക്ക്‌ വഴങ്ങും... ഈയിടെ 'ഉറുമി' ട്രെയിനിംഗ്‌ കിട്ടിയിട്ടുണ്ടല്ലോ.. അങ്ങനെ എല്ലാവരേയും വെട്ടി നോവിച്ച്‌ (കൊല്ലൂല്ലെന്ന് തോന്നുന്നു) കോട്ട്‌ നേരെയാക്കി നില്‍ക്കുമ്പോള്‍ കൊണ്ടുപോകാന്‍ വണ്ടി വരും... എന്ത്‌ വണ്ടിയാണെന്നോ... ഹെലികോപ്റ്റര്‍ വണ്ടി. ഇങ്ങനെയുള്ള ഒരു സംഭവമാണ്‌ തേജാഭായി.

ഈ തേജാഭായിയ്ക്ക്‌ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്‍പരയായ ഒരു പെണ്‍കുട്ടിയോട്‌ വല്ലാത്ത പ്രേമം തോന്നിയതിനാല്‍ ആ കുട്ടിയുടെ ഇഷ്ടം നേടാനായി ശ്രമങ്ങള്‍ നടത്തുന്നു. ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്ല തറവാട്ടുകാര്‍ക്കേ മോളെ വിവാഹം ചെയ്തു കൊടുക്കൂ. മാത്രമല്ല, ഇയാള്‍ക്ക്‌ വിശ്വാസമുള്ള ഒരു യോഗാചാര്യ സ്വാമി (സുരാജ്‌ വെഞ്ഞാര്‍മൂട്‌) പറഞ്ഞപോലെയേ ബാക്കി എല്ലാം ചെയ്യൂ. തേജാഭായി ഈ സ്വാമിയേയും അധീനതയിലാക്കി നാട്ടിലെത്തി വീടും വീട്ടുകാരേയും വാടകയ്ക്ക്‌ സംഘടിപ്പിച്ച്‌ തണ്റ്റെ ശ്രമങ്ങള്‍ നടത്തുന്നതാണ്‌ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കുറേ ഹാസ്യതാരങ്ങളെ തള്ളിക്കയറ്റി ഒരു കോമഡിടൂര്‍ നടത്താന്‍ ദീപു കരുണാകരന്‍ കിണഞ്ഞു ശ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാവുന്ന സീനുകള്‍ (ആവര്‍ത്തനമെങ്കിലും) ഉണ്ടെങ്കിലും പൊതുവേ ഒരു ദയനീയസ്ഥിതി ചിത്രത്തെ ബാധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടതിനെത്തുടര്‍ന്നുണ്ടായ ചില സംശയങ്ങളും നിഗമനങ്ങളും..

1. കൃത്യം 5 മണിയാകുമ്പോള്‍ തേജാഭായിയും കൂട്ടരും അവരുടെ ജോലി നിര്‍ത്തും. ഒരാളെ വെടിവെക്കാന്‍ പോകുകയാണെങ്കില്‍ പോലും 5 മണി അടിച്ച്‌ കഴിഞ്ഞാല്‍ അത്‌ പിറ്റേന്നാളേയ്ക്ക്‌ വയ്ക്കും. പക്ഷേ, രാവിലെ എപ്പോള്‍ പരിപാടി വീണ്ടും തുടങ്ങും എന്ന് വ്യക്തമല്ല.

2. തോക്ക്‌ തേജാഭായിയുടെ ടീമിനുമാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യയില്‍ നിയമം ഉണ്ടോ എന്നൊരു സംശയം.

3. 5 PM മണികഴിഞ്ഞാല്‍ മറ്റ്‌ അധോലോകസംഘങ്ങളും ജോലി നിര്‍ത്തുമോ എന്ന് അറിയില്ല. അങ്ങനെയാണ്‌ മലേഷ്യയില്‍ നിയമം എന്നു തോന്നുന്നു. അല്ലെങ്കില്‍ പിന്നെ തേജാഭായിയുടെ പണി പണ്ടേ തീര്‍ന്നേനെയല്ലോ.

4. യോഗാചാര്യന്‍ യോഗ പഠിപ്പിക്കുന്നതിനുമുന്‍പ്‌ മലയാളം കോഴ്സ്‌ ഉണ്ടാകുമോ അതോ യോഗാ കോഴ്സ്‌ കഴിയുമ്പോഴേയ്ക്ക്‌ മലേഷ്യക്കാരോക്കെ മലയാളം പഠിക്കുമോ എന്നൊരു സംശയം.

5. നായികയുടെ അച്ഛന്‍ യോഗാചാര്യന്‍ പറഞ്ഞതേ അനുസരിക്കൂ എന്ന് പറയുന്നുണ്ട്‌. അതായത്‌, അത്ര വിശ്വാസവും ബഹുമാനവും ആണെന്നര്‍ത്ഥം. പക്ഷേ, യോഗാചാര്യന്‌ പെണ്‍കുട്ടിയുടെ അച്ഛനെയാണ്‌ പേടിയും ബഹുമാനവും. മാത്രമല്ല, ഈ യോഗാചാര്യനെ സ്റ്റുപിഡ്‌ ഇഡിയറ്റ്‌ എന്നൊക്കെ ഒരു സാഹചര്യത്തില്‍ വിളിക്കുന്നുമുണ്ട്‌. പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ ഒരു ഗുരു ശിഷ്യ ബന്ധം ആയിരിക്കും എന്ന് ഊഹിക്കാം.

6. മലേഷ്യയിലൊക്കെ ജീവകാരുണ്യപ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി ഏത്‌ ഹോസ്പിറ്റലിലും ആര്‍ക്ക്‌ വേണേല്‍ കയറിച്ചെന്ന് പരിക്ക്‌ പറ്റിയവരുടെ മുറിവുകള്‍ എല്ലാം വൃത്തിയാക്കി ശുശ്രൂഷിക്കാം എന്ന് മനസ്സിലായി.

7. മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയവര്‍ മലയാളം പത്രം വായിക്കുക വിരളമായിരിക്കും എന്ന് മനസ്സിലായി. പേപ്പറില്‍ ഒരു പേജ്‌ വലുപ്പത്തില്‍ ഫോട്ടോ വച്ച്‌ കൊടുത്ത പരസ്യം നായികയോ അച്ഛനോ കണ്ടേ ഇല്ല.

8. 'ലിവിംഗ്‌ ടുഗദര്‍' എന്ന ആശയം നടപ്പിലാക്കാനാണാവോ നായിക കല്ല്യാണം നിശ്ചയിക്കുന്നതിനുമുന്‍പ്‌ തന്നെ നായകണ്റ്റെ വീട്ടില്‍ വന്ന് താമസം തുടങ്ങുന്നത്‌. കുറേ കഴിഞ്ഞപ്പോഴേയ്ക്കും വാടകബന്ധുക്കളാണെന്നറിഞ്ഞിട്ടുകൂടി എല്ലാവരുമായി ആ ഒരു ഒത്തൊരുമയും മാനസികമായ അടുപ്പവും കണ്ടാല്‍ ആരുടേയും നെഞ്ച്‌ തകര്‍ന്നുപോകും

ഈ സംശയങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമിടയിലും കുറേ നല്ല സംഗതികളും ഈ ചിത്രത്തിലുണ്ട്‌. ഗാനനൃത്ത രംഗങ്ങള്‍ മികച്ചുനിന്നു. പ്രത്യേകിച്ചും 'ഒരു മധുരകിനാവിന്‍' എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം വളരെ ആകര്‍ഷണീയമായി.

അത്ര ഗംഭീരമായ അഭിനയസാദ്ധ്യതകളൊന്നുമില്ലെങ്കിലും അഖില തണ്റ്റെ റോള്‍ നന്നായി ചെയ്തു.

പൃഥ്യിരാജ്‌ കോമഡി രംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു.

ജഗതിയും ജഗതീഷും സീരിയസ്സായി ഇമോഷണലാകുന്നത്‌ കണ്ടപ്പോഴാണ്‌ കൂടുതല്‍ ചിരി വന്നത്‌.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ ഈ ചിത്രത്തിന്‌ നല്ല സംഭാവന നല്‍കിയിട്ടുണ്ട്‌. പക്ഷേ, പലപ്പോഴും കൈവിട്ടുപോയ ഒരു ലക്ഷണം അനുഭവപ്പെട്ടിരുന്നു.

ദ്വയാര്‍ത്ഥപ്രയോഗമുള്ളതും അശ്ളീലച്ചുവയുള്ളതുമായ ഡയലോഗുകള്‍ ഹാസ്യത്തിണ്റ്റെ കൊഴുപ്പിനായി ചിലയിടത്ത്‌ ഉപയോഗിച്ച്‌ നോക്കിയിട്ടുണ്ട്‌.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന ചില പതിവ്‌ ചേരുവകളില്‍ വട്ടമിട്ട്‌ നിന്ന് ചെകിടിത്തടി, ഒാടിച്ചിട്ട്‌ തലയ്ക്കടി, ആളുമാറി കെട്ടിപ്പിടി, ആള്‍മറാട്ടക്കളിയോകളി തുടങ്ങിയവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ഒട്ടും സീരിയസ്സായ ഒരു കഥ പ്രതീക്ഷിക്കാതെ കുറേ നര്‍മ്മമുഹൂര്‍ത്തങ്ങളോടെ ആസ്വദിക്കാവുന്ന ഒരു സിനിമ എന്ന് പ്രതീക്ഷിച്ച്‌ പോയാല്‍ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ദുര്യോഗം.

Note: ഒബറോണിലെ സിനിമാക്സില്‍ നിന്ന് ഒരു ഫുള്‍ ഫാമിലി (തേജാഭായി ആണ്റ്റ്‌ ഫാമിലി അല്ല, പ്രായമായ അച്ഛനും അമ്മയും കോളേജില്‍ പഠിക്കുന്ന മകന്‍, ചേട്ടന്‍ ചേട്ടത്തിയമ്മ എന്നിവര്‍ അടങ്ങിയ ഫാമിലി) ഇണ്റ്റര്‍വെല്‍ സമയത്ത്‌ സിനിമയെ പ്രാകിക്കൊണ്ട്‌ എഴുന്നേറ്റ്‌ പോകുന്നതിന്‌ സാക്ഷ്യം വഹിച്ചപ്പോള്‍ അത്ഭുതം തോന്നി. ഇത്ര കാശ്‌ മുടക്കിയാലും അവനവണ്റ്റെ സമയവും ഉറക്കവുമാണ്‌ വലുതെന്ന പ്രഖ്യാപനമായി ഇതിനെ തോന്നി.

Rating: 3 / 10