Thursday, March 27, 2014

പ്രെയ്സ്‌ ദി ലോര്‍ഡ്‌ (Praise the Lord)


സംവിധാനം : ഷിബു ഗംഗാധരന്‍
നിര്‍മ്മാണം: മിലന്‍ ജലീല്‍
തിരക്കഥ: ടി.പി. ദേവരാജന്‍ (സക്കറിയയുടെ പ്രയ്സ്‌ ദി ലൊര്‍ഡ്‌ എന്ന കഥയുടെ ആവിഷ്കാരം)

ഈ ചിത്രത്തെക്കുറിച്ച്‌ വിശദമായ ഒരു അവലോകനം എഴുതാന്‍ ഉദ്ദേശമില്ല.
പല സുഹൃത്തുക്കളും ഈ സിനിമ കളിക്കുന്നതിണ്റ്റെ പ്രദേശത്തേയ്ക്ക്‌ പോകരുതെന്ന് വിലക്കിയിട്ടും ഒരു പ്രത്യേക സാഹചര്യത്തില്‍ ഫാമിലിയായി ഞാന്‍ ഈ ചിത്രം കാണേണ്ടിവന്നു.

ആസ്വാദ്യകരമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ചിത്രമായി ഇത്‌ അനുഭവപ്പെട്ടു എന്നത്‌ കൂടാതെ പലപ്പോഴും ഈ ചിത്രം അസഹനീയവുമായിരുന്നു. ഇടയ്ക്ക്‌ വെച്ച്‌ ഇറങ്ങിപ്പോകുന്ന കാര്യം പലരും അവരുടെ സഹധര്‍മ്മിണികളുമായി കൂടിയാലോചിക്കുന്നത്‌ കാണാമായിരുന്നു. പിന്നെ, പുറത്തുള്ള ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തീയ്യറ്ററിനുള്ളിലെ ഈ ത്യാഗമാണ്‌ ഭേദമെന്ന് തോന്നിയതിനാല്‍ പലരും മനസ്സില്ലാ മനസ്സോടെ അവിടെ തന്നെ പിറുപിറുത്തുകൊണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. 

മലമ്പ്രദേശത്ത്‌ നല്ല സ്വത്തും കൃഷിയുമെല്ലാമുള്ള ജോയ്‌, തണ്റ്റെ ഭാര്യയോടും രണ്ട്‌ കുട്ടികളോടുമൊപ്പം ആ പ്രദേശത്ത്‌ സുഖിച്ച്‌ അങ്ങനെ ചമഞ്ഞ്‌ ജീവിക്കുന്നു.

ഇവര്‍ക്കിടയിലേയ്ക്ക്‌ ഡല്‍ഹിയില്‍ നിന്ന് ഒരു കമിതാക്കള്‍ എത്തുന്നു. പെണ്‍കുട്ടി വളരെ പുരോഗമനവും പയ്യന്‍ ദൈവദാസണ്റ്റെ അവസ്ഥയും (അലുവയും ചാളക്കറിയും പോലുള്ള കോമ്പിനേഷന്‍).

തുടര്‍ന്ന് ജോയിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാനോ രസിപ്പിക്കാനോ സാധിക്കാത്ത വിധത്തിലാണ്‌ ഈ ചിത്രത്തിണ്റ്റെ തിരക്കഥയും സംവിധാനവുമെല്ലാം സംഭവിച്ചിരിക്കുന്നത്‌.

കൂടുതല്‍ ഒന്നും പറയാനില്ല... കഷ്ടമായിപ്പോയി!

Rating: 3 / 10 

ഒാം ശാന്തി ഒാശാന


സംവിധാനം: ജൂഡ്‌ ആണ്റ്റണി ജോസഫ്‌
തിരക്കഥ: മിഥുന്‍ മാനുവല്‍ ജോസഫ്‌, ജൂഡ്‌ ആണ്റ്റണി ജോസഫ്‌
കഥ: മിഥുന്‍ മാനുവല്‍ ജോസഫ്‌
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി

ജനനം മുതല്‍ ഒരു ആണ്‍ സ്വഭാവങ്ങള്‍ക്ക്‌ പ്രാമുഖ്യമുള്ള ഒരു പെണ്‍കുട്ടിയായ പൂജാ മാത്യൂസ്‌ (നസ്രിയ നാസിം) ആണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം. ഈ പെണ്‍കുട്ടിയിലൂടെ, ഈ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടുകളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌.

ഗംഭീരമായ കഥാപശ്ചാത്തലങ്ങളോ പ്രേക്ഷകനെ അത്ഭുതപ്പെടുത്താവുന്ന സസ്പെന്‍സുകളോ ഒന്നും ഇല്ലെങ്കിലും ഒരു ചെറു ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു മികച്ച അനുഭവമാകുന്നു ഈ ചിത്രം.

മകളുടെ വഴിക്ക്‌ തടസ്സം നില്‍ക്കാത്ത പൂജയുടെ അച്ഛന്‍ (രഞ്ജി പണീക്കര്‍) പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

പൂജയ്ക്ക്‌ ഇഷ്ടം തോന്നുന്ന ഗിരി എന്ന ചെറുപ്പക്കാരനായി നിവിന്‍ പോളിയും നാട്ടിലെ തരികിടയായി അജു വര്‍ഗ്ഗീസും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

വിനീത്‌ ശ്രീനിവാസനും തണ്റ്റെ റോള്‍ ഭംഗിയാക്കി.

ഷാന്‍ റഹ്മാണ്റ്റെ സംഗീതവും ചിത്രത്തോട്‌ യോജിച്ചുനിന്നു.

ആദ്യാവസാനം പ്രേക്ഷകരെ മുഷിപ്പിക്കാതെ പലപ്പോഴും രസകരമായ അനുഭവങ്ങള്‍ നല്‍കുകയും ചെയ്തതിനാല്‍ തന്നെ ഈ ചിത്രം പ്രേക്ഷക പ്രശംസ നേടി.

Rating : 6 / 10 

Saturday, March 15, 2014

ഹാപ്പി ജേര്‍ണി (Happy Journey)

സംവിധാനം: ബോബന്‍ സാമുവല്‍
രചന: അരുണ്‍ ലാല്‍ 
നിര്‍മ്മാണം: ആഷിക്‌ ഉസ്മാന്‍

ഒരു ക്രിക്കറ്റ്‌ കളിക്കാരനാകാന്‍ മോഹിച്ച്‌ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്ക്‌ ഒരു അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുകയും തുടര്‍ന്ന്‌ തണ്റ്റെ മോഹം മനസ്സില്‍ സൂക്ഷിക്കേണ്ടിവന്നെങ്കിലും പിന്നീട്‌ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്കുള്ള ഒരു യാത്രയായി ജീവിതം തുടരുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

ഈ യാത്രക്കിടയില്‍ പല സന്ദര്‍ഭങ്ങളും ഭാഗ്യങ്ങളും കൈവിട്ടുപോകുന്നുവെങ്കിലും ഒടുവില്‍ തണ്റ്റെ ലക്ഷ്യം സാധിക്കുന്നതിലേയ്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുന്നിടത്താണ്‌ ഈ ചിത്രം അവസാനിക്കുന്നത്‌.

ഈ യാത്രയില്‍ കാണുന്ന പലരെയും കാഴ്ചയില്ലാതെ തന്നെ പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്യുന്നതും ചിത്രത്തിണ്റ്റെ ഭാഗമാണ്‌.

ഈ ചിത്രം ആദ്യപകുതിക്ക്‌ ശേഷം പ്രേക്ഷകണ്റ്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുകയും കാര്യമായ ആസ്വാദനസുഖങ്ങളില്ലാതെ സമാപിക്കുകയും ചെയ്യുന്നു.

യുക്തിയെ ചോദ്യം ചെയ്യുന്ന പല ഘട്ടങ്ങളും ഈ ചിത്രത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും ചില സീനുകളില്‍ പ്രേക്ഷകനെ ചിരിപ്പിക്കാനാകുന്ന ഹാസ്യങ്ങളും കാണാം.

വില്ലന്‍ കഥാപാത്രമായ മന്ത്രിയുടെ പ്രതികാരവും മനം മാറ്റവുമെല്ലാം കണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടു തന്നെ.

ജയസൂര്യ മികച്ച പ്രകടനം കാഴ്ച വെച്ചതോടൊപ്പം ലാല്‍, ബാലു തുടങ്ങിയവരും ഇവരുടെ കൂട്ടുകാരനായി അഭിനയിച്ച പയ്യന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

Rating : 4 / 10

1983

കഥ, സംവിധാനം: അബ്രിഡ്‌ ഷൈന്‍
തിരക്കഥ: അബ്രിഡ്‌ ഷൈന്‍, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: സംസുദ്ദീന്‍

ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ കാലഘട്ടത്തിലും അതിന്‌ ശേഷവും ക്രിക്കറ്റ്‌ ജീവിതമായി കൊണ്ട്‌ നടന്ന ഒരു തലമുറ നേരില്‍ കാണുകയും അതില്‍ അല്‍പമെങ്കിലും ഭാഗഭാക്കാകുകയും ചെയ്തവര്‍ക്കും ക്രിക്കറ്റിനെ നേരിട്ടും അല്ലാതെയും പരിചയമുള്ളവര്‍ക്കും ഒരു സുഖമുള്ള അനുഭൂതിയായിരുന്നു ഈ ചിത്രം.

ക്രിക്കറ്റിണ്റ്റെ ഭ്രാന്തില്‍ ജീവിതത്തില്‍ പല കഷ്ട നഷ്ടങ്ങളും സംഭവിച്ച നിരവധി പേര്‍ നമുക്കിടയിലുണ്ട്‌. പക്ഷേ, അതിലൊരാള്‍ തണ്റ്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ തണ്റ്റെ മകനിലൂടെ തണ്റ്റെ സ്വപ്നവും വിജയവും നെയ്തെടുക്കുന്ന കാഴ്ച മനോഹരമണ്‌.

 എതിര്‍പ്പുകള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കുമിടയില്‍ ജീവിതത്തിണ്റ്റെ കഠിനപരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ സാന്ത്വനമായി പലരും നമുക്കിടയിലുണ്ടാകാറുണ്ട്‌. ആ സാന്ത്വനവും താങ്ങും പലരെയും അവരുടെ ദുരിതങ്ങളില്‍ നിന്ന്‌ കരകയറാനും സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാനും പ്രാപ്തമാക്കാറുമുണ്ട്‌. ഈ ചിത്രം അങ്ങനെ ഒരു അനുഭവസുഖം കൂടി പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നു.

ക്രിക്കറ്റിനോടൊപ്പം തന്നെ അതിണ്റ്റെ പ്രാണവായുവായ സച്ചിന്‍ ടെണ്ടുല്‍ ക്കറും പ്രേക്ഷകനെ ഒരുപാട്‌ സ്വാധീനിച്ചിട്ടുണ്ട്‌. ആ സ്വാധീനം വേണ്ടവിധം ഉപയോഗപ്പെടുത്തുവാന്‍ കാണിച്ചിരിക്കുന്ന മിടുകക്കാണ്‌ ഇതിണ്റ്റെ പിന്നണിപ്രവര്‍ത്തകരുടെ വിജയം.

നിവിന്‍ പോളി പക്വതയോടെ തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം നിവിണ്റ്റെ മകനായി അഭിനയിച്ച ബാലതാരവും മികച്ചു നിന്നു.

Rating 6.5/10