Monday, July 19, 2010

അപൂര്‍വ്വ രാഗംകഥ, തിരക്കഥ, സംഭാഷണം: G S ആനന്ദ്‌, നജീം കോയാ

സംവിധാനം: സിബി മലയില്‍

നിര്‍മ്മാണം: സിയാദ്‌ കോക്കര്‍


തുടക്കത്തില്‍ വളരെ സ്വാഭാവികമായ ഒരു കാമ്പസ്‌ പ്രണയത്തിന്റെ പ്രതീതി ജനിപ്പിച്ച്‌ അല്‍പം ബോറടിപ്പിച്ച്‌ തുടങ്ങിയ ചിത്രം, ഇന്റര്‍വെല്ലിനോടടുപ്പിച്ച്‌ പുതിയ മാനങ്ങളിലേയ്ക്ക്‌ കടക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തലങ്ങളിലേക്ക്‌ കഥയുടെ ഗതി മാറുമ്പോള്‍ പ്രേക്ഷകര്‍ക്കും അതൊരു പുതുമയുള്ള അനുഭവമായി മാറി. തുടര്‍ന്നങ്ങോട്ട്‌ അപ്രതീക്ഷിത രംഗങ്ങളുടെയും ട്വിസ്റ്റുകളുടേയും ഒരു ശൃംഘല തന്നെയായിരുന്നു ചിത്രത്തിലുടനീളം.

പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന തരത്തില്‍ ട്വിസ്റ്റുകള്‍ കൊണ്ടുവരാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകത.

വെറുമൊരു കാമ്പസ്‌ പ്രണയത്തില്‍ നിന്നൊക്കെ ഒരുപാട്‌ മാറി, സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും മുകളിലായി പണത്തിന്റെ സ്വാധീനത്തിന്റെ കഥ പറയുന്നതാണ്‌ ഈ അപൂര്‍വ്വ രാഗം.

ഈ ചിത്രത്തിലെ നായികയുടെ അച്ഛന്റെ അഭിനയത്തില്‍ വല്ലാത്ത കല്ലുകടി അനുഭവപ്പെട്ടു എന്നതൊഴിച്ചാല്‍ പൊതുവേ എല്ലാവരുടേയും അഭിനയനിലവാരം മെച്ചമായിരുന്നു.

വളരെ ആകര്‍ഷണീയമാക്കാമായിരുന്ന ഗാനരംഗങ്ങള്‍ പക്ഷേ അത്ര നിലവാരം പുലര്‍ത്തിയില്ല എന്നത്‌ ഒരു ന്യൂനതയായി. പലയിടങ്ങളിലും ഉണ്ടായ ചെറിയൊരു ലാഗ്‌ ഓഴിവാക്കാമായിരുന്നു എന്നും തോന്നി.

യുവജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഡയലോഗുകളും കഥാഗതിയും ഒരു പക്ഷേ കുടുംബപ്രേക്ഷകര്‍ക്ക്‌ അത്ര ആകര്‍ഷണീയമാകണമെന്നില്ല.

പതിവ്‌ രീതികളിലുള്ള പ്രണയങ്ങളും കാര്യമായ വികാരങ്ങളുണര്‍ത്താത്ത കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത ഇന്നത്തെ മലയാള സിനിമാരംഗത്ത്‌ ഈ ചിത്രം ഒരു വ്യത്യസ്തമായ ഇടം കണ്ടെത്തിയിരിക്കുന്നു എന്ന് തോന്നി.


80% ത്തിലധികം ചെറുപ്പക്കാര്‍ മാത്രമുള്ള ഒരു തീയ്യറ്ററില്‍, ഈ ചിത്രം കഴിഞ്ഞപ്പോളുണ്ടായ കരഘോഷം, മലയാള സിനിമ സൂപ്പര്‍ മെഗാ സ്റ്റാറുകളുടെ മാസ്മമരികതകളില്‍ നിന്ന് വിട്ടുമാറി, വ്യത്യസ്തതയുള്ള വിഷയങ്ങളും കഥകളുമുള്ള, സൂപ്പര്‍ താരത്തിളക്കങ്ങള്‍ ആവശ്യമില്ലാത്ത, നല്ലൊരു സിനിമാസംസ്കാരത്തിലേക്കുള്ള പാതയിലാണെന്നതിന്റെ ശുഭസൂചനയാണെന്ന് തോന്നിപ്പോയി... അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിച്ചുപോയി...

മലര്‍വാടി ആര്‍ട്ട്സ്‌ ക്ലബ്‌
രചന, ഗാനരചന, സംവിധാനം: വിനീത്‌ ശ്രീനിവാസന്‍
നിര്‍മ്മാണം: ദിലീപ്‌

ഒരു നാട്ടിന്‍ പുറത്തേ സൗഹൃദകൂട്ടായ്മയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ചെറിയ ചെറിയ സംഭവങ്ങളുമായി പുരോഗമിക്കുന്ന ചിത്രം, ഒരു ഘട്ടത്തില്‍ പണവും പ്രശസ്തിയും സൗഹൃദത്തെ നൊമ്പരപ്പെടുത്തുന്നതായും തുടര്‍ന്നങ്ങോട്ട്‌ പ്രതീക്ഷിച്ച രീതിയില്‍ തെറ്റിദ്ധാരണകള്‍ മാറി കൂടിച്ചേരുന്നതായും അവതരിപ്പിച്ച്‌ അവസാനിപ്പിക്കുന്നു.

കുറച്ച്‌ ചെറുപ്പക്കാരുടെ നിസ്വാര്‍ത്ഥമായ കൂട്ടായ്മയും സൗഹൃദവും നല്‍കുന്ന ഒരു സുഖം കുറേയൊക്കെ പ്രതിഫലിപ്പിക്കാനായി എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ, പലപ്പോഴും നാടകീയത സീനുകള്‍ കടന്നുവന്നത്‌ കല്ലുകടിയായി. ഉദാഹരണത്തിന്‌, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവളുടെ സഹോദരന്മാരില്‍ നിന്ന് തല്ല് കിട്ടിയതിനുശേഷം അവരുടെ വീട്ടില്‍ കയറിച്ചെന്ന് ഉപദേശപ്രസംഗം നടത്തി പുഷ്പം പോലെ ഇറക്കിക്കൊണ്ട്‌ പോയതുകണ്ട്‌ ഒന്ന് കൂവാന്‍ തോന്നാത്തവര്‍ മനുഷ്യരല്ല.

പാട്ടിന്റെ ഈണത്തിനുവേണ്ടി വരികളെയും വാക്കുകളെയും വളച്ച്‌ പുളച്ച്‌ അഴ കൊഴയാക്കിയതിനാല്‍ എന്തോ ഒരു വല്ലാത്ത സുഖക്കേട്‌ അനുഭവപ്പെട്ടു. ഗാനങ്ങള്‍ അത്ര മികച്ചവയൊന്നുമല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടും കേട്ടും ഇരിക്കാവുന്നവയായിരുന്നു. അവസാന ഗാനരംഗം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സൗരഭ്യതയും ശക്തിയും പ്രകടിപ്പിക്കുന്നതാക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്‌.

കഥാപരമായി വലിയ ഗംഭീരമായ കാര്യങ്ങളോന്നുമില്ലെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിച്ച്‌ ഒരു സൗഹൃദക്കൂട്ടായ്മയുടെ കഥ കാര്യമായ കേടുപാടുകളില്ലാതെ അവതരിപ്പിക്കാനായി എന്നത്‌ വിനീത്‌ ശ്രീനിവാസനെന്ന കന്നിക്കാരന്റെ വിജയമായി തന്നെ കാണാം. പുതുമുഖങ്ങള്‍ എല്ലാവരും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി എന്നതും ശ്രദ്ദേയമാണ്‌. കഥയുടെ അവസാനരംഗങ്ങളിലേയ്ക്കുള്ള ഗതി ഒട്ടും തന്നെ അപ്രതീക്ഷിതമോ അതിശയിപ്പിക്കുന്നതോ ആയിരുന്നില്ല.

ഒരു തുടക്കക്കാരന്റെ ആനുകൂല്ല്യം നല്‍കിയാല്‍ ഈ ചിത്രം ഒരു 'നല്ല ചിത്രം' എന്ന് വിശേഷിപ്പിക്കാമെങ്കിലും, അത്തരം പരിഗണനകളില്ലാതെ നോക്കിക്കാണുമ്പോള്‍ ഇതൊരു ശരാശരി നിലവാരമുള്ള ചിത്രം മാത്രമാകുന്നു... എന്നിരുന്നാലും ഭാവി പ്രതീക്ഷകള്‍ ശോഭനമാണെന്ന് തോന്നലുളവാക്കാന്‍ പര്യാപ്തമായ ഒരു ചിത്രം..

Saturday, July 10, 2010

ഒരു നാള്‍ വരുംകഥ, തിരക്കഥ, സംഭാഷണം: ശ്രീനിവാസന്‍
സംവിധാനം: ടി.കെ. രാജീവ്‌ കുമാര്‍
നിര്‍മ്മാണം: മണിയന്‍പിള്ള രാജു

ഈ ചിത്രത്തിന്റെ കഥാ തന്തു ഏകദേശം എല്ലാവര്‍ക്കും അറിയാമെന്നത്‌ ഒരു പക്ഷേ ഈ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടൊ എന്ന് സംശയിക്കാവുന്നതാണ്‌. അഴിമതിക്കാരനായ ഒരു പൊതുമരാമത്ത്‌ ഉദ്യേഗസ്ഥനും ആ ഓഫീസുമായി ബന്ധപ്പെട്ട്‌ സാധാരണക്കാരുടേ കുറേ ബുദ്ധിമുട്ടുകളുമെല്ലാം വിവരിക്കുകയും പിന്നീട്‌ ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമങ്ങളും മറ്റുമാണ്‌ ഈ ചിത്രത്തിന്റെ ആകെത്തുക.

ഗവര്‍ണ്‍മന്റ്‌ ഓഫീസുകളില്‍ നിന്ന് ആളുകള്‍ നേരിടുന്ന താമസങ്ങളും അഴിമതിയുടെ വ്യാപ്തിയുമെല്ലാം വരച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നല്ല ആസ്വാദനനിലവാരം നിലനിര്‍ത്തുന്നതില്‍ ഈ ചിത്രം ഒരു തികഞ്ഞ പരാജയമായി തോന്നി.

തുടക്കം മുതല്‍ തന്നെയുള്ള ലാഗ്‌ അവസാനം വരെ നിലനിര്‍ത്താനുമായി.

ശ്രീനിവാസന്റെ കണ്ട്‌ മടുത്ത എക്സ്പ്രഷനുകളും ഭാവങ്ങളും ഡയലോഗുകളും പ്രേക്ഷകരെ രസിപ്പിച്ചാലെ അത്ഭുതമുള്ളൂ.

മോഹന്‍ലാലിനെ സാധാരണക്കാരനാണെന്ന് പ്രേക്ഷകരെക്കൊണ്ട്‌ വിശ്വസിപ്പിക്കണമെങ്കില്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ്‌ അഴിച്ചിട്ട്‌ ബനിയന്‍ കാണിച്ച്‌ നടത്തിയാലേ ശരിയാകൂ എന്നൊരു ധാരണ സംവിധായകന്‌ ഉണ്ടെന്ന് തോന്നി.

ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ച ദേവയാനി ഒരു വ്യക്തിത്വമോ വ്യക്തതയോ ഇല്ലാത്ത കഥാപാത്രമായി അവശേഷിച്ചു.

മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ച നടിയാകട്ടെ (സമീരാ റെഡ്ഡി) എന്തെങ്കിലും വ്യക്തമായ ഒരു വികാരമോ വിചാരമോ പ്രേക്ഷകര്‍ക്ക്‌ നല്‍കുവാന്‍ പ്രാപ്തമായതുമില്ല. മോഹന്‍ലാലും ഭാര്യയുമായുള്ള ബന്ധത്തെയോ ബന്ധത്തിലെ പ്രശ്നങ്ങളെയോ പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയാതെ പോയതിനാല്‍ വളരെ അപ്രസക്തമായ കുറേ രംഗങ്ങള്‍ മാത്രമായി അവ അവശേഷിച്ചു. ഒരു തരത്തിലും തീവ്രമായ എന്തെങ്കിലും ഒരു വികാരമോ വിചാരമോ പ്രേക്ഷകര്‍ക്ക്‌ ഈ രംഗങ്ങള്‍ക്ക്‌ ജനിപ്പിക്കാനായില്ല.

'എനിക്ക്‌ മെഡിസിന്‌ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മെഡിസിന്‌ പഠിക്കണമെങ്കില്‍ പ്രീഡിഗ്രി പാസ്സാവണമത്രേ..' തുടങ്ങിയ പഴകി ദ്രവിച്ച ഡയലോഗുകള്‍ ശ്രീനിവാസന്‍ വാരി വിതറിയിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹത്തോട്‌ സഹതാപം തോന്നി. തമാശ കേട്ട്‌ പ്രേക്ഷകര്‍ക്ക്‌ നെടുവീര്‍പ്പിടേണ്ടിവരുന്ന അവസ്ഥ കഷ്ടമാണ്‌.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചില ഭാവ ചേഷ്ടകളും ഇടപെടലുകളും പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കുന്നു. ശ്രീനിവാസന്റെ മകളായി അഭിനയിച്ച നസ്രീന്‍ എന്ന പെണ്‍കുട്ടിയും മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബാലതാരം എസ്താറും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ സുരാജ്‌ വെഞ്ഞാര്‍മൂട്‌, മണിയന്‍ പിള്ള രാജു, നെടുമുടി വേണു എന്നിവര്‍ ശരാശരി നിലവാരം മാത്രമായി അവശേഷിച്ചു. കോട്ടയം നസീര്‍ തന്റെ സീനുകള്‍ രസകരമാക്കി.

ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി എന്നേ തോന്നിയുള്ളൂ.

രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌ എന്നത്‌ അല്‍പം ആശ്വാസം തന്നെ. ഒരു സര്‍ക്കാര്‍ വകുപ്പിലെ അഴിമതികളും സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അഴിമതിക്കാരുടെ പിന്നില്‍ വലിയ ശക്തികളുണ്ട്‌ എന്ന ഒരു വലിയ വെളിപ്പെടുത്തലും മാത്രമായി ഇതിന്റെ കഥ ചുരുങ്ങുമ്പോള്‍ ഇത്രമാത്രം പ്രതീക്ഷയോടെ കാത്തിരുന്ന ആ 'ഒരു നാള്‍ വരും' എന്ന ചിത്രം, കണ്ടു കഴിയുമ്പോള്‍ 'ഇതായിരുന്നെങ്കില്‍ വന്നില്ലേലും വിരോധം ഇല്ല്യായിരുന്നു' എന്ന് പറയിപ്പിക്കുന്നതായിരുന്നു എന്നതാണ്‌ സത്യം.