Wednesday, December 28, 2011

വെനീസിലെ വ്യാപാരി (Veneesile Vyaapaari)രചന: ജെയിംസ്‌ ആല്‍ബര്‍ട്ട്‌
സംവിധാനം: ഷാഫി

1980 കളില്‍ നടക്കുന്ന കഥയും പശ്ചാത്തലവുമാണ്‌ ഈ സിനിമയ്ക്ക്‌ ആധാരം. ഒരു പോലീസ്‌ കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന പവിത്രന്‍ (മമ്മൂട്ടി), ഒരു കേസന്വേഷണത്തിന്‌ എന്ന പേരില്‍ മറ്റൊരിടത്തേയ്ക്ക്‌ പോകേണ്ടിവരികയും അവിടെ ഒരു വ്യാപാരി എന്ന ലേബലില്‍ അല്ലറ ചില്ലറ ബിസിനസ്‌ തന്ത്രങ്ങളുമായി ജീവിക്കുകയും ചെയ്യുന്നു. ഒരു തൊഴിലാളി നേതാവിണ്റ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‌ തുമ്പുണ്ടാക്കുക എന്ന ദൌത്യവും കൂട്ടത്തിലുണ്ട്‌. രണ്ട്‌ കരകളിലായി പ്രബലരായ രണ്ട്‌ വ്യാപാരികളുള്ള അവിടെ പവിത്രന്‍ ബിസിനസ്‌ ഹരം കയറി വളര്‍ച്ചപ്രാപിക്കുകയും ശത്രുത സമ്പാദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചതിവിലകപ്പെട്ട്‌ എല്ലാം നഷ്ടപ്പെട്ട്‌ ജയിലില്‍ പോകുകയും പിന്നീട്‌ തിരിച്ചുവന്ന് ഗൂഢാലോചനകളും പഴയകേസിണ്റ്റെ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ നടത്തുന്ന കളികളാണ്‌ അരങ്ങേറുന്നത്‌. ഒടുവില്‍ പതിവുപോലെ ഒരു ലോഡ്‌ ഗുണ്ടകളെ (ഗുണ്ടകളെന്നുപറഞ്ഞാല്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടുള്ള എല്ലാ പ്രധാനികളായ ഗുണ്ടകളേയും ഒരുമിച്ച്‌ ഉപയോഗിച്ചിരിക്കുന്നു) ഇടിച്ച്‌ നിരപ്പാക്കി, സസ്പെന്‍സുകളും കൂറുമാറ്റവും വെടി മാറിക്കൊള്ളലുമൊക്കെയായി കാര്യങ്ങള്‍ പര്യവസാനിപ്പിച്ചു.

ആദ്യമൊക്കെ കുറച്ച്‌ രസകരമായ കച്ചവടതന്ത്രങ്ങളുടെ മേന്‍മയില്‍ കുറച്ചൊക്കെ ആസ്വാദ്യകരമായി തോന്നിയ സിനിമ, രണ്ടാം പകുതി ആയപ്പോഴേയ്ക്കും പണ്ട്‌ കാലത്തെ സിനിമയുടെ പതിവ്‌ സമ്പ്രദായത്തിലേയ്ക്ക്‌ കൂപ്പുകുത്തുകയും പ്രേക്ഷകരെ ബോറടിപ്പിക്കുകയും ചെയ്തു.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ കള്ളനായും പിന്നീട്‌ മറ്റൊരിടത്ത്‌ പൌരപ്രമുഖനായും ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

സലിം കുമാറിണ്റ്റെ ഗള്‍ഫ്‌ കാരന്‍ പതിവ്‌ രീതികളിലൊക്കെയാണെങ്കിലും കുറച്ച്‌ രസകരമായി.

അഭിനയരംഗത്ത്‌ ആരെങ്കിലും മികവുകാട്ടിയതായൊന്നും പറയാനില്ല. എല്ലാവരും ഒരു ബോറന്‍ കഥയില്‍ അവരവരുടെ ഭാഗം അങ്ങ്‌ അഭിനയിച്ച്‌ തീര്‍ത്തു എന്നേ പറയാനുള്ളൂ.

'കണ്ണും കണ്ണും...' എന്ന ഗാനം പഴയ ജയനെ അനുസ്മരിപ്പിക്കും വിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

രചനയിലെ മികവില്ലായ്മയെ ഭേദപ്പെടുത്താന്‍ ഷാഫിയുടെ ഡയറക്‌ ഷനും സാധിച്ചില്ല എന്നതാണ്‌ സത്യം.

പൂട്ട്‌ പൊളിക്കാതെ മോഷണം നടത്തുന്ന കള്ളണ്റ്റെ ട്രേഡ്‌ സീക്രട്ട്‌ ഒരു കുള്ളണ്റ്റെ സഹായമാണെന്ന് പിന്നീട്‌ പ്രേക്ഷകര്‍ അറിയുമ്പോള്‍ പണ്ട്‌ നടത്തിയ മോഷണങ്ങള്‍ക്ക്‌ ഏത്‌ കുള്ളനെ കിട്ടി എന്ന് പ്രേക്ഷകര്‍ ചിന്തിക്കുമെങ്കിലും രചയിതാവോ സംവിധായകനോ ചിന്തിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു.

ഇത്രയും ബോറായ ഒരു കഥയെ വലിയ ബാനറില്‍ ഒരു വലിയ ടീം സിനിമയാക്കി പ്രേക്ഷകര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌ എന്ത്‌ ധൈര്യത്തിലാണെന്ന് ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. പഴയ മികവുകളുടെ ബലത്തില്‍ പ്രേക്ഷകര്‍ അന്ധമായി വിശ്വസിച്ച്‌ തീയ്യറ്ററില്‍ കയറി ഈ പഴഞ്ചരക്ക്‌ കച്ചവടം കൊഴുപ്പിച്ചുകൊള്ളും എന്ന അമിതപ്രതീക്ഷ തന്നെയാവണം ഈ സിനികയുടെ ജനനത്തിന്‌ കാരണം. പക്ഷേ, ഈ പഴക്കം ചെന്ന് നശിച്ച ചരക്ക്‌ കച്ചവടം നടത്താന്‍ ഇടപാടുകാരെ കിട്ടാതെ വല്ല കായലിലോ കടലിലോ കൊണ്ട്‌ തള്ളേണ്ടിവരുമെന്ന് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നു.

Rating : 3 / 10

Sunday, December 18, 2011

ഒരു മരുഭൂമിക്കഥകഥ, തിരക്കഥ: അഭിലാഷ്‌ നായര്‍
സംവിധാനം: പ്രിയദര്‍ശന്
‍നിര്‍മ്മാണം: നവീന്‍ ശശീധരന്‍, വി. അശോക്‌ കുമാര്‍

'അറബിയും ഒട്ടകോം പി മാധവന്‍ നായരും' എന്നതാണോ 'ഒരു മരുഭൂമിക്കഥ' എന്നതാണോ ഇനി ഇത്‌ രണ്ടും ചേര്‍ന്നതാണോ ശരിക്കും ഈ സിനിമയുടെ ടൈറ്റില്‍ എന്ന് ഉറപ്പില്ലാത്തതിനാല്‍ സൌകര്യത്തിനുവേണ്ടി 'ഒരു മരുഭൂമിക്കഥ' എന്ന് തീരുമാനത്തിലെത്തുന്നു.

വീട്ടിലെ പ്രാരാബ്ദങ്ങളുമായി (പതിവ്‌ പരിപാടികളായ പുരനിറഞ്ഞ്‌ നില്‍ക്കുന്ന ഒരു ലോഡ്‌ പെങ്ങന്‍മാര്‍, വയസ്സായ അച്ഛന്‍ , അമ്മ) ഗള്‍ഫില്‍ ജോലി ചെയ്ത്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന മാധവന്‍ നായര്‍. പക്ഷേ, പതിവ്‌ പോലെ വെറും തേരാ പാരാ നടക്കുന്ന മോശം സെറ്റപ്പല്ല ഈ സിനിമയില്‍ എന്ന് മാത്രം. പുള്ളിക്കാരന്‍ അക്കൌണ്ടണ്റ്റ്‌ ആണത്രേ.. സ്വന്തമായി വലിയ ഒരു കാബിനും വിളിപ്പുറത്ത്‌ അസിസ്റ്റണ്റ്റ്സും ഒക്കെ ഉള്ള സെറ്റപ്പാണെങ്കിലും ദാരിദ്ര്യമാണെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഇനി ഈ നായകന്‌ ഒരു നായിക ഉണ്ടാക്കിയെടുക്കാന്‍ ഭാഗ്യപരീക്ഷനങ്ങളുടെ ഒരു കളിയാണ്‌. നായിക പണക്കാരിയാകണം എന്നത്‌ നമുക്ക്‌ നിര്‍ബധമാണല്ലോ...
അവിചാരിതമായി ഒരേ മോതിരത്തില്‍ രണ്ടുപേരും പിടിക്കുക, ഒരേ ടാക്സ്നിയില്‍ കയറുക, ഒരേ സ്ഥലത്തേയ്ക്ക്‌ പോകുക, അവിടെ വച്ച്‌ കൂട്ടിയിടിച്ച്‌ കാപ്പി ഷര്‍ട്ടില്‍ വീഴുക...ഹോ... അങ്ങനെ പോകുന്നു കാര്യങ്ങള്‍. 'തീര്‍ന്നു' എന്ന് വിചാരിക്കരുത്‌.. ഈ കറക്കിക്കുത്ത്‌ കളി കൂടുതല്‍ റൌണ്ട്സിലേയ്ക്ക്‌ കടക്കുന്നു എന്നേ ഉള്ളൂ..
അടുത്ത ഘട്ടത്തില്‍ രണ്ട്‌ ലിഫ്റ്റില്‍ കയറി ഒരേ ഫ്ലോര്‍ സെലെക്റ്റ്‌ ചെയ്യല്‍, ഒരു കറന്‍സിയില്‍ ഫോണ്‍ നമ്പര്‍ എഴുതി അത്‌ തിരികെ എപ്പോള്‍ കിട്ടുന്നോ അപ്പോള്‍ വീണ്ടും വിളീക്കാം എന്ന എഗ്രിമണ്റ്റ്‌..... ഒരു വിധം മതിയായില്ലേ... അത്‌ ആ വഴിയ്ക്ക്‌ നടക്കും...

ഇനി വേണ്ടത്‌ കുറേ അനുബന്ധ കഥാപാത്രങ്ങള്‍. നായകനെ ഒരു ശല്ല്യക്കാരനായ പഴയകാല സുഹൃത്ത്‌ തേടി വരണമല്ലോ.. വരും... അതാണ്‌ മുകേഷ്‌ അവതരിപ്പിക്കുന്ന കഥാപാത്രം.

ഇനി ഈ സംവിധായകണ്റ്റെ തന്നെ മറ്റ്‌ സിനിമകളിലെ കഥാപാത്രങ്ങളും അഭിനേതാക്കളും (മരിച്ചുപോയ കൊച്ചിന്‍ ഹനീഫയ്ക്ക്‌ പകരം സുരാജ്‌ വെഞ്ഞാര്‍മൂട്‌) പല വേഷത്തിലും രൂപത്തിലും ഈ സിനിമയിലും വരും.
പതിവ്‌ പോലെ ആള്‍ മറാട്ടം, പ്രശ്നങ്ങള്‍, നെട്ടോട്ടം, പാട്ട്‌, ഓട്ടം, ചാട്ടം, ഉന്നം തെറ്റല്‍, തല്ല്‌ കൊള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

ക്വൊട്ടേഷന്‍ സംഘം, പോലീസ്‌, കിഡ്നാപ്പ്‌ തുടങ്ങിയ പ്രത്യേകപരിപാടികളും ഈ പരിപാടികള്‍ക്ക്‌ മാറ്റ്‌ കൂട്ടും.

ഒടുവില്‍ എല്ലാം കലങ്ങിത്തിരിഞ്ഞ്‌ എല്ലാം പറഞ്ഞ്‌ കോമ്പ്ളിമെണ്റ്റ്സ്‌ ആക്കി സന്തോഷത്തോടെ കെട്ടിപ്പിടിച്ച്‌ സിനിമ അവസാനിക്കും.

ഈ ചിത്രത്തില്‍ വളരെ വിചിത്രമായി തോന്നിയ ഒരു രംഗമുണ്ട്‌. പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്തതുകൊണ്ട്‌ തോന്നിയതാണേ ഈ സംശയം. ഒരു ഹോട്ടലില്‍ പണവുമായി തങ്ങുന്ന മുകേഷിനേയും ഭാവനയേയും വില്ലന്‍മാര്‍ അവിടെ വന്ന് പിടിച്ച്‌ കൊണ്ട്‌ പോകുന്നുണ്ട്‌. മോഹന്‍ലാല്‍ എത്തുമ്പോഴേയ്ക്കും ഇവര്‍ ഭാവനയുമായി കടന്നു കളഞ്ഞു. മുകേഷിനേയും കൂട്ടി മോഹന്‍ലാല്‍ കാറില് ‍കയറി ചേസ്‌ ചെയ്ത്‌ പോകുന്നു. മുന്‍പത്തെ സീനുകളില്‍ വളരെ ധൈര്യശാലിയും മിണ്ടിയാല്‍ തോക്കെടുത്ത്‌ പൊട്ടിക്കുന്നതുമായ വില്ലനും കൂട്ടരും ഇവരെ പേടിച്ച്‌ കാറ്‍ നിര്‍ത്തി ഭാവനയേയും കൊണ്ട്‌ ഇറങ്ങി ഒാടുന്നു. മോഹന്‍ലാലും മുകേഷും കയ്യില്‍ ബോംബും റോക്കറ്റും കൊണ്ടാണ്‌ വരുന്നതെന്നോ മറ്റോ ഈ പാവം വില്ലന്‍മാര്‍ക്ക്‌ സംവിധായകന്‍ സൂചനകൊടുത്തിട്ടുണ്ടോ എന്ന് പ്രേക്ഷകര്‍ക്കറിയില്ലല്ലോ. അതല്ലേ പാവങ്ങള്‍ വെറും തോക്കും കൊണ്ട്‌ ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. അങ്ങനെ ഒാടി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മുന്‍പിലോട്ട്‌ വഴിയില്ലത്രേ... പാവങ്ങള്‍.. തിരിഞ്ഞ്‌ നിന്ന് ശക്തരായ നായകനേയും സുഹൃത്തിനേയും നേരിടുകതന്നെ.

ഇതോക്കെ കഴിഞ്ഞ്‌ പോലീസ്‌ എത്തി അവരെയൊക്കെ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോയിക്കഴിയുമ്പോള്‍ 'പണം മുഴുവന്‍ അവര്‍ കൊണ്ടുപോയി അല്ലേ?' എന്ന് ചോദിക്കുന്ന നായകന്‌ സുഹൃത്ത്‌ ഒരു കള്ളച്ചിരിയോടെ അത്‌ ഒരു വേസ്റ്റ്‌ ബിന്നില്‍ നിന്ന് എടുത്ത്‌ കൊടുക്കുന്നു. എത്രയോ അകലെയുള്ള ആ ഹോട്ടലില്‍ നിന്ന് ഇവരില്‍ നിന്ന് തട്ടിയെടുത്ത്‌ കൊണ്ടുപോയ പണം, കാറ്‍ ചേസിങ്ങും സ്റ്റണ്ടും കഴിഞ്ഞ്‌ ആശ്വസിച്ച്‌ നില്‍ക്കുന്ന ആ സ്ഥലത്തെ വേസ്റ്റ്‌ ബിന്നില്‍ മുകേഷിന്‌ നേരത്തേ തന്നെ എത്തിക്കാന്‍ സാധിച്ച ആ മനോഹരമായ ടെക്നിക്കിന്‌ നൂറ്‌ കോടി സലാം...

ഈ സിനിമയിലെ സംഭവങ്ങളെ സാമാന്യബുദ്ധിയുടെ അളവുകോല്‍ വച്ച്‌ അളന്ന് ഇതിലെ മണ്ടത്തരങ്ങള്‍ എഴുതാനാണെങ്കില്‍ കുറച്ച്‌ അധികം സമയം മെനക്കെടണം എന്നതിനാല്‍ തല്‍ക്കാലം അതിന്‌ മുതിരുന്നില്ല. എങ്കിലും ചില സാമ്പിളുകള്‍...

ദുബായ്‌ പോലീസ്‌ മിക്കവാറും ഒരു മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
1. മരുഭൂമിയിലിട്ട്‌ ഒരു പറ്റം ദുബായ്‌ പോലീസുകാര്‍ തോക്ക്‌ കൊണ്ട്‌ വെടിക്കെട്ട്‌ നടത്തിയിട്ടും ഒരു ഉണ്ടപോയിട്ട്‌ അര ഉണ്ട പോലും നായകണ്റ്റെയോ സുഹൃത്തിണ്റ്റേയോ ദേഹത്ത്‌ കൊള്ളിക്കാന്‍ കഴിയാഞ്ഞത്‌ കണ്ടാല്‍ ലജ്ജയും നാണക്കേടും തോന്നാതിരിക്കുമോ?
2. സ്വയം കൈ രണ്ടും കെട്ടി വായും മൂടിക്കെട്ടി (സോറി... സ്വയം വാ മൂടിക്കെട്ടി കൈ രണ്ടും കൂട്ടിക്കെട്ടി) ഒരുത്തി കാറിണ്റ്റെ ഡിക്കിയില്‍ കയറി ഇരിക്കുക
3. ഒാടുന്ന കാറിണ്റ്റെ ഡിക്കിയില്‍ കയറിപ്പറ്റുക
4. സി.സി. ടി. വി യിലെ വീഡിയോ നിമിഷസമയം കൊണ്ട്‌ മിക്സ്‌ ചെയ്തു കയറ്റുക (വലിയ ടെക്നോളജിയൊക്കെ ഉള്ളതുകൊണ്ട്‌ പാവം പ്രേക്ഷകര്‍ സമ്മതിച്ചു)

കഥാപരമായി ഇത്തരം നിരവധി പുതുമകളുള്ള ഒരു മനോഹരമായ മരുഭൂമിക്കഥ. കഥാദാരിദ്ര്യത്തെ മരുഭൂമിയായി വിശേഷിപ്പിക്കാമെങ്കില്‍ ഈ സിനിമയുടെ ടൈറ്റില്‍ കറക്റ്റാണ്‌.

ഇതിന്നിടയില്‍ നായകനും നായികയും ഉടുത്തൊരുങ്ങി ഒരു ഡാന്‍സും പാട്ടുമുണ്ട്‌. പാട്ട്‌ കൊള്ളാം.

വേറൊരു പാട്ടുണ്ട്‌.. 'മാധവേട്ടന്‌ മൂക്കിലാണ്‌ ദേഷ്യം..' എന്നോ മറ്റോ പാടുന്ന ഒരു സംഭവം. പ്രേക്ഷകണ്റ്റെ ദേഷ്യം എവിടെയാണെന്നത്‌ സംവിധായകന്‌ ഒരു പ്രശ്നമല്ല.

ഇനി ഒരു പാട്ട്‌ സംഘനൃത്തവും ഓട്ടവും കണ്‍ഫ്യൂഷനും വേണ്ടി ഉണ്ടാക്കിയെടുത്തതും.

മുകളില്‍ വിവരിച്ച മേന്‍മകളൊക്കെയുണ്ടെങ്കിലും ഈ ചിത്രത്തില്‍ പ്രേക്ഷകന്‌ രസിക്കാവുന്ന നിരവധി ഹാസ്യാനുഭങ്ങളും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. മുകേഷും, മോഹന്‍ ലാലും ചേരുമ്പോള്‍ ഉണ്ടാകുന്ന ഹാസ്യത്തിണ്റ്റെ ഒരു മാന്ത്രികത ഈ ചിത്രത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌ എന്നതാണ്‌ കാര്യം. സുരാജ്‌ വെഞ്ഞാര്‍മൂടും ഈ ഹാസ്യാനുഭവത്തിന്‌ സംഭാവന നല്‍കി എന്ന് തന്നെ പറയാം. പലവട്ടം കണ്ടതാണെങ്കില്‍ പോലും ഹാസ്യരംഗങ്ങളില്‍ ഇവര്‍ പ്രകടിപ്പിക്കുന്ന ടൈമിങ്ങും അഭിനയവും പ്രശംസനീയം തന്നെ.

സിനിമാക്കഥയെ വെറും മരുഭൂമിക്കഥയായി കണ്ട്‌ ഇതിലെ ഹാസ്യരംഗങ്ങളെ മാത്രം ആസ്വദിക്കാനുള്ള മനോനിലയില്‍ പോയാല്‍ ചിലപ്പോള്‍ വലിയ ക്ഷോഭം ഇല്ലാതെ ഈ സിനിമ കണ്ടിറങ്ങാം.

Rating: 4 / 10

Saturday, December 10, 2011

സ്വപ്ന സഞ്ചാരി (Swapna Sanchaari)കഥ, തിരക്കഥ, സംഭാഷണം: കെ. ഗിരീഷ്‌ കുമാര്‍
സംവിധാനം: കമല്‍

കുറഞ്ഞ വേതനത്തിലുള്ള ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുമായി ജീവിച്ചിരുന്ന ഒരാള്‍ ഗള്‍ഫില്‍ പോയി കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അസ്വാഭാവികമായി പണക്കാരനായിത്തീര്‍ന്നതിനുശേഷം നാട്ടില്‍ പേരും പ്രശസ്തിയും സമ്പാദിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുന്നതും ഒരു ഘട്ടത്തില്‍ ബിസിനസ്സില്‍ സംഭവിക്കുന്ന പതനത്തെത്തുടര്‍ന്ന്‌ പിടിച്ച്‌ നില്‍ക്കാനാവാത്ത അവസ്ഥവന്ന്‌ ജീവിതം കീഴ്‌ മേല്‍ മറിയുകയും ചെയ്യുന്നു എന്നതാണ്‌ ഈ സിനിമാസാരം.

പലവട്ടം കണ്ടിട്ടുള്ള സ്നേഹസമ്പന്നനും നാടനുമായ ഇന്നസെണ്റ്റിണ്റ്റെ അച്ഛന്‍ കഥാപാത്രം, ഭര്‍ത്താവ്‌ പറയുന്നതെന്തും അംഗീകരിച്ച്‌ ഭര്‍ത്താവിനെയും കുടുംബത്തെയും സേവിക്കുന്ന ഭാര്യാകഥാപാത്രം (സംവ്രിത സുനില്‍), സുഹൃത്തുക്കള്‍, നാട്ടുവാസികള്‍ തുടങ്ങിയവരെല്ലാം ഈ സിനിമയിലും അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്നു.

രസകരമായി കഥാഗതിയെ കൊണ്ടുപോകാന്‍ ഇതിലെ അഭിനേതാക്കള്‍ക്കെല്ലാം സാധിച്ചിരിക്കുന്നു. സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ ജയറാം തണ്റ്റെ കരിയറിലെ നല്ലൊരു കഥാപാത്രത്തെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംവ്രിത സുനിലും തണ്റ്റെ കഥാപാത്രത്തെ മികവുറ്റതാക്കി.
ജയറാമിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി ചിത്രത്തിനൊരു പ്രകാശം നല്‍കിയതായി തോന്നി. ചിത്രത്തിലെ ഗാനങ്ങളും മികച്ചുനിന്നു.

പൊതുവേ പറഞ്ഞാല്‍ ഒരു സാധാരണ പ്രേക്ഷകനെ സ്വാധീനിക്കാനും ആസ്വദിപ്പിക്കാനുമായ ചുറ്റുവട്ടവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ ചിത്രത്തിലുണ്ട്‌. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ ജീവിതസന്ദര്‍ഭങ്ങളോ ഒന്നുമില്ലെങ്കിലും ഒരു സാധാരണക്കാരനായ പ്രേക്ഷകന്‌ തൊട്ടറിയാവുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും രസകരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ സിനിമയ്ക്ക്‌ പൊതുവേ ഒരു സ്വീകാര്യത ലഭിക്കുന്നതായി തോന്നി.

പക്ഷേ, ഗള്‍ഫ്‌ കാരണ്റ്റെ പ്രകടനം കുറച്ചൊക്കെ കാലപ്പഴക്കം വന്ന സംഗതിയാണെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാക്കാം.
നാട്ടിന്‍ പുറം, ഉത്സവം, ഉത്സവക്കമ്മറ്റി, പ്രാരാബ്ദത്തിലും അഭിമാനികളായ കഥാപാത്രങ്ങള്‍ തുടങ്ങിയ പതിവ്‌ ചേരുവകളുമായി ഈ സിനിമ ഉണ്ടാക്കിയെടുത്തതിണ്റ്റെ പിന്നില്‍ മലയാളിപ്രേക്ഷകണ്റ്റെ മനസ്സിലിരിപ്പ്‌ തിരിച്ചറിഞ്ഞ ഒരു ബുദ്ധിമാനായ സംവിധായകണ്റ്റെ മിടുക്കായും വേണമെങ്കില്‍ കരുതാം. പക്ഷേ, മലയാള സിനിമയ്ക്ക്‌ എന്തെങ്കിലും പുതുമകളോ പരീക്ഷണങ്ങളോ നല്‍കി തണ്റ്റെ നില പരുങ്ങലിലാക്കാന്‍ തയ്യാറാകാത്ത ഒരു പരിചയസമ്പന്നനായ സംവിധായകനെയും നമുക്ക്‌ മനസ്സിലാകുമെന്ന്‌ മാത്രം.

(Rating : 4.5 / 10)