Monday, June 08, 2015

നിര്‍ണ്ണായകം



രചന : ബോബി & സഞ്ജയ്
സംവിധാനം : വി.കെ. പ്രകാശ്

ഒരു രാഷ്ട്രീയനേതാവിന്‍റെ സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രകടനത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കില്‍ പെട്ട് ആശുപത്രിയിലേയ്ക്ക് എത്താന്‍ വൈകി മരണപ്പെടുന്ന ഒരു പെണ്കുട്ടി.  ആ കുട്ടിയുടെ മുത്തച്ഛന്‍ ഇവിടത്തെ സിസ്റ്റത്തിനെതിരെ കോടതിയില്‍ എത്തുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

പ്രേം പ്രകാശ് ഒരു അഡ്വക്കേറ്റിന്‍റെ റോളില്‍ തിളങ്ങിയപ്പോള്‍ നെടുമുടിവേണു ഇവിടത്തെ ഒരു പൌരനെ പ്രതിനിധാനം ചെയ്തു.

ആസിഫ് അലി ഇതിന്നിടയില്‍ ഒരു കഥാപാത്രമായി ഉണ്ടെന്നുണ്ടെന്നതല്ലാതെ കാര്യമായ സംഭവങ്ങള്‍ക്കൊന്നും ഇടവരുത്തുന്നില്ല.

കുറച്ച് സാമൂഹികബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവുകളും പകരുന്നുണ്ടെങ്കിലും ഈ ചിത്രം വളരെ വിരസമായിരുന്നു പല ഘട്ടങ്ങളിലും.  
സാമൂഹികമായ ഒരു പ്രശ്നം അവതരിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും നീണ്ട പ്രസംഗങ്ങളിലൂടെ ആവര്‍ത്തന വിരസത സൃഷ്ടിച്ചു. 
നെടുമുടി വേണു എന്ന കലാകാരനായതിനാലാവണം പ്രേക്ഷകര്‍ ക്ഷമിച്ചിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറിന്‍ താഴെയായതിനാല്‍ വലിയ പരിക്കില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്ന് പറയാം.
(ആദ്യപകുതിയില്‍ ആസിഫ് അലി എന്‍ ഡി എ യില്‍ ട്രെയിനിങ്ങിന്‍ പോയതും അവിടത്തെ ചടങ്ങുകളും ഈ സിനിമയുടെ കഥയുമായി എന്ത് ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.  എന്തെങ്കിലും കാണും!)

Rating : 4 / 10


Wednesday, June 03, 2015

പ്രേമം


ചിത്രസംയോജനം, രചന, സംവിധാനം: അല്‍ഫോണ്സ് പുത്രന്‍ 

ഒരാളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ഈ ചിത്രത്തിലെ കഥാതന്തു.

ജോർജ്ജ് എന്ന ചെറുപ്പക്കാരന്‍ (നിവിന്‍) പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടാകുന്നു.  ഒരുപാട് വായ്നോക്കികളോട് മല്ലിട്ട് ജോര്‍ജ് ആ പ്രണയസാഫല്യത്തിനായ് ശ്രമിക്കുന്നു. ജോര്‍ജിന്‍റെ രണ്ട് ആത്മ സുഹൃത്തുക്കള്‍ എന്തിനും ഏതിനും ജോര്‍ജിനോടൊപ്പമുണ്ട്. ആ പ്രണയം വേരൊരുത്തന്‍ തട്ടിയെടുത്ത് ജോര്‍ജിന്‍റെ ബ്രദറാക്കി മാറ്റുന്നു.

പിന്നീട്, ഡിഗ്രി അവസാനവര്‍ഷകാലയളവിന്‍ കോളേജില്‍ ഗസ്റ്റ് ലക്ചററായി വന്ന ടീച്ചറോട് ജോര്‍ജ് പ്രണയത്തിലാകുന്നു.  ആ പ്രണയം ഒരു ചെറിയ ദുരന്തത്തില്‍ അവസാനിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പതാം വയസ്സില്‍ ജോര്‍ജിന് വീണ്ടും ഒരു പ്രണയമുണ്ടാകുന്നു.  ഈ പ്രണയത്തിന് ആദ്യപ്രണയവുമായി ഒരു ബന്ധമുള്ളതായി പിന്നീട് തിരിച്ചറിയപ്പെടുന്നു.

ഇത്ര മനോഹരമായി സത്യസന്ധമായി രസകരമായി ഒരു ചിത്രം അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം.

ഓരോ സീനും, അതില്‍ അഭിനയിച്ചിരിക്കുന്ന ഓരോ ചെറിയ കഥാപത്രങ്ങളും സംഭാഷണശകലങ്ങളും ചലനങ്ങളും മ്യൂസിക്കും ദൃശ്യങ്ങളും എല്ലാം പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ പരമോന്നതിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.

യുവാക്കള്‍ക്ക് പ്രത്യേകിച്ചും ഈ ചിത്രം ഒരു മതിയാവാത്ത അനുഭവമാണ്. രണ്ട് തവണയെങ്കിലും ഈ ചിത്രം കാണാതെ മനസ്സ് ഒരിക്കലും അടങ്ങില്ല എന്നതാണ് സത്യം.

ഇതിലെ മൂന്ന് നായികമാരും പ്രേക്ഷകമനസ്സുകളെ മോഷ്ടിച്ചുകൊണ്ട് കടന്ന് കളയുന്നു.

ചിത്രത്തിന്‍റെ ആദ്യഘട്ടത്തില്‍ അനുപമ പരമേശ്വരന്‍ എന്ന പെണ്കുട്ടി യുവാക്കളുടെ രോമാഞ്ചമാകുന്നു.

പിന്നീട് വരുന്ന മലറ് (സായി പല്ലവി) എന്ന തമിഴ് പെണ്കുട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലേയ്ക്ക് വളരുന്നു. പ്രേക്ഷകമനസ്സില്‍ ഒരല്‍പ്പം നൊമ്പരവും ഈ പെണ്കുട്ടി ഏല്‍പിക്കുന്നുണ്ട്.

മഡോണ സെബാസ്റ്റ്യന്‍ ആകര്‍ഷണീയമാണെങ്കിലും എന്തോ ഒരു ഉള്വലിവ് അഭിനയത്തിലുള്ളതായി അനുഭവപ്പെട്ടു.

നിവിന്‍ പോളി എന്ന യുവതാരത്തിന്‍റെ വളര്‍ച്ച ഈ ചിത്രത്തിലൂടെ വ്യക്തമായി കാണാം

ചില സീനുകളില്‍ വികാരങ്ങളെ വാക്കുകളിലൂടെയല്ലാതെ ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ നിവിന്‍ നല്ലപോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ ഓരോ ചെറിയ കഥാപാത്രങ്ങളായി വന്ന അഭിനേതാക്കളും അഭിനേത്രികളും മികവുറ്റ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

ഗംഭീരമായ ചിത്രസംയോജനമികവ് ഈ ചിത്രത്തില്‍ വ്യക്തമായി കാണാം. ഓരോ സീനും പരമാവധി മെച്ചപ്പെടുത്താന്‍ അദ്ധ്വാനിച്ചതിന്‍റെ ഫലമാണ് നൂറ് ശതമാനം ആസ്വാദ്യകരമായ ഈ ചിത്രം.

കുടുംബ പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും ഈ ചിത്രം ഒരു ശരാശരി മികവ് പുലര്‍ത്തി എന്നേ തോന്നൂ എങ്കിലും പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഈ ചിത്രം ഒരു ഹരമാണ്.

അല്‍ഫോണ്സ് പുത്രനേയും കൂട്ടുകാരേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇവര്‍ മലയാള സിനിമയ്ക്ക് ഭാവിയിലും ഗംഭീരമായ സിനിമകള്‍ പ്രദാനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു. ഈ സിനിമയുടെ അവസാനം, ഇതില്‍ അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രവും അഭിനയിച്ചവരെ പേരെഴുതി കാണിക്കുന്നതിലൂടെ അല്‍ഫോണ്സ് പുത്രന്‍ കൂടെ നിന്നവരെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നു. സിനിമ കഴിഞ്ഞിട്ടും ഇത് മുഴുവന്‍ കാണാതെ ഒരാളും തീയ്യറ്ററ് വിട്ട് പോകുന്നില്ല എന്നത് ഈ ചിത്രത്തിന്‍റെ ശക്തിയും സ്വാധീനവുമാണ്.

Rating : 8.5 / 10

ഇവിടെ


രചന അജയന്‍ വേണുഗോപാലന്‍
സംവിധാനം ശ്യാമപ്രസാദ്

ചെറുപ്രായത്തിലേ ഒരു അനാഥാലയത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് ദത്തെടുക്കപ്പെട്ട് അവിടെ പൂര്‍ണ്ണമായും ഒരു അമേരിക്കക്കാരനായി, അവിടത്തെ പോലീസ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ജോലി ചെയ്യുന്ന വരുണ്‍ (പൃഥ്യിരാജ്).  ഇയാളുടെ ഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയ നിലയിലാണെങ്കിലും കുട്ടിയുമായി ബന്ധം തുടരുന്നു.

ഒരു ഐ ടി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ക്രിഷ് ഹെബ്ബര്‍ (നിവിന്‍ പോളി) അവിവാഹിതനും ജോലിയോട് വല്ലാത്ത അഭിനിവേശവുമുള്ള ആളാണ്‍.

ഇന്ത്യയിലേക്കടക്കം ജോലികള്‍ ഔട്ട് സോര്‍സ് ചെയ്യപ്പെടുന്നതിന്‍റെ ഫലമായി അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചില വംശീയ ഹത്യകള്‍ക്ക് അത് കാരണമാകുകയും ചെയ്യപ്പെടുന്നു.  ഇതിന്നിടയില്‍ കോര്‍പറേറ്റ് പൊളിറ്റിക്സും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

വരുണിന്‍റെയും ക്രിഷിന്‍റെയും ചില ബന്ധങ്ങളും ഈ ചിത്രത്തില്‍ വിഷയീഭവിക്കുന്നുണ്ട്.

പൃഥ്യിരാജ് തന്‍റെ കഥാപാത്രത്തെ ആത്മവിശ്വാസത്തോടെ അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍ നിവിന്‍ പോളി തന്‍റെ നിലനില്‍പ്പിനായി കഷ്ടപ്പെടുന്നതായി തോന്നി.  

ഭാവന ഭാഷ നല്ലപോലെ കൈകാര്യം ചെയ്തു.

നല്ല നിലവാരമുള്ള ദൃശ്യങ്ങളും അവതരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഈ ചിത്രം വളരെ വിരസമായ അനുഭവമാണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

പലപ്പോഴും അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യമായ താല്‍പര്യം സാധാരണ പ്രേക്ഷകര്‍ക്ക് തോന്നാവുന്ന ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്ന് പറയാതെ വയ്യ.

Rating : 4 / 10