Sunday, May 29, 2011

ദി ട്രെയിന്‍ (The Train)



രചന, സംവിധാനം, നിര്‍മ്മാണം: ജയരാജ്‌

ബോംബെയില്‍ വൈകീട്ട്‌ 6 മണിമുതല്‍ അടുത്ത പത്ത്‌ മിനിട്ടിനുള്ളില്‍ ട്രെയിനുകളില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ്‌ സ്ഫോടനങ്ങളില്‍ നിന്ന്‌ തുടങ്ങുകയും അന്നത്തെ ദിവസത്തിണ്റ്റെ തുടക്കത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌ നടത്തി അന്നത്തെ ദിവസത്തിലെ കുറേ ആളുകളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെതുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ശൈലി.

കേദാര്‍നാഥ്‌ എന്ന പോലീസ്‌ ഒാഫീസര്‍ ചില സൂചനകളുടെ പേരില്‍ സംശയാസ്പദമായവരെ നിരീക്ഷിക്കുന്ന പരിപാടിയാണ്‌ ഈ ദിവസം മുഴുവന്‍ (ചിത്രത്തിലെ മുഴുവന്‍ സമയവും).

ബാപ്പയുടെ ബാപ്പയെ ഹജ്ജിനയയ്ക്കാനായി അദ്ദേഹത്തിണ്റ്റെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ആനുകൂല്ല്യം നേടിയെടുക്കാനായി നടക്കുന്ന ഒരു സ്ത്രീ. അന്നത്തെ ദിവസം ആ കാശ്‌ കിട്ടിയാലേ ഹജ്ജിന്‌ പോകാന്‍ പറ്റൂ അത്രേ. ഇത്‌ ശരിയാക്കിയിട്ട്‌ ഹജ്ജിന്‌ യാത്രയാക്കാന്‍ വീട്ടിലേയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌ ഈ സ്ത്രീ.

ഒരു ഫ്ലാറ്റില്‍ ജോലിക്കാരിയുടെ മേല്‍നോട്ടത്തില്‍ തണ്റ്റെ പിറന്നാളിനുപോലും ഒതുങ്ങിയിരിക്കേണ്ടിവരുന്ന ഒരു പയ്യന്‍. ഈ പയ്യണ്റ്റെ അച്ഛനും അമ്മയും വളരെ തിരക്കുള്ള ജോലിക്കാരാണ്‌. (മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കലാണ്‌ സ്വന്തം വീട്ടിലെ കാര്യത്തേക്കാള്‍ പ്രധാനം എന്ന് പറയുന്ന ഒരു ഡോക്ടറാണ്‌ ഈ പയ്യണ്റ്റെ അച്ഛന്‍). ഈ പയ്യണ്റ്റെ അച്ചാച്ചന്‍ ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ താമസിക്കുന്നു. ഓര്‍മ്മ നില്‍ക്കാത്ത ഇദ്ദേഹത്തെ ഫ്ലാറ്റിലെത്തിക്കാനുള്ള ശ്രമവുമായി ഈ പയ്യന്‍ അന്നത്തെ ദിവസം ചിലവിടുന്നു. ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ നിന്ന് ചാടി ചെറുമകണ്റ്റെ അടുത്തെത്താനുള്ള പരിശ്രമവുമായി ഈ അച്ചാച്ചന്‍ കഷ്ടപ്പെടുന്നു. ഇദ്ദേഹവും അന്നത്തെ ദിവസം ലോക്കല്‍ ട്രെയിനില്‍ കയറിവേണം ചെറുമകണ്റ്റെ അടുത്തെത്താന്‍.

ജീവിത കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതം ജീവിതമായി കൊണ്ട്‌ നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ (ജയസൂര്യ), തണ്റ്റെ സ്വപ്ന സാക്ഷാത്കാരമായ എ.ഏര്‍.റഹ്മാണ്റ്റെ ഒാഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നൈ പോകാനായി പുറപ്പെടുന്ന ദിവസം. ഈ ചെറുപ്പക്കാരണ്റ്റെ ഒരു റോങ്ങ്‌ നമ്പര്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയും ഇവര്‍ തമ്മില്‍ ഫോണിലൂടെ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നതും ഈ ദിവസം തന്നെ.

പല കഥാപാത്രങ്ങളേയും അവരുടെ അന്നത്തെ ദിവസത്തിണ്റ്റെ പ്രത്യേകതകളേയും ബോംബെയിലെ ട്രെയിന്‍ യാത്രയിലേയ്ക്ക്‌ ഏകോപിപ്പിച്ച്‌ കൊണ്ടുവരികയും അന്ന് നടക്കാന്‍ പോകുന്ന അപകടത്തെ ചെറുക്കാനായി കേദാര്‍നാഥ്‌ (മമ്മൂട്ടി) എന്ന പോലീസ്‌ ഒാഫീസറുടെ നിരന്തരമായ ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ സാരാംശം.

ചിത്രം ആരംഭിച്ച്‌ ഒരു അഞ്ച്‌ മിനിട്ടിന്‌ ശേഷം തുടങ്ങിയ ഇഴച്ചില്‍ പ്രേക്ഷകരുടെ എല്ലാ ക്ഷമാശീലങ്ങളേയും വെല്ലുവിളിക്കുന്നതായിരുന്നു എന്ന് എടുത്തുപറയാതെ വയ്യ. പല കോണുകളില്‍ നിന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്‌ ഒരുമിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രേക്ഷകരുടെ സംയമനശേഷിയെ ചോദ്യം ചെയ്യാനേ ഉപകരിച്ചിട്ടുള്ളൂ.

പല കഥാപാത്രങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിണ്റ്റെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച്‌ (ഒന്നോ രണ്ടോ) സന്ദര്‍ഭങ്ങളിലേ അത്‌ അല്‍പമെങ്കിലും വിജയത്തിലെത്തിയിട്ടുള്ളൂ എന്നത്‌ ഈ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

തണ്റ്റെ പേരക്കുട്ടിയെ കാണാനായി പരിശ്രമിക്കുന്ന വൃദ്ധനായ മുത്തച്ഛന്‍ പ്രേക്ഷകഹൃദയത്തെ ചെറുതായൊന്ന് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത്‌ ആ അഭിനേതാവിണ്റ്റെ കഴിവും ഡബ്ബിംഗ്‌ മികവും തന്നെയാണ്‌.

അതുപോലെ കേദാര്‍നാഥിണ്റ്റെ മകളായി അഭിനയിച്ച ബാലനടിയും അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ഈ ചിത്രത്തിണ്റ്റെ അവസാനരംഗം മാത്രമാകുന്നു അല്‍പമെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റുന്നത്‌.

ഈ ചിത്രം മൊത്തം ഫോണ്‍ സംഭാഷണങ്ങളുടെ ഒരു കളിയാണ്‌. ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു ശതമാനം പോലും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല.

മണ്ടത്തരങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവും ഉണ്ടാകരുത്‌ എന്ന വാശി ശ്രീ. ജയരാജിന്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജയസൂര്യ തണ്റ്റെ അടുത്ത സുഹൃത്തിണ്റ്റെ വിളിക്കുന്ന കോള്‍ വേറൊരു പെണ്‍കുട്ടിയുടെ മൊബൈയിലിലേയ്ക്ക്‌ പോകുന്നത്‌ വളരെ വിചിത്രമായി തോന്നി. കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ സുഹൃത്തിണ്റ്റെ പേര്‌ സൂക്ഷിക്കാന്‍ ഈ പാവത്തിന്‌ അറിയാത്തതിനാല്‍ കാണാപാഠം പഠിച്ച്‌ സ്ഥിരം വിളിക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ അറിയാതെ ഒരു നമ്പറൊക്കെ തെറ്റി റോംഗ്‌ നമ്പര്‍ പോകാമല്ലോ... ക്ഷമിച്ചു...

വേണ്ടതില്‍ അധികം വിദ്യാഭ്യാസവും സൌന്ദര്യവും സമ്പാദ്യവുമുള്ള ഒരു പെണ്‍കുട്ടി വെരുതേ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. പ്രൊജക്റ്റ്‌ പ്രെഷറിനോടൊപ്പം വിദേശത്ത്‌ പോകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദവും കൂടിയായപ്പ്പോള്‍ ആത്മഹത്യ ഏക ആശ്രയമായി തോന്നിയ പാവം പെണ്‍കുട്ടി.... ഈ പെണ്‍കുട്ടിയ്ക്കാണ്‌ കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് ചാടാന്‍ നില്‍കുമ്പോള്‍ റോംഗ്‌ കോള്‍ വരുന്നത്‌. അതോടെ ആത്മഹത്യയോട്‌ വിരക്തിയായി, പാവം.... ആത്മഹത്യയെ വെറുക്കാന്‍ മാത്രം ആ റോങ്ങ്‌ കോളില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല. ആത്മഹത്യ ഒരു നിമിഷത്തെ തോന്നലില്‍ സംഭവിക്കാവുന്നതാണെന്നും മറ്റൊരു നിമിഷത്തില്‍ അത്‌ വേണ്ടെന്ന് വെക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ ഇതും ഒാ.കെ.

ഇതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ 'മറവി' ഒരു പൊതുസ്വഭാവമായി ചേര്‍ത്തിട്ടുണ്ട്‌. പെണ്‍കുട്ടി ഫോണ്‍ ടാക്സിയില്‍ വച്ച്‌ മറക്കുന്നു, അപ്പൂപ്പന്‍ അഡ്രസ്സ്‌ കടയില്‍ വച്ച്‌ മറക്കുന്നു, ജയസൂര്യയുടെ സുഹൃത്ത്‌ സ്റ്റുഡിയോ മാറിപ്പോയത്‌ പറയാന്‍ മറക്കുന്നു... ഇതെല്ലാം പ്രേക്ഷകരും മറക്കാനും പൊറുക്കാനും തയ്യാര്‍...

തീവ്രവാദിയെന്ന് സംശയിച്ച്‌ പിടിച്ച ചെറുപ്പക്കാരനെ പുറത്ത്‌ വിട്ട്‌ നിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും ഫുള്ളി റീലോഡഡ്‌.... ഫോണും തോക്കും ബോംബും എല്ലാം റെഡി... ഇതും പ്രേക്ഷകര്‍ കണ്ണടച്ചു.

പക്ഷേ, ത്രില്ലര്‍ എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ വലിച്ച്‌ ഇഴച്ച്‌ ഈ സിനിമയുടെ അവസാനം വരെ തീയ്യറ്ററില്‍ ഇരുത്തിയതിന്‌ പ്രേക്ഷകര്‍ ശ്രീ. ജയരാജിനോട്‌ പൊറുക്കില്ല. ഈ വലിച്ചിഴയ്ക്കലിന്നിടയില്‍ സ്ക്രീനില്‍ സെക്കണ്റ്റുകള്‍ കഴിയുന്നത്‌ കാണിക്കുന്നത്‌ കണ്ടാല്‍ തോന്നും പ്രേക്ഷകര്‍ ഹൃദയമിടിപ്പ്‌ നിലയ്ക്കാറായി ടെന്‍ഷന്‍ അടിച്ച്‌ ഇരിയ്ക്കുകയാണെന്ന്.

എന്തായാലും ഇതിന്നിടയില്‍ സംഗീതത്തിണ്റ്റെ അംശം ഒരല്‍പ്പം ആശ്വാസം നല്‍കി (ഈ ബോറടിയില്‍ എന്ത്‌ കിട്ടിയാലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നി).

ത്രില്ലര്‍ ആയാല്‍ എങ്ങനെ വേണം എന്ന് സംവിധായകന്‌ മുന്‍ വിധിയുണ്ടെന്ന് തോന്നുന്നു. സമയം പോകുന്നത്‌ (സെക്കണ്റ്റ്‌ ആണെങ്കിലും) പ്രേക്ഷകര്‍ മനസ്സിലാക്കണം, എന്നാലല്ലേ ത്രില്‍ വരൂ... ബോറടിയില്‍ ത്രില്ല് കണ്ടെത്തുന്നവര്‍ക്ക്‌ ഈ ചിത്രം ഒരു അതിമനോഹരമായ അനുഭൂതിയായിരിക്കും. അല്ലാത്തവര്‍ക്ക്‌ അവരവരുടെ ക്ഷമയുടെ തോത്‌ നിശ്ചയിക്കുവാനുള്ള ഒരു അവസരവും.

Rating : 2 / 10

Friday, May 27, 2011

ജനപ്രിയന്‍ (Janapriyan)



കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര
സംവിധാനം: ബോബന്‍ സാമുവല്‍
നിര്‍മ്മാണം: മാമന്‍ ജോണ്‍, റീനാ എം ജോണ്‍

ഒരു മലയോരഗ്രാമത്ത്‌ എല്ലാവിധ ജോലികളിലും ഏര്‍പ്പെട്ട്‌ സന്തോഷത്തോടെ തന്റെ അമ്മയേയും പെങ്ങളേയും നോക്കുന്ന കഠിനാദ്ധ്വാനിയായ പ്രയദര്‍ശന്‍. ഇദ്ദേഹത്തിന്റെ അച്ഛന്‍ കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്തതാണ്‌. ഇദ്ദേഹം എമ്പ്ലോയ്‌ മെന്റ്‌ എക്സ്ചേഞ്ചില്‍ നിന്ന് സര്‍ക്കാര്‍ ഓഫീസിലെ ജോലിയ്ക്കായി കാത്തിരിക്കുന്നു.

പട്ടണത്തില്‍ ഒരു വില്ലേജ്‌ ഓഫീസിലെ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വൈശാഖന്‍ പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പാസ്സായി ഡയറക്ടര്‍ ആവാന്‍ ജീവിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ഇഷ്ടമല്ലാഞ്ഞിട്ടും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടിവന്നതാണ്‌. തന്റെ കഥയുമായി പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ ഇദ്ദേഹത്തിന്‌ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, വില്ലേജ്‌ ഓഫീസിലെ ജോലിയിലെ അനാസ്ഥയാല്‍ പ്രശ്നത്തില്‍ പെടുകയും ചെയ്യുന്നു.

അങ്ങനെ വൈശാഖന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കേണ്ടിവരുമ്പോള്‍ ആ ഒഴിവില്‍ ജോലിയ്ക്ക്‌ എത്തുന്നതാണ്‌ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്‌ വളരെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്‌ തന്റെ ജീവിതസഖിയായി താല്‍പര്യം. അങ്ങനെ പട്ടണത്തിലെ താമസത്തിനെടെ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ (ഭാമ) ആ വീട്ടിലെ ജോലിക്കാരിയായി തെറ്റിദ്ധരിക്കുകയും അവര്‍ തമ്മിലുള്ള പ്രണയം വിടരുകയും ചെയ്യുന്നു.

വൈശാഖന്റെ ജീവിതത്തിലും പ്രിയദര്‍ശന്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്‌ പോകാനുള്ള മനോബലവും അതിനായി അദ്ധ്വാനിക്കാനുള്ള പോസിറ്റീവ്‌ ചിന്താഗതിയും പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നു. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം കണ്ടുമുട്ടുന്ന ആളുകള്‍ക്കെല്ലാം ഈ പോസിറ്റീവ്‌ ചിന്താഗതിയുടെ ഗുണഫലം മനസ്സിലാക്കിക്കൊടുക്കുന്നിടത്ത്‌ ഈ കഥാപാത്രം വിജയം കൈവരിക്കുന്നുണ്ട്‌. ജയസൂര്യ ഈ കഥാപാത്രത്തെ വളരെ മികവോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ജയസൂര്യയുടെ വിഗ്ഗ്‌ ഒരല്‍പ്പം വൈക്ലബ്യം ജനിപ്പിച്ചു.

ഭാമയുടെ അഭിനയവും മോശമായില്ല. സിനിമാ അഭിനിവേശവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്ത്‌/സംവിധായകന്‍ എന്ന റോളിനെ മനോജ്‌ കെ ജയന്‍ നന്നായി അവതരിപ്പിച്ചു. സലിം കുമാര്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ചില ചിന്താഗതികളും ജീവിതസാഹചര്യവും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് മാത്രമല്ല, രസകരമായ നര്‍മ്മസന്ദര്‍ഭങ്ങളും സൃഷ്ടിച്ചു. നല്ല മനസ്സുള്ള ഒരു പാവം പ്രൊഡ്യൂസറായി ജഗതിശ്രീകുമാറും ഈ ചിത്രത്തിലുണ്ട്‌.

കാര്യമായ സംഭവവികാസങ്ങളും ട്വിസ്റ്റുകളുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ കാര്യമായി ബോറടിപ്പിക്കാതെ, അത്യാവശ്യം വിനോദം നല്‍കുന്ന ഒരു സിനിമയാകുന്നു 'ജനപ്രിയന്‍' എന്ന ഈ ചിത്രം.

വളരെ നേര്‍ത്ത തോതില്‍ മാത്രം ഒന്ന് രണ്ട്‌ വട്ടം ഹൃദയത്തില്‍ തൊടാവുന്ന രംഗങ്ങളേ ഉള്ളുവെങ്കിലും പലപ്പോഴും മനസ്സില്‍ ആനന്ദം നല്‍കുന്ന നിഷ്കളങ്ക മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

വളരെ സാധാരണമായ രീതിയിലുള്ള കഥാഗതിയായതിനാല്‍ അല്‍പം ബോറടിയും കൂട്ടിനുണ്ടാകുമെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം.

Rating: 5 / 10

Tuesday, May 10, 2011

സീനിയേര്‍സ്‌ (Seniors)



കഥ, തിരക്കഥ, സംഭാഷണം: സച്ചി സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: വൈശാഖ രാജന്‍

സിനിമ തുടങ്ങുമ്പോള്‍ ഒരാള്‍ വയലിന്‍ വായിച്ചുകൊണ്ട്‌ നില്‍ക്കുന്നു. അയാളുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍ വന്നിറങ്ങി ഒരു ചുംബനം കൊടുത്ത്‌ വീട്ടിലേയ്ക്ക്‌ കയറിവരുന്നത്‌ ഇയാള്‍ ജനലിലൂടെ കണ്ടുകൊണ്ട്‌ നില്‍ക്കുന്നു, വീണ്ടും വയലിന്‍ വായന തുടരുന്നു. കയറിവന്ന സ്ത്രീ എന്തൊക്കെയോ എടുത്തുകൊണ്ട്‌ തിരിച്ചുപോകുമ്പോള്‍ ഇയാള്‍ തടയാനോ എന്തൊക്കെയോ പറയാനോ ശ്രമിക്കുന്നു. പക്ഷേ, അയാളെ എതിര്‍ത്തുകൊണ്ട്‌ ആ സ്ത്രീ പുറത്ത്‌ കാറുമായി കാത്തുനില്‍ക്കുന്ന ആളുടെ കൂടെ പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഇവരുടെ മകന്‍ (6 വയസ്സ്‌ പ്രായം തോന്നും) നിസ്സഹായനായി നില്‍ക്കുന്നു. അമ്മ പോകുന്നത്‌ നോക്കാന്‍ ഓടിയിറങ്ങി വന്ന് തിരിച്ച്‌ ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ വയലിന്‍ വായന അവസാനിപ്പിച്ച്‌ വിഷം കഴിച്ച്‌ മരിച്ച്‌ കിടക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം....

ഒരു കോളേജ്‌ ഡേ... കോളേജിലെ ആണ്‍കുട്ടികളുമായി വളരെ അടുത്ത ചങ്ങാത്തമുള്ള വളരെ മോഡേര്‍ണ്‍ ആയ ഒരു പെണ്‍കുട്ടി (മീരാ നന്ദന്‍) ഒരു മ്യൂസിക്കല്‍ നാടകത്തില്‍ അഭിനയിച്ചശേഷം കൊല്ലപ്പെടുന്നു. ഈ പെണ്‍കുട്ടിക്ക്‌ ഒരു ചേച്ചിയുണ്ട്‌ (പത്മപ്രിയ). ചേച്ചി വളരെ സാധുവും മോഡര്‍ണ്‍ ചിന്താഗതി ഇല്ലാത്തതുമാണെന്ന് കാണിക്കാന്‍ ഈ പാവത്തിനെ പാവാടയും ജാക്കറ്റും ഇടീച്ചാണ്‌ കാണിക്കുന്നത്‌.


വീണ്ടും വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

അന്ന് കോളേജ്‌ ഡേയില്‍ നടന്ന കൊലപാതകത്തിനെത്തുടര്‍ന്ന് ആ നാടകത്തില്‍ അഭിനയിച്ച മറ്റുനാലുപേരില്‍ ഒരാളായ ജയറാം ജയിലില്‍ 12 വര്‍ഷം ശിക്ഷ അനുഭവിച്ച്‌ തിരിച്ചുവരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്‌ മനോജ്‌ കെ. ജയന്‍ (ഇദ്ദേഹം ലേഡീസ്‌ ഫാന്‍സി ഐറ്റംസിന്റെ കട നടത്തുന്നു. വിവാഹിതനാണ്‌, കുട്ടികളില്ല), ബിജുമേനോന്‍ (വലിയ കാശ്‌ കാരനാണ്‌, ഭാര്യയുണ്ട്‌, 10 വയസ്സിനടുത്ത്‌ പ്രായമുള്ള ഒരു മകനുണ്ട്‌, മദ്യപിച്ച്‌ ജീവിതം ആസ്വദിക്കലാകുന്നു തൊഴില്‍ എന്നേ മനസ്സിലാകുന്നുള്ളൂ..), കുഞ്ചാക്കോ ബോബന്‍ (വലിയ ചിത്രകാരനാണെന്ന് തോന്നുന്നു... ഒരു പെങ്ങളുണ്ട്‌... വീല്‍ ചെയറിലാണെന്ന് മാത്രം).

ജയലില്‍ നിന്ന് തിരിച്ചെത്തുന്ന ജയറാമിനെ ഈ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ച്‌ ജയറാമിനായി ഇവര്‍ വാങ്ങിയ വീട്ടില്‍ കൊണ്ടുപോയി മദ്യസല്‍ക്കാരം നടത്തുന്നതിന്നിടയ്ക്ക്‌ ജയറാം വീണ്ടും ആ കേളേജില്‍ ചേര്‍ന്ന് പി.ജി. പഠിക്കാന്‍ താല്‍പര്യം പറയുന്നു. തങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അന്ന് ജയറാം ജയിലില്‍ പോയതെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നുണ്ട്‌. ആ കാരണം കൊണ്ട്‌ തന്നെ ഇവരും ജയറാമിന്റെ ആഗ്രഹത്തിന്‌ വഴങ്ങുന്നു.

പിന്നീട്‌ സീനിയേര്‍സിന്റെ കോളേജ്‌ ഡേയ്സ്‌...

വളരെ രസകരമായ പശ്ചാത്തലവും സംഭവങ്ങളും കൊണ്ട്‌ ഈ ചിത്രത്തെ യുവജനങ്ങള്‍ക്ക്‌ ആസ്വാദ്യകരമാക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്‌. നര്‍മ്മ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തിണക്കി സിനിമ പുരോഗമിക്കുമ്പോള്‍ പ്രധാന കഥാഗതിയിലേയ്ക്ക്‌ ഇതിനെ കൂട്ടിയോജിപ്പിക്കുന്നിടത്താണ്‌ കല്ലുകടി തുടങ്ങുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആ കോളേജില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തുക എന്നതാകുന്നു ജയറാമിന്റെ ദൗത്യം. അതിനായി ഇദ്ദേഹം മറ്റു പലരുടേയും സഹായത്തോടെ 'മണിച്ചിത്ത്രത്താഴ്‌' സിനിമയുടെ മറ്റൊരു ലൈന്‍ പരീക്ഷിക്കുന്നത്‌ കാണുമ്പോള്‍ 'അയ്യേ..' എന്ന് വിചാരിക്കാത്ത ഒരുത്തനും തീയ്യറ്ററില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ സാഹചര്യങ്ങളും ചുറ്റുപാടുകളും പുന:സൃഷ്ടിച്ച്‌ കുറ്റവാളിയെ കണ്ടെത്തുക എന്ന തന്ത്രം കണ്ടാല്‍ ഇദ്ദേഹം ലോകപ്രശസ്തനായ സൈക്യാര്‍ട്ടിസ്റ്റ്‌ ആണെന്ന് തോന്നും. ഇതിന്‌ കൂട്ടുനില്‍ക്കുന്നവരെല്ലാം പിണ്ണാക്ക്‌ മാത്രം തിന്നുന്ന മണ്ണുണ്ണികളും...

ഇത്രയും ദുര്‍ബലവും യുക്തിക്ക്‌ നിരക്കാത്തതും വ്യക്തതയുമില്ലാത്ത കഥയുമായി ഇറങ്ങിയ തിരക്കഥാകൃത്തുക്കളുടെ ധൈര്യം സമ്മതിച്ച്‌ കൊടുത്തേ തീരൂ. പക്ഷേ, ഈ അവസ്ഥയിലും രസകരമായ സംഗതികളിലൂടെ പ്രേക്ഷകരെ ആസ്വാദ്യകരമായ കാര്യങ്ങള്‍ നല്‍കി പിടിച്ചിരുത്താനായി എന്നിടത്ത്‌ തിരക്കഥാകൃത്തുക്കളും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമകഴിഞ്ഞ്‌ തീയ്യറ്റര്‍ വിടുന്ന പ്രേക്ഷകര്‍ പ്രധാനകഥയെ കാര്യമായി ശ്രദ്ധിക്കാതെ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളും പേറി പോകുന്നിടത്ത്‌ ഈ സിനിമ വിജയത്തിന്റെ വഴി കാണുന്നു.

പണ്ട്‌ നടന്ന ആ കൊലപാതകം എന്തിനായി? എന്തായിരുന്നു അതിനെ സംബന്ധിച്ച്‌ അന്നത്തെ കണ്ടെത്തലുകള്‍?

കൂട്ടുകാര്‍ക്ക്‌ വേണ്ടി ജയറാം ജയിലില്‍ പോയി എന്ന് പറയുന്നുണ്ട്‌. എന്തുകൊണ്ട്‌ കൂട്ടുകാരുടെ പേരില്‍ കുറ്റം വന്നു? അവരെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുക്കാന്‍ മാത്രം അത്ര വിശാലഹൃദയത ഇദ്ദേഹത്തിന്‌ ഉണ്ടായതിന്റെ കാരണം എന്ത്‌? (വിശാലഹൃദയം ഉണ്ടാകാന്‍ ഒരു കാരണവും വേണ്ടല്ലോ...) ഈ സുഹൃത്തുക്കള്‍ക്ക്‌ ഒരിക്കലും ശരിയായ കുറ്റവാളി ആരാണെന്നോ എന്താണ്‌ സംഭവിച്ചതെന്നോ മനസ്സിലാക്കാനോ അറിയാനോ ഉള്ള ഒരു താല്‍പര്യവും ഉണ്ടായിട്ടുമില്ല. അവര്‍ക്ക്‌ തന്നെ ഉറപ്പുണ്ടായിരുന്നോ കൊലയാളിയുടെ പശ്ചാത്തലം?

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ കോളേജില്‍ പഴയ സാഹചര്യം സൃഷ്ടിക്കാന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ കൂടെ നിന്ന് സഹായിച്ചവരൊക്കെ ഈ പ്ലാനില്‍ വിശ്വസിക്കാന്‍ എന്ത്‌ കാരണം?

ക്ലൈമാക്സ്കില്‍ ജയറാമിന്റെ ഹൃദയവിശാലത എല്ലാ പരിധികളും ലംഘിച്ച്‌ വാനോളം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാമായിരുന്നില്ലേ? (സോറി.. മരണമടയാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലല്ലോ.. ഭാവിയില്‍ പ്രഖ്യാപിക്കുമായിരിക്കും)


മുകളില്‍ പറഞ്ഞ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ പിന്നീട്‌ തോന്നുമെങ്കിലും വേറെ പല രംഗങ്ങളും ഓര്‍ത്ത്‌ ചിരിക്കാന്‍ ഉള്ളതിനാല്‍ പലരും ആ ചോദ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രത്യേകത.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. മനോജ്‌ കെ ജയന്‍ പെണ്‍കുട്ടികളോട്‌ ഇടപെടുന്നത്‌ അല്‍പം ഓവറായെങ്കിലേ ഉള്ളൂ. പക്ഷേ, മറ്റ്‌ പല ഹാസ്യരംഗങ്ങളിലും ഇദ്ദേഹം മികച്ചുനിന്നു. ബിജുമേനോന്‍ ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. ബിജുമേനോന്റെ മകനായി അഭിനയിച്ച കൊച്ചുപയ്യനും രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ജയറാം ഒരു നനഞ്ഞ സെറ്റപ്പ്‌ തന്നെയായിരുന്നു. കുഞ്ചാക്കോ മോശമല്ലാതെ തന്റെ റോള്‍ കൈകാര്യം ചെയ്തു. കടും വെട്ട്‌ മുഖഭാവത്തില്‍ പത്മപ്രിയ ഒതുങ്ങിനിന്നു. സുരാജ്‌ വെഞ്ഞാര്‍മൂട്‌ തന്റെ മോശം നിലവാരം നിലനിര്‍ത്തിയപ്പോഴും ഇടയ്ക്ക്‌ രസകരമായ രംഗങ്ങളും സൃഷ്ടിച്ചു.


ഗാനങ്ങള്‍ കേമമൊന്നുമല്ലെങ്കിലും ഒരു ആഘോഷപ്രതീതി ജനിപ്പിച്ച്‌ ചിത്രത്തിന്റെ മൂഡിനോട്‌ ചേര്‍ന്ന് നിന്നു.

പൊതുവേ പറഞ്ഞാല്‍,കാമ്പില്ലാത്ത കഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്റര്‍ടൈനര്‍ ആകുന്നു ഈ ചിത്രം. തീയ്യറ്ററില്‍ പ്രേക്ഷകര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ കുറച്ച്‌ സമയം ആസ്വാദ്യകരമായ നര്‍മ്മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച തരുന്നു ഈ ചിത്രം. എങ്കിലും കഥയിലെ അവ്യക്തതയും യുക്തിക്കുറവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു കരടായി അവശേഷിക്കുകയും ചെയ്യും...


Rating: 5.5 / 10

Friday, May 06, 2011

മാണിക്യക്കല്ല്‌ (Maanikyakkallu)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം. മോഹനന്‍

നിര്‍മ്മാണം: എ. എസ്‌. ഗിരീഷ്‌ ലാല്‍

-------------------------------------------------------------------------------------
വണ്ണാമല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മന്റ്‌ സ്കൂളില്‍ പത്താം ക്ലാസ്സില്‍ എല്ലാവരും തോറ്റതിന്റെ വാര്‍ത്തകളുമായി ഈ ചിത്രം ആരംഭിക്കുന്നു.

തുടര്‍ന്നുള്ള കുറച്ചുസമയം ഈ പ്രദേശത്തെ ജനങ്ങളെയും സ്കൂളിനെയും അവിടുത്തെ അദ്ധ്യാപകരെയും കുട്ടികളേയും കുറിച്ച്‌ ഒരു ഏകദേശരൂപം നല്‍കാനായി മാറ്റിവച്ചിരിക്കുന്നു.

പലപ്രാവശ്യം കണ്ട്‌ ആസ്വദിക്കുകയും ആവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ ബോറാവുകയും ചെയ്തുതുടങ്ങുന്ന അതേ ജനജീവിതവും സാഹചര്യങ്ങളും വീണ്ടും ഇവിടെയും കാണാം. ഒരു ചായക്കട, അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ ആളുകളും അവരുടെ വര്‍ത്തമാനങ്ങളും.
സ്കൂളിലെ പ്രധാന അദ്ധ്യാപകനായി നെടുമുടി വേണു അഭിനയിക്കുന്നു. പലപ്രാവശ്യം കണ്ട വേഷമാണെങ്കിലും അദ്ദേഹം പതിവുപോലെ തന്മയത്വത്തോടെ ഇവിടെയും അഭിനയിച്ചിരിക്കുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനാണെങ്കിലും പ്രധാനപരിപാടി വളക്കച്ചവടവും കൃഷിയോടുള്ള കമ്പവും.

പ്രേക്ഷകര്‍ പലപ്രാവശ്യം കണ്ടുമടുത്ത മറ്റ്‌ പുതുമയുള്ള കഥാപാത്രങ്ങള്‍ ആ സ്കൂളിലെ മറ്റ്‌ അദ്ധ്യാപകരാണ്‌. ഡാന്‍സും പാട്ടും പഠിപ്പിക്കുന്ന ജഗദീഷ്‌ റിയാലിറ്റി ഷോയ്ക്ക്‌ വേണ്ടി ഒരു പെണ്‍കുട്ടിയെയും അതിന്റെ അമ്മയേയും കരാറെടുത്ത്‌ കൊണ്ടുനടക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വളരെ ബോറായിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലുള്ള ഒരു ടീച്ചര്‍, അദ്ധ്യാപകസംഘടനാപ്രവര്‍ത്തനമുള്ള ഒരു അദ്ധ്യാപകന്‍ (അനില്‍ മുരളി), സ്ഥലക്കച്ചവടവും മറ്റ്‌ എന്തൊക്കെയോ (ജട്ടിയെന്നോ മറ്റോ പറയുന്നുണ്ട്‌) ഇടപാടുകളുമായി നടക്കുന്ന ഒരു അദ്ധ്യാപകന്‍ (കോട്ടയം നസീര്‍), വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാക്കുന്നതും പ്രധാന തൊഴിലാക്കിയ ഒരു മുസ്ലീം അദ്ധ്യാപകന്‍ (അനൂപ്‌ ചന്ദ്രന്‍.. പണിയെടുത്ത്‌ അദ്ദേഹത്തിന്റെ നടുവൊടിഞ്ഞു... എന്നും നടുവേദനയാണത്രേ), പിന്നെ കോഴിവളര്‍ത്തലും മുട്ടക്കച്ചവടവും പ്രധാന ഇനമായി കൊണ്ടുനടക്കുന്ന പി.ടി. ടീച്ചറായി സംവൃതസുനിലും. അവിടെയുള്ള പ്യൂണായി സലിം കുമാര്‍. ആളുകളെക്കൊണ്ട്‌ ബഹുമാനത്തോടെ വിളിപ്പിക്കാനായി ഗസറ്റില്‍ പേര്‌ മാറ്റി 'തമ്പുരാന്‍' എന്നാക്കിയതാണത്രേ ഇദ്ദേഹം.

നാട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടാത്ത ഈ സ്കൂളില്‍ ആര്‍ക്കോ വേണ്ടി പഠിക്കുന്ന കുറച്ച്‌ കുട്ടികള്‍.

ഈ സെറ്റപ്പിലേയ്ക്കാണ്‌ വിനയചന്ദ്രന്‍ മാഷായി പൃഥ്യിരാജ്‌ എത്തുന്നത്‌.

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ ഘടനതന്നെ പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ കാര്യങ്ങളുടെ സൂചനകൊടുക്കുന്ന രീതിയില്‍ പറയുകയും വ്യക്തമായി വരാന്‍പോകുന്ന സംഗതികളുടെ രൂപം നല്‍കുകയും ചെയ്യുന്നതാകുകയാല്‍ വളരെ നിസ്സംഗഭാവത്തില്‍ ഇരുന്ന് സിനിമ കാണാം.

ചായക്കടക്കാരന്‍ (ഇന്ദ്രന്‍സ്‌) അവിടെ ചായകുടിക്കാനെത്തുന്ന ഒരു അദ്ധ്യാപകനോട്‌ പറയുന്ന ഒരു ഡയലോഗ്‌ "സൈഡ്‌ ബിസിനസ്സൊക്കെ തീരാറായി... പുതിയ മാഷ്‌ വരുന്നുണ്ട്‌. വിനയചന്ദ്രര്‍.."

ചോദ്യം: ഇത്‌ കേട്ടാല്‍ പ്രേക്ഷകര്‍ എന്ത്‌ മനസ്സിലാക്കണം?
ഊഹം: "ഈ വരുന്നത്‌ ഒരു പുലിയാണ്‌.. ഈ മാഷ്‌ വന്നാല്‍ പിന്നെ ഇവിടെ വേറൊരു പരിപാടിയും നടക്കില്ല" എന്ന്. "അതെന്താ അങ്ങനെ?" എന്ന് ചോദിക്കരുത്‌. കാരണം, വരുന്നത്‌ ഹീറോയാണ്‌.

സ്കൂളിലെ അച്ചടക്കമില്ലാത്ത അനുസരണയില്ലാത്ത കുട്ടികളുടെ ക്ലാസ്സില്‍ വിനയചന്ദ്രന്‍ മാഷ്‌ വരുന്നു. കുട്ടികളുമായി സംവദിക്കുന്നു, കാര്യങ്ങള്‍ മനസ്സിലാക്കുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കും?
ഊഹം: "ഈ കുട്ടികളെയൊക്കെ ഇദ്ദേഹം മിടുക്കന്മാരും മിടുക്കികളുമാക്കും"

കള്ളവാറ്റ്‌ നടത്തുന്ന സ്ഥലത്തെ ഒരു പ്രധാനിയുടെ (ജഗതി ശ്രീകുമാര്‍) കയ്യാളായി പ്രവര്‍ത്തിക്കുന്ന തലതിരിഞ്ഞ ഒരു പയ്യന്‍. ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ കാണാന്‍ ചെല്ലുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കാം?
ഊഹം: "ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ സ്നേഹിച്ച്‌ കൊല്ലും.. എന്നിട്ട്‌ നേര്‍വഴിക്ക്‌ നടത്തും. ഈ പയ്യന്‍ ചിലപ്പോള്‍ പോലീസ്‌ കേസുള്‍പ്പെടെയുള്ള കുഴപ്പങ്ങളില്‍ ചെന്ന് ചാടാം. അവിടെയൊക്കെ രക്ഷകനായി മാഷ്‌ വരുമായിരിക്കും"

മാഷ്‌ ഈ സ്കൂളിലെ അദ്ധ്യാപകരോട്‌ സംസാരിക്കുന്നു. സ്കൂള്‍ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രമം ആരംഭിക്കുന്നു.

ചോദ്യമില്ല, ഊഹം മാത്രം.. "അദ്ധ്യാപകരൊക്കെ നേരെയാവാം"

ചാരായം വാറ്റുന്ന സ്ഥലത്തെത്തി കുട്ടികളെ ഉപയോഗിച്ച്‌ അത്‌ കടത്താനുള്ള ശ്രമത്തെ മാഷ്‌ എതിര്‍ക്കുന്നു.

ഊഹം: "ഈ മാഷ്‌ അടി എപ്പോഴെങ്കിലും മേടിക്കും. അപ്പോള്‍ എല്ലാവരേയും ഇടിച്ച്‌ പപ്പടമാക്കുമോ ആവോ? ഈശ്വരാ.. അങ്ങനെ സംഭവിക്കല്ലേ?" (ഇത്‌ സിനിമ നന്നാവണേ എന്ന് ആഗ്രഹമുള്ള ഒരു പാവം പ്രേക്ഷകന്റെ മനോഗതം)

"ആദ്യ പോസ്റ്റിംഗ്‌ തന്നെ എന്തിന്‌ ഇങ്ങനെയൊരു സ്കൂളില്‍ തന്നെ വേണം എന്ന് വച്ചു?" ഈ ചോദ്യം സിനിമയിലെ ഒരു കഥാപാത്രം തന്നെ ചോദിക്കുന്നതാണ്‌. അതിന്‌ വിനയചന്ദ്രന്‍ മാഷുടെ ഉത്തരം എന്തായിരുന്നാലും പ്രേക്ഷകന്റെ ഊഹം ഇങ്ങനെ: "ഇവിടെ മാഷിന്‌ എന്തോ പൂര്‍വ്വകാലവുമായി ബന്ധപ്പെട്ട ഒരു സെറ്റപ്പുണ്ട്‌"

മുകളില്‍ സൂചിപ്പിച്ചതെല്ലം ഒരു സാധാരണപ്രേക്ഷകന്‍ ഊഹിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണെന്നേയുള്ളൂ. ഈ ഊഹങ്ങളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല.. എങ്കിലും.....

പിന്നീട്‌ ഗുണ്ടകളുടെ അടികൊണ്ട്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ വരുന്ന പി.ടി. ടീച്ചറെ വിനയന്‍ മാഷ്‌ "ചന്തൂ.." എന്നൊരു വിളി വിളിച്ചതോടെ പ്രേക്ഷകര്‍ക്ക്‌ ആ പൂര്‍വ്വകാല സെറ്റപ്പ്‌ പിടികിട്ടി. ഛേ... ഛേ... അതൊന്നുമല്ല പ്രധാനകാര്യം. വേറെയും വികാരപരമായ സംഗതികളുണ്ട്‌. സസ്പെന്‍സാണ്‌. പ്രേക്ഷകര്‍ക്കല്ല സസ്പെന്‍സ്‌... ഈ റിവ്യൂ വായിക്കുന്നവര്‍ക്ക്‌. പ്രേക്ഷകര്‍ക്ക്‌ കാര്യങ്ങള്‍ അപ്പോള്‍ തന്നെ പിടികിട്ടും. വിനയചന്ദ്രന്‍ മാഷ്‌ വന്നതെന്താണെന്നും മറ്റും വ്യകതമായി വിവരിച്ചു തരും. നോ കണ്‍ ഫ്യൂഷന്‍സ്‌ പ്ലീസ്‌...

കുറച്ച്‌ കഴിയുമ്പോഴേയ്ക്കും നാട്ടുകാരും അദ്ധ്യാപകരും കുട്ടികളുമൊക്കെ നന്നായി എന്ന് ചായക്കടക്കാരന്‍ തന്നെ പ്രഖ്യാപിക്കുന്നു. അപ്പോള്‍ പ്രേക്ഷകരും സമ്മതിച്ചോളണം. "സമ്മതിച്ചു"

ഇനിയാണ്‌ ക്ലൈമാക്സിലേയ്ക്കുള്ള കാര്യങ്ങള്‍:

കുട്ടികളെല്ലാം പരീക്ഷയെഴുതി ഉന്നതമാര്‍ക്ക്‌ വാങ്ങി പാസ്സാകുമോ?

വിനയചന്ദ്രന്‍ മാഷ്‌ വന്ന തന്റെ ദൗത്യം വിജയിക്കുമോ?


-------------------------------------------------------------------------------------

വളരെ സാധാരണമായ ഒരു കഥ. കൃത്യമായി ഊഹിക്കാവുന്ന കഥാഗതിയും സംഭവങ്ങളും. പ്രതീക്ഷിച്ചപോലുള്ള നനഞ്ഞ ക്ലൈമാക്സ്‌. ഇതൊക്കെ ഈ സിനിമയുടെ മാറ്റ്‌ കുറയ്ക്കുന്നു.

കണ്ണ്‍ നനയ്ക്കുകയും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായ രണ്ട്‌ മൂന്ന് രംഗങ്ങള്‍, രസകരവും പൊട്ടിച്ചിരി സൃഷ്ടിക്കുന്നതുമായ നാലഞ്ച്‌ സീനുകള്‍, അര്‍ത്ഥഗര്‍ഭവും പ്രാധാന്യമുള്ളതുമായ മൂന്ന് നാല്‌ ഡയലോഗുകള്‍, കൊള്ളാവുന്ന ഒന്ന് രണ്ട്‌ പാട്ടുകള്‍, ഗൃഹാതുരത്വമുണ്ടാക്കാവുന്ന ഗ്രാമവും സ്കൂളും. ഇതൊക്കെയാണ്‌ ഈ സിനിമയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങള്‍.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. പൃഥ്യിരാജ്‌ വിനയന്‍ മാഷിനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്ന് രണ്ട്‌ പാട്ടുകളില്‍ ഡാന്‍സ്‌ കളിച്ച്‌ ആ മാഷ്‌ ഇമേജിനെ ഒന്ന് ഡാമേജ്‌ ആക്കി.

എത്രയൊക്കെ അടുപ്പവും പ്രായവ്യത്യാസവുമുണ്ടെങ്കിലും ഒരു അദ്ധ്യാപകനെ എല്ലാവരും ഒരേപോലെ വിളിക്കുന്ന 'മാഷേ' എന്ന ഒരു വിളീയുണ്ടല്ലോ. അതാണ്‌ ഒരു അദ്ധ്യാപകന്റെ ഏറ്റവും വലിയ നേട്ടം. അതും ഈ സിനിമയില്‍ എടുത്ത്‌ കളഞ്ഞു. 'വിനയചന്ദ്രാ..' എന്ന് വിളിക്കുന്ന പ്യൂണ്‍, പ്രധാന അദ്ധ്യാപകനെ ഭാര്യപോലും 'മാഷേ' എന്ന് വിളിക്കുമ്പോള്‍ 'ചേട്ടാ' എന്ന് വിളിക്കുന്ന നാട്ടുകാര്‍, ഇതൊക്കെ ഒരല്‍പ്പം വ്യത്യസ്തമായിരിക്കുന്നു.

പ്രതീക്ഷിച്ച ക്ലൈമാക്സിന്‌ ഒരു അനാവശ്യ വലിച്ചുനീട്ടല്‍. 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ അവസാനരംഗം തന്നെ മറ്റൊരു രൂപത്തില്‍ ഇവിടെയും പകര്‍ത്തിയിരിക്കുന്നു. മാഷെ തേടിയുള്ള എല്ലാവരുടേയും ആ വരവ്‌.. ഹോ.......

കുറച്ച്‌ കൂടി കാമ്പുള്ള കഥയും സന്ദര്‍ഭങ്ങളും കുറേക്കൂടി തീവ്രമായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നങ്കില്‍ ഈ സിനിമയുടെ സ്വീകാര്യത വളരെയധികം ഉയരുമായിരുന്നു എന്ന് തോന്നുന്നു.

പ്രത്യേക കുറിപ്പ്‌: 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ഒരു ചിത്രം കാണാന്‍ സാധിച്ചിട്ടുള്ളവര്‍ പിന്നെ ഈ ചിത്രം കണ്ടാല്‍ അത്ഭുതപരതന്ത്രരാകും. പച്ചയായ കോപ്പിയടിയെ 'യാദൃശ്ചികത' എന്ന്‌ വിളിക്കാമെങ്കില്‍ യാദൃശ്ചികമായ ഒരുപാട്‌ സാമ്യങ്ങള്‍ (കഥാപാത്രങ്ങളടക്കം) മാണിക്യക്കല്ല്‌ എന്ന ചിത്രത്തില്‍ കാണാം... വളരെ യാദൃശ്ചികമായി 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രം ടി.വി. യില്‍ കാണാന്‍ ഇടയായതിനാലാണ്‌ ഈ പ്രത്യേക കുറിപ്പ്‌ ഇവിടെ ചേര്‍ക്കുന്നത്‌. 'ചിത്രശലഭങ്ങളുടെ വീട്‌' എന്ന ചിത്രത്തിന്‌ ഒരു ഹൃദയത്തില്‍ തൊട്ടുള്ള സല്യൂട്ട്‌... (എം. മോഹനന്‍ ഇതൊക്കെ കണ്ടുപഠിക്കുന്നത്‌ വിരോധമില്ലായിരുന്നു, പക്ഷേ, പകര്‍ത്താന്‍ വേണ്ടിയുള്ള കണ്ടുപഠിക്കലാകരുതായിരുന്നു)

Rating : ( 5 / 10 )

Sunday, May 01, 2011

സിറ്റി ഓഫ്‌ ഗോഡ്‌ (City of God)



കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
നിര്‍മ്മാണം: എം അനിത, അനില്‍ മാത്യു

"സിനിമാരംഗത്ത്‌ വളര്‍ന്ന്‌ വരുന്ന ഒരു നടി (റീമാ കല്ലിങ്ങല്‍). അവരുടെ ഭര്‍ത്താവ്‌ തണ്റ്റെ ബിസിനസ്സിനോ മറ്റ്‌ പണത്തിണ്റ്റെ ഭീമമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ നടിയെ വളരെ അടുത്ത പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ട്‌. അതില്‍ ഒരു പ്രധാനി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖനായ ഒരാളാണ്‌. ഇയാല്‍ പണ്ട്‌ ഈ നടിയെ പ്രേമിച്ചിരുന്നതും പിന്നീട്‌ എന്തുകൊണ്ടോ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പറയുന്നുണ്ട്‌. ഇയാളുടെ അടുത്ത സുഹൃത്തും ഇദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതുമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ജ്യോതിലാല്‍ (പൃഥ്വിരാജ്‌) ഒരു വസ്തുക്കച്ചവടം നടത്തുന്നതിനായി ഇടപെടുന്നു. അതിണ്റ്റെ തര്‍ക്കങ്ങളുടെ ഭാഗമായി മറ്റൊരു പ്രമുഖനായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരനെ കൊലചെയ്യുന്നു. ഇയാളുടെ ഭാര്യ (ശ്വേതാ മേനോന്‍), പ്രതികാരത്തിനുവേണ്ടി ചിലരെ ഉപയോഗിക്കുന്നു.

തമിഴ്‌ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍(ഇന്ദ്രജിത്‌) ആ കൂട്ടത്തിലെ മരതകവുമായി (പാര്‍വ്വതി) ഇഷ്ടത്തിലാണ്‌. മരതകം വിവാഹം കഴിഞ്ഞ്‌ ഒരു കുട്ടിയുള്ളതാണെങ്കിലും അവരുടെ ഭര്‍ത്താവ്‌ ദുഷ്ടനും ദുര്‍ന്നടപ്പുകാരനും കുറേ ചിന്നവീടുമുള്ള ഒരു പോലീസുകാരനാണ്‌. കുട്ടി നാട്ടില്‍ അമ്മൂമ്മയോടൊപ്പമാണ്‌. ഈ തമിഴ്‌ ഗ്രൂപ്പിലെ ഒരു പ്രധാനിയായ സ്ത്രീയായി രോഹിണിയുണ്ട്‌."


ഈ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പല പല കഷണങ്ങളായി മുറിച്ച്‌ പല ഭാഗങ്ങളില്‍നിന്നായി കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുവരും. ഈ കൂട്ടിയോജിപ്പിക്കലുകള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. അതിന്നിടയില്‍ പല ഡയലോഗുകളും വ്യക്തമാകില്ല. അതില്‍ ഇത്ര മനസ്സിലാക്കാനൊന്നുമില്ലെന്ന് തന്നെയാണ്‌ ഉദ്ദേശം എന്നുതോന്നുന്നു. അത്‌ മനസ്സിലാകാത്തതുകൊണ്ട്‌ സിനിമ വ്യക്തമായില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. വളരെ ബ്രില്ല്യണ്റ്റ്‌ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ വേണം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌.

കൊച്ച്‌ കുട്ടികളുടെ ബുദ്ധി നിലവാരം വികസിപ്പിക്കുന്നതിന്‌ വലിയ ഒരു ഇമേജ്‌ കുറേ കഷണങ്ങളാക്കി കൊടുത്ത്‌ ഒന്നിപ്പിച്ചെടുക്കാന്‍ പറയുന്ന ഒരു സംഗതിയുണ്ട്‌. അതുപോലെ, ഈ സിനിമയിലും ചിതറിക്കിടക്കുന്ന സീനുകളെ ഇടയ്ക്കിടയ്ക്ക്‌ പല കഥാപാത്രങ്ങളുടെ ജീവിതകോണില്‍ നിന്നോ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നോ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച്‌ ഒരിടത്തെത്തിക്കും. പിന്നീട്‌ ഒരു ബന്ധവുമില്ലാത്ത വേറൊരു സംഭവം കാണിക്കും. ആ സംഭവത്തെ പ്രധാന കഥയുമായി ബന്ധിപ്പിക്കാനായി വീണ്ടും പല ഭാഗത്തുനിന്നും കഥാസന്ദര്‍ഭങ്ങളെയോ സംഭവങ്ങളേയോ കൊണ്ട്‌ വന്ന് യോജിപ്പിക്കും. ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ഇതാണ്‌ സിറ്റി ഒാഫ്‌ ഗോഡ്‌ എന്ന ഈ സിനിമ.

വ്യത്യസ്തമായ ഒരു അവതരണരീതി ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാതെ ഇങ്ങനേയും പറയാം എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നു. പക്ഷേ, എന്തിനായിരുന്നു ഇങ്ങനെയൊരു കൃത്യം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ മനസ്സിലാകാതെ അവന്‍ അന്തം വിട്ട്‌ കഷ്ടപ്പെടും.

വളരെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ഒന്നും മനസ്സിലാകില്ല. 'ഇതെന്താ സംഭവം? ഇതെന്താ കാണിച്ചത്‌ തന്നെ കാണിക്കുന്നേ?' എന്ന് അവന്‍ മണ്ടനെപ്പോലെ പലപ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. (എണ്റ്റെ ഒരു കസിന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട്‌ ഇത്‌ എണ്റ്റെ നേരിട്ടുള്ള അനുഭവമാണ്‌). സാമാന്യമായ കലാസ്വാദനകഴിവില്ലാത്ത പാവം മണ്ടന്‍ പ്രേക്ഷകന്‍. ആദ്യമൊക്കെ ഈ ചോദ്യം ചോദിക്കുന്നത്‌ നല്ല സിനിമ ഗ്രഹിക്കാനുള്ള കഴിവുകേടാണെന്ന് തോന്നുന്നതിനാള്‍ അതിനുവേണ്ട വിശദീകരണം കൊടുക്കാന്‍ ബുദ്ധിമുട്ടില്ല. 'ഒരേ സന്ദര്‍ഭത്തെ പല കഥാപത്രങ്ങളുടെ ആങ്കിളുകളില്‍ നിന്നും അവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും കൊണ്ടുവന്ന് സംയോജിപ്പിക്കുന്നതാണ്‌' എന്ന് പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കാം. പക്ഷേ, ഈ സംഗതികള്‍ തുടരുകയും ഇതേ ചോദ്യം തുടരുകയും ചെയ്യുമ്പോള്‍ ബുദ്ധിനിലവാരവും ആസ്വാദനക്ഷമതയും കൂടുതലുണ്ടെന്ന് അഹങ്കരിക്കുന്ന പ്രേക്ഷകന്‍ (ഉദാഹരണത്തിന്‌ 'ഞാന്‍' എന്ന് വയ്ക്കുക) കുറച്ച്‌ ആവലാതിയോടെ തല ചൊറിഞ്ഞ്‌ ടെന്‍ഷനടിക്കും.

സ്വര്‍ണ്ണവേ‍ലുവും മരതകവും അടങ്ങുന്ന കഥാതന്തുവിലെ പല രംഗങ്ങളും നീണ്ട്‌ നീണ്ട്‌ ബോറടിപ്പിച്ച്‌ അവശരാക്കും.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌.

പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അപകടമാണ്‌.

ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ഈ സിനിമ കാണാനായി തീയ്യറ്റര്‍ തപ്പി കണ്ടുപിടിക്കേണ്ടി വരികയും ശുഷ്കമായ ഷോ മാത്രമുള്ളതില്‍ ഒരു ഷോയ്ക്ക്‌ കയറി വിരളമായ പ്രേക്ഷകര്‍ക്കിടയിലിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളടങ്ങുന്ന ചില കുടുംബപ്രേക്ഷകര്‍ ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുന്ന കാഴ്ച ഈ അപകടാവസ്ഥയുടെ സൂചനയാണ്‌. അതുപോലെ തന്നെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയകണ്ട്‌ അന്തം വിട്ട്‌ ചിരിക്കുകയും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ 'ഈ സിനിമ എന്തൂട്ടാ? എന്താ ഇതിണ്റ്റെ കഥ?' എന്ന് ചോദിക്കുകയും ചെയ്യുന്ന പാവപ്പെട്ട മണ്ടന്‍ പ്രേക്ഷകരാണ്‌ പൊതുവേ തീയ്യറ്ററുകളില്‍ കൂടുതലായും എത്തുന്നത്‌ എന്ന സത്യവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

Rating: 5 / 10