Monday, May 14, 2012

ഗ്രാന്റ്‍മാസ്റ്റര്‍



രചന, സംവിധാനം: ബി. ഉണ്ണിക്കൃഷ്ണന്‍

മെട്രോ സിറ്റിയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച പോലീസ്‌ സേനയുടെ തലവനായി ചന്ദ്രശേഖര്‍ (മോഹന്‍ ലാല്‍). കൂടെ രണ്ട്‌ പ്ളഗ്ഗുകള്‍ നിര്‍ബന്ധമായതിനാല്‍ ജഗതിയും നരേനും.

പണ്ട്‌ കേരളപോലീസിലെ പുലിയായിരുന്ന ചന്ദരശാെഖരന്‍ വിവാഹജീവിതത്തിലെ പരാജയത്തെത്തുടര്‍ന്ന് കുറ്റാന്വേഷണങ്ങളില്‍ തീരെ താല്‍പര്യമില്ലാതായത്രേ. ക്രിമിനല്‍ വക്കീലായ ഈ മുന്‍ ഭാര്യയുടെ പേര്‌ ദീപ്തി (പ്രിയാമണി), മകളുടെ പേര്‌ ദാക്ഷായണി. രണ്ടും തുടങ്ങുന്നത്‌ 'ദ' എന്നതാകാന്‍ ഉണ്ണിക്കൃഷ്ണന്‍ അറിഞ്ഞ്‌ ശ്രമിച്ചത്‌ തന്നെ.
ഒരു മനോരോഗവിദഗ്ദനായി അനൂപ്‌ മേനോന്‍ ഈ ചിത്രത്തിലുണ്ട്‌. ഇയാള്‍ ദീപ്തിയുടെ അടുത്ത സുഹൃത്താണ്‌.
അലസനായി കഴിഞ്ഞിരുന്ന ചന്ദ്രശേഖരനെ പോലീസ്‌ മേധാവി സ്വന്തം താല്‍പര്യത്തില്‍ ഈ മെട്രോ ക്രൈം സെല്ലിണ്റ്റെ തലവനാക്കിയെങ്കിലും ആള്‌ പതിവുപോലെ ഒറ്റയ്ക്ക്‌ ഇരുന്ന് ചെസ്സ്‌ കളിയും അലസതയുമായി തുടര്‍ന്നു. ആയിടയ്ക്ക്‌ ഒരാള്‍ ഒരു പെണ്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുന്നു. ഈ പെണ്‍ കുട്ടിയുടെ അച്ഛന്‍ അമ്മയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതാണെന്നും ഇപ്പോള്‍ ഹൃദയാഘാതം വന്ന് ആശുപത്രിയിലായെന്നും അറിഞ്ഞപ്പോള്‍ ചന്ദ്രശേഖരനിലെ 'പുലി' ഉണര്‍ന്നു. ഉടനെ സാഹചര്യവും സാക്ഷിമൊഴികളും ഉപയോഗിച്ച്‌ പ്രതിയെ തിരിച്ചറിയുന്നു. കൂടെ പ്ളഗ്ഗായി നില്‍ക്കുന്ന ജഗതി 'ഇതാണ്‌ പഴയ ചന്ദ്രശേഖരന്‍ സാര്‍' എന്ന് പറഞ്ഞ്‌ ആത്മനിര്‍വ്വൃതി അടയുന്നു. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലവും പെട്ടെന്ന് തിരിച്ചറിയുന്നു. ചന്ദ്രശേഖര്‍ തനിച്ച്‌ അങ്ങോട്ട്‌ പോകുന്നു. 'പഴയവീഞ്ഞിന്‌ വീര്യം കൂടും' എന്ന് ചന്ദ്രശേഖരനോട്‌ പുകഴ്ത്തിപ്പാടുന്ന ജഗതിയും കൂടി ആയപ്പോള്‍ അത്രയും ഭാഗം വളരെ കെട്ടിച്ചമച്ച്‌ ഒരുക്കിവച്ചതിണ്റ്റെ പൂര്‍ണ്ണത കൈവരിച്ചു.

കുറ്റവാളിയെ ആ വീട്ടില്‍ പോയി പുഷ്പം പോലെ പിടിച്ചപ്പെൊഴാണ്‌ അറിയുന്നത്‌ അയാള്‍ക്ക്‌ പെണ്‍ കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന മാനസികരോഗം ആണെന്ന്. തൃപ്തിയായി! വേറെയും രണ്ട്‌ പെണ്‍കുട്ടികളെ പിടിച്ച്‌ കൊണ്ടുവന്ന് കെട്ടിയിട്ടിരുന്നു. എന്തൊരു ഹോബി!!!

ഇനിയാണ്‌ കഥ തുടങ്ങുന്നത്‌. ക്രൈം സെല്ലിലേയ്ക്ക്‌ വരുന്ന ഒരുപാട്‌ എഴുത്തുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്ന് ചന്ദ്രശേഖര്‍ അതില്‍ 'A' എന്ന് തുടങ്ങുന്ന ഒരു സ്ഥലത്ത്‌ ഒരു കുറ്റകൃത്യം നടക്കുമെന്ന മുന്നറിയിപ്പ്‌ കാണുന്നു. അത്‌ തടയാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നു. അവിടെ കൊല്ലപ്പെടുന്നത്‌ 'A' എന്ന് പേര്‌ തുടങ്ങുന്ന ഒരു സ്ത്രീയാണ്‌.

ഈ കുറ്റകൃത്യങ്ങള്‍ 'B', 'C', 'D' എന്നീ അക്ഷരക്രമത്തില്‍ മുന്നോട്ടുപോകുന്നതും അതെല്ലാം തടയാന്‍ ചന്ദ്രശേഖറും കൂട്ടരും ശ്റമിക്കുന്നതുമാണ്‌ ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.

'ഡാഡികൂള്‍' എന്ന സിനിമയിലെ അലസനായ പോലീസ്‌ ഒാഫീസറ്‍, പോലീസ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത നെഗറ്റീവ്‌ ടച്ചുള്ള ലേഡി ഒാഫീസര്‍, പോലീസ്‌ സിനിമകളില്‍ സ്ഥിരം കൂടെയുള്ള രണ്ട്‌ പ്ളഗ്ഗുകള്‍ തുടങ്ങിയ കഥാപാത്രങ്ങളൊക്കെത്തന്നെ ഈ സിനിമയിലുമുണ്ട്‌.

ചുറ്റുമുള്ള ഒരുപാട്‌ പേരെ (കൂടെയുള്ള നരേന്‍, മനോരോഗ ഡോക്ടറായ അനൂപ്‌ മേനോന്‍, ആദ്യത്തെ മനോരോഗിയായ കുറ്റവാളി) സംശയമുള്ള പോലെ അവതരിപ്പിച്ച്‌ വലിയ ഒരു സസ്പെന്‍സ്‌ കുറ്റവാളിയെ ഉണ്ടാക്കിയെടുക്കാന്‍ തിരക്കഥാകൃത്ത്‌ മനപ്പൂര്‍വ്വം ശ്രമിച്ചതിണ്റ്റെ ഏനക്കേടുകള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ട്‌.

ഇതൊന്നും കൂടാതെ ചന്ദ്രശേഖരണ്റ്റെ മോള്‍ക്കും 'ദാക്ഷായണി' എന്ന് പേരിട്ട്‌ നാലാമത്തെ കൊലപാതകം കുട്ടിയെയാണോ ഭാര്യയായിരുന്ന 'ദീപ്തി'യെയാണോ എന്ന് വീണ്ടും പ്രേക്ഷകരെ സംശയത്തില്‍ നിര്‍ത്താനുള്ള ശ്രമവും ദയനീയം.

ഒടുവില്‍ കുറ്റവാളി താന്‍ കൊല ചെയ്യുകയും അതിനുവേണ്ടി മറ്റൊരു മനോരോഗിയെ കരുവാക്കിയ കഥയും കൂടി ചേര്‍ത്തപ്പോള്‍ പൂര്‍ത്തിയായി. എന്തൊരു ഗംഭീരമായ കണ്ടെത്തല്‍.
ഒരാളെ വിളിച്ച്‌ ഒരു സ്ഥലത്തേയ്ക്ക്‌ വിട്ടിട്ട്‌ തിരിച്ചെത്തുമ്പോള്‍ നീയാണ്‌ ആ കൊലപാതകം ചെയ്തത്‌ എന്ന് പറഞ്ഞ്‌ വിശ്വസിപ്പിക്കാവുന്ന എത്ര മനോഹരമായ മനോരോഗം!

ഇണ്റ്റര്‍ വെല്‍ വരെ ഇഴഞ്ഞ്‌ നീങ്ങിയ ഈ സിനിമ, രണ്ടാം പകുതിയില്‍ ഒരല്‍പമെങ്കിലും ജീവന്‍ വെച്ചെന്ന് പറയാം. ക്ളൈമാക്സും അതിലേയ്ക്ക്‌ നയിച്ച കാര്യങ്ങളും പ്രേക്ഷകരെ അല്‍പമെങ്കിലും താല്‍പര്യത്തോടെ കാണുവാന്‍ പ്രേരിപ്പിച്ചു. പക്ഷേ, ഇതിനെല്ലാം സാദ്ധ്യമായത്‌ മോഹന്‍ലാല്‍ എന്ന നടണ്റ്റെ ഇരുത്തം വന്ന അഭിനയം ഒന്ന് മാത്രമാണ്‌. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ വെറുമൊരു ദുരന്തമായി മാറിയേനെ.

നരേനും ജഗതിയും ആവര്‍ത്തനവിരസമായ കഥാപാത്രങ്ങളായതിനാല്‍ തന്നെ മഹാ ബോറാകുകയും ചെയ്തു.

മോഹന്‍ലാലിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി മോശമായില്ല.

ഒരു ഗാനം മികച്ചതായിരുന്നു.

ഒട്ടും സ്വാഭാവികതയില്ലാതെ കെട്ടിച്ചമച്ച്‌ ഏച്ചുകൂട്ടി ഒരു കുറ്റാന്വേഷണ കഥ സൃഷ്ടിച്ചെടുക്കുകയാണ്‌ ബി. ഉണ്ണിക്കൃഷ്ണന്‍ ചെയ്തിരിക്കുന്നത്‌. വളരെ ബോറായ ഈ സിനിമയെ മോഹന്‍ ലാല്‍ എന്ന നടണ്റ്റെ മികച്ച പക്വതയോടെയുള്ള അഭിനയവും രണ്ടാം പകുതിക്ക്‌ ശേഷമുള്ള ചില സന്ദര്‍ഭങ്ങളും കുറച്ചെങ്കിലും ഭേദപ്പെട്ട പരുവത്തിലാക്കാന്‍ സഹായിച്ചു എന്ന് മാത്രം.

Rating : 3 / 10

Sunday, May 06, 2012

മല്ലൂ സിംഗ്‌


കഥ, തിരക്കഥ, സംഭാഷണം: സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: നീറ്റാ ആണ്റ്റോ

നാട്ടില്‍ നിന്ന് ഏഴ്‌ വര്‍ഷം മുന്‍പ്‌ പോയ ഹരിയെ അന്വേഷിച്ച്‌ പഞ്ചാബിലെ ഒരു മലയാളി-സിക്ക്‌ കോളനിയില്‍ എത്തുന്ന ഹരിയുടെ അമ്മാവണ്റ്റെ മകനായ അനി, അവിടെ കാണുന്ന സംഭവങ്ങളും അവിടെയുള്ള ഹരീന്ദര്‍ സിംഗ്‌ എന്ന 'മല്ലൂ സിംഗ്‌' ഹരിയാണോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിലെ കഥാസാരം.

തണ്റ്റെ മാതാപിതാക്കളോടും നാല്‌ സഹോദരിമാരോടുമൊപ്പം അവിടെ ജീവിക്കുന്ന മല്ലൂ സിങ്ങും ആ നാട്ടിലെ മറ്റ്‌ ചില കഥാപാത്രങ്ങളും ഇവര്‍ക്കിടയിലേയ്ക്കെത്തുന്ന അനിയും അനിയുടെ സഹോദരി അശ്വതിയുമെല്ലാം ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്‌.

കണ്ട്‌ മടുത്ത തറവാട്ട്‌ തര്‍ക്കവും മക്കള്‍ പോരും ഈ സിനിമയുടെ കഥയെ തുടങ്ങി വെയ്ക്കുന്നു.
ആള്‍ മറാട്ടം നടത്തി ജീവിക്കാന്‍ വിധിക്കപ്പെടാനും കണ്ടുമടുത്ത ഉപാധി തന്നെ ആശ്രയം.
ഒടുവില്‍ ക്ളൈമാക്സിലെ സസ്പെന്‍സുകളും ആരെയും അമ്പരിപ്പിക്കുന്നില്ല എന്നതും കഥയുടെ ദുരന്തം.
ആള്‍മറാട്ടം നടത്തി അവിടെ സ്വന്തക്കാരനായി ജീവിക്കേണ്ടിവരുന്ന കഥ വെളിപ്പെടുത്തുമ്പോള്‍ അറിയേണ്ടവരെ അത്‌ ഒളിഞ്ഞ്‌ നിന്ന് കേള്‍പ്പിച്ച്‌ വൈകാരികത സൃഷ്ടിക്കലും കണ്ണീരണിയിക്കലും ചേര്‍ന്ന് നാടകത്തിന്‌ തിരശ്ശീലയിടീക്കാറാക്കുകയും തിരികെ നാട്ടില്‍ ചെന്ന് വില്ലന്‍മാരെ ഇടിച്ച്‌ നിരത്തി തിരിച്ചെത്തിച്ച്‌ സിനിമ അവസാനിപ്പിക്കുകയും ചെയ്യും.

യാതൊരു ഗുണനിലവാരവുമില്ലാത്ത ഒരു കഥയെ, താരബാഹുല്ല്യവും പഞ്ചാബിണ്റ്റെ പശ്ചാത്തലവും വര്‍ണ്ണശബളമായ വസ്ത്രാലങ്കാരങ്ങളും ഗാനരംഗങ്ങളും തട്ടിക്കൂട്ട്‌ തമാശകളും ചേര്‍ത്ത്‌ പ്രേക്ഷകരെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഒരു ശ്രമം മാത്രമാകുന്നു 'മല്ലൂ സിംഗ്‌' എന്ന ഈ സംരംഭം.

ഉണ്ണി മുകുന്ദനെ വളരെ നന്നായി ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ശരീരം കൊണ്ടും, സംഘട്ടനങ്ങളിലെയും ഗാനനൃത്തരംഗങ്ങളിലെയും പ്രകടനങ്ങള്‍ കൊണ്ടും ഈ നടന്‍ 'മല്ലൂ സിങ്ങി'നെ നന്നായി അവതരിപ്പിച്ചു.

അനുബന്ധ കഥാപാത്രങ്ങളായ ബിജുമേനോനും മനോജ്‌ കെ ജയനും അത്ര നന്നായുമില്ല. ഇതില്‍ മനോജ്‌ കെ ജയണ്റ്റെ കോമാളിത്തരം വളരെ കൃത്രിമത്വമുള്ളതാവുകയും ചെയ്തു.

കുഞ്ചാക്കോ ബോബന്‍ നന്നായി 'ദിലീപി'ന്‌ പഠിക്കുന്നതായി ഒാരോ കോമഡിസീനിലും വ്യക്തമായി മനസ്സിലാകും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ കുറച്ചൊക്കെ പ്രേക്ഷകരെ രസിപ്പിച്ചു.

സംവ്ര്‌താ സുനില്‍ അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രം കാര്യമായ വൈകാരികതയൊന്നും പ്രേക്ഷകര്‍ക്ക്‌ നല്‍കിയില്ല. പക്ഷേ, നാട്ടില്‍ നിന്ന് പഞ്ചാബിലെത്തിയ ഈ നാടന്‍ പെണ്‍കൊടി ഹിന്ദിയിലോ പഞ്ചാബിയിലോ മറ്റോ ഒരു പ്രാര്‍ത്ഥന ഇരുന്ന് ചൊല്ലുന്നുണ്ട്‌... ഹോ.... അത്രസമയം തൊണ്ടയില്‍ നിന്ന് കൂവല്‍ പുറത്ത്‌ വരാതെ പിടിച്ചിരിക്കാന്‍ കഴിയുന്ന ഏതൊരു മാന്യനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പരമദയനീയം...
'Unlimited Fun' എന്നൊക്കെ എഴുതികാണീച്ചെങ്കിലും അതൊനും ഇല്ലാതെ ബോറടിച്ച്‌ നിരാശയോടെ ഇരിക്കുന്ന പ്രേക്ഷകരെ ഒന്ന് ഉത്സാഹഭരിതരാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണ്‌ ഈ രംഗം എന്ന് വിശ്വസിക്കുന്നു.

വര്‍ണ്ണശബളമായ ഗാനരംഗങ്ങളും മികച്ച സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്‌.

ഉണ്ണിമുകുന്ദനും കുഞ്ചാക്കോ ബോബനും ചേര്‍ന്നുള്ള ആദ്യത്തെ ഒരു ഗാനനൃത്തരംഗം പ്രേക്ഷകരെ നന്നായി ആസ്വദിപ്പിച്ചു.

സംഘട്ടനങ്ങളുടെ ദൈര്‍ഘ്യം പ്രേക്ഷകരെ കുറച്ചൊക്കെ മുഷിപ്പിച്ചു.

ഒരു ആക്‌ ഷന്‍ ഹീറോ എന്ന രൂപത്തില്‍ ഉണ്ണിമുകുന്ദര്‍ മികച്ച ഒരു സാദ്ധ്യത നല്‍കുന്നു എന്നതാണ്‌ ഈ ചിത്രത്തില്‍ നിന്ന് ആകെ മനസ്സിലാകുന്നത്‌.

കഥയുടെ ഗുണനിലവാരം പ്രശ്നമല്ലാത്ത പ്രേക്ഷകര്‍ക്ക്‌, കുറച്ചൊക്കെ ബോറടി സഹിച്ചാലും ഒരു പഞ്ചാബ്‌ ബാക്ക്‌ ഗ്രൌണ്ടില്‍ ഉത്സവപ്രതീതിയില്‍ വെറുതേ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു ചിത്രം.

Rating : 3 /10

ഡയമണ്ട്‌ നെക്ക്‌ ലേസ്‌ (Diamond Necklace)


കഥ, തിരക്കഥ, സംഭാഷണം: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: ലാല്‍ ജോസ്‌
നിര്‍മ്മാണം: ലാല്‍ ജോസ്‌

ദുബായില്‍ ജീവിതം ആഘോഷിച്ച്‌ ജീവിക്കുന്ന ഒരു യുവ ഡോക്ടര്‍. ഇദ്ദേഹത്തിന്‌ ജീവിതത്തില്‍ ഉണ്ടാകുന്ന മൂന്ന്‌ സ്ത്രീകളുമായുള്ള ബന്ധവും അതിന്നിടയില്‍ നടക്കുന്ന സംഭവങ്ങളുമാണ്‌ ഈ സിനിമ വിവരിക്കുന്നത്‌.

ഡോക്ടറുടെ ജീവിതത്തിലേയ്ക്ക്‌ ഹോസ്പിറ്റലിലെ നഴ്സായി എത്തുന്ന ഒരു തമിഴ്‌ പെണ്‍കുട്ടിയായി ഗൌതമി നായര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. തുടക്കത്തില്‍ വളരെ ഭയപ്പാടോടെ ഈ ഡോക്ടറോട്‌ സംസാരിക്കുന്ന ഈ പെണ്‍കുട്ടി അധികം മിനിട്ടുകള്‍ കഴിയുന്നതിനുമുന്‍പ്‌ തന്നെ ഡോക്ടറുടെ മേല്‍ ആധിപത്യം നേടിയെടുത്തത്‌ ഒട്ടും തന്നെ വിശ്വസനീയമായ തരത്തിലായിരുന്നില്ല. ഈ ഡോക്ടര്‍ വെറുമൊരു കോമാളിയായി മാറുന്നതും സംവിധായകണ്റ്റെ പരാജയം തന്നെ. പക്ഷേ, ഗൌതമി നായര്‍ തണ്റ്റെ കഥാപാത്രത്തെ ഗംഭീരമാക്കി.

ഈ ഡോക്ടറുടെ ജീവിതത്തിലേയ്ക്ക്‌ ഡയമണ്ടുമായി കടന്നുവരുന്ന മറ്റൊരു സ്ത്രീയായി സംവ്ര്‌ത സുനില്‍ വേഷമിടുന്നു. അസുഖത്തിണ്റ്റെ തീവ്രതയും വേദനയും പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നതില്‍ ഈ നടി വിജയിച്ചുവെങ്കിലും ആ കഥാപാത്രം നേരിടുന്ന മാനസിക സമ്മര്‍ദ്ദവും കുറ്റബോധവും എത്ര കരഞ്ഞിട്ടും ഒരു തരിമ്പും പ്രേക്ഷകരിലേയ്ക്ക്‌ എത്തിയതുമില്ല എന്നത്‌ കഥപറച്ചിലിണ്റ്റെ ന്യൂനതയായി.

ഈ ഡോക്ടറുടെ ഭാര്യയായി വേഷമിട്ട പുതുമുഖം അനുശ്രീ, വളരെ ഭംഗിയായി തണ്റ്റെ വേഷം കൈകാര്യം ചെയ്തു. നിഷ്കളങ്കതയും അബദ്ധങ്ങളും വളരെ സ്വാഭാവികമായിതന്നെ പ്രേക്ഷകരിലേയ്ക്‌ എത്തി എന്ന്‌ തന്നെ പറയാം. ഈ നടി നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.

ശ്രീനിവാസന്‍ പ്രേക്ഷകര്‍ കുറേ കണ്ടുമടുത്ത അതേ രൂപത്തിലും ഭാവത്തിലും അവതരിച്ചതിനാല്‍ നന്നായെന്നും മോശമായെന്നും പറയേണ്ടതില്ല.
മണിയന്‍ പിള്ള രാജുവും കൈലേഷും തങ്ങളുടെ ഭാഗം മോശമാക്കാതെ ചെയ്തു.
അധികസമയം ഇല്ലെങ്കിലും ശിവജി ഗുരുവായൂരിണ്റ്റെ ഭാര്യാപിതാവും, സുകുമാരിയുടെ മോഡേര്‍ണ്‍ അമ്മൂമ്മയും ഗംഭീരമായി.

സീനിയര്‍ ഡോക്ടറായി വേഷമിട്ട രോഹിണി തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.

ഫഹദ്‌ ഫാസിലിണ്റ്റെ ഡോക്ടര്‍ പൂര്‍ണ്ണമായും പ്രേക്ഷകമനസ്സ്‌ കയ്യടക്കിയില്ല എന്നത്‌ സംവിധായകണ്റ്റെയും തിരക്കഥാകൃത്തിണ്റ്റെയു പരാജയമാണ്‌. കാരണം, ഈ കഥാപാത്രത്തിണ്റ്റെ മാനസികസംഘട്ടനങ്ങളും കുറ്റബോധവും പശ്ചാത്താപവുമൊന്നും ഒട്ടും തന്നെ പ്രേക്ഷകരുടെ മനസ്സില്‍ തൊട്ടില്ല. കരഞ്ഞ്‌ കാണിച്ചിട്ടൊന്നും മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയില്ല എന്ന്‌ ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്‌.

രസകരമായ ചില സംഭാഷണശകലങ്ങളും മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ടെങ്കിലും നല്ലൊരു കഥയെ ഒട്ടും വേഗതയോ താല്‍പര്യമോ ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനായില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രധാന ന്യൂനത. ഈ മെല്ലെപ്പോക്കും ബോറടിയും വര്‍ദ്ധിപ്പിക്കാനായി ഒരു ഗാനരംഗം കൂടി പ്രധാന പങ്ക്‌ വഹിച്ചു.

രണ്ടര മണിക്കൂറിലധികമുള്ള ഈ സിനിമയെ ഒരു പക്ഷേ രണ്ട്‌ മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ കഥ കുറച്ച്‌ കൂടി താല്‍പര്യജനകമായി മാറുമായിരുന്നു എന്ന്‌ തോന്നുന്നു.

 Rating : 5 /10