Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌ ശങ്കര്‍
നിര്‍മ്മാണം: എസ്‌. സുന്ദര്‍ രാജ്‌
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
സംഗീതം: ബിജിബാല്‍

ഒരു വര്‍ഷം മുന്‍പ്‌ കൊലചെയ്യപ്പെട്ട എറണാകുളം കളക്ടറുടെ കേസ്‌ അന്വേഷണം CBI പോലും കൈവിട്ട്‌ വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രധാന പത്രത്തിലേയ്ക്ക്‌ താന്‍ കൊലപാതകത്തിസാക്ഷിയാണെന്നും, തെളിവ്‌ ന്‌ കൈവശമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ഒരു അഡ്രസ്സില്ലാത്ത കത്ത്‌ വരുന്നു. .... ഇവിടുത്തെ നിയമവ്യവസ്ഥയേയും ഭരണകൂടത്തെയും വിശ്വാസമില്ലാത്തതിനാലും ജീവഭയം ഉള്ളതിനാലും താന്‍ പുറത്ത്‌ വരാന്‍ ധൈര്യപ്പെടുന്നില്ല എന്ന്‌ 'അര്‍ജുനന്‍' എന്ന്‌ പരിചയപ്പെടുത്തുന്ന വ്യക്തി കത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതൊരു ന്യൂസ്‌ ആയി മാറുന്നു. ഇത്‌ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകയ്ക്ക്‌ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലേയ്ക്ക്‌ റോയ്‌ മാത്യു എന്ന ആര്‍ക്കിടെക്റ്റ്‌ എത്തിച്ചേരുകയും 'അര്‍ജുനന്‍' ആയി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തലുകളുമാണ്‌ 'അര്‍ജുനന്‍ സാക്ഷി' എന്ന ഈ ചിത്രം പ്രേക്ഷകരോട്‌ പറയുന്നത്‌.

ആദ്യപകുതി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ജിഞ്ജാസയും നല്ല അളവില്‍ ജനിപ്പിച്ചുവെങ്കിലും രണ്ടാം പകുതിയിലെ സംഭവങ്ങളുടെ പുരോഗതി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള തീവ്രതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഉണ്ടാക്കിയില്ല.

അഭിനയം എല്ലാവരുടേയും മികച്ചുനിന്നു. പ്രിഥ്വിരാജ്‌, ആന്‍ അഗസ്റ്റിന്‍, വിജീഷ്‌ (നൂലുണ്ട), ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സലിം കുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും കുറച്ച്‌ സീനുകളിലേ ഉള്ളൂവെങ്കിലും വളരെ മിതവും സ്വാഭാവികവുമായതോതില്‍ ഹാസ്യവും അഭിനയവും കാഴ്ചവച്ചു.

ഫോട്ടോഗ്രാഫിയും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ചിത്രത്തിണ്റ്റെ ആസ്വാദനത്തെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്‌.

ചില രംഗങ്ങളില്‍ സംവിധായകണ്റ്റെ സൂക്ഷ്മതക്കുറവും അപൂര്‍ണ്ണതയും ചിത്രത്തില്‍ കാണാം.

വില്ലന്‍മാരില്‍ ആദ്യത്തെ ആളിലേയ്ക്ക്‌ എത്തുന്നതിനുവേണ്ടി പിന്‍ തുടരുന്ന രംഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. റോയ്‌ മാത്യുവിണ്റ്റെ ഒാരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അവരെ തിരിച്ച്‌ പിന്തുടരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിയും സൂക്ഷ്മതയും പ്രദര്‍ശിപ്പിക്കേണ്ടിടത്ത്‌ നേരെ കാറോടിച്ച്‌ പിന്തുടരുകയും പിന്നാലെ തന്നെ നടന്നുചെല്ലുകയും ചെയ്യുന്നത്‌ കുറച്ച്‌ ആര്‍ഭാടമായിപ്പോയി.

വില്ലന്‍മാരുമായി ധാരണയാകുന്നിടത്ത്‌ തെളിവുകള്‍ കൈമാറാതെ തന്നെ വളരെ സിമ്പിളായി ഒപ്പിട്ടുകൊടുത്തതും സംശയാസ്പദമാണ്‌. അതിനുശേഷം നടക്കുന്ന ഫൈറ്റും അതിന്നൊടുവില്‍ കോഴിയെ ആട്ടി കൂട്ടില്‍ കയറ്റുന്ന പോലുള്ള സീനും പ്രേക്ഷകര്‍ക്ക്‌ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമായില്ല.

രണ്ടാം പകുതിയില്‍ ചില സീനുകളില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ രീതിയിലുള്ള അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഈ ചിത്രത്തിണ്റ്റെ ആസ്വാദനമൂല്ല്യം വളരെയധികം ഉയര്‍ത്തുമായിരുന്നു എന്ന് തോന്നി. പ്രേക്ഷകരും ഒരു പക്ഷേ ഈ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതിനാലാവാം പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം അത്ര പോസിറ്റീവ്‌ അല്ലാതിരിക്കാന്‍ കാരണം.

പൊതുവേ പറഞ്ഞാല്‍ പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

Rating: 6.5 /10

Friday, January 28, 2011

ദി മെട്രോ



കഥ, തിരക്കഥ, സംഭാഷണം: വ്യാസന്‍ എടവനക്കാട്‌

സംവിധാനം: ബിപിന്‍ പ്രഭാകര്‍

അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കൊച്ചി നഗരത്തിന്റെ ഇരുളടഞ്ഞ ക്രിമിനല്‍ ലോകത്തേയ്ക്ക്‌ ആകസ്മികമായി എത്തിച്ചേരുകയും അവരുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയുള്ള ഒരു രാത്രി അനുഭവിക്കേണ്ടിവരികയും ചെയ്യുന്നതാണ്‌ ഇതിനെ കഥ. ഈ ക്രിമിനല്‍ സംഘത്തെ തളയ്ക്കാന്‍ ജനപിന്തുണയുള്ള ഒരു പോലീസ്‌ ഓഫീസറും എത്തുന്നതോടെ ആ രാത്രി സംഭവബഹുലമാകുന്നു.

ആദ്യത്തെ ഒരു പത്ത്‌ മിനുട്ട്‌ ഒരു ടി.വി. ന്യൂസ്‌ ഷോ എന്നരീതിയില്‍ കൊച്ചിയിലെ ഒരു സാഹചര്യത്തെ വിവരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഈ സിനിമയോട്‌ തുടക്കത്തിലേ ഒരു വെറുപ്പ്‌ തോന്നുന്നതിന്‌ ഇത്‌ വളരെ ഉപകരിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. സിനിമയുടെ കഥ മുഴുവന്‍ ഒരാള്‍ നിന്ന് ന്യൂസ്‌ വായിക്കുന്ന പോലെ വായിച്ചാല്‍ സംഭവം എങ്ങനെയുണ്ടാകും?

സുരാജ്‌ വെഞ്ഞാര്‍മൂടിനെ ഒരു 'മക്കള്‍ വാല്‍സല്യനിധിയായ അച്ഛന്‍' വേഷം കെട്ടിച്ച്‌ കുറേ സെന്റി ഉണ്ടാക്കാന്‍ നോക്കിയതെല്ലം ദയനീയമായ ഫലമാണ്‌ ഉണ്ടാക്കിയത്‌. മിണ്ടിയാ മിണ്ടിയാല്‍ 'എന്റെ കുട്ടികള്‍' എന്ന് തുടങ്ങുന്ന വര്‍ത്തമാനം കേട്ട്‌ കുറേ കഴിഞ്ഞപ്പോള്‍ തീയ്യറ്ററില്‍ ഉണ്ടായിരുന്ന ആകെ 6 പേരില്‍ 5 പേരും കോട്ടുവാ ഇട്ടു തുടങ്ങിയിരുന്നു.

വില്ലന്‍ വേഷത്തില്‍ സുരേഷ്‌ കൃഷ്ണയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ശരത്‌ കുമാറും തങ്ങളുടെ ഭാഗം മോശമല്ലാതെ ചെയ്തു.

പത്തിരുപത്‌ ആളുകളെ നേരിടുമ്പോഴും തോക്ക്‌ പോക്കറ്റില്‍ ഭദ്രമായിത്തന്നെ വയ്ക്കുന്ന പോലീസ്‌ ഓഫീസര്‍ തന്നെ ഇവിടെയും. ഒടുവില്‍ മാത്രം തോക്ക്‌ എടുക്കുകയും പതിവുപോലെ അത്‌ തട്ടിത്തെറിപ്പിക്കപ്പെടുകയും എല്ലാം അതേ പടി തന്നെ.

വല്ലാത്ത സംഘര്‍ഷകരമായ അവസ്ഥയിലും മൊബൈല്‍ ഫോണില്ലാത്തതിന്റെ പോലും സെന്റിമെന്റല്‍ ഡയലോഗ്‌ കുത്തിക്കയറ്റാന്‍ തോന്നിയ തിരക്കഥാകൃത്തിനെ സ്തുതിക്കാതെ നിവര്‍ത്തിയില്ല. ('നിനക്കിതുവരെ ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്തത്‌ കഷ്ടം തന്നെ' എന്ന ഡയലോഗിന്റെ മറുപടിയായി 'ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞാനെങ്ങനെയാടാ മൊബൈല്‍ വാങ്ങുന്നത്‌?' എന്ന സെന്റി... അതും ജീവന്‍ പോകാന്‍ നില്‍ക്കുന്ന അവസ്ഥയില്‍... കൊളളാം..)

രണ്ട്‌ മൂന്ന് മൊബൈല്‍ ഫോണും കയ്യില്‍ വച്ച്‌ ഒരു സഹായവും കിട്ടാതെ നെട്ടോട്ടമോടേണ്ടി വരിക എന്നത്‌ തിരക്കഥാകൃത്തിന്റെ ദയനീയത കൂടുതല്‍ വ്യക്തമാക്കുന്നു.

ഒരു ആംബുലന്‍സും ഫയര്‍ എഞ്ചിനും എത്തുമ്പോഴേയ്ക്കും ഗാഢനിദ്രയിലാണ്ട കൊച്ചിയിലെ സ്ത്രീജനങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ ഓടിക്കൂടുന്ന രംഗം കണ്ട്‌ കോരിത്തരിച്ചുപോയി.... കഷ്ടം!

പൊതുവേ പറഞ്ഞാല്‍ ഒരു പ്രത്യേകതകളോ ആസ്വാദനമൂല്ല്യമോ ഇല്ലാത്ത ഒരു സാദാ സിനിമ. ജഗതിയേയും കുറേ ആന്റിമാരേയും കൂട്ടി ഒരു ആഭാസനൃത്തഗാനരംഗം കൂടി ചേരുന്നതോടെ തികഞ്ഞു എല്ലാം.

(സിനിമകള്‍ മോശമാകുന്നതുകൊണ്ട്‌ കഷ്ടത്തിലാകുന്ന ഒരു വിഭാഗം കൂടിയുണ്ട്‌. തീയ്യറ്ററില്‍ സ്നാക്ക്സും ചായയും വില്‍ക്കുന്ന കടക്കാരാണ്‌. കാരണം, ആകെയുള്ള 6 പേരില്‍ ഒരു 4 പേരല്ലേ ഇത്‌ വല്ലതും വാങ്ങൂ...)

Rating: 3/10

Monday, January 10, 2011

ട്രാഫിക്‌



കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ചയ്‌

സംവിധാനം: രാജേഷ്‌ പിള്ള


സെപ്റ്റംബര്‍ 16 എന്ന ദിവസം... വിവിധ തലങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍...
സുദേവന്‍ (ശ്രീനിവാസന്‍) എന്ന ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ - ഒരു കൈക്കൂലി കേസില്‍ പിടിയിലായതിനുശേഷം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍കൊണ്ട്‌ ജോലിയില്‍ തിരിച്ച്‌ ജോയിന്‍ ചെയ്യുന്നു...

ഡോക്ടര്‍ ആബേല്‍ (കുഞ്ചാക്കോ ബോബന്‍) - തന്റെ ഭാര്യയ്ക്ക്‌ പിറന്നാള്‍ സമ്മാനമായി പുത്തന്‍ കാറ്‌ സമ്മാനിക്കാനുള്ള ഒരുക്കത്തില്‍

റൈഹാന്‍ (വിനീത്‌ ശ്രീനിവാസന്‍) - തന്റെ തീവ്രമായ ആഗ്രഹത്തിനൊടുവില്‍ ടി.വി. ജേര്‍ണലിസ്റ്റ്‌ ആയി ജോലികിട്ടി തന്റെ ആദ്യത്തെ ദിവസം ആരംഭിക്കുന്നു... അതും സിദ്ധാര്‍ഥ്‌ ശങ്കര്‍ (റഹ്‌ മാന്‍) എന്ന സൂപ്പര്‍ സ്റ്റാറുമായുള്ള അഭിമുഖത്തിന്‌

റൈഹാന്റെ സുഹൃത്ത്ര് രാജീവ്‌ (ആസിഫ്‌ അലി) തന്റെ ബൈക്കില്‍ റൈഹാനെ ഡ്രോപ്പ്‌ ചെയ്യാന്‍ പുറപ്പെടുന്നു...

ഇവരെല്ലാവരും ഒരു ട്രാഫിക്‌ ജംക്‌ ഷനില്‍ നിന്ന് അവരുടെ കൃത്യങ്ങളുമായി പുറപ്പെടുന്നു.

തുടര്‍ന്നുണ്ടാകുന്ന ഒരു ആക്സിഡന്റ്‌... തുടര്‍ന്നുള്ള നിമിഷങ്ങള്‍ ഇവരുടെയെല്ലാവരുടേയും ജീവിതത്തെ പല തരത്തില്‍ ബന്ധിപ്പിക്കുന്നു. ഇവരുടെ ജീവിതങ്ങളെ ദുരന്തങ്ങളിലേയ്ക്കും പുണ്യങ്ങളിലേയ്ക്കും, തെറ്റുകളില്‍നിന്ന് ശരിയിലേയ്ക്കും ഗതിമാറ്റിക്കൊണ്ടുള്ള ഒരു ത്രില്ലിംഗ്‌ റൈഡ്‌ ആകുന്നു ഈ സിനിമ. ഈ യാത്രയില്‍, ഇവരുടെ ഓരോരുത്തരേയും ബന്ധപ്പെട്ടുകിടക്കുന്നവരുടേയും കാര്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഈ ചിത്രം ക്രമീകരിച്ചിരിക്കുന്നു.

വളരെ ബ്രില്ലിയന്റ്‌ ആയ ഒരു സംരംഭം എന്നാണ്‌ ഈ ചിത്രത്തെക്കുറിച്ച്‌ ഒറ്റ വാക്കില്‍ പറയാനുള്ളത്‌.

പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച്‌ പിടിച്ചിരുത്തുവാനും സാധിച്ചിരിക്കുന്നു എന്നത്‌ തന്നെ ഈ ചിത്രത്തിന്റെ വിജയത്തെ കാണിക്കുന്നു.

പ്രധാന വേഷങ്ങളിലെത്തുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം ഇവരോട്‌ ബന്ധപ്പെട്ടു കിടക്കുന്ന മറ്റ്‌ എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ ഒരു വ്യക്തിത്വവും പ്രാധാന്യവും നല്‍കുവന്‍ സാധിച്ചിരിക്കുന്നു എന്നതും വിവിധ കോണുകളില്‍ നിന്നുള്ള കാര്യങ്ങളെ വളരെ ലോജിക്കലായി ഏകോപിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും ഇതിന്റെ തിരക്കഥാകൃത്തുക്കളെ പ്രത്യേകം അഭിനന്ദിക്കുവാന്‍ വക നല്‍കുന്നു.

വളരെ സാധാരണ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം തലച്ചോറ്‌ പ്രവര്‍ത്തിപ്പിക്കേണ്ട തരത്തിലാണ്‌ ഇതിന്റെ രംഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌ എന്നത്‌ ഒരു കുറവായി പറയുന്നതിനേക്കാള്‍ മികവായി ചൂണ്ടിക്കാട്ടാനാണ്‌ പലരും താല്‍പര്യപ്പെടുക. ഇടയ്ക്ക്‌ ഡോക്ടര്‍ ആബേലിന്റെ ഒരു നെഗറ്റീവ്‌ ആയ ഇടപെടല്‍ എന്തോ ഒരു അസ്വാസ്ഥ്യം ജനിപ്പിച്ചു. എന്തോ ഒരു അപാകത...
ഏറ്റെടുത്ത ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അതിന്റെ ത്രില്ലും എനര്‍ജിയും പരിഗണിക്കുമ്പോള്‍ ശ്രീനിവാസന്‌ തന്റെ ചലനങ്ങളിലും ഭാവങ്ങളിലും അത്‌ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാനായില്ല എന്ന് തോന്നി.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. ആസിഫ്‌ അലി പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

രണ്ട്‌ മണിക്കൂര്‍ ഈ ട്രാഫിക്കില്‍ പെടുന്ന നമുക്ക്‌ അത്‌ ശരിക്കും ആസ്വദിക്കാനാകുന്നു എന്നതാണ്‌ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌.

Enjoy the Traffic!

(Rating : 7 / 10)

Sunday, January 02, 2011

മേരിക്കുണ്ടൊരു കുഞ്ഞാട്‌




കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ഷാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍

ഒരു മലയോരഗ്രാമത്തെ കപ്പ്യാരുടെ (വിജയരാഘവന്‍) രണ്ടാമത്തെ മകനായ സോളമന്‍ (ദിലീപ്‌) പേടിത്തൊണ്ടനും ജോലിയൊന്നും ചെയ്യാതെ നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി ഇങ്ങനെ ജീവിക്കുന്നു. കപ്പ്യാരുടെ മൂത്ത മകന്‍ ചെറുപ്പത്തിലേ നാടുവിട്ടുപോയി. സോളനമെനെ കൂടാതെ രണ്ട്‌ പെണ്‍ മക്കളുമുണ്ട്‌ കപ്പ്യാര്‍ക്ക്‌. സോളമന്‌ ചെറുപ്പം മുതലേ ഒരു പണക്കാരനായ മുതലാളിയുടെ (ഇന്നസെണ്റ്റ്‌) മകളായ മേരിയുമായി (ഭാവന) അടുപ്പമുണ്ട്‌. അതിണ്റ്റെ പേരിലും മേരിയുടെ ആങ്ങളമാരുടെ കയ്യില്‍ നിന്ന് ഇടയ്ക്കിടയ്ക്ക്‌ നല്ല അടി കിട്ടാറുണ്ട്‌. ഒരിക്കല്‍ ആ നാട്ടിലേയ്ക്ക്‌ എത്തിച്ചേരുന്ന ഒരു അപരിചിതന്‍ (ബിജുമേനോന്‍) സോളമണ്റ്റെ നാടുവിട്ടുപോയ ചേട്ടനായി ചിത്രീകരിക്കപ്പെടേണ്ടിവരികയും തുടര്‍ന്ന് സോളമണ്റ്റേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ സിനിമയുടെ പ്രമേയം.

ദിലീപിണ്റ്റെ നിസ്സഹായവും നിഷ്കളങ്കവുമായ കഥാപാത്രം പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കാന്‍ പ്രാപ്തമായതാകുന്നു. കൂടാതെ, ശവപ്പെട്ടി വില്‍പ്പനക്കാരനായ സലിം കുമാര്‍, പള്ളിയിലെ വികാരിയായി ജഗതി തുടങ്ങിയവരും ഹാസ്യാത്മകമായി ഈ സിനിമയെ മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ സഹായിച്ചിരിക്കുന്നു.

ബിജുമേനോന്‍ ആകുന്നു ഈ സിനിമയിലെ ഏറ്റവും മര്‍മ്മ പ്രധാനമായ കഥാപാത്രം. രസിപ്പിക്കുന്നതിലുപരി അഭിനയത്തിലും ബിജുമേനോന്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നു.

ദിലീപിനെപ്പോലെ തന്നെ, ഇന്നസെണ്റ്റും തണ്റ്റെ ഭാഗം ഗംഭീരമാക്കി. ഭാവന തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.
പൊതുവേ, എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.

രണ്ട്‌ ഗാനങ്ങള്‍ തീയ്യറ്ററില്‍ ഒാളം സൃഷ്ടിക്കാന്‍ പ്രാപ്തമായവയായിരുന്നു. മറ്റൊരെണ്ണം അത്ര മെച്ചമായി തോന്നിയില്ല.

കാര്യമായ കഴമ്പുള്ള ഒരു കഥയൊന്നുമല്ലെങ്കിലും സിനിമയുടെ നല്ലൊരു ശതമാനം ഭാഗവും പ്രേക്ഷകരെ രസിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. പക്ഷേ, ക്ളൈമാക്സിനോടടുത്തപ്പോള്‍ 'പാപ്പി അപ്പച്ചാ' സിനിമയിലെ 'വീട്‌ കത്തിക്കല്‍' സംഭവം അതേപോലെ ആവര്‍ത്തിക്കുകയും 'മീശമാധവ'നിലെ വിഗ്രഹമോഷണത്തെ തടയുന്നത്‌ ലോക്കേഷന്‍ പോലും സമാനമായ രീതിയില്‍ പുനരാവിഷ്കരിച്ചിരിക്കുകയും ചെയ്തത്‌ വല്ലാത്തൊരു ചെയ്തായിപ്പോയി.

സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത പല സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്‌. മണ്ണ്‍ മാന്തി കുഴിച്ചിട്ട സാധനം തിരയാനായി നാലഞ്ച്‌ അടിയുടെ കുഴികള്‍ ഒരു പ്രദേശം മുഴുവന്‍ ഉണ്ടാക്കിയിടുന്നതിണ്റ്റെ ഔചിത്യം പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്‌. ('മാവ്‌ നിന്നിരുന്ന സ്ഥാനം പണ്ടേ ചോദിക്കാമായിരുന്നില്ലേ' എന്നത്‌ സിനിമ കണ്ടതിനുശേഷം തെൊന്നുകയും ചെയ്തു).

ആവര്‍ത്തനം കൊണ്ട്‌ പല കോമഡി രംഗങ്ങളുടേയും ഡെവലപ്‌ മെണ്റ്റ്‌ ഊഹിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നെങ്കിലും പൊതുവേ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം.

വലിയ പ്രാധാന്യമോ കാമ്പോ ഇല്ലാത്ത കഥയാണെങ്കിലും പ്രേക്ഷകരെ കാര്യമായി ഉപദ്രവിക്കാതെ, അവര്‍ക്ക്‌ ചിരിക്കാനും ആസ്വദിക്കാനുമുള്ള അവസരം സൃഷ്ടിക്കുക വഴി ഈ സിനിമ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

Rating: 6 / 10