Saturday, June 08, 2013

ഹണി ബീ (HONEY BEE)


രചന, സംവിധാനം: ജീന്‍ പോള്‍ ലാല്‍

ഫോര്‍ട്ട്‌ കൊച്ചി പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളും അവരുടെ കൂട്ടായ്മയ്ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവം അവര്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളും വളരെ ഹാസ്യാത്മകവും ആത്മാര്‍ത്ഥ സൌഹൃദത്തിണ്റ്റെ ഭാഷയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

തുടക്കം മുതല്‍ തന്നെ ഈ സുഹൃത്തുക്കള്‍ക്കിടയിലുള്ള ഭാഷയും കെമിസ്റ്റ്ട്രിയും വളരെ നല്ലപോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്‌.

 അപകടകരവും നിര്‍ണ്ണായകരവുമായ സന്ദര്‍ഭങ്ങളില്‍ പോലും ഈ ഹാസ്യഭാഷ ഇവര്‍തമ്മില്‍ ഉപയോഗിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാണ്‌ ഒരു പ്രത്യേകത.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്കതൊന്നും ഈ സിനിമയിലില്ലെങ്കിലും അവരെ വെറുപ്പിക്കുന്നില്ല എന്നത്‌ വലിയ കാര്യം. ഈ സുഹൃത്തുക്കള്‍ക്കിടയിലെ ഭാഷയും പ്രവര്‍ത്തികളും ഒരു പരിധി വരെ കുടുംബ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം നെറ്റി ചുളിപ്പ്‌ സൃഷ്ടിച്ചേക്കാം.

പക്ഷേ, യുവജനങ്ങളെ ശരിക്കും ആസ്വാദനത്തിണ്റ്റെ ഉന്നത തലങ്ങളിലേയ്ക്ക്‌ എത്തിക്കാനും തുടക്കം മുതല്‍ അവസാനം വരെ രസിപ്പിക്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

 ഇതിലെ അഭിനേതാക്കളെല്ലം വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. ആസിഫ്‌ അലിയോടൊപ്പം ശ്രീനാഥ്‌ ഭാസി, ബാലു, ബാബുരാജ്‌ എന്നിവര്‍ ഒരു മിച്ചപ്പോള്‍ നല്ല ടൈമിംഗ്‌ ഉള്ള ഹാസ്യ സംഭാഷണങ്ങള്‍ നിറഞ്ഞ്‌ നിന്നു.

ഭാവന മോശമല്ലാതെ നിന്നപ്പോള്‍ അര്‍ച്ചന കവി വലിയ പ്രത്യേകതയൊന്നും ഇല്ലാതെ കൂടെ നിന്നു.

ലാല്‍ അവതരിപ്പിച്ച റോള്‍ ആവര്‍ത്തനമാണെങ്കിലും ലാലും സഹോദരങ്ങളും നല്ല പ്രകടനം കാഴ്ച വെച്ചു.

പൊതുവേ പറഞ്ഞാല്‍ നര്‍മ്മവും സൌഹൃദവും അതിലെ യുവത്വത്തിണ്റ്റെ ഭാഷയും ചേര്‍ന്ന്‌ പ്രേക്ഷകരെ നല്ലപോലെ രസിപ്പിക്കാവുന്ന ഒരു സിനിമ തന്നെയാണ്‌ ഹണി ബീ.

നേരത്തേ സൂചിപ്പിച്ച പോലെ , കുടുംബ പ്രേക്ഷകരെ ഇതിലെ പല സംഭാഷണ ശകലങ്ങളും പ്രവര്‍ത്തികളും ചെറുതായൊന്ന്‌ അന്ധാളിപ്പിച്ചേക്കാം.

ജീന്‍ പോളിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍!

Rating : 6 / 10