Sunday, July 22, 2012

തട്ടത്തിൻ മറയത്ത്

രചന, സംവിധാനം: വിനീത് ശ്രീനിവാസൻ


വിനോദ് എന്ന പയ്യന്‌ ആയിഷ എന്ന ഒരു മൊഞ്ചത്തി പെണ്ണിനോടുള്ള പ്രണയവും അതിൽ ഭാഗഭാക്കാകുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ളതാകുന്നു ഈ സിനിമയുടെ കഥ.

രസകരമായ ചില ചെറിയ സംഭവങ്ങളിലൂടെയും ഡയലോഗുകളിലൂടെയും ഈ സിനിമയെ കുറെയൊക്കെ സമ്പുഷ്ടമാക്കാൻ വിനീത് ശ്രീനിവാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പ്രണയം എന്നത് ഒട്ടും തന്നെ തീവ്രതയോ വിശ്വാസ്യതയോ ഇല്ലാതെ അവശേഷിക്കുന്നു എന്നതാകുന്നു ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്കയും.

ഒരു പെൺ കുട്ടിയുമായി കൂട്ടിയിടിച്ച് വീണശേഷം ഒരു ‘സോറി’ എഴുതിക്കൊടുത്ത് ഒന്ന് രണ്ട് വട്ടം ദർശിച്ച് കഴിഞ്ഞാൽ ‘പ്രണയം’ പൊട്ടിമുളച്ച് വിടരുമെന്ന് പ്രഖ്യാപിച്ചാൽ എത്ര എളുപ്പം സംഗതി തീർന്നു. പ്രണയിക്കുന്ന ഒരു യുവാവിനുണ്ടാകുന്ന മാനസികചിന്തകളും വികാരങ്ങളും ഒരു പരിധിവരെ പ്രതിഫ്ഹലിപ്പിക്കാൻ സാധിച്ചെങ്കിലും പെൺ കുട്ടിയുടെ ഭാഗം ഒട്ടും തന്നെ വ്യക്തമല്ലാതെ വിശ്വാസ്യയോഗ്യമല്ലാതെ വഴിയിൽ കിടക്കുന്നു. അതും ഒട്ടും തന്നെ അനുകൂല സാഹചര്യങ്ങളല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് ഒരു പെൺ കുട്ടിയ്ക്ക് വളരെ ചങ്കൂറ്റമുള്ള ഒരു തീരുമാനമെടുക്കേണ്ടി വരുന്ന തരത്തിൽ പ്രണയം അനുഭവപ്പെടുന്ന ഒന്നും തന്നെ ഉണ്ടായില്ല എന്നതും ന്യൂനതയായി അവശേഷിക്കുന്നു.

ഈ സിനിമയുടെ കാലഘട്ടം ഏതെന്ന് ഇടയ്ക്കെങ്കിലും സന്ദേഹം തോന്നുന്ന പലതും ചിത്രത്തിൽ കാണാം. സൈക്കിൾ ചവിട്ടി ട്യൂഷൻ എടുക്കാൻ പോകുന്ന ഒരു ചെറുപ്പക്കാരനെ സിനിമയിലെങ്കിലും കാണാൻ കിട്ടിയത് സന്തോഷം.


ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയടക്കം മൊത്തമായി ഒരു പ്രണയവിജയത്തിനായി വിനീത് ശ്രീനിവാസൻ തീറെഴുതിക്കൊടുത്തത് ആർഭാടമായിപ്പോയി.

എന്നിരുന്നാലും ഹാസ്യാത്മകമായ പല സംഭാഷണ ശകലങ്ങളും പ്രണയിതാവിന്റെ മാനസികപ്രതിഫലനങ്ങളും ചില ഗാനങ്ങളുമെല്ലാം ചേർന്ന് ഈ ചിത്രം അതിന്റെ ഗുണനിലവാരം അർഹിക്കുന്നതിൽ കൂടുതൽ പ്രേക്ഷക അംഗീകാരം നേടുന്നു എന്നതാണ്‌ പൊതുവേ തീയ്യറ്ററുകളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

അഭിനേതാക്കളെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. മനോജ് കെ ജയൻ രാജമാണിക്യത്തിന്‌ പഠിച്ച് കൊണ്ടേയിരുന്നു.
ആയിഷയായി അഭിനയിച്ച പെൺ കുട്ടി തട്ടത്തിൻ മറയത്ത് നിന്ന് പ്രേക്ഷകരെ ആകർഷിച്ചു. ആ ആകർഷണം ഒരു പരിധിവരെ നെവിൻ പോളി തന്റെ അഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തു.

Rating: 5 / 10

Tuesday, July 03, 2012

ഉസ്താദ് ഹോട്ടൽ


രചന: അഞ്ജലി മേനോൻ


സംവിധാനം: അൻ വർ റഷീദ്

നിർമ്മാണം: ലിസ്റ്റിൻസ്റ്റീഫൻ


ഫൈസി (ദുല്ക്കർ സൽ മാൻ) തന്റെ ഉപ്പയ്ക്കും (സിദ്ദിഖ്) ഉമ്മയ്ക്കും (പ്രവീണ) നാല്‌ പെൺകുട്ടികല്ക്ക് ശേഷം ഉണ്ടായ ആൺ തരിയാണ്‌. മകനുണ്ടാവാൻ യജ്ഞം നടത്തി നടത്തി അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. അഞ്ച് ചെറിയ കുട്ടികളേയും കൂട്ടി ഉപ്പ ദുബായിൽ ജോലിയും താമസവുമാക്കി. അങ്ങനെ ഇത്താത്തമാരുടെ ഇടയിൽ ഈ കുട്ടി വളർന്ന് വലുതായി. ഉന്നത പഠനത്തിനായി സ്വിറ്റ് സർലണ്ടിൽ പോയി. പക്ഷേ, ഉപ്പയെ അറിയിക്കാതെ ഹോട്ടൽ മാനേജ് മെന്റ് എന്ന പേരിൽ ‘കുക്ക്’ ആവാനുള്ള പഠനം നടത്തി, അവിടെ ഒരു വിദേശവനിതയുമായി പ്രേമത്തിലായി അവിടെ താമസിക്കാൻ തീരുമാനിച്ചു. നാട്ടിൽ എത്തുന്ന ഫൈസിക്ക് പിന്നീട് തിരികെ പോകാൻ കഴിയാതെ വരികയും ഉപ്പയുമായുള്ള വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങി ഉപ്പൂപ്പയുടെ (തിലകൻ) ഉസ്താദ് ഹോട്ടലിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. ഉപ്പൂപ്പയുടെ ഈ വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഫൈസി തന്റെ അസ്തിത്വം തിരിച്ചറിയുന്നതും തുടർന്ന് ‘കിസ്മത്തി’ നനുസരിച്ച് പ്രവർത്തിക്കുന്നതുമാണ്‌ ഈ സിനിമയുടെ പ്രമേയം.


ചെറിയ ചെറിയ ഇമോഷണൽ സംഗതികളിലൂടെ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് ഫൈസിയും ഉസ്താദ് ഹോട്ടലും നല്ലൊരു ചലച്ചിത്രാനുഭവം ഒരുക്കുന്നു. അൻ വർ റഷീദിന്റെ സംവിധായക മികവിനെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.


തിരക്കഥയിലെ കുറവുകളെ സംവിധായകന്റെ ട്രിക്കുകളിലൂടെ ഒഴിവാക്കുന്ന ഒരു പ്രക്രിയ കാണാവുന്നതാണ്‌. തിരക്കഥയിലെ പോരായ്മകളെ ഒരുവിധം മൂടിവെച്ച് രക്ഷപ്പെടാൻ സംവിധായകമികവ് തന്നെ കാരണം.

പുതിയ തലമുറയും പഴയ തലമുറയും, ധനികരുടെ സുഖങ്ങളും നിർധനരുടെ ദുരിതങ്ങളും, ആധുനികതയുടെ ജീവിതശൈലികളും പഴമക്കാരുടെ യാഥാസ്ഥിതികളും ഇഴചേർത്ത് അവതരിപ്പിക്കുകയും അവ തമ്മിലുള്ള അനുപാതം വേണ്ട രീതിയിൽ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ, ഈ സംയോജിപ്പിക്കലിന്നിടയിൽ അലുവാക്കഷണവും മീൻ കറിയും പോലെ മനസ്സിനു ദഹിക്കാത്ത ചില സംയോജനങ്ങളും ഉണ്ടായി എന്നതാകുന്നു എടുത്തു പറയാവുന്ന ഒരു ന്യൂനത.

പ്രവചനീയമായ കഥാഗതിയാണെങ്കിലും ആ പ്രയാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും താല്പര്യജനകവും അനുഭവഭേദ്യവുമാക്കാൻ ഈ ചിത്രത്തിന്റെ പിന്നണിപ്രവർത്തകർക്ക് കഴിഞ്ഞിരിക്കുന്നു.


പറക്കമുറ്റാത്ത അഞ്ച് കുട്ടികളെയും കൊണ്ട് സിദ്ദിഖ് ദുബായിലെ ഫ്ലാറ്റിലെത്തിയ ആ സീൻ കുറച്ച് അതിക്രമമായിപ്പോയി. അഞ്ച് പിള്ളേർ വെപ്പും കുടിയുമായി ജീവിച്ചുപോന്നു എന്നത് വളരെ 'ലളിത'മായിപ്പോയി.

വളരെ യാഥാസ്ഥിതികമായ കുടുംബത്തിലെ പെൺ കുട്ടിയാണ്‌ നായിക. പക്ഷേ, പാതിരാ നേരത്ത് മതിലു ചാടിപ്പോയി നാലഞ്ച് ആൺ പിള്ളേരോടൊപ്പം മ്യൂസിക് ഡാൻസ് ഷോ നടത്തി തന്റെ ഇഷ്ടത്തിന്‌ ജീവിക്കുന്നതും ഗംഭീരം. പിന്നിട് നിശ്ചയിച്ച കല്ല്യാണം പുഷ്പം പോലെ വേണ്ടെന്ന് വെക്കാനും ഹോട്ടലിലും ബീച്ചിലും കറങ്ങാനും ആ യാഥാസ്ഥിതികമായ കുടുംബ പശ്ചാത്തലം ഒരു പ്രശ്നമേ അല്ല.


ഹോട്ടലിനുവേണ്ടി ഏഴ് ലക്ഷം രൂപയോളം കുറച്ച് പ്രാരാബ്ധക്കാർ നിസ്സാര സമയം കൊണ്ട് ഉണ്ടാക്കിയെടുത്തതും അത്ര വിശ്വസനീയമല്ല.


ഫൈസിയുടെ ഉപ്പ മാനസാന്തരം വന്ന് ഹോട്ടലിൽ ഇരുന്ന ഡയലോഗ് അടിക്കുന്നത് കുറച്ച് കടുത്തുപോയി.

ഗാനങ്ങളും ഗാനരംഗങ്ങളും മികച്ചതായിരുന്നു.


അഭിനയം പൊതുവേ നിലവാരം പുലർത്തി. തിലകൻ പ്രത്യേക പരാമർശം അർഹിക്കുന്നു. ദുല്ക്കർ തന്റെ അഭിനയത്തിൽ നല്ല മികവ് കൈവരിച്ചിരിക്കുന്നതോടൊപ്പം മലയാള സിനിമയുടെ ഭാവിയിൽ തന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്ന് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നു.


Rating : 7 / 10