Monday, April 30, 2007

ബേജാ ഫ്രൈ


സംവിധാനം: സാഗര്‍ ബെല്ലാരി
നിര്‍മ്മാണം: സുനില്‍ ദോഷി
തിരക്കഥ: സാഗര്‍ ബെല്ലാരി, അര്‍പ്പിത ചാറ്റര്‍ജി
അഭിനേതാക്കള്‍: സരിക, രജത് കപൂര്‍, വിനയ് പാതക്ക്, രണ്‍‌വീര്‍ ഷോരെ, മിലിന്ദ് സോമന്‍, ഭൈരവി ഗോസ്വാമി

സാഗര്‍ ബെല്ലാരിയുടെ ആദ്യ ചിത്രമാണ് ബേജാ ഫ്രൈ. വന്‍ താരനിര ഒന്നും ഇല്ലാത്ത ഈ ചിത്രം മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരെ മനസ്സില്‍ കണ്ട് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ പരസ്യങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ സിനിമ ഭാരതമാകെ റിലീസ് ആയതും.

രജത് കപൂര്‍ ഒരു ധനികനാണ്. വെള്ളിയാഴ്ചകളില്‍ അധികം കഴിവൊന്നുമില്ലാത്ത കലാകാരന്മാരെ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടികളില്‍ വിളിച്ച്, അവരെക്കൊണ്ട് പരിപാടികള്‍ അവതരിപ്പിച്ച്, അവരറിയാതെ അവരെ കളിയാക്കി ചിരിക്കുന്ന വിനോദം ഉള്ള അഹങ്കാരിയായിട്ടാണ് രജത് കപൂര്‍ വേഷമിടുന്നത്. അങ്ങിനെയുള്ള ഒരു വിരുന്നിന് വിനയ് പാതക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ രജത് കപൂര്‍ ക്ഷണിക്കുന്നു. പക്ഷെ അന്നേ ദിവസം രജത് കപൂറിന്റെ നടുവ് ഉളുക്കിയതിനാല്‍ പാര്‍ട്ടിക്ക് പോകാനാകുന്നില്ല. വിനയ് പാതക്ക് അങ്ങിനെ രജത് കപൂറിന്റെ വീട്ടിലെത്തുന്നു. അവിടെ അന്നേ ദിവസം രാത്രി വിനയ് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം.

വിനയ് പാതക്ക് വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ഇഡിയറ്റ് എന്ന് രജത് കപൂര്‍ ആദ്യവസാനം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തിനെ എല്ലാത്തരത്തിലും ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ചിരിയും, ഓരോ ഫോണ്‍ വിളിക്കുമ്പോഴും ആവര്‍ത്തിക്കുന്ന ചില ഡയലോഗുകളും, അബദ്ധം പറ്റുമ്പോള്‍ പ്രതികരിക്കുന്നതും, കയ്യില്‍ കൊണ്ട് നടക്കുന്ന തന്റെ ഫോട്ടോ ആല്‍ബവും, അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാം ഒന്നിനൊന്ന് മെച്ചം. വിനയിനെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമാശകളും ഒക്കെ രജത് കപൂറും ഭംഗിയാ‍ക്കി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്ത രണ്‍‌വീര്‍ ഷോരിയും പ്രേക്ഷകരെ ചിരിപ്പിക്കും. മിലിന്ദ് സോമന്‍ പക്ഷെ തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയം, രണ്‍‌വീറിനോടും വിനയ്‌നോടും ഒരേപോലെ അടുപ്പം കാണിക്കുന്ന തരത്തിലുള്ള മിലിന്ദ് സോമന്റെ പ്രകടനം ചിലപ്പോഴെങ്കിലും അരോചകമായി.

സിനിമയുടെ ഹൈലൈറ്റ് അതിന്റെ കഥ തന്നെയാണ്. ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ കഥ എന്നൊരുപക്ഷെ വിളിക്കാന്‍ കഴിയില്ലെങ്കിലും രസകരമായ സംഭവവികാസങ്ങളിലൂടെയുള്ള സിനിമയുടെ പോക്ക് മനോഹരമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കഥ മാറിമറിയുന്നതും, അതിനുചേര്‍ന്ന് രീതിയിലുള്ള കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും ഒക്കെയാകുമ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ആസ്വാദ്യകരമാകും. ഒറ്റതവണയെങ്കിലും പൊട്ടിച്ചിരിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്ന്‍ തറപ്പിച്ച് തന്നെ പറയാനാകും.

സിനിമയില്‍ പാട്ട് ഒന്നേയുള്ളൂ. അത് തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി. സിനിമയില്‍ പാട്ടിനധികം പ്രാധാന്യമില്ലെങ്കിലും.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. അതീവ സുന്ദരി എന്ന് ഒന്നിലധികം തവണ വിശേഷിപ്പിച്ച രജത് കപൂറിന്റെ ഭാര്യാകഥാപാത്രമായി വേഷമിട്ടിരുന്നത് സരികയാണെന്നത് ഒന്ന്. ഭാര്യയെ ഒരു രാത്രി കാണാതാകുമ്പോള്‍ രജത് പലരേയും വിളിച്ച് ഭാര്യ അയാളുടെകൂടെയുണ്ടോ എന്നന്വേഷിക്കുന്നത് ഈ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ പ്രേക്ഷകന് അറപ്പുളവാക്കും എന്നത് വേറൊന്ന്. സിനിമയിലെ ആണ്‍ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ പിണങ്ങിപ്പോയ ഭാര്യയോ, അല്ലെങ്കില്‍ പരപുരുഷബന്ധം സൂക്ഷിക്കുന്ന ഭാര്യയോ ആണുള്ളതെന്നതും ഒരു നല്ല കഥയ്ക്ക് ചേരുന്നതല്ല്ല എന്നത് മറ്റൊന്ന്.

മനസ്സ് തുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം. ദ്യയാര്‍ത്ഥപ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഇല്ലാതെ സിറ്റുവേഷണല്‍ കോമഡിയാണ് ഇതില്‍ ഉള്ളതെന്നതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഒരേപോലെ രസിക്കും ഈ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങള്‍, നല്ല അഭിനയങ്ങള്‍, സിനിമ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന പല പല രംഗങ്ങള്‍. എന്തുകൊണ്ടും നല്ല സിനിമ എന്ന് വിളിക്കാവുന്ന ഒരു ലോ ബഡ്ജസ്റ്റ് സിനിമ. പക്ഷെ കരച്ചില്‍ പടങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും, പ്രേമ രംഗങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തിയറ്റര്‍ അന്വേഷിച്ച് പോകേണ്ടി വരും.

എന്റെ റേറ്റിങ്ങ്: 4.0/5

Wednesday, April 18, 2007

വിനോദയാത്ര


രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍


സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.

കം‌പ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസി‌എക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.

ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.

ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.

സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.

ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്

എന്റെ റേറ്റിംഗ് : 3/5

Thursday, April 12, 2007

ഛോട്ടാ സാന്റിയാഗോഛോട്ടാ മുംബൈ : മലയാള ചലച്ചിത്രം


തുടക്കം.

സാന്റിയാഗോ പോലെ ഒരുപാട് ഗലികളില്‍ ജീവിതം ഒഴുകുന്ന മട്ടാഞ്ചേരിയുടെ ഏരിയല്‍ ഷോട്ട്. ഒരു പഴയകെട്ടിടത്തിന്റെ മുകളീല്‍ കൂട്ടംകൂടിയിരിക്കുന്ന കുട്ടികളില്‍ ഒരുവന്റെ കയ്യില്‍ തോക്ക്, ആകാശത്തേക്കവന്‍ നിറയൊഴിക്കുന്നു. ഒറ്റ സീനില്‍ സിനിമയെന്താണെന്ന് പറഞ്ഞു തന്ന അഴകപ്പാ, നവോവകം.

നഗരത്തിന്റെ മോടിക്ക് പുറകെ പാങ്ങില്ലാഞ്ഞിട്ടൂം ഓടിരസിച്ച് തളരുന്ന ജീവിതങ്ങള്‍ എല്ലാ നഗരങ്ങള്‍ക്കു ചുറ്റും കാണും. പുതിയതരം ഫാഷന്‍ വസ്ത്രങ്ങളുടെ പൈറേറ്റഡ് കോപ്പിയണിഞ്ഞ് അന്നന്നത്തെ അന്നത്തിനുള്ള വകയ്ക്കപ്പുറം ( കരിഞ്ചന്ത സിനിമ ടിക്കറ്റ് വില്‍പ്പന, ചില്ലറ അടിപിടി, മയക്കുമരുന്ന് ) ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ക്ക് ജീവിതം അധികം ആലോചിച്ച് തലപുണ്ണാക്കാനുള്ള ഒന്നല്ല. ‘തല’ എന്ന മോഹന്‍ലാല്‍ കഥപാത്രത്തിന്റെ വീട് ജപ്തി ചെയ്ത് ( കടം വാങ്ങിയത്, തലയ്ക്കും കൂട്ടുകാര്‍ക്കും മലേഷ്യയില്‍ ജോലിവാങ്ങിച്ചു തരാമെന്ന് പറഞ്ഞപറ്റിച്ച ഹനീഫയ്ക്ക് കൊടുക്കാന്‍ ) അച്ഛനും പെങ്ങന്മാരും പെരുവഴിയിലായ ദിവസം സങ്കടത്തോടെ തലയും കൂട്ടുകാരും പരിഹാരം കാണാന്‍ പോയ പടക്കം ബഷീറിനെ ( ജഗതി) കാത്തിരിക്കുന്ന സീന്‍. ആരൊടെങ്കിലും പണം കടം വാങ്ങാനായിരിക്കും ബഷീര്‍ പോയിരിക്കുന്നത് എന്നു കരുതിയിരുന്ന എന്റെ മുന്നിലേക്ക് ബഷീര്‍ കഷ്ടപെട്ട് സംഘടിപ്പിച്ച് കൊണ്ടു വരുന്നത് ഒരു കുപ്പിയാണ്. അത് കയ്യില്‍ കിട്ടിയപ്പോള്‍ കടം വീട്ടി വീട് തിരികെ കിട്ടിയ സന്തോഷം തലയ്ക്കും കൂട്ടര്‍ക്കും. ഒരു രാത്രിക്കൊപ്പം അന്നത്തെ പ്രശ്നങ്ങളും അവസാനിക്കുന്നു.


സിറ്റി ഒഫ് ഗോഡ് എന്നൊരു ബ്രസീലിയന്‍ സിനിമയുണ്ട്. സാന്റിയാഗൊയിലെ കുപ്രസിദ്ധ തെരുവ്‌ പോരാട്ടങ്ങളുടെ നേരാവിഷ്കാരം. ‘ഛോട്ടാ മുംബൈ” സിറ്റി ഓഫ് ഗോഡിനെ ഓര്‍മ്മിപ്പിച്ചാണ് തുടങ്ങിയത്. പക്ഷെ അവസാനം വെറുമൊരു തമാശ സിനിമയായി അവസാനിക്കുന്നു. ഈ സിനിമയും വളരെ സീരിയസായി മികച്ച സിനിമയാക്കാനുള്ള എല്ലാ പ്രതിഭയും അന്‍വര്‍ റഷീദിലുണ്ട്. പക്ഷെ വാണിയ വിജയം മുന്നില്‍ കണ്ടുകൊണ്ട് ഇങ്ങനെ ഏടുത്തു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മികച്ച സാങ്കേതിക തികവോടെ വിനോദം എന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല എന്നുതോന്നുന്നു.


അഴകപ്പനും ബിജുകുട്ടനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കുറേകാലത്തിന് ശേഷം വിരസതയില്ലാത്തെ ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ടിക്കറ്റ് എടുത്തുതന്ന കുമാരേട്ടനും, പച്ചാളത്തിനും നന്ദി :)