Monday, December 29, 2014

PK (പീക്കെ)


സംവിധാനം: രാജ്കുമാർ ഹിരാനി
നിർമ്മാണം: രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര, സിദ്ധാർത്ഥ് റോയ് കപൂർ
അഭിനേതാക്കൾ: അമീർ ഖാൻ, അനുഷ്ക ശർമ്മ, ബൊമ്മൻ ഇറാനി, സൗരബ് ശുക്ല
സംഗീതം: അജയ് അതുൽ, ശാന്തനു മോയിത്ര, അൻകിത് തിവാരി

രാജ്കുമാർ ഹിരാനിയുടെ നാലാമത്തെ ചലച്ചിത്രമാണ് PK. തന്റെ ആദ്യ മൂന്ന് ചിത്രങ്ങളേയും പോലെ ഈ ചിത്രം സുപ്പർ ഹിറ്റ് ആയി മാറ്റിയിരിക്കുന്നു രാജ്കുമാർ ഹിരാനി. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി 300 കോടി വരവ് നേടി പുതിയ ചരിത്രം തന്നെ കുറിച്ചിരിക്കുന്നു ഈ ചിത്രം.

അമീർ ഖാൻ ഒരു അന്യഗ്രഹജീവിയെ ആണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഭൂമിയിൽ മനുഷ്യരെ പഠിക്കാനായി വന്ന ഈ അന്യഗ്രഹജീവിയുടെ കയ്യിൽ നിന്ന് ആദ്യദിവസം തന്നെ മാതൃപേടകത്തിനെ തിരികെ വിളിക്കാനുള്ള യന്ത്രം മോഷണം പോകുന്നു. അത് തിരഞ്ഞ് നടക്കുന്ന ഇദ്ദേഹത്തോട് ഇനി ദൈവത്തിനോട് ചോദിക്കുകയേ നിവർത്തി ഉള്ളൂ എന്ന് ആളുകൾ പറയുന്നതോടെ ഇദ്ദേഹം ദൈവത്തിനെ അന്വേഷിക്കാൻ തുടങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വളരെ പതുക്കെ തുടങ്ങുന്ന ഈ സിനിമ പിന്നീട് രസകരമായ സംഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തമാശയും ആക്ഷേപഹാസ്യവും നന്നായി ചേർത്തുള്ള അവതരണമാണ് സിനിമയുടെ മുഖ്യ ആകർഷണം. 2012-ൽ പുറത്തിറങ്ങിയ Omg! Oh My God! (നിരൂപണം) എന്ന സിനിമയുടെ പാതയിലൂടെ തന്നെ മതങ്ങളുടെ പേരിലുള്ള ചൂഷണങ്ങളെ പരിഹസിച്ച് മുന്നോട് പോകുന്നു സിനിമ. Omg-ൽ ഒരു നിരീശ്വരവാദിയുടെ വാദങ്ങൾ ആണെങ്കിൽ ഇവിടെ കുട്ടികളെപ്പോലെ സംശയം ചോദിക്കുന്ന ഒരു നിഷ്കളങ്കൻ ആണെന്ന വ്യത്യാസം മാത്രം. എങ്കിലും ഈ നിഷ്കളങ്കത കൂടുതൽ ഫലിതങ്ങൾ സൃഷ്ടിക്കാൻ അവസരം ഒരുക്കുന്നു. പ്രാർത്ഥന ദൈവം കേൾക്കാതെയാകുമ്പോൾ പ്രതിമയുടെ ബാറ്ററി തീർന്നോ എന്ന് സംശയിക്കുന്നത് ഒരു ഉദാഹരണം.

പ്രധാനമായും ഹിന്ദു മതത്തിലെ അനാചാരങ്ങൾ ആണ് ഇവിടെ വിഷയമാകുന്നതെങ്കിലും പ്രത്യേകിച്ച് ഒരു മതത്തിലേതിനേയും വെറുതേ വിട്ടിട്ടില്ല എന്ന് കാണാം. എന്നാൽ മതവിശ്വാസികൾക്ക് അരോചകമാകുന്ന രീതിയിൽ തമാശകളോ വിമർശനങ്ങളോ അതിര് വിട്ടിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ ഒരു കാര്യത്തിന് സിനിമയുടെ അണിയറപ്രവർത്തകൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

അമീർ ഖാൻ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സിനിമയെ രസകരമാക്കിയിട്ടുണ്ട്. അനുഷ്ക ശർമ്മയും തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തി. കഥ വലിയ കാമ്പില്ലെങ്കിലും, തിരക്കഥ മനോഹരമാണ്. പാട്ടുകളും മികവ് പുലർത്തി.

ഭൂമിയിൽ വരാൻ മാത്രം സാങ്കേതികമുന്നേറ്റം നടത്തിയ അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നിട്ട് മണ്ടന്മാരെ പോലെ പെരുമാറുമോ, അന്യഗ്രഹ ജീവികൾക്ക് മനുഷ്യരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുമോ, മനുഷ്യരെപ്പോലെ കരയുമോ തുടങ്ങിയ വലിയ വലിയ ചോദ്യങ്ങൾ ചോദിക്കാതെ സിനിമയെ സിനിമയായി കണ്ട് ആസ്വദിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾ കാണേണ്ടുന്ന ഒരു സിനിമ തന്നെയാണ് PK. എന്നാൽ, സ്വന്തം മതത്തിനെ ചെറുതായി കളിയാക്കുമ്പോൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുമെങ്കിൽ ഈ സിനിമ ഒഴിവാക്കുകയാവും നല്ലത്.

റേറ്റിങ്ങ്: 4/5

Saturday, December 20, 2014

ആമയും മുയലും


രചന, സംവിധാനം : പ്രിയദര്‍ശന്‍
ഈ ചിത്രത്തിണ്റ്റെ റിവ്യൂവിന്‌ മുന്‍പായി തീയ്യറ്ററിണ്റ്റെ ഉള്ളിലെ റിവ്യൂ ആദ്യം എഴുതാം.

പി വി ആര്‍ ലുലു - വെള്ളിയാഴ്ച (19-Dec-2014) രാത്രി 10.30 ഷോ... തീയ്യറ്റര്‍ ഒരുവിധം ഫുള്‍.

സിനിമ തുടങ്ങി ആദ്യ പകുതി ആയപ്പോഴെയ്ക്കും എണ്റ്റെ അടുത്തിരുന്ന മദ്ധ്യവയസ്കരായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തീയ്യറ്റര്‍ വിട്ടു. അങ്ങനെ പോകാന്‍ മാത്രം ദുരിതമൊന്നും ആയില്ലല്ലോ എന്ന്‌ എനിക്ക്‌ നിശ്ചയമായും സംശയം തോന്നി. പിന്നീട്‌ സിനിമാഗതി കണ്ടപ്പോള്‍ ആ പോയവരോട്‌ എനിക്ക്‌ ബഹുമാനം തോന്നി. ഇതിനാണ്‌ 'ദീര്‍ഘദൃഷ്ടി' എന്ന്‌ പറയുന്നതെന്ന്‌ മനസ്സിലാകുകയും ചെയ്തു.

ഈ സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തെ ആ തീയ്യറ്ററിലെ ഭൂരിഭാഗം പ്രേക്ഷകരും സ്വാഗതം ചെയ്ത രീതി എനിക്ക്‌ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്‌. സിനിമ മടുത്ത്‌ വെറുത്ത്‌ തീയ്യറ്ററിന്നകം ഒന്ന്‌ കണ്ണോടിച്ച എന്നിക്ക്‌ ചിരിവന്നു. ഞാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. അതില്‍ അത്ഭുതം തോന്നിയ ചിലര്‍ എന്നെ നോക്കുകയും ചെയ്തു.

തീയ്യറ്ററില്‍ മൂന്ന്‌ വിഭാഗക്കാര്‍ ഉണ്ടായിരുന്നു.
കുറേ പേര്‍ പല ഭാഗങ്ങളിലിരുന്ന്‌ കൂവുന്നു. (സത്യമായിട്ടും അവരൊന്നും സിനിമയെ കൂവി നശിപ്പിക്കാന്‍ വന്നവരല്ല.).
വേറെ കുറേ പേര്‍ ഉറങ്ങുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍ ഞാനും ഉള്‍പ്പെടും. ഉറങ്ങാനോ കൂവാനോ കഴിയാതെ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ വിങ്ങിപ്പൊട്ടി അനിശ്ചിതത്വത്തില്‍ ഇരിക്കുന്നവര്‍.

ഈ കാര്യം ഭാര്യയോട്‌ പറയാനായി നോക്കിയപ്പോള്‍ ഭാര്യയും കുട്ടികളും സുഖനിദ്രയിലാണ്‌.

സിനിമ പുരോഗമിക്കും തോറും കൂവലുകള്‍ കൂടി വന്നു. ആളുകള്‍ കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട്‌ പോയിത്തുടങ്ങി. പരമാവധി പിടിച്ചിരിക്കാന്‍ ശ്രമിച്ച ഞാനും അവസാനം കാലുമാറി.
ഉറങ്ങിക്കിടക്കുന്ന കുട്ടികളേയും ഭാര്യയേയും ഉണര്‍ത്തി ഞങ്ങളും തീയ്യറ്റര്‍ വിട്ടു.

ഈ സിനിമ ഒരിക്കലും തീരില്ലെന്ന്‌ ഭാര്യ പറയുന്ന കേട്ടു.

ഇറങ്ങിപ്പോകുന്ന വഴിക്ക്‌ ഞാന്‍ ഒരു വൃത്തികേട്‌ കാണിച്ചു. ഞാന്‍ ഒരു മൂന്ന്‌ നാല്‌ വട്ടം ഉറക്കെ കൂവി. കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്തുകൊണ്ടാണെന്നറിയില്ല ഭാര്യ ആ പ്രവര്‍ത്തിയോട്‌ പ്രതികരിച്ചില്ല.

ഇനി സിനിമയുടെ റിവ്യൂ ചുരുക്കി എഴുതാം.

ആദ്യമായി നല്ല കാര്യം പറയാം. നല്ല ദൃശ്യങ്ങള്‍. ക്യാമറ അഭിനന്ദനം അര്‍ഹിക്കുന്നു.
പിന്നെ, ഒരു ഗാനവും കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ടായിരുന്നു.

മോഹന്‍ലാലിണ്റ്റെ ശബ്ദത്തില്‍ ഒരു ഗ്രാമത്തെ നമുക്ക്‌ പരിചയപ്പെടുത്തും.
കേരള-കര്‍ണ്ണാടക അതിര്‍ത്തിക്കടുത്തുള്ള ഗ്രാമം. ഇനി എന്ത്‌ കാണിച്ചാലും എല്ലാരും വിശ്വസിച്ചോളുമല്ലോ. ഒരിക്കല്‍ വരള്‍ച്ച വന്ന നശിച്ചുപോയ ഗ്രാമം പിന്നീട്‌ മഴയെല്ലാം കിട്ടി പച്ചപിടിച്ച്‌ വരുന്നേ ഉള്ളൂ. അവിടെ ഒരു ഉഗ്രപ്രതാപിയായ ഒരു സ്ത്രീയാണ്‌ നാട്ടുകൂട്ടം വാഴുന്നതത്രെ. എല്ലാവരും അവര്‍ക്ക്‌ നികുതി നല്‍കുകയോ അനുസരിക്കുകയോ ഒക്കെ എന്നാണ്‌ പറയുന്നത്‌. ആ സെറ്റപ്പ്‌ എന്താണെന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. അത്‌ പോട്ടെ.

അവിടെയുള്ള ആളുകളെയും അവരുടെ പ്രവര്‍ത്തികളേയും മോഹന്‍ലാല്‍ നമുക്ക്‌ വിവരിച്ചുതരും.

ഭയങ്കരമാന തമാശക്കരാണ്‌ എല്ലാവരും.

ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം നല്ലവന്‍. വെള്ളത്തില്‍ പാല്‍ ചേര്‍ത്ത്‌ വില്‍ക്കുന്നു.
ആനയുള്ള ആളാണ്‌ മാമുക്കോയയുടെ കഥാപാത്രം.
ആ നാട്ടില്‌ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുടെ കഥാപാത്രമാണ്‌ നെടുമുടി വേണു ചെയ്യുന്നത്‌.
മാമുക്കോയയുടെ പുത്രനാണ്‌ ജയസൂര്യ.  ഇദ്ദേഹം അച്ഛണ്റ്റെ കടം വീട്ടാനെന്ന വ്യാജേന വര്‍ഷങ്ങളായി ഇന്നസെണ്റ്റിണ്റ്റെ വീട്ടില്‍ പണിക്കാരനാണത്രേ. ഇന്നസെണ്റ്റിണ്റ്റെ മകളുമായി പ്രണയമായതിനാലാണ്‌ ഇദ്ദേഹം ഇങ്ങനെ തുടരുന്നതെന്നാണ്‌ ഭാഷ്യം.

നെടുമുടി വേണു വിറ്റ അഞ്ച്‌ കോടിയുടെ ലോട്ടറി ആ നട്ടിലെ ആര്‍ക്കോ  അടിക്കുന്നു. അത്‌ ആരാണെന്ന്‌ രഹസ്യമായി കണ്ടെത്താന്‍ നെടുമുടി വേണു ശ്രമിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ പെട്ട്‌ പലരും ഇതറിയുകയും അവര്‍ക്കൊക്കെ ഷെയര്‍ കൊടുക്കാന്‍ ധാരണയാകുകയും പിന്നീട്‌ അത്‌ പ്രശ്നങ്ങളിലേയ്ക്ക്‌ ചെന്നെത്തുകയും അങ്ങനെ പ്രേക്ഷകര്‍ പ്രശ്നത്തിലാകുകയുമാണ്‌ കഥ.

പ്രിയദര്‍ശന്‍ എന്ന വലിയ മനുഷ്യന്‍ ഇപ്പോഴും പഴയ ലോകത്തെ തേഞ്ഞ്‌ കീറിയ തമാശകള്‍ കഥാപാത്രങ്ങളുടെ വായില്‍ തള്ളിക്കയറ്റി പ്രേക്ഷകരെ പറ്റിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച്‌ ഇറങ്ങിയിരിക്കയാണ്‌.

ഹരിശ്രീ അശോകന്‍ വെറുപ്പിക്കുന്ന നിരയില്‍ മുന്‍പന്തിയിലാണ്‌.
ഇന്നസെണ്റ്റ്‌ ജയസൂര്യയേയും മാമുക്കോയയെയും കാണുമ്പോള്‍ കലിതുള്ളുന്നതാണ്‌ ഒരു പ്രധാന ഐറ്റം.
പിന്നെ ഇന്നസെണ്റ്റിണ്റ്റെ സ്വതസിദ്ധമായ ശൈലിയിലെ വിളികളും നോട്ടങ്ങളും മറ്റും കുറേ ആകുമ്പോഴെയ്ക്കും മതിയാവും.

നെടുമുടി വേണു ഒരു തന്ത്രശാലിയുടെ ഭാവത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്നു. പക്ഷേ, സിനിമ മുന്നോട്ട്‌ നീങ്ങാതാകുമ്പോള്‍ പ്രേക്ഷാര്‍ വിളിച്ച്‌ പറഞ്ഞുതുടങ്ങി 'ഒന്ന്‌ വേഗം ആവട്ടെ'.

 നായിക എന്ന സംഗതി വെറുതേ ഉണ്ട്‌ ഈ സിനിമയിലും.

ഈ ചിത്രത്തില്‍ കുറേ ഇമോഷണല്‍ സീനുകളുണ്ട്‌. എല്ലാം പുതുമ നിറഞ്ഞതായതുകൊണ്ട്‌ നിര്‍ത്താതെ കൂവലായിരുന്നു.

1. ചെറുപ്പം മുതലേ മനസ്സില്‍ കൊണ്ട്‌ നടന്ന പെണ്ണിനെ വിട്ട്‌ തരാനാവില്ലെന്ന്‌ വിലപിക്കുന്ന ജയസൂര്യയുടെ സെണ്റ്റിമെണ്റ്റ്സ്‌.
2. മകളെ ആര്‍ക്ക്‌ കല്ല്യാണം കഴിച്ച്‌ കൊടുക്കണമെന്നറിയാതെ വിഷമിക്കുന്ന ഇന്നസെണ്റ്റിണ്റ്റെ ഇമോഷണല്‍ സീന്‍.
3. ട്ടുകാരുടെ ഗുണത്തിനുവേണ്ടിയും മകണ്റ്റെ അപകടാവസ്ഥ ഒഴിവാക്കാനുമായി മകനെ മുറിയില്‍ തള്ളിയിട്ട്‌ പൂട്ടിയിടുന്ന മാമുക്കോയയുടെ കണ്ണീരിണ്റ്റെ സീന്‍.
4. പ്രേമിച്ച പുരുഷനെ കിട്ടില്ലെന്ന്‌ മനസ്സിലായ നായിക കയറില്‍ തൂങ്ങുകയും അതില്‍ നിന്ന്‌ രക്ഷപ്പെടുമ്പോളുള്ള വിലാപം.
5. ഒടുവില്‍ കാശിന്‌ വേണ്ടി എന്തും ചെയ്യാന്‍ നിന്ന നാട്ടുകാര്‍ പശ്ചാത്തപിച്ച്‌ സ്ഥലം വിടുന്ന കണ്ണീരലിയിക്കുന്ന സീന്‍.
(ഈ സീനുകളില്‍ കൂവാതെ ഇരിക്കാന്‍ അപാരമായ കണ്ട്രോള്‍ വേണം.. സത്യം).

ഈ സിനിമയില്‍ നിരന്തരം കേള്‍ക്കുന്ന ചില ചീത്തവിളികളുണ്ട്‌.
പട്ടി, തെണ്ടി, ശവമേ, തേങ്ങാത്തലയാ തുടങ്ങിയ വിളികള്‍ ഇടയ്ക്കിടെ ഉണ്ട്‌.

ഇതൊക്കെ ആരെ വിളിക്കണം എന്ന്‌ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ടാകും.

Rating : 3 / 10

Monday, December 01, 2014

ഡോള്‍ഫിന്സ്


രചന : അനൂപ് മേനോന്‍
സംവിധാനം : ദിപന്‍


ഒരു ബാറ് മുതലാളിയുടെ സത്യസന്ധതയേയും ജീവിതത്തില്‍ അനുഭവിക്കുന്ന വെല്ലുവിളികളേയും ഈ ചിത്രത്തിന്‍റെ കഥയിലൂടെ പറയാന്‍ ശ്രമിക്കുമ്പോഴും ഹാസ്യത്തിന്‍റെ മേമ്പൊടി ഇട്ട്, രസകരമായ സംഭാഷണങ്ങള്‍  ചേര്‍ത്ത്, അതില്‍ ഒരല്‍പം പഴയ് സംഗീതത്തിന്‍റെ സൌന്ദര്യവും മിക്സ് ചെയ്ത്, ഒടുവില്‍ ഒരു ടീസ്പൂണ്‍ കുടുംബ സെന്‍റിമെന്‍റ്സ് കൂടി ആയപ്പോള്‍ മോശമല്ലാത്ത ഒരു പരുവത്തിലായിട്ടുണ്ട്.

തിരുവനന്തപുരം സംസാരശൈലിയും ഇടയ്ക്ക് ചില തൃശൂര്‍, പാലക്കാട് ശൈലിയും ഉപയോഗിച്ച് പലയിടത്തും ഹാസ്യം സൃഷ്ടിക്കാനായിട്ടുണ്ട്.

സുരേഷ് ഗോപി തന്‍റെ റോള്‍ മോശമാകാതെ ചെയ്തു.  

കല്‍പന എന്ന നടിയുടെ അഭിനയമാണ്‍ ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.

എന്തൊക്കെയോ സംഭവിക്കുന്ന ഒരു പ്രതീതി ആദ്യപകുതിയില്‍ ജനിപ്പിച്ച് വലിയ സംഭവങ്ങളും ടെന്ഷനും ഒന്നും ഇല്ലാത്ത രീതിയില്‍ അവസാനഭാഗത്തേയ്ക്ക് എത്തുമ്പോള്‍ അവിടെ ഒരു ഫാമിലി സെന്‍റിമെന്‍റ് സൃഷ്ടിച്ച് ചിത്രത്തെ രചയിതാവും സംവിധായകനും പിടിച്ച് നിര്‍ത്തുന്നു.


ഓ മൃദുലേ.. എന്ന മനോഹരഗാനം വീണ്ടും ആസ്വദിക്കാനായി.

Rating : 5.5 / 10

ഇയോബിന്‍റെ പുസ്തകം


കഥ, തിരക്കഥ  : ഗോപന്‍ ചിദംബരം
സംഭാഷണം : ശ്യാം പുഷ്കരന്‍
സംവിധാനം : അന്‍ വര്‍ റഷീദ്

ആദ്യപകുതി വരെ വളരെ ഗംഭീരമായ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ചിത്രം, രണ്ടാം പകുതിയില്‍ മൂക്ക് കുത്തി താഴെ പോയി എന്ന് പറയാതെ വയ്യ.  ഇടയ്ക്ക് തള്ളിക്കയറി വന്ന ഒന്ന് രണ്ട് ഗാനങ്ങള്‍ ആ തളര്‍ച്ചയ്ക്ക് കാരണവുമായി.

വിവിധ ഭാവത്തില്‍ വെടികൊണ്ടും കുത്തും വെട്ടും കൊണ്ട് ചാകുന്നവരുടെ ഒരു ഘോഷയാത്ര ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്‍.  അത് അമല്‍ നീരദിന്‍റേയും ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു.

സ്വന്തം ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഉടനെ, ഭര്‍ത്താവിന്‍റെ അനിയനെ പിടിച്ച് ബെഡിലേയ്ക്ക് നടത്തുന്ന ഭീകരിയായ ഒരു പെണ്ണ് എന്ന പ്രതിഭാസവും ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു.

ഫഹദ് ഫാസില്‍ എന്ന നടന്‍റെ വളര്‍ച്ച കണ്ണ് നിറയേ കാണാന്‍ സാധിക്കുന്നു എന്നതാണ്‍ ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം.

ലാല്‍ എന്ന നടനും ഗംഭീര പ്രകടനം കാഴ്ച വെച്ചു.

ബാക്ക് ഗ്രൌണ്ട് മ്യൂസിക്, ഛായാഗ്രഹണം എന്നിവ മികവ് പുലര്‍ത്തി.

Rating : 5.5 / 10


ഓര്‍മ്മയുണ്ടോ ഈ മുഖം


രചന, സംവിധാനം : അന് വര്‍ സാദിക്

50 First Dates എന്ന ഒരു മനോഹരമായ ഇംഗ്ലീഷ് ചിത്രത്തെ എടുത്ത് വികലപ്പെടുത്തിയ ശ്രമമായിട്ട് മാതമേ ഈ ചിത്രത്തെ കാണാന്‍ സാധിക്കൂ.  

കഥയിലും സാഹചര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തി മലയാളമാക്കി മാറ്റിയപ്പോള്‍ ഇതിന്‍റെ ഒറിജിനലില്‍ ഉണ്ടായിരുന്ന ആത്മാവ് ചോര്‍ന്ന് പോകുക മാത്രമല്ല, വിനീത് ശ്രീനിവാസനും നമിത പ്രമോദും കൂടി അഭിനയിച്ച് കുളമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു.

നമിത മുഖത്ത് മുഴുവന്‍ ചായം വാരി തേച്ച് അമിതാഭിനയവും ഗോഷ്ടിയുമായി നല്ല പോലെ വെറുപ്പിക്കുന്നുണ്ട്, പക്ഷേ, ഒന്ന് രണ്ട് ഇമോഷണല്‍ സീനുകള്‍ നന്നായി അഭിനയിച്ചു എന്ന് പറയാതെ വയ്യ.  

വിനീത് ശ്രീനിവാസന്‍റെ അഭിനയത്തെ അളക്കാന്‍ മെനക്കെടുന്നില്ല. പാവം..



മികച്ച ഗാനങ്ങളും നല്ല ഛായാഗ്രഹണവും ഈ ചിത്രത്തിന്‍റെ ചില മികവുകളാണ്‍.

Rating : 5 / 10

ലാല്‍ ബഹദൂര്‍ ശാസ്ത്രി


രചന, സംവിധാനം : രെജിഷ് മിഥില

ഒരു ബസ് യാത്രയില്‍ ലാല്‍ എന്നയാള്‍ ബഹദൂറ് എന്ന മറ്റൊരാളെ പരിചയപ്പെടുന്നു.  ഒരു പയ്യനില്‍ നിന്ന് ലോട്ടറി എടുക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നു.  ആ ലോട്ടറിക്ക് ഒന്നാം സമ്മാനം ഉണ്ടെന്നറിയുമ്പോഴേയ്ക്ക് ആ ലോട്ടറി കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായി അറിഞ്ഞ് പരക്കം പാച്ചില്‍ ആരംഭിക്കുന്നു.  ഇടയില്‍ ശാസ്ത്രി എന്നൊരാളും ഇവരോടൊപ്പം ചേരുന്നു.

രണ്ടോ മുന്നോ സീനില്‍ ചെറിയൊരു താല്‍പര്യം ജനിപ്പിക്കാനായി എന്നത് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.  

ലോട്ടറി ടിക്കറ്റ് വിറ്റ പയ്യന്‍ ആണ്‍ ശരിക്കും ഈ സിനിമയുടെ ഹീറോ.  ആ പയ്യനാണ്‍ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ഒരു അനുഭവം നല്‍കിയതും.  പക്ഷേ, സിനിമ അവസാനിക്കുമ്പോള്‍ ഈ പയ്യനെ വഴിയില്‍ തന്നെ ഉപേക്ഷിക്കുന്നതോടെ എല്ലാം പൂര്‍ത്തിയായി.

Rating : 4 / 10

വര്‍ഷം


രചന, സംവിധാനം : രഞ്ജിത് ശങ്കര്‍

ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വലിയ ദുരന്തത്തെ മറികടക്കാനും തുടര്‍ന്ന് ആ ഓര്‍മ്മകളും നഷ്ടവും, ജീവിതത്തിലെ വിജയമാക്കി മാറ്റാനും ശ്രമിച്ച് മുന്നോട്ട് പോകുന്ന ഒരു ശക്തമായ കഥാപാത്രമാണ്‍ ഈ ചിത്രത്തിലെ നായകനായ വേണു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ പഴയ നല്ല ചില പ്രകടനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു റോള്‍ ആണ്‍  ഈ ചിത്രത്തിലും.

സ്ത്രീകളേയും ഒരു വിഭാഗം പ്രേക്ഷകരേയും കണ്ണീരണിയിക്കാന്‍ ഈ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാധിച്ചിരിക്കുന്നു.

ആദ്യപകുതിയിലെ ഒരു തീവ്രതയും ആഴവും രണ്ടാം പകുതിയില്‍ ഉണ്ടായില്ല എന്നതാണ്‍ ഒരു ന്യൂനത.  മാത്രമല്ല, ഇത് മാനസികമായി അത്തരം വിഷമതകളിലൂടെ കടന്നുപോയവരെയും അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ കണക്റ്റ് ചെയ്യാവുന്നവരേയും മാത്രമേ ശക്തമായി സ്വാധീനിക്കൂ എന്നതും ഒരു വസ്തുതയാണ്‍.

ഒരു എന്‍റര്‍ടൈനറ് എന്ന രീതിയില്‍ സിനിമയെ കാണുന്ന ഇപ്പോഴത്തെ പ്രേക്ഷകരെ ഈ ചിത്രം തൃപ്തിപ്പെടുത്തുകയില്ല.


Rating : 6 / 10

ഇതിഹാസ


സംവിധാനം : ബിനു എസ്
രചന  : അനീഷ് ലീ അശോക്
നിര്‍മ്മാണം : രാജേഷ് അഗസ്റ്റിന്‍


പുരാവസ്തു ശേഖരത്തിലെ ഒരു ജോഡി മോതിരങ്ങള്‍ രണ്ടു പേര്‍ ധരിക്കുമ്പോള്‍, അത് ധരിച്ചവരുടെ മനസ്സുകള്‍ മറുശരീരത്തിലേക്ക് കൈമറ്റം ചെയ്യപ്പെടുന്നു എന്ന ഒരു പ്രക്രിയയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമയുടെ കഥ രൂപപ്പെട്ടിരിക്കുന്നത്. 

ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു ആണും പെണ്ണും തമ്മില്‍ അങ്ങനെ മനസ്സുകള്‍ എക്സ്ചേഞ്ച് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്  അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ ഇതിന്‍റെ കഥ വികസിക്കുന്നു.

ഇതിലെ നായികയായി വേഷമിട്ട അനുശ്രീ എന്ന നടിയുടെ പ്രകടനമാണ് ഏറ്റവും ആദ്യം എടുത്ത് പറയേണ്ടത്.  ഗംഭീരവും ആസ്വാദ്യകരവുമായ പ്രകടനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ എന്ന ഇതിലെ ഹീറോ തന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു പൂര്‍ണ്ണത വന്നിട്ടില്ല എന്ന് വ്യക്തമാണ്.  
എങ്കിലും അദ്ദേഹത്തിന്‍റെ  ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ചിത്രം സംവിധാനം ചെയ്ത ബിനു എസ് എന്ന ചെറുപ്പക്കാരന്‍ ഒരു ഭാവി വാഗ്ദാനമാണ്.  അത്ര നല്ല മേക്കിങ്ങ്.


ഈ ചിത്രത്തിലെ സാങ്കേതികവും അഭിനയവും മ്യൂസിക്കും അടക്കം പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ നല്ലൊരു പാക്കേജ് ഒരുക്കുവാന്‍ ഇതിന്‍റെ പിന്നണിക്കാര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

Rating : 6 / 10