ആമുഖം.
ഉഗാണ്ടയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യമാണ് റുവാണ്ട. 1916 വരെ ജര്‍മ്മനിയുടെ കോളനി രാജ്യം.1916 ല്‍ ബല്‍ജിയം റുവാണ്ടയുടെ കോളനി ഭരണം ജര്‍മ്മനിയില്‍ നിന്നും ഏറ്റെടുത്തു. ഹുതു, തുറ്റ്സി, ത്വ, എന്നിങ്ങനെ മൂന്ന് ഗോത്രവര്‍ഗ്ഗങ്ങള്‍ സന്തോഷത്തോടും, സമാധാനത്തോടും ജീവിച്ചു വന്നിരുന്ന റുവണ്ട, ബല്‍ജിയത്തിന്റെ കയ്യിലായതോടെ,ഗോത്രാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും, ഹുതു എന്ന വിഭാഗത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തുടങ്ങി.ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അതേ കുടില തന്ത്രം. 1959 ല്‍ ബല്‍ജിയം ഹുതുവിന് അധികാരം കൈമാറി.അവിടെ തുടങ്ങുന്നു റുവാണ്ടയുടെ ദുരിതങ്ങള്‍. പുരോഗമന ചിന്താഗതിക്കാരായ ഹുതു വിഭാഗത്തില്‍ പെട്ടവരും, തുറ്റ്സി വിഭാഗക്കാരും, പാലായനം ചെയ്യുകയോ, പുറത്താക്കപ്പെടുകയോ ചെയ്തു.ഇങ്ങനെ പുറത്താക്കപ്പെട്ടവരും, പാലായനം ചെയ്തവരും, ചേര്‍ന്ന് മാതൃരാജ്യം പിടിച്ചെടുക്കാന്‍ 1988 ല്‍ ആര്‍. പി. എഫ് എന്ന സംഘടന രൂപീകരിച്ചു. 1990 ല്‍ ഉഗാണ്ടയിലെ കേന്ദ്രങ്ങളില്‍ ഇരുന്ന് ഇവര്‍ ഒരു ആക്രമണം തുടങ്ങി. എന്നാല്‍ ഈ ആക്രമണങ്ങള്‍ ബല്‍ജിയത്തിന്റേയും, ഫ്രാന്‍സിന്റേയും, സഹായത്തോടെ ഹുതു ഭരണകൂടം ചെറുത്തു. 1993 വരെ തുടര്‍ന്ന ഈ യുദ്ധത്തില്‍ ഒരു പാട് നാശനഷ്ടങ്ങളും, മരണങ്ങളും ഉണ്ടായി. 1993 ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ഇരുകൂട്ടര്‍ക്കും ഭരണപങ്കാളിത്തം ഉറപ്പു വരുത്തുന്ന ഒരു മാര്‍ഗ്ഗരേഖ ഉണ്ടാക്കി.അരോഷ പീസ് അക്കോര്‍ഡ് എന്ന ഈ കരാര്‍ പ്രസിഡന്റ് നടപ്പിലാക്കാന്‍ പോകുകയാണെന്ന് സംശയിച്ച ഹുതു വിഭാഗത്തിലെ തീവ്രവാദികള്‍ ഈ കരാര്‍ നടപ്പിലാക്കാതിരിക്കാനായി രാജ്യമെങ്ങും, തുറ്റ്സികളേയും, പുരോഗമന ഹുതുകളേയും കൊല ചെയ്തു. 1994 ഏപ്രില്‍ തുടങ്ങിയ കലാപം റുവാണ്ടന്‍ പ്രസിഡന്റും ഹബിയാരിമനയും, ബുറൂണ്ടി പ്രസിഡന്റും സഞ്ചരിച്ചിരുന്ന വിമാനം ആക്രമണത്തോടെയാണ് ആരംഭിക്കുന്നത്. നൂറ് ദിവസം നീണ്ടു നിന്ന ഈ കലാപത്തില്‍ 8 ലക്ഷം പേര്‍ മരിച്ചു. ഇത് പൂര്‍ണ്ണമായ ഒരു വംശീയ ഉന്‍മൂലനമായിരുന്നു.ഈ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു പുരോഗമന ചിന്താഗതിക്കാരനായ ഹുതുവിന്റേയും, അവന്റെ സഹോദരന്റേയും കഥയാണ് സംടൈംസ് ഇന്‍ ഏപ്രില്‍.
സംടൈംസ് ഇന്‍ ഏപ്രില്‍.
റൌള്‍ പെക്ക് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2005 ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്.1994 ല്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ഹുതു തീവ്രവാദികള്‍ പട്ടാള സഹായത്തോടെ നടത്തിയ കൂട്ടക്കൊലയില്‍ തുറ്റ്സി വിഭാഗത്തില്‍ പെട്ട തന്റെ ഭാര്യയേയും, മക്കളേയും നഷ്ടപ്പെട്ട ഒരു ഹുതുവിന്റേയും, അയാളുടെ സഹോദരന്റേയും കഥയാണിത്. പുരോഗമന ചിന്താഗതിക്കാരനായ പട്ടാളക്കാരനാണ് അഗസ്റ്റിന്‍. സഹോദരന്‍ ഹോണോറെയാവട്ടെ റേഡിയോ നിലയത്തിലെ അറിയപ്പെടുന്നയാളും, ഹുതുവിനോട് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി അംഗവുമാണ്. നിത്യവും റേഡിയോയിലൂടെ തുറ്റ്സികള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. 1993ല്‍ യു.എന്‍ കൊണ്ടുവന്ന കരാര്‍ നടപ്പിലാക്കാന്‍ പ്രസിഡന്റ് ശ്രമിക്കുന്നു എന്ന സംശയത്താല്‍ കൊല ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. അന്ന് രാത്രി റുവാണ്ടന്‍ പ്രസിഡന്റും, ബുറൂണ്ടി പ്രസിഡന്റും, വിമാനാക്രമണത്തെ തുടര്‍ന്ന് കിഗാലി എയര്‍പോര്‍ടിനു സമീപം കൊല്ലപ്പെടുന്നു. തുടര്‍ന്ന് കിഗാലിയുടെ സംരക്ഷണത്തിന് എന്ന വ്യജേന തുറ്റ്സികളുടെ വീടുകള്‍ അരിച്ച് പെറുക്കുകയും, കൊല്ലുകയും ചെയ്യുന്നു. പുരോഗമന ചിന്താഗതിക്കാരനായ അഗസ്റ്റിന്റെ ഭാര്യ തുറ്റ്സി വിഭാഗക്കാരിയാണ്. മൂന്ന് കുട്ടികളുണ്ട്. ഒരു പെണ്‍കുട്ട് ദൂരെ സ്കൂളില്‍ പഠിക്കുന്നു. രണ്ട് ആണ്‍കുട്ടികള്‍ കൂടെ താമസിക്കുന്നു.
തുറ്റ്സികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നറിഞ്ഞ അഗസ്റ്റിന്‍ ഭാര്യയേയും കുട്ടികളേയും, രക്ഷപ്പെടുത്താന്‍ ചേട്ടന്റെ സഹായം തേടുന്നു. ചേട്ടനായ ഹൊണോറെ ആദ്യം എതിര്‍ത്തെങ്കിലും, പിന്നീട് വഴങ്ങുന്നു. എന്നാല്‍ ഇവര്‍ ഹുതു തീവ്രവാദികളുടെ കയ്യില്‍ അകപ്പെടുന്നു. അഗസ്റ്റിന്റെ മകള്‍ താമസിച്ച് പഠിച്ചിരുന്ന സ്കൂളും, ഹോസ്റ്റലും ആക്രമണത്തിന് ഇരയായി. കുട്ടികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നു.നൂറ് ദിവസം നീണ്ട് നിന്ന വംശീയ കലാപം, തുറ്റ്സികളുടെ സംഘടനയായ ആര്‍.പി.എഫ് കിഗാലി പിടിച്ചെടുക്കുന്നതോടെ അവസാനിക്കുന്നു.തുടര്‍ന്ന് തുറ്റ്സികള്‍ ഭരണം ഏറ്റെടുക്കുകയും രാജ്യത്ത് സമാധാനം നിലവില്‍ വരികയും ചെയ്യുന്നു. പിന്നിട്, ലോക നീതിന്യായകോടതിയില്‍, ആക്രമണം നടത്തിയവര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. വളരെ നല്ല നാടകീയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ചിത്രമാണിത്.
ഇത് വെറുമൊരു കഥയല്ല. റുവാണ്ടയിലെ ഒരു ജന വിഭാഗം അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രമാണ്. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നൂറ് ദിവസം നീണ്ട് നിന്ന തുറ്റ്സി വംശീയ ഉന്‍മൂലന കലാപത്തില്‍ 8 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നോക്കി നിന്ന യു.എന്‍ എന്ന കടലാസു പുലിയുടെ ചരിത്രം കൂടിയാണ്. ചെലവുകള്‍ ആരു വഹിക്കണമെന്ന തര്‍ക്കത്തിലും, അവിടെ നടക്കുന്നത് വംശീയ ഉന്‍മൂലനം (genocide)തന്നെയാണോ എന്ന തര്‍ക്കത്തിലും യു.എന്‍ മുഴുകിപോയി. മാത്രമല്ല ഉണ്ടായിരുന്ന യു.എന്‍ സമാധാന സേനാംഗങ്ങളുടെ എണ്ണം കുറക്കുകയും അവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. വളരെ മനോഹരമായ ചിത്രസംയോജനത്തിലൂടെ പാസ്ക്വല്‍ മാര്‍ടിരാനൊ ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. തുറ്റ്സികള്‍ കൊല്ലപ്പെടുന്നതും, അവര്‍ പാലയനം ചെയ്യാന്‍ കഷ്ടപ്പെടുന്നതും, ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പോലും അവര്‍ തുറ്റ്സികളെ തെരഞ്ഞു പിടിച്ച് കൊല്ലുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്യുന്ന രംഗങ്ങള്‍ കാഴ്ചക്കാരില്‍ വല്ലാത്ത നൊമ്പരം ഉണ്ടാക്കും.യു.എന്‍ എന്തെങ്കിലും ചെയ്യാമായിരുന്നിട്ട് കൂടിയും, വിദേശികളെ മാത്രം തെരഞ്ഞ് പിടിച്ച് കൂട്ടി കൊണ്ട് പോകുന്ന രംഗങ്ങള്‍ നന്നായി കാണിച്ചിട്ടൂണ്ട്. ഭാര്യയും, മക്കളും നഷ്ടപ്പെട്ട അഗസ്റ്റിന്‍ നല്ലൊരു കഥാപാത്രമാണ്.അഭിനേതാക്കളെല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്. കഥ പറഞ്ഞ രീതിയും, അടുക്കും ചിട്ടയും എല്ലാം എടുത്തു പറയത്തക്കതാണ്. പടം കണ്ടു കഴിയുമ്പോള്‍ നമ്മളില്‍ ഒരു നൊമ്പരം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിനു കഴിയും.
ഓരോ കലാപങ്ങളിലും നമ്മള്‍ കാണുന്നതും, അനുഭവിക്കുന്നതും, വേദനകളും, കൊടിയ ദുരിതങ്ങളും, വേണ്ടപ്പെട്ടവരുടെ വേര്‍പാടുകളും മാത്രമാണ്. ജനിച്ച് വളര്‍ന്ന മണ്ണില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ വേദന പങ്കു വെയ്ക്കാന്‍ റുവാണ്ടന്‍ ജനതയ്ക്കൊപ്പം ആരുമുണ്ടായില്ല എന്ന തിരിച്ചറിവ് നമുക്കീ ചിത്രം നല്‍കുന്നു.യഥാസമയം പ്രതികരിക്കാന്‍ ലോകം തയ്യാറാകാതിരുന്നത് മൂലം റുവാണ്ടക്ക് നഷ്ടപ്പെട്ടത് 8 ലക്ഷം ജനതയെയാണ്. ഒരു പക്ഷെ വംശനാശം വന്നു പോകുമായിരുന്ന ഒരു ഗോത്രം. ഈ ജനതയുടെ സങ്കടങ്ങള്‍ വളരെ നന്നായി സംവിധായകനും, കഥാകൃത്തുമായ റൌള്‍ പെക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രം കാണാതിരിക്കുന്നത് ഒരു നഷ്ടം തന്നെയാണ്. എല്ലാം കൊണ്ടും ഒരു മികച്ച ചിത്രമാണ് സംടൈംസ് ഇന്‍ ഏപ്രില്‍.
7 comments:
ഇത് വെറുമൊരു കഥയല്ല. റുവാണ്ടയിലെ ഒരു ജന വിഭാഗം അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രമാണ്. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നൂറ് ദിവസം നീണ്ട് നിന്ന തുറ്റ്സി വംശീയ ഉന്‍മൂലന കലാപത്തില്‍ 8 ലക്ഷം പേര്‍ മരിച്ചപ്പോള്‍ ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നോക്കി നിന്ന യു.എന്‍ എന്ന കടലാസു പുലിയുടെ ചരിത്രം കൂടിയാണ്.
ആനംഗരി, മനോഹരമായ വിവരണം. സിനിമ കാണുന്നുണ്ട്.
അനംഗാരി ചേട്ടാ,
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിനെ കുറിച്ചുള്ള വിക്കിയിലേയോ മറ്റ് സൈറ്റുകളിലേയോ കൂടുതല്‍ വിവരങ്ങളിലേക്ക് ഒരു ലിങ്ക് ഇടുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
(ഓടോ:ഈ സിനിമ കണ്ടിട്ട് ബാക്കി കാര്യം) :-)
അനാംഗരീ...
ഇതേ പ്രമേയം ചര്‍ച്ച ചെയ്ത മറ്റൊരു ചിത്രം 2004-ല്‍ പുറത്തിറങ്ങിയിരുന്നു, Hotel Rwanda. ഒരു നടന്ന സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഈ ചിത്രം. ആ ചിത്രം കണ്ടിട്ടെനിക്കു കരയാതിരിക്കാന്‍ കഴിഞ്ഞില്ല...
കുട്ടപ്പായി: നന്ദി. ഈ സിനിമ കാണണം. മനുഷ്യന്‍ സമുദായത്തിന്റെ പേരില്‍ തിരിഞ്ഞ് നിന്ന് നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരെ കൊല്ലുന്നത് ദയനീയമായ കാഴ്ച തന്നെയാണ്.
ദില്‍ബൂ: നന്ദി. സിനിമ കാണുമ്പോള്‍ അതിന്റെ ചരിത്രം കൂടി അറിയുന്നത് നല്ലതാണ്.അമേരിക്കന്‍ ഭരണകൂടത്തിനും, യു.എന്നിനും പോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവാണിത്.കൂട്ടക്കുരുതികള്‍ നടക്കുമ്പോള്‍ യു.എന്നിന്റെ വണ്ടിയില്‍ വിദേശികളെ മാത്രം സുരക്ഷിതമായി മാറ്റിക്കൊണ്ടിരുന്നു. ബലിയാടുകളെ പോലെ തുറ്റ്സികളെ അവര്‍ അവിടെ ഉപേക്ഷിച്ചു. അവര്‍ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് കൊഫി അന്നന്‍ അവരോട് ക്ഷമാപണം പറഞ്ഞു. ചത്തുപോയവനോട് ക്ഷമാപണം പറഞ്ഞിട്ട് എന്തു കാര്യം.
ഇഡ്ഡലിപ്രിയന്‍: നന്ദി. ആ ചിത്രം ഞാന്‍ കണ്ടിട്ടില്ല. കിട്ടുമോന്ന് നോക്കട്ടെ. ആരെയും കരയിക്കും. അത്ര ഭീതിതവും, സങ്കടകരവുമായ സംഭവങ്ങളാണ് റുവാണ്ടയില്‍ അരങ്ങേറിയത്.
അനംഗാരീ,
‘സംടൈംസ് ഇന്‍ ഏപ്രില്‍‘ ഡീവീഡീ ഇന്ന് മെയിലില്‍ കിട്ടി. ഇവിടെ, സെക്കന്റ് ഷോ തുടങ്ങാന്‍ പോകുന്നു.
ശനിയാഴ്ചയ്ക്ക് മുന്‍പ് ഇവിടെ ‘സംടൈംസ് ഇന്‍ ഏപ്രിലി’നെ പറ്റി കമന്റിടുന്നതായിരിക്കും...
:)
വൌ ! അനംഗാരീ വൌ !!
‘സംടൈംസ് ഇന്‍ ഏപ്രില്‍‘ കണ്ടു. ഹൃദയസ്പര്‍ശിയായ ചിത്രം. ഏറ്റവും അമ്പരപ്പിക്കുന്നത്, 1994-ല്‍ ഇത്രയും വലിയൊരു കൂട്ടക്കൊല നടന്നിട്ട് നമ്മളില്‍ മിക്കവരും അത് അറിഞ്ഞതേയില്ല എന്നാണ്.
എന്തിന്, അന്ന് ആ ഭൂഭാഗത്തിന് വെളിയില്‍ ജീവിച്ചിരുന്ന, പല ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ പോലും ഇതിന്റെ യാഥാര്‍ത്ഥ്യവും ഭീകരതയും മനസ്സിലാക്കിയില്ലായെന്ന് ‘ഡയറക്ടേഴ്സ് കമന്റ്രി‘യും ബിഹൈന്‍ഡ് ദ സീന്‍’സും പറയുന്നു.
ചിത്രം വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു. കാസ്റ്റിംഗ് വളരെ എഫിഷ്യന്റായി നിര്‍വഹിച്ചിരിക്കുന്നുവെന്ന്, ചെറിയ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയവരുടെ അഭിനയം വ്യക്തമാക്കുന്നു.
ചിത്രത്തിലെ ചുരുക്കം ചില സീനുകള്‍ ഡോക്യുമെന്ററി സ്റ്റൈലിലേയ്ക്ക് ചായുന്നുവെന്ന് തോന്നി. (നിലവാരം താഴ്ന്നുവെന്നല്ല). പറഞ്ഞുവരുന്ന വിഷയത്തിന്റെ പ്രത്യേകതകൊണ്ടാവാം.
(ഒരു വാദത്തിന് പ്രയോജനപ്പെടില്ലെങ്കിലും, ഒരു കാര്യം ശ്രദ്ധിച്ചത്) നൂറ് ദിവസം കൊണ്ട് 8 ലക്ഷം പേരെ കൊന്നൊടുക്കിയ ഒരു വംശീയ ഉന്മൂലനത്തെ ചെറുക്കാന്‍ (ഒഴിവാക്കാന്‍) യു.എന്‍.-നോ അമേരിക്കയ്ക്ക് തന്നെയോ കഴിയുമായിരുന്നോ... കലാപത്തിന്റെ രണ്ടാമത്തെ ആഴ്ച തന്നെ യു.എന്നും അമേരിക്കയും ഫ്രാന്‍സും ബല്‍ജിയവും ചേര്‍ന്ന് ഭക്ഷണവും മരുന്നും എത്തിച്ചുവെന്ന് ചിത്രത്തില്‍ തന്നെ പറയുന്നുണ്ടല്ലോ.
“വീ കാണ്ട് ഹെല്പ് ഇറ്റ്, റുവാണ്ടന്‍സ് ആര്‍ കില്ലിംഗ് റുവാണ്ടന്‍സ്” എന്ന വാചകം ഹൈലൈറ്റ് ചെയ്തുവെന്നേയുള്ളൂ.
വിജയസാധ്യതയൊട്ടുമില്ലാത്ത ഒരു വന്‍-കലാപത്തില്‍ ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാന്‍ എങ്കിലും ഇത് ഉപകരിച്ചില്ലേയെന്നൊരു ചിന്ത. തന്നെയുമല്ല, ഒരേ വര്‍ഗ്ഗമായി കഴിഞ്ഞിരുന്ന, തിരിച്ചറിവില്ലാത്തൊരു ജനത, “പരസ്പരം“ (ചിത്രത്തില്‍ ഒരു വശം മാത്രമേ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ) പോരടിക്കുന്നു, കൊല്ലുന്നു. നൂറ് ദിവസം കൊണ്ട് 8 ലക്ഷം പേരെ കൊല്ലണമെങ്കില്‍ എന്തുമാത്രം ശക്തമായ കലാപമായിരിക്കണം അത്. അതിനിടയില്‍ എത്രവലിയ ലോകശക്തിയ്ക്കായാലും എന്തുചെയ്യാന്‍ കഴിയും...
(എന്നെ മനുഷ്യത്വവിരുദ്ധനായി കാണില്ലെന്ന് കരുതുന്നു. ഒരു മറുചിന്ത വെളിപ്പെടുത്തിയെന്ന് മാത്രം. പറ്റുന്ന എല്ലാ ശക്തിയുമുപയോഗിച്ച് ഇത്തരം സമരങ്ങളെ ചെറുക്കണമെന്ന് തന്നെയാവും സാധാരണഗതിയില്‍ എന്റെ ഉത്തരം)
എന്തുമാകട്ടെ, ഈ ചിത്രം പരിചയപ്പെടുത്തിത്തന്നതിന് അനംഗാരിക്ക് നന്ദി. കഴിയുന്നിടത്തോളം ആളുകള്‍ കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. (ചിലരെങ്കിലും ഒഴിവാക്കാനാഗ്രഹിക്കുന്ന ചില ഭീകരദൃശ്യങ്ങള്‍ ചിത്രത്തിലുണ്ട്)
Post a Comment