Wednesday, October 01, 2014

മണിരത്നം (Money Ratnam)



രചന : അനില്‍ നാരായണന്‍, അജിത്‌ സി ലോകേഷ്‌
സംവിധാനം : സന്തോഷ്‌ നായര്‍
നിര്‍മ്മാണം : രാജു മാത്യു


ബെന്‍സ്‌ ഷോറൂമില്‍ സെയില്‍സ്‌ മാനേജറായി ജോലി ചെയ്യുന്ന നീല്‍ ജോണ്‍ സാമുവലിന്റെ കയ്യില്‍ ഒരു കോടി രൂപയുടെ പെട്ടി അവിചാരിതമായി കിട്ടുന്നു. ഒരു ചെറിയ അടിപിടി പ്രശ്നത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട്‌ പോകുമ്പോഴാണ്‌ ഈ പെട്ടി കയ്യില്‍ വന്ന് പെടുന്നത്‌.

ഈ സിനിമയില്‍ ഇതിന്നിടയില്‍ എന്തൊക്കെയോ മടുപ്പിക്കുന്ന സംഗതികള്‍ സംഭവിക്കുന്നുണ്ട്‌.

കോടീശ്വരനായ ഒരാള്‍ സൗഭാഗ്യത്തിന്‌ രത്നക്കല്ല് കിട്ടുന്നതിനായി ശ്രമിക്കുന്നു. സഹായിയായി കൂടെയുള്ള ആളാണെങ്കില്‍ ഓര്‍മ്മയും വെളിവുമില്ലത്ത ആള്‍. അങ്ങേരെ കാശിന്റെ പെട്ടി ഏല്‍പ്പിച്ചാല്‍ അത്‌ കളയാനുള്ളതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ.

ലോകത്ത്‌ രണ്ടെണ്ണം മാത്രമുള്ള ഒരു രത്നം എന്ന അവകാശത്തോടെ ഒരു ചേരിയിലെ നാലഞ്ച്‌ പേര്‌ നടക്കുന്നു.

പണവുമായി ഓട്ടത്തിന്നിടയില്‍ അവിചാരിതമായി കണ്ട്‌ മുട്ടുന്ന കമിതാക്കളെ രക്ഷിക്കേണ്ടിവരുന്നു.

വഴിയില്‍ ഓപ്പറേഷന്‌ കാശില്ലാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നു.

ഒടുവില്‍, തന്റെ കാമുകിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ വേണ്ട പണം നല്‍കി കാമുകിയെ വലിയ ഒരു നാണക്കേടില്‍ നിന്ന് കരകയറ്റുന്നു.

ഇത്രയൊക്കെ പോരേ ഇതൊരു ഫീല്‍ ഗുഡ്‌ സിനിമയാകാന്‍ എന്നതാകും ഇതിന്റെ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടേയും വിചാരം. ധാരാളം മതി. പക്ഷേ, ഒരു മനുഷ്യന്‍ കണ്ടുകൊണ്ടിരിക്കില്ല എന്ന സത്യം ഇപ്പോഴായിരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാകുക.

നല്ല തോതില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു. കാര്യമായ ഒരു താല്‍പര്യവും ഈ കഥാഗതിയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, കണ്ട്‌ മടുത്ത അതേ ചേരുവകള്‍ തന്നെ ഒരു മാറ്റവും കൂടാതെ ഇവിടെയും അവിടേയും ഒക്കെയായി വാരി വിതറിയിട്ടുമുണ്ട്‌.

ഫഹദ്‌ ഫാസില്‍ ചില ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തി. പക്ഷേ, ആക്‌ ഷന്‍ സീനുകളില്‍ അത്രയ്ക്കങ്ങ്‌ ശോഭിച്ചില്ല.

ജോജോ ചെറിയൊരു ചിരി ഉണ്ടാക്കി.

രഞ്ജിപണിക്കര്‍ നല്ല ബോറായിട്ടുണ്ട്‌.

നിവേതാ തോമസ്‌ ഈ ചിത്രത്തിലുണ്ട്‌ എന്ന് പറയാം. നായികയാണെന്ന് തോന്നുന്നു.

കൂടുതലൊന്നും പറയാനില്ല.


Rating : 4 / 10