Sunday, April 17, 2011

ചൈനാ ടൌണ്‍ (China Town)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂറ്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഗോവയില്‍ ചൈനാ ടൌണ്‍ എന്ന സ്ഥലത്ത്‌ ചൂതാട്ടവും മറ്റുമുള്ള ഒരു വലിയ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ നാല്‌ സുഹൃത്തുക്കള്‍. ഒരു ദിവസം ഇവരുടെ ബിസിനസ്‌ എതിരാളി തനിക്ക്‌ ചൈനാടൌണിണ്റ്റെ ആധിപത്യം മുഴുവന്‍ വേണമെന്ന്‌ അവകാശപ്പെട്ട്‌ ഇവരെയെല്ലം കുടുംബത്തോടെ കൊല്ലാനും അവിടെ നിന്ന്‌ ഓടിക്കാനും വരുന്നു. കുറേ പേരെ കൊല്ലുന്നു, കുറേ പേര്‍ രക്ഷപ്പെടുന്നു. നാല്‌ സുഹൃത്തുക്കളില്‍ ഒരാള്‍ രക്ഷപ്പെടുന്നു. മൂന്ന്‌ പേരുടേയും മക്കള്‍ രക്ഷപ്പെടുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അതിലെ രക്ഷപ്പെട്ട ഒരാള്‍ എവിടെ നിന്നോ തിരികെയെത്തി ഒരു ചൂതാട്ടകേന്ദ്രം വാങ്ങുന്നു. തണ്റ്റെ സുഹൃത്തുക്കളുടെ മക്കളെ കണ്ടെത്തി അത്‌ അവരെ ഏല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നു. പഴയ ശത്രു ഇപ്പോള്‍ വലിയ സംഭവമായിത്തീര്‍ന്നിരിക്കുന്നു. ആഭ്യന്ത്രമന്ത്രി പോലും ഇദ്ദേഹത്തിണ്റ്റെ ബിനാമിയാണ്‌. മൂന്ന്‌ സുഹൃത്തുക്കളുടെ മക്കളെ എവിടെനിന്നൊക്കെയോ കണ്ടെത്തി എത്തിക്കുന്നു. മോഹന്‍ ലാല്‍, ജയറാം, ദിലീപ്‌ എന്നിവരാണ്‌ ആ മക്കള്‍. മോഹന്‍ലാലിന്‌ എങ്ങനെയോ ഒരു അനുജത്തിയും (കാവ്യാമാധവന്‍) ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാകും. പക്ഷേ, അവസാനമാകുമ്പോഴേയ്ക്കും ഇവര്‍ കല്ല്യാണം കഴിയ്ക്കും. അതെന്താ അങ്ങനെ എന്ന്‌ ചോദിച്ചേക്കരുത്‌. 'അതെന്താ അങ്ങനെ?' എന്ന്‌ ചോദിക്കാന്‍ പോലുമാകാത്ത വിധത്തില്‍ നിരവധി രംഗങ്ങള്‍ (അങ്ങനെ വിളിക്കാവോ എന്നറിയില്ല... ) ഈ ചിത്രത്തിലുണ്ട്‌.

ഇതിന്നിടയില്‍ ചൂതാട്ടകേന്ദ്രത്തില്‍ എത്തുന്ന ചിലരെ പിടിച്ച്‌ പറിച്ച്‌ കാശുണ്ടാക്കുന്ന ഗുണ്ടാനേതാവായി സുരാജ്‌ വെഞ്ഞാര്‍മൂടും ഉണ്ട്‌. ഇദ്ദേഹത്തിണ്റ്റെ തമാശകളും ഗോഷ്ടികളും കണ്ട്‌ ആളുകള്‍ പരിതപിച്ച്‌ കരയും.

ദിലീപ്‌ വല്ലാതെ കോമഡികാണിച്ച്‌ പ്രേക്ഷകരെ ശ്വാസം മുട്ടിക്കും.

ജയറാം കോമഡിയാണോ ട്രാജഡിയാണോ അഭിനയിക്കുന്നത്‌ എന്നത്‌ ഇതുവരെ തീരുമാനമായില്ല.

മോഹന്‍ലാല്‍ തണ്റ്റെ താരപദവി സംരക്ഷിക്കാന്‍ ഒരു ലോഡ്‌ ഗുണ്ടകളെയൊക്കെ പുഷ്പം പോലെ ഇടിച്ചിട്ട്‌ 'ഇനി ആരും ഇല്ലേ?' എന്ന്‌ വിഷമിച്ച്‌ തിരിച്ച്‌ നടന്നുപോകും.

ആഭ്യന്തരമന്ത്രിക്ക്‌ ഒരു മകളുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തിയ സുഹൃത്ത്‌ (ക്യാപ്റ്റന്‍ രാജു) ഒരു പുത്രിയുമായാണ്‌ എത്തുന്നത്‌. ഇപ്പോള്‍ മൂന്ന്‌ പേര്‍ക്കും നായികമാരുമായല്ലോ... കാവ്യാമാധവന്‍ അനുജത്തിയായാണ്‌ തുടങ്ങിയതെങ്കിലും ഇടയ്ക്ക്‌ വെച്ച്‌ മോഹന്‍ലാലിണ്റ്റെ നായികയായി മാറുന്ന കാഴ്ച കേമമായിരുന്നു. 'നിണ്റ്റെ ഏത്‌ ആഗ്രഹമാണ്‌ ഈ ഇച്ചായന്‍ ഇതുവരെ നടത്തിത്തരാഞ്ഞത്‌. എന്നിട്ട്‌ ഇതുമാത്രം നീ എന്തേ എന്നോട്‌ പറഞ്ഞില്ല?' എന്ന്‌ ഒരൊറ്റ ചോദ്യം ചോദിക്കലും മോതിരമിടീക്കലും കഴിഞ്ഞു.

'പുരകത്തുമ്പോള്‍ വീണവായന' എന്ന്‌ കേട്ടിട്ടേയുള്ളൂ... ഈ സിനിമയില്‍ അതും ദര്‍ശിക്കാനായി. സ്വത്തുക്കളെല്ലം നഷ്ടപ്പെടുകയും 'മൂന്ന്‌ ദിവസം കൂടിയേ നിങ്ങള്‍ക്ക്‌ ആയുസ്സുള്ളൂ' എന്ന്‌ പറഞ്ഞ്‌ വില്ലന്‍ ഇവരെ വിടുകയും ചെയ്തതിനുശേഷം എന്ത്‌ ചെയ്യണമെന്നറിയാതെ നടക്കുമ്പോള്‍ ദേ വരുന്ന്‌ രണ്ട്‌ പാട്ട്‌... കൂടെ ഡാന്‍സും.

പിന്നെ കുറേ നേരത്തേക്ക്‌ കള്ള്‌ കുടിയും എന്തോ പൊടിയും... അത്‌ ചെന്നാല്‍ പിന്നെ ചെയ്യുന്നതെന്താണെന്ന്‌ അറിയില്ല അത്രേ... ഈ സിനിമയില്‍ എന്ത്‌ വൃത്തികേടും തോന്ന്യാസവും കാണിക്കാണ്‍ വേണ്ടി സംവിധായകന്‍ ഈ സാധനം സ്വയം കുറച്ച്‌ തിന്നുകയും അത്‌ അഭിനേതാക്കള്‍ക്കെല്ലാം കൊടുക്കുകയും ചെയ്തു എന്ന്‌ വ്യക്തം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കും അതിണ്റ്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും മനസ്സിലായിട്ടില്ല. പിന്നെ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ....

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലെ ആളുകള്‍ ഒരു വണ്ടിയില്‍ വന്നിറങ്ങുന്നത്‌ കണ്ടു. എന്തിനായിരുന്നു ആ സീന്‍ എന്ന്‌ പിന്നീട്‌ മനസ്സിലായി. ചീപ്പ്‌ പബ്ളിസിറ്റിക്കുവേണ്ടി ഇതിണ്റ്റെ പേരില്‍ ആ പ്രോഗ്രാമില്‍ കയറിയിരുന്നു ഈ തട്ടിക്കൂട്ട്‌ സിനിമയുടെ വിശേഷങ്ങള്‍ പങ്ക്‌ വച്ച്‌ ഈ സിനിമയ്ക്ക്‌ കളക്‌ ഷന്‍ ഉണ്ടാക്കാം എന്ന്‌ നേരത്തേ പ്ളാന്‍ ചെയ്ത അതിബുദ്ധിയായിരുന്നു ഈ സീന്‍.

താരങ്ങളെ പോസ്റ്ററുകളില്‍ പ്രതിഷ്ഠിച്ച്‌, കുറേ പരസ്യങ്ങള്‍ വാരി വിതറി, ഉത്സവസീസണുകളില്‍ ചിത്രം റിലീസ്‌ ചെയ്താല്‍ മണ്ടന്‍മാരായ പ്രേക്ഷകരെ പറ്റിച്ച്‌ കാശ്‌ വാരാം എന്ന വൃത്തികെട്ട ഗൂഢാലോചനയുടെ ഫലമായുണ്ടായ ഒരു സംരംഭമാകുന്നു ഈ സിനിമ എന്ന്‌ പറയാതെ വയ്യ.

ചൈനീസ്‌ സാധനങ്ങള്‍ ഒരിടയ്ക്ക്‌ മാര്‍ക്കറ്റില്‍ സജീവമായിരുന്നു. ഗുണത്തിലും വിലയിലും കുറവുള്ളതാണെന്നതായിരുന്നു ഇവയുടെ പ്രത്യേകത. പക്ഷേ, ഈ ചിത്രവും പേരിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ചൈനീസ്‌ ഐറ്റം തന്നെ. പക്ഷേ, ചൈനീസ്‌ സാധങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കുന്നവിധം ഗുണക്കുറവുണ്ടെങ്കിലും വില (ടിക്കറ്റ്‌ വില) ഒരു കുറവും ഇല്ല എന്നത്‌ സ്ഥിതി കൂടുതല്‍ ദയനീയമാക്കുന്നു.

Rating : 2.5 / 10

Thursday, April 07, 2011

ഉറുമി (Urumi)




കഥ, തിരക്കഥ, സംഭാഷണം: ശങ്കര്‍ രാമകൃഷ്ണന്‍

സംവിധാനം: സന്തോഷ്‌ ശിവന്‍

നിര്‍മ്മാണം: ഷാജി നടേശന്‍, സന്തോഷ്‌ ശിവന്‍, പൃഥ്യിരാജ്‌


ആദിവാസികളടങ്ങുന്ന ഒരു ജനത താമസിച്ചിരുന്ന ഒരു പ്രദേശത്തിന്റെ ഖ നനസാദ്ധ്യതകള്‍ മനസ്സിലാക്കി അതിന്റെ വില്‍പനയുമായി ബന്ധപ്പെട്ട്‌ വര്‍ത്തമാന കാലഘട്ടത്തിലെ കഥാപാത്രങ്ങളില്‍ നിന്ന് തുടങ്ങി, ഭൂതകാലത്തിലെ സംഭവവികാസങ്ങളുടെ വിവരണങ്ങളിലേയ്ക്കും ചരിത്രപശ്ചാത്തലത്തിന്റെ ദൃശ്യാവിഷ്കാരത്തിലേയ്ക്കും പ്രേക്ഷകരെ ഈ സിനിമ കൊണ്ടുപോകുന്നു. വര്‍ത്തമാനകാലഘട്ടത്തിലെ ഈ ഓരോ പ്രധാന കഥാപാത്രങ്ങളേയും ഭൂതകാലത്തിലെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുകയും സാഹചര്യങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു തുടര്‍ച്ച അനുഭവിപ്പിക്കുന്നിടത്തുമാണ്‌ ഈ കഥയുടെ പ്രത്യേകതയും.


നമുക്ക്‌ അവകാശപ്പെട്ട ഭൂമി, ഇവിടെ കച്ചവടം ചെയ്യാനെത്തിയവര്‍ ആധിപത്യം സ്ഥാപിക്കുന്നിടത്ത്‌ ചെന്നെത്തുകയും അവരുടെ അധീനതയില്‍പെട്ട്‌ അസ്ഥിത്വവും സംസ്കാരവും അടിയറവെച്ച്‌ ചൂഷണം ചെയ്യപ്പെടുകയും സംഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഈ രണ്ട്‌ കാലഘട്ടത്തിലും വരച്ച്‌ കാണിക്കുന്നു. അത്തരം അധിനിവേശങ്ങളെ എതിര്‍ക്കാനും അതിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിരോധം സൃഷ്ടിക്കാന്‍ നേതൃത്വം ഏറ്റെടുക്കുന്ന ചങ്കുറപ്പുള്ളവരേയും വ്യക്തമായി ദര്‍ശിക്കാനാകുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ സ്വന്തം നാടിനേയും ജനതയേയും അധികാരത്തിനും ധനത്തിനും വേണ്ടി ഒറ്റുകൊടുക്കുന്ന ചില ഹിജഡകളായ അധമരേയും ഈ രണ്ട്‌ കാലഘട്ടത്തിലും ദൃശ്യമാകുന്നതാണ്‌.

അഭിനയം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. പൃഥ്യിരാജ്‌ തന്റെ കഥാപാത്രത്തോട്‌ പൂര്‍ണ്ണമായും നീതിപുലര്‍ത്തി എന്ന് തന്നെ പറയാം. അതുപോലെ തന്നെ എടുത്ത്‌ പറയാവുന്ന നിരവധി കഥാപാത്രങ്ങളുണ്ട്‌ ഈ ചിത്രത്തില്‍. ഒരല്‍പ്പം നര്‍മ്മം കലര്‍ന്ന പ്രഭുദേവയുടെ കഥാപാത്രം പ്രേക്ഷകഹൃദയത്തോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നു. അറയ്ക്കല്‍ ആയിഷയായി ജെനീലിയ ഭാവചലനനടന വൈഭവം തീര്‍ത്ത്‌ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചു.

ചേണിച്ചേരി കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറും ചിറയ്ക്കല്‍ തമ്പുരാനായി വന്ന അമോല്‍ ഗുപ്തയും രണ്ട്‌ ഗാമമാരും (അച്ഛനും മകനും), ഇളമുറതമ്പുരാനും തങ്ങളുടേതായ ഒരു ഇടം പ്രക്ഷകമനസ്സില്‍ കണ്ടെത്തുന്നു.

തബു, വിദ്യാബാലന്‍ എന്നിവര്‍ ഒരു ആട്ടവും പാട്ടുമായി അവശേഷിച്ചു.

ചിറയ്ക്കല്‍ തമ്പുരാന്റെ മകളായി നിത്യാ മേനോന്‍ മോശമല്ലാത്ത കഥാപാത്രമാണെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയില്ല.

കേളുനായരുടെ അച്ഛനെ അവതരിപ്പിച്ച ആര്യയ്ക്ക്‌ തന്റെ രൂപത്തിലും ഭാവത്തിലും കേളുനായരോട്‌ സാമ്യം ജനിപ്പിക്കാനായി.

ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതായിരുന്നു. ഗാനരംഗങ്ങളടക്കം ചിത്രത്തിലെ പല ഭാഗങ്ങളും ദൃശ്യവിരുന്ന് തന്നെയായിരുന്നു.

പറങ്കികളെ സധൈര്യം നേരിട്ട്‌ കുറേപേരെ വകവരുത്തിയ ഹസൈനാര്‍ എന്ന യോദ്ധാവിനെ തൂക്കുകയറില്‍ നിന്ന് കേളുനായനാരും ‍ആയിഷയും കൂട്ടരും ചേര്‍ന്ന് രക്ഷിക്കുന്നതുള്‍പ്പെടെ പല രംഗങ്ങളും ഗംഭീരമായി. ഹസൈനാരെ തൂക്കുമരത്തില്‍ നിന്ന് രക്ഷിച്ചിട്ട്‌ കെട്ടഴിച്ച്‌ പോലും വിടാതെ കേളുനായര്‍ പോകുകയും പിന്നീട്‌ ആ കഥാപാത്രം വിസ്മൃതിയിലാകുകയും ചെയ്തത്‌ അത്ഭുതപ്പെടുത്തി.

പലപ്പോഴും കഥാഗതിയില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു.

ഇത്രയൊക്കെയാണെങ്കിലും പല ന്യൂനതകളും ഈ ചിത്രത്തിലും തെളിഞ്ഞ്‌ നില്‍ക്കുന്നു. കുറിക്ക്‌ കൊള്ളുന്ന പല സംഭാഷണങ്ങളും ഉണ്ടെങ്കിലും ചില നെടുനീളന്‍ ഡയലോഗുകള്‍ ആസ്വാദനക്ഷമതയെ ബാധിച്ചതോടൊപ്പം ഒന്നും മനസ്സിലാകാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു. ചില ഡയലോഗുകള്‍ വളരെ നാടകീയമായി തോന്നി.

ഈ ചിത്രത്തിന്‌ അവിചാരിതമായിട്ടാകാമെങ്കിലും 'പഴശ്ശിരാജ' എന്ന സിനിമയോട്‌ പലതരത്തിലും സാമ്യമുള്ളതായി അനുഭവപ്പെട്ടു. കഥയുടെ ഗതിയും സംഭവവികാസങ്ങളും പല കഥാപാത്രങ്ങളും 'പഴശ്ശിരാജ' യുടേതുമായി രസകരമായ ഒരു സാമ്യം തോന്നിപ്പിച്ചു.

'പഴശ്ശിരാജ' യില്‍ തിലകന്‍ അവതരിപ്പിച്ച നാട്ടുരാജാവ്‌ ഈ ചിത്രത്തിലെ ചിറയ്ക്കല്‍ തമ്പുരാനുമായി താരതമ്യം ചെയ്യാം. പഴശ്ശിരാജയിലെ നാട്ടുരാജാവ്‌ ബ്രിട്ടീഷുകാരുമായി പൂര്‍ണ്ണമായി ഒരുമപ്പെടുന്നതാണെങ്കില്‍ ഉറുമിയിലെ തമ്പുരാന്‍ മനസ്സില്‍ ആത്മാഭിമാനമുണ്ടെങ്കിലും ഗതികേടിന്റെ കീഴ്‌ പെടല്‍ അനുഭവിക്കുകയും അവസാനഘട്ടത്തില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്നതായും കാണാം.

പഴശ്ശിരാജ എങ്ങനെ ജനങ്ങളെ അണിനിര്‍ത്തി പ്രതിരോധം തീര്‍ത്തുവോ അതുപോലെ തന്നെയാണ്‌ കേളുനായനാരും പറങ്കിപ്പടയ്ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌. രണ്ട്‌ സിനിമകളിലും നാനാവിധ ജനവിഭാഗങ്ങളേയും വിവിധമതസ്ഥരേയും സംയോജിപ്പിക്കുന്ന പ്രക്രിയ കാണാം.

പഴശ്ശിരാജയില്‍ നീലിയെന്ന ആദിവാസിയുവതി ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരേ പഴശ്ശിരാജയോടൊപ്പം നിന്ന് യുദ്ധം ചെയ്തതെങ്കില്‍, ഉറുമിയില്‍ കേളുനായനാരോടൊപ്പം അറായ്ക്കല്‍ ആയിഷ സമാനമായരീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നു.

പഴശ്ശിരാജയുടെ സന്തതസഹചാരിയായ യോദ്ധാവിനെപ്പോലെ കേളുനായനാര്‍ക്കും ഒരു സഹോദരസമാനനായ വവ്വാലിയുമുണ്ട്‌. പഴശ്ശിരാജയുടെ വലം കയ്യായിരുന്ന ഈ യോദ്ധാവ്‌ വീരോചിതമായി കൊല്ലപ്പെടുന്നപോലെതന്നെ കേളുനായനാരുടെ വവ്വാലിയും അടിയറവ്‌ പറയുന്നു.


ഇടയ്ക്ക്‌ ബ്രിട്ടീഷ്‌ പടയെ തുരത്താന്‍ പഴശ്ശിരാജയ്ക്ക്‌ സാധിക്കുന്നപോലെ തന്നെ കേളുനായനാരും സംഘവും ഇടക്കാല വിജയം കൈവരിക്കുന്നുണ്ട്‌.

പ്രതിരോധങ്ങള്‍ക്കൊടുവില്‍ പഴശ്ശിരാജ വീരോചിതമായി അന്ത്യം വരിച്ചതിന്റെ മറ്റൊരു പതിപ്പാകുന്നു കേളുനായനാരുടെ വീരമൃത്യുവും.

പ്രതികാരത്തിന്‌ ഒരു കുടുംബപരവും വൈകാരികവുമായ ഒരു പശ്ചാത്തലം ഉണ്ടാക്കി പ്രതികാരദാഹം ആറ്റിക്കുറിക്കി കാത്തിരുന്ന കഥാപാത്രമാണ്‌ കേളുനായനാരെങ്കില്‍ പഴശ്ശിരാജയ്ക്ക്‌ അങ്ങനെ വ്യക്തിപരമായ പൂര്‍വ്വവൈരാഗ്യങ്ങളൊന്നും ഇല്ല എന്നതാണ്‌ വ്യത്യാസം. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി കഥാപാത്രങ്ങളെയുള്‍പ്പെടെ ബന്ധിപ്പിക്കാനായിരിക്കുന്നു എന്നതാണ്‌ ഉറുമി എന്ന സിനിമയുടെ കഥയുടെ മറ്റൊരു പ്രത്യേകത.

ഇടയ്ക്കൊക്കെ 'മെല്ലെപ്പോക്ക്‌' അല്‍പം അലോസരപ്പെടുത്തുമെങ്കിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനുള്ള വിവിധ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ്‌ 'ഉറുമി' എന്ന സിനിമ. ഉറുമിയുടെ ചടുലതയും തീവ്രതയും കുറച്ചെങ്കിലും അവിസ്മരണീയമായി മനസ്സില്‍ നില്‍ക്കുകയും ആത്മാഭിമാനമുള്ള പോരാളികളുടെ വീര്യം കുറച്ചെങ്കിലും ഹൃദയത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു ഈ ചിത്രം.

Rating: 7 / 10