Wednesday, April 01, 2015

ഒരു വടക്കന്‍ സെല്‍ഫി


രചന: വിനീത്‌ ശ്രീനിവാസന്‍
സംവിധാനം : ജി പ്രജിത്ത്‌

പഠിക്കാന്‍ വിമുഖനായ ഒരു യുവാവ്‌ (നിവിന്‍ പോളി) വായില്‍ നോക്കിയായി പരീക്ഷയെല്ലാം തോറ്റ്‌ നടന്ന് സിനിമാ ഡയറക്ടറാകാനൊക്കെ ആഗ്രഹിച്ച്‌ ഷോര്‍ട്ട്‌ ഫിലിം ഒക്കെ ചെയ്ത്‌ കൂട്ടുകാരുമായി നടന്ന് വീട്ടുകാര്‍ക്ക്‌ ഉപകാരമില്ലാതെ ജീവിക്കുന്നതുമൊക്കെയായി ആദ്യത്തെ കുറേ സമയം ഈ ചിത്രത്തിണ്റ്റെ കഥ വികസിക്കുന്നു. ഈ ഭാഗങ്ങളിലെല്ലാം ഉണ്ടാകുന്ന ഹാസ്യരംഗങ്ങള്‍ ആസ്വാദ്യകരമാണ്‌.

അങ്ങനെയുള്ള ഈ യുവാവിണ്റ്റെ തൊട്ടപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ എത്തുന്ന ഒരു സുന്ദരി പെണ്‍കുട്ടിയില്‍ ഈ യുവാവിന്‌ താല്‍പര്യം തോന്നുന്നു. വീട്ടില്‍ വെറുതേ ഇങ്ങനെ നിക്കാന്‍ പറ്റില്ല എന്ന നിലപാടില്‍ അച്ഛന്‍ എത്തുകയും അദ്ദേഹത്തെ സഹായിക്കാന്‍ കടയിലേയ്ക്ക്‌ പോകേണ്ടിവരികയും ചെയ്യും എന്ന സ്ഥിതിയില്‍ ഈ യുവാവ്‌ നാട്‌ വിട്ട്‌ ചെന്നൈ പോകാന്‍ ട്രയിന്‍ കയറുന്നു.

ട്രെയിനില്‍ വച്ച്‌ അവിചാരിതമായി അയല്‍ വീട്ടിലെ പെണ്‍കുട്ടിയെ കാണുകയും അവള്‍ ചെന്നൈയില്‍ ഒരു ഇണ്റ്റര്‍ വ്യൂവിന്‌ പോകുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി യുവാവിനെ കൂടുതല്‍ സംസാരിക്കാനോ ഇടപെടാനോ അനുവദിക്കുന്നില്ല. ഇതിന്നിടയില്‍ ഈ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി തണ്റ്റെ മൊബൈലില്‍ ഒരു സെല്‍ഫി എടുത്ത്‌ നാട്ടിലെ സുഹൃത്തിന്‌ അയച്ച്‌ കൊടുക്കുന്നു. ചെന്നൈയില്‍ കുറേ കറങ്ങിത്തിരിഞ്ഞ്‌ സിനിമാമോഹത്തിന്‌ ഭംഗം വന്ന് ഈ യുവാവ്‌ നാട്ടില്‌ തിരിച്ചെത്തുമ്പോഴേയ്ക്ക്‌ അവിടെ സ്ഥിതി വഷളായിക്കഴിഞ്ഞിരുന്നു.
അയല്‍ വീട്ടിലെ പെണ്‍കുട്ടി ഇത്‌ വരെ തിരിച്ചെത്തിയിട്ടില്ല എന്നതും എവിടെയാണെന്ന് അറിയില്ലെന്നതും പ്രശ്നമായതോടെ ഈ യുവാവിണ്റ്റെ സുഹൃത്ത്‌ മൊബൈലില്‍ അയച്ച്‌ കിട്ടിയ ഫോട്ടോ വച്ച്‌ അവര്‍ രണ്ടുപേരും കൂടി പ്രേമിച്ച്‌ നാടുവിട്ടതാണെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം ചെയ്യലില്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ അവസാനം ഉപായമെന്ന തരത്തില്‍ താനും ആ കുട്ടിയും കൂടി നാട്‌ വിട്ടതാണെന്നും വീട്ടുകാരെ സമ്മതിപ്പിച്ച്‌ കല്ല്യാണം നടത്താന്‍ നാട്ടില്‍ തിരിച്ച്‌ വന്നതാണെന്നും ഇയാള്‍ പറയുന്നു. പക്ഷേ, നാട്ടിലെ പാര്‍ട്ടിക്കാര്‍ പിറ്റേന്ന് ചെന്നൈയിലേയ്ക്ക്‌ കൂടെ വന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ തയ്യാറാകുന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ ഈ യുവാവ്‌ വീണ്ടും നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച്‌ ചെന്നൈയിലേയ്ക്ക്‌ വണ്ടി കയറുന്നു. കൂടെ സുഹൃത്തും ചേരുന്നു.

പെണ്‍കുട്ടിയെ കണ്ടെത്താന്‍ ചെന്നൈയിലെത്തുന്ന ഇവര്‍ നേരിടേണ്ടിവരുന്ന ചില കാര്യങ്ങളും ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചറിയലുകളുമായി ഈ ചിത്രത്തിണ്റ്റെ കഥ താളം തെറ്റി വഴി തെറ്റി എവിടേയ്ക്കോ ഒക്കെ സഞ്ചരിക്കുന്നു.

ചിത്രത്തിലുടനീളം ഹാസ്യം സമ്പന്നമായിട്ടുണ്ടെങ്കിലും ചിത്രത്തിന്‌ ഒരു കൃത്യമായ ആത്മാവ്‌ ഇല്ലാതെ പോകുന്നു എന്നതാണ്‌ ന്യൂനത.

ഒരു യുവാവിണ്റ്റെ കഴിവ്‌ കേടുകളും പ്രശ്നങ്ങളിലും തുടങ്ങി കഥ വേറെ എന്തിലൊക്കെയോ തട്ടിത്തടഞ്ഞ്‌ പല വഴിയ്ക്ക്‌ പോകുന്നതിനാല്‍ കഥയ്ക്ക്‌ ഒരു കൃത്യത ഇല്ലാതാകുന്നു.
പക്ഷേ, ചില നിഗൂഢതകളിലൂടെ കൊണ്ടുപോയി അമ്പരപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഇതൊക്കെ ഇത്രയ്ക്ക്‌ കഷ്ടപ്പെടാനുണ്ടോ എന്ന് തോന്നുക സ്വാഭാവികം.

വില്ലനെ കണ്ടുപിടിക്കാന്‍ അവതരിച്ച വിനീത്‌ ശ്രീനിവാസണ്റ്റെ കഥാപാത്രത്തിണ്റ്റെ വിശദീകരണം അത്ഭുതകരം തന്നെ. കുറേ പേരെ ഇണ്റ്റര്‍ നെറ്റിലൂടെ പറ്റിച്ച ഒരുത്തനെ കണ്ടെത്താന്‍ വലിയ അന്വേഷണം നടത്തി ഇപ്പോഴും ആ പാവം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഒരു സ്ഥലത്ത്‌ ഒരു ബിസിനസ്സില്‍ കൂട്ടാളിയായിരുന്നു എന്നൊക്കെ അറിയാമായിരുന്നിട്ടും ഈ വില്ലണ്റ്റെ ഒരു ഫോട്ടോയോ മറ്റ്‌ വിവരങ്ങളോ കിട്ടാതെ തമിഴ്‌ നാട്‌ പോലീസും ഈ പാവം ഉദ്യോഗസ്ഥനും ഉഴലുകയായിരുന്നുപോലും.

സിനിമയുടെ അവസാന ഘട്ടത്തിനോടടുക്കുമ്പോള്‍ നായകനായ യുവാവ്‌, അതുവരെയുള്ള തണ്റ്റെ കഴിവുകേടുകള്‍ അതിജീവിച്ച്‌ അതിബുദ്ധിമാനായി മാറി ഈ അന്വേഷണ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത്‌ ഹീറോയിസം തെളിയിക്കുന്നു.

ഇതൊക്കെ കഴിഞ്ഞ്‌ ക്ളൈമാക്സില്‍, വില്ലനെ കണ്ടെത്തുന്ന ഉദ്യോഗസ്ഥന്‍, ഈ യുവാവിനെ വിളിച്ച്‌ വരുത്തുന്നു. ഇന്ന് ആ വില്ലന്‍ പിടിയിലാവും എന്നും അതിനുമുന്‍പ്‌ നിനക്ക്‌ രണ്ട്‌ കൊടുക്കാനായി അവസരത്തിനായി വിളിച്ചതെന്നും പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ആത്മബന്ധം കണ്ട്‌ കണ്ണ്‍ നിറഞ്ഞുപോകും.

തുടര്‍ന്ന്, വില്ലനെ തിരിച്ചറിയുമ്പോള്‍ നായകന്‍ ഒരു ബിയറും കുപ്പിയുമായി സ്ളോമോഷനില്‍ ചെന്ന് വില്ലണ്റ്റെ തലയ്ക്കടിക്കുന്നതോടെ സിനിമ ശുഭമായി അവസാനിക്കുന്നു. ഹീറോയിസത്തിന്‌ ഹീറോയിസവുമായി, പ്രേക്ഷകര്‍ക്ക്‌ വീട്ടില്‍ പോകാറുമായി.

ഈ ചിത്രത്തിലെ നായിക അവസാന രംഗത്തോടടുക്കുമ്പോള്‍ വല്ലാതെ കരയുന്ന കണ്ട്‌ പ്രേക്ഷകര്‍ ഒരു വിഭാവം കൂവി പ്രോത്സാഹിപ്പിക്കുന്നത്‌ കണ്ടു.

മഞ്ജിമ മോഹന്‍ എന്ന നായിക അഴകും ശാലീനതയും ഉള്ളതായി പ്രേക്ഷകന്‌ ബോദ്ധ്യപ്പെടും.

നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും വിനീത്‌ ശ്റീനിവാസനും തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. 

വിജയരാഘവന്‍ മികച്ച്‌ നിന്നു.

മ്യൂസിക്‌ ഗംഭീരമൊന്നുമല്ലെങ്കിലും കൌതുകം ഉണ്ടാക്കുന്നതും സഹനീയവുമായിരുന്നു.

മികച്ച ചില ചിത്രങ്ങള്‍ രചിച്ച വിനീത്‌ ശ്റീനിവാസണ്റ്റെ മികവ്‌ ഈ ചിത്രത്തില്‍ വേണ്ടരീതിയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌.

എങ്കിലും, ഹാസ്യം വേണ്ടുവോളം വാരി വിതറിക്കൊണ്ട്‌ പ്രേക്ഷകരെ ഒരു പരിധിവരെ കയ്യിലെടുക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിട്ടുണ്ട്‌.

Rating : 5.5/10