Monday, July 18, 2011

കലക്ടര്‍ (Collector)



സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്‌

വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ്‌ ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ്‌ ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന്‌ അവിനാഷ്‌ വര്‍മ്മയെ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൊണ്ടുവരുന്നത്‌.

സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന്‌ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.

കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക്‌ പോലീസ്‌ ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട്‌ മടുത്ത സംഗതികളാണ്‌.

അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ്‌ പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട്‌ അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്‌.

വില്ലന്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ്‌ കാഴ്ച തന്നെ.

സിനിമയുടെ അവസാനരംഗങ്ങളോടടുത്ത്‌ കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ്‌ അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്‌.

പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌.

ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

യുക്തിക്ക്‌ നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക്‌ വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം ഹരം പകരാവുന്നതാണ്‌ എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ ചിത്രത്തിന്‌ നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന്‌ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കലക്ടര്‍ ആയി സുരേഷ്‌ ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ്‌ ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ്‌ ഗ്ളാസ്സ്‌ മുഖത്ത്‌ തള്ളിക്കയറ്റിയത്‌ അത്രയും ഭാഗത്തെ വൃത്തികേട്‌ പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.

നെടുമുടിവേണുവിണ്റ്റെ പതിവ്‌ ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ്‌ കമ്മീഷണറും പതിവുപടിതന്നെ.

ഇടിച്ച്‌ പറത്തുകയും കയറിട്ട്‌ തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക്‌ പകരം തോക്കുകള്‍ കൊണ്ടുള്ള ആക്‌ ഷന്‍ രംഗങ്ങളാണ്‌ ഈ ചിത്രത്തിലുള്ളത്‌. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട്‌ ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.

തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക്‌ ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്‌.

ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക്‌ മുന്നില്‍ പണക്കൊഴുപ്പിന്‌ വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.

Rating : 5 / 10

ദി ഫിലിം സ്റ്റാര്‍ (The Film Star)

സംവിധാനം: സഞ്ചീവ്‌ രാജ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. സുരേഷ്‌ ബാബു

വ്യവസായവല്‍ക്കരണത്തിണ്റ്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട്‌ മുഖ്യധാരയില്‍ നിന്ന് ഒതുങ്ങി കഷ്ടപ്പെട്ട്‌ ജീവിതം തുടരേണ്ടിവരുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി, അവരുടെ ഇടയില്‍ നിന്ന് ജീവിതാനുഭവങ്ങളുടെ തിരക്കഥയുമായി നന്ദഗോപന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യകിരണിനെ കാണാനായി ശ്രമിക്കുന്നു. രണ്ട്‌ വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സൂര്യകിരണിണ്റ്റെ ഹോട്ടലില്‍ നുഴഞ്ഞുകയറിയെങ്കിലും വേദനയോടെ തണ്റ്റെ കയ്യിലുള്ള തിരക്കഥ നന്ദഗോപന്‍ അവിടെ എറിഞ്ഞിട്ട്‌ പോയെങ്കിലും സൂര്യകിരണിണ്റ്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കഥ അതില്‍ ഉണ്ടായിരുന്നു.

യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ആ തിരക്കഥ, ആ സംഭവങ്ങള്‍ നടന്ന അതേ സ്ഥലങ്ങളില്‍ വച്ച്‌ ചിത്രീകരിക്കാന്‍ സൂര്യകിരണ്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം.

കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ളവരുടെ മനസ്സില്‍ ഇടയ്ക്കൊക്കെ ഒന്ന് സ്പര്‍ശിക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്‌ എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിണ്റ്റെ ആകെയുള്ള ഒരു മേന്‍മ. മാത്രമല്ല, ആധുനികവല്‍ക്കരണത്തിണ്റ്റെ ഭാഗമായി തുടച്ചുനീക്കപ്പെടുന്ന പാവപ്പെട്ടവണ്റ്റെ വേദനയും ജീവിതവും കുറച്ചൊക്കെ വരച്ചുകാട്ടാനും സാധിച്ചിട്ടുണ്ട്‌ ഈ ചിത്രത്തില്‍. ഒരു രാഷ്ട്രീയ നേതാവിണ്റ്റെയും ഫിലിം സ്റ്റാറിണ്റ്റേയും ജനപിന്തുണയുടെ അസ്ഥിരതയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇടയ്ക്കൊക്കെ ചില ഡയലോഗുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കാനുള്ള ശ്രമമുണ്ടെങ്കിലും വളരെ കുറച്ചേ അതെല്ലാം ഏശുന്നുള്ളൂ.

ദിലീപിനെ പ്രൊജക്റ്റ്‌ ചെയ്ത്‌ കാണിച്ചിരിക്കുന്നെങ്കിലും ഇത്‌ കലാഭവന്‍ മണി ചിത്രത്തില്‍ ദിലീപ്‌ അഭിനയിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കോട്ടും സ്യൂട്ടും ഇട്ടില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തോന്നില്ല എന്ന കാരണം കൊണ്ടാവാം ഈ സംഗതി ശരീരത്തില്‍ നിന്ന് ഊരാന്‍ കലാഭവന്‍ മണിക്ക്‌ അധികം അവസരം കിട്ടിയിട്ടില്ല... ഒന്നുകില്‍ സംവിധായകണ്റ്റെ നിര്‍ബന്ധം, അല്ലെങ്കില്‍ മണിയുടെ നിര്‍ബന്ധം... രണ്ടായാലും കോട്ടിന്‌ രക്ഷയില്ല.

ആദ്യത്തെ അര മണിക്കൂര്‍ ഈ ചിത്രം കണ്ടിരിക്കാന്‍ സാധിച്ചാല്‍ അത്‌ നമ്മുടെ ജീവിതത്തിലെ ക്ഷമാശീലത്തിണ്റ്റെ ഉത്തമ മാതൃകയായി മാറും. സുരാജ്‌ വെഞ്ഞാര്‍മൂടിണ്റ്റെ അതിക്രമങ്ങളും തനി തറ നിലവാരമുള്ള ഹാസ്യശ്രമങ്ങളുമാണ്‌ ആദ്യത്തെ കുറേ നേരം... ഇടയ്ക്ക്‌ ദിലീപും കൂടെ ചേരുന്നുണ്ടെങ്കിലും അങ്ങേര്‍ ഒരു പാവം പിടിച്ച നിലയിലായതിനാല്‍ ഉപദ്രവമില്ല.

പലപ്പോഴും നായികയും നായകനും തമ്മില്‍ ആടിപ്പാടുന്നത്‌ ഇവരിലാരെങ്കിലും സ്വപനം കാണുന്നതായാണ്‌ പതിവ്‌. ഇവിടെ ഒരു പുതുമയുണ്ട്‌.. വെറുതേ നോക്കിനില്‍ക്കുന്ന സുരാജ്‌ വെഞ്ഞാര്‍മൂട്‌ സ്വപനം കണ്ടതിനെത്തുടര്‍ന്ന് കലാഭവന്‍ മണിയും രംഭയും ചേര്‍ന്ന ഒരു ഗാന നൃത്തരംഗം അനുഭവിക്കാന്‍ പ്രേകകര്‍ക്ക്‌ ഗതിവന്നു. ആ ഒരൊറ്റ കാരണം മതി സുരാജിനെ തല്ലിക്കൊല്ലാനുള്ള കലി വരാന്‍.

ഇനിയും ഒരുപാട്‌ പുതുമകളും പ്രത്യേകതകളും ഈ ചിത്രത്തിലുണ്ട്‌. നന്ദഗോപന്‍ എന്ന കഥാപാത്രത്തിന്‌ ചെവി കേള്‍ക്കാന്‍ പാടില്ലെങ്കിലും ഒരു കാല്‍ വെപ്പുകാലാണെങ്കിലും സംഘട്ടനരംഗങ്ങളില്‍ അദ്ദേഹം ഒരു കോമ്പ്രമൈസിനുമില്ല. തടിമാടന്‍മാരെ പുഷ്പം പോലെ ഇടിച്ച്‌ പറപ്പിക്കും, കറക്കിയടിക്കും, അടിച്ച്‌ തെറിപ്പിക്കും. എല്ലാവരും കയറില്‍ കെട്ടി പറക്കുന്നതും തിരിയുന്നതും വ്യക്തമായി മനസ്സിലാക്കിത്തരുന്നു സ്റ്റണ്ട്‌ മാസ്റ്റര്‍... വികലാംഗതയുള്ള ഈ തിരക്കഥാകൃത്തിണ്റ്റെ പരാക്രമം ഒരിക്കലൊന്നുമല്ല, പലപ്രാവശ്യം കാണേണ്ടിവരും...

കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും പുതുമയുണ്ട്‌. നന്ദഗോപണ്റ്റെ കാല്‍ വെട്ടിഎടുത്തത്‌ മന്ത്രിയാണത്രേ... വെട്ടി ആറ്റിലെറിയാന്‍ പറഞ്ഞെങ്കിലും നന്ദഗോപന്‍ ജീവിച്ചിരുന്നു.. എങ്ങനെ? എപ്പോ? എന്തിന്‌? ഈ ചോദ്യങ്ങള്‍ക്ക്‌ ഒരൊറ്റ ഉത്തരമേ ഉള്ളൂ... "ദൈവ നിശ്ചയം"....

കാല്‌ വെട്ടിയ ആളുമായി പാവത്തിന്‌ ഒരു ശത്രുതയുമില്ല, മാത്രമല്ല ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ല. പാവം തന്നെ.

മറ്റൊരുപുതുമ എന്തെന്നാല്‍ പണ്ട്‌ പുരാണകഥകളിലൊക്കെ കേട്ടിട്ടുള്ളപോലെ വെള്ളത്തില്‍ മുങ്ങിമരിച്ചെന്നുകരുതിയ പയ്യന്‍ എങ്ങോ ഒഴുകിപ്പോയി രക്ഷപ്പെട്ടു. ഈ പള്ളീലച്ഛന്‍മാര്‍ കുളിക്കാനിറങ്ങുന്ന പുഴ ഏതാണാവോ? കാരണം, അങ്ങനെ ഒരു അച്ഛനാണ്‌ ഈ കുട്ടിയെ കിട്ടിയതത്രേ..

ഒരാള്‍ വിചാരിച്ചാല്‍ നിലയുള്ള വെള്ളത്തില്‍ മുങ്ങിച്ചാവാന്‍ പറ്റുമോ? പറ്റും... ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം അതിന്‌ ഉദാഹരണം... പുഷ്പം പോലെ മുങ്ങിച്ചത്തു.. വെറുതേ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ മതിയല്ലോ...

ഒടുവില്‍ സിനിമാ ക്ളൈമാസ്കും ഒറിജിനല്‍ ക്ളൈമാക്സും എല്ലാം കൂടി കൂട്ടിക്കുഴച്ച്‌ അവസാനിപ്പിക്കും.

കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം പരിശ്രമിച്ചാല്‍ തരക്കേടില്ലാത്ത ഒരു സിനിമയാക്കാവുന്ന ഒരു പ്രമേയത്തെ, മണവും നിറവും ഗുണവുമില്ലാത്ത ഒരു ഉല്‍പ്പന്നമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ്‌ വിലയിരുത്തുമ്പോള്‍ തോന്നിയ കാര്യം.

Rating : 2 / 10

ചാപ്പാ കുരിശ്‌



കഥ, സംവിധാനം: സമീര്‍ താഹിര്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റന്‍ സ്റ്റീഫന്‍

സമൂഹത്തിലെ യുവജീവിതത്തിണ്റ്റെ രണ്ട്‌ ധ്രുവങ്ങളിലായി ജീവിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍...
ഒരാള്‍ അര്‍ജുന്‍..(ഫഹദ്‌ ഫാസില്‍) ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ ജീവിതത്തിണ്റ്റെ എല്ലാ സുഖങ്ങളും ഉയര്‍ന്ന ജോലിയും ജീവിത ശൈലിയും ഉയര്‍ന്ന ക്ളാസ്സും സൌന്ദര്യവുമുള്ള സ്ത്രീ ബന്ധങ്ങളും...
മറ്റൊരാള്‍ അന്‍സാരി...(വിനീത്‌ ശ്രീനിവാസന്‍), ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൂപ്പുജോലി... പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ഉമ്മയ്ക്ക്‌ ഇടയ്ക്ക്‌ മണി ഓര്‍ഡര്‍ അയക്കുന്നതായൊക്കെ കാണിക്കുന്നുണ്ട്‌...

ഒരിക്കല്‍ അര്‍ജുനിണ്റ്റെ കയ്യിലെ ആധുനികമായ ഫോണ്‍ (ഐ ഫോണ്‍) അന്‍സാരിയുടെ കയ്യില്‍ അവിചാരിതമായി കിട്ടുന്നു. അര്‍ജുനിണ്റ്റെ ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്കു പുറമേ, അയാളും ഒാഫീസിലെ പെണ്‍കുട്ടിയുമായ ഒരു രഹസ്യവേഴ്ചയുടെ വീഡിയോ ക്ളിപ്‌ കൂടി ആ ഫോണിലുള്ളതിനാല്‍ ഇത്‌ തിരികെ ലഭിക്കുന്നതിനായി അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ സിനിമയുടെ നല്ലൊരു ശതമാനവും...

വളരെ ചെറിയ ഒരു കഥയെ വലിച്ച്‌ നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.
ഈ രണ്ട്‌ കഥാപാത്രങ്ങളുടെ സ്ഥിരതയില്ലായ്മയാണ്‌ മറ്റൊരു പ്രധാന പ്രശ്നം. ആദ്യം തന്നെ ഇവരെ പരിചയപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ധാരണയല്ല തുടര്‍ന്നങ്ങോട്ട്‌ ഇവരുടെ പ്രവര്‍ത്തികളില്‍ കാണുന്നത്‌. അര്‍ജുന്‍ എന്ന വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വളരെ പെട്ടെന്ന് വെറും മണ്ടന്‍ നടപടികളിലേയ്ക്ക്‌ മാറുന്നത്‌ ആശ്ചര്യത്തോടെയേ നമുക്ക്‌ കണ്ടിരിക്കാന്‍ കഴിയൂ. അതുപോലെ, വളരെ പാവം പിടിച്ച ഒരു മനുഷ്യനായി തോന്നുന്ന അന്‍സാരി, കുറച്ച്‌ കഴിയുമ്പോള്‍ ഒരു വെറുപ്പിക്കുന്ന മനസ്ഥിതിയിലേയ്ക്ക്‌ പോകുകയും വീണ്ടും നോര്‍മലായതിനുശേഷം പിന്നീട്‌ മറ്റൊരു മാനസികാവസ്ഥയിലെത്തുകയും ചെയ്യുന്നു.

അന്‍സാരിയുടെ പാവം പിടിച്ച ചെറിയൊരു പ്രണയവും, അര്‍ജുനിണ്റ്റെ സ്വാര്‍ത്ഥതയ്ക്കായുള്ള പ്രണയവും മറ്റൊരു പെണ്ണുമായുള്ള വിവാഹനിശ്ചയവുമെല്ലാം ഇതിന്നിടയില്‍ നടക്കുന്നുണ്ട്‌.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഭയപ്പെട്ടപോലെ ആ ഫോണില്‍ നിന്നുള്ള വീഡിയോ ക്ളിപ്പ്‌ ഇണ്റ്റര്‍നെറ്റില്‍ പബ്ളിഷ്‌ ആകുകയും തുടര്‍ന്ന് ജോലിയും ജീവിതവും പ്രതിസന്ധിയിലായ അര്‍ജുന്‍ പ്രതികാരദാഹിയായിത്തീരുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്ക്‌ കാണാം.

രണ്ട്‌ തലത്തിലുള്ള ജീവിതശൈലികളിലേയും ചില നേര്‍ക്കാഴ്ചകളിലേയ്ക്ക്‌ കുറച്ചൊക്കെ ധൈര്യത്തൊടെ ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്‌ എന്നതും ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതിണ്റ്റെ ആവശ്യകതകള്‍ കാട്ടിത്തരുന്നുണ്ടെന്നതും ഈ സിനിമയുടെ നല്ല വശങ്ങളാണ്‌.ചിത്രത്തിണ്റ്റെ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും സംഘട്ടനങ്ങളിലും ഒരു സ്വാഭാവികത ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും മികവാണ്‌.

ഫഹദ്‌ ഫാസിലിണ്റ്റെയും വിനീത്‌ ശ്രീനിവാസണ്റ്റെയും അഭിനയം മികവ്‌ പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഒരു ചലനം പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാഞ്ഞത്‌ രചനയിലെ പാളിച്ചകൊണ്ടാണെന്ന് തോന്നി. രമ്യാനമ്പീശന്‍ ഒരു സെക്സി ഗേള്‍ എന്ന പ്രതീതി ജനിപ്പിച്ചപ്പോള്‍ റോമ വെറും ഒരു ഡോള്‍ ഗേള്‍ മാത്രമായി ഒതുങ്ങി. വിനീതിണ്റ്റെ പ്രണയിനിയായി വേഷമിട്ട നിവേദിത മൊഞ്ചുള്ള ഒരു മുസ്ളീം പെണ്‍കുട്ടി എന്ന് തോന്നി.

പക്ഷേ, ഈയിടെ ഒരു ഇണ്റ്റര്‍വ്യൂവില്‍ ഇതിലെ അര്‍ജുനിണ്റ്റെ പ്രണയിനിയായി അഭിനയിച്ച രമ്യാ നമ്പീശന്‍ അവകാശപ്പെട്ടതുപോലെ ആ ലിപ്‌ റ്റു ലിപ്‌ കിസ്സ്‌ ഉള്ളതുകൊണ്ട്‌ ഈ കഥയുടെ സോഷ്യല്‍ കമ്മിറ്റ്‌ മെണ്റ്റ്‌ നിര്‍വ്വഹിക്കപ്പെട്ടു എന്നൊന്നും ഒരുതരത്തിലും തോന്നിയില്ല. രഹസ്യകേളികള്‍ നടത്തുമ്പോള്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ പെണ്‍ കുട്ടികള്‍ സമ്മതിക്കരുത്‌ എന്നതാണാവോ രമ്യാ നമ്പീശന്‌ സമൂഹത്തിലെ പെണ്‍കുട്ടികളോട്‌ പറയാനുണ്ടായിരുന്ന മെസ്സേജ്‌...ആ മെസ്സേജ്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം... മാത്രമല്ല, അങ്ങനെ മൊബൈലില്‍ എടുക്കുന്ന യുവാക്കള്‍ക്കും മെസ്സേജുണ്ട്‌... ഒന്നുകില്‍ അവനവണ്റ്റെ മുഖവും മറ്റും കാണാതെയായിരിക്കണം വീഡിയോ എടുക്കേണ്ടത്‌, അല്ലെങ്കില്‍ എടുത്താലും ഡിലീറ്റ്‌ ചെയ്തേക്കണം... മെസ്സേജ്‌ ഈസ്‌ ക്ളിയര്‍...

ഫോണ്‍ തിരിച്ച്‌ കിട്ടാനായി പോലീസിനെയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിച്ചാല്‍ എന്ത്‌ പ്രശ്നമാണ്‌ സംഭവിക്കുക എന്ന് പ്രേക്ഷകര്‍ ആലോചിച്ച്‌ മെനക്കെടേണ്ട... അങ്ങനെ കഷ്ടപ്പെട്ടാല്‍ ഈ സിനിമയുടെ ഭൂരിഭാഗം സമയവും കാണിക്കേണ്ടിവരില്ലായിരുന്നു.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ഛായാഗ്രഹണവും പൊതുവേ നിലവാരം പുലര്‍ത്തിയതോടൊപ്പം ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Rating 4.5 / 10

Monday, July 11, 2011

വയലിന്‍ (Violin)



കഥ, തിരക്കഥ, സംഭാഷണം: വിജു രാമചന്ദ്രന്‍
സംവിധാനം: സിബി മലയില്‍

മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെ ഒരു ബംഗ്ളാവില്‍ (ഇപ്പോള്‍ പണയത്തിലാണത്രേ) കേക്കുണ്ടാക്കി കച്ചവടം നടത്തി ജീവിക്കുകയാണ്‌ ഏഞ്ചല്‍ (നിത്യാ മേനോന്‍). ആണ്‍ വര്‍ഗ്ഗത്തെ കണ്‍ മുന്നില്‍ കണ്ടാല്‍ തള്ളയ്ക്ക്‌ വിളിച്ച്‌ കല്ലെറിഞ്ഞ്‌ ഒാടിക്കുന്നതരം പ്രകൃതമാണ്‌ ഏഞ്ചലിണ്റ്റേത്‌. മാത്രമല്ല, ഏഞ്ചലാണ്‌ വീടിണ്റ്റെ ഭരണവും.

ഈ വീടിണ്റ്റെ മുകളിലത്തെ നിലയില്‍ താമസിക്കാനായി ഇതിണ്റ്റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശമുള്ള വിജയരാഘവന്‍ പറഞ്ഞുവിട്ടതനുസരിച്ച്‌ വരുന്ന ആളാണ്‌ എബി (ആസിഫ്‌ അലി). വിജയരാഘവന്‍ മാനേജറായ ഒരു കമ്പനിയില്‍ രാജകുമാരി എന്ന സ്ഥലത്തുനിന്ന് പള്ളീലച്ഛന്‍ പറഞ്ഞ്‌ വിട്ടിട്ട്‌ എത്തുന്നതാണത്രേ ഈ എബി.

അങ്ങനെ വീടിണ്റ്റെ മുകളില്‍ താമസമാക്കിയ എബിയെയും കടിച്ചുകീറാനും കല്ലെറിഞ്ഞ്‌ കൊല്ലാനും നില്‍ക്കുന്ന ഈ ഏഞ്ചല്‍ എബിയുടെ ഒരു വയലിന്‍ വായനിയിലൂടെ ക്ളീന്‍ ഒൌട്ട്‌... ഒാടിക്കയറിയില്ലേ വീടിണ്റ്റെ മുകളിലത്തെ നിലയിലേയ്ക്ക്‌... ഭാഗ്യത്തിന്‌ എബിയുടെ മെക്കിട്ട്‌ കയറിയില്ല... പക്ഷേ, പാട്ട്‌ പാടി വട്ടം ചുറ്റി സെറ്റപ്പായി. അങ്ങനെ വളരെ എളുപ്പത്തില്‍ അവരെ ഒരു വഴിയ്ക്കക്കാന്‍ രചയിതാവിനും സംവിധായകനും കഴിഞ്ഞു.

ഏഞ്ചലിണ്റ്റെ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌.... അതില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ ലൌ സ്റ്റോറി സ്മൂത്ത്‌ ആയി തോന്നുകയും ബോറടിക്കുകയും ചെയ്യുമല്ലോ... അതുകൊണ്ട്‌ മാത്രം ഈ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌..

എന്നാല്‍ പിന്നെ, നായകനും കഷ്ടപ്പാടില്ലെങ്കില്‍ എങ്ങനെ മാച്ച്‌ ആകും? നായകണ്റ്റെ അച്ഛനെ തളര്‍ത്തി കസേരയില്‍ കയറ്റി പള്ളിവക വൃദ്ധസദനത്തില്‍ ഇരുത്തി.

അങ്ങനെ സംഭവങ്ങള്‍ മുന്നോട്ട്‌ പോയാല്‍ വീണ്ടും ബോറടിക്കുമെന്നതിനാല്‍ ഒരു വില്ലനെ വരുത്തണം.. വരുത്തേണ്ടിവന്നില്ല, പുള്ളിക്കാരന്‍ നേരത്തെ അവിടെയൊക്കെത്തന്നെ ഉണ്ട്‌.. പിന്നെ, ഒരു ബലാത്സംഗം (ഏയ്‌... ഒന്നും കാണിക്കില്ല, അതെങ്കിലും ഉണ്ടല്ലോ എന്ന അമിത പ്രതീക്ഷവേണ്ട...), കൊലപാതകം, നായകണ്റ്റെ പ്രതികരണം, വില്ലണ്റ്റെ പ്രതികരണത്തിന്‍മേല്‍ പ്രതികരണം, നായികയുടെ ദുരന്തം, വയലിനിലൂടെ കരകയറ്റം എന്നിവയൊക്കെ തുടര്‍ന്ന് കാണാം.
അതിന്നിടയ്ക്ക്‌ കുറച്ച്‌ പാട്ടുകള്‍... ബോറടിക്കുമ്പോള്‍ പാട്ട്‌ കേട്ട്‌ ബോറടിച്ചോളൂ എന്ന് സാരം...

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ്‌ ആയി തോന്നിയത്‌ ആസിഫിണ്റ്റെ സുഹൃത്തായി വരുന്ന അഭിലാഷ്‌ എന്ന ചെറുപ്പക്കാരന്‍. ഇയാല്‍ ഈ സിനിമയ്ക്ക്‌ ഒരു ഉണര്‍വ്വ്‌ നല്‍കി. ഈ കഥാപാത്രത്തിനായി എഴുതിയ സംഭാഷണം ഒരുക്കിയ രചയിതാവും അഭിനന്ദനം അര്‍ഹിക്കുന്നു.

ആസിഫ്‌ അലിയും തണ്റ്റെ റോള്‍ നന്നായി അഭിനയിച്ചു.

നിത്യാമേനോന്‍ ചിലസ്ഥലങ്ങളില്‍ അഭിനയിച്ച അഭിനയം കണ്ട്‌ പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ടെന്‍ഷനാകും. ഉദാഹരണത്തിന്‌, എബിയുടെ ഡാഡിയെ കാണുന്ന രംഗത്തില്‍ നായികയുടെ വികാരവിക്ഷോഭങ്ങള്‍ കണ്ടാല്‍ 'ഇനി ഈ മനുഷ്യന്‍ ഇവളുടെ നേരത്തേ അറിയുന്ന ആരെങ്കിലുമാണോ' എന്ന് സംശയം തോന്നും. കുറച്ച്‌ സമയമെടുക്കും ആ ടെന്‍ഷന്‍ മാറാന്‍.

സംഘട്ടനരംഗങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു എന്നതാണ്‌ മറ്റൊരു കാര്യം. അതുപോലെ ഛായാഗ്രഹണവും മികവുപുലര്‍ത്തി. ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരു ഗാനം തരക്കേടില്ല, പക്ഷേ, അനവസരത്തില്‍ കൊണ്ടുവന്ന് ബോറടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.

'മ്യൂസിക്‌ തെറാപ്പി'യെക്കുറിച്ച്‌ പള്ളീലച്ഛനായ ജനാര്‍ദ്ദനനെക്കൊണ്ട്‌ ഇടയ്ക്കിടെ പറയിപ്പിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കാള വാലുപൊക്കുന്ന കണ്ടാല്‍ അറിയില്ലേ..' എന്ന് തുടങ്ങുന്ന പഴമൊഴി ഒാര്‍ത്താല്‍ മതി. അതായത്‌, തളര്‍ന്ന് വീല്‍ ചെയറില്‍ ഇരിയ്ക്കുന്ന എബിയുടെ ഡാഡിയെ നായിക വയലിന്‍ വായിപ്പിച്ച്‌ ചലിപ്പിച്ചു. കൈ വെയ്ക്കാന്‍ തുടങ്ങിയതാണെന്ന് തോന്നുന്നു.. പ്രേക്ഷകര്‍ അത്‌ അനുഗ്രഹിക്കാനാണെന്ന് തെറ്റിദ്ധരിച്ചു.

ഇതിനുപകരമായി ക്ളൈമാക്സ്കില്‍ ഡോക്ടറെയും വൈദ്യശാസ്ത്രത്തേയും വയലിന്‍ ഉപയോഗിച്ച്‌ നായകന്‍ നേരിട്ട്‌ തോല്‍പ്പിച്ച്‌ കാര്യങ്ങള്‍ റെഡിയാക്കി.. ഇനി ആര്‍ക്കെങ്കിലും മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച്‌ സംശയമുണ്ടോ? ഉണ്ടാകരുത്‌... അതാണ്‌ നേരത്തേ തന്നെ കാര്യങ്ങള്‍ പറഞ്ഞുവെച്ചത്‌.

കുറേയൊക്കെ ബോറടിപ്പിച്ചു എന്നല്ലാതെ, പ്രേക്ഷകമനസ്സിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഒരു ചിത്രം എന്നുമാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളൂ.

(Rating : 3.5 / 10)

Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10

Sunday, July 03, 2011

ത്രീ കിംഗ്‌സ്‌ (Three Kings)



കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രാജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...

Rating : 1.5 / 10

Saturday, July 02, 2011

ബോംബെ മാര്‍ച്ച്‌ 12 (Bombay March 12)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാബു ജനാര്‍ദ്ദനന്‍ 2011
നിര്‍മ്മാണം: ഹനീഫ്‌ മുഹമ്മദ്‌

1993 മാര്‍ച്ച 12.... ബോംബെ നഗരത്തിലെ ഒരു തെരുവ്‌... തിരക്കുപിടിച്ച സ്ട്രീറ്റിലൂടെ സ്കൂട്ടറോടിച്ച്‌ വന്ന് ഒരു സ്ഥലത്ത്‌ നിര്‍ത്തി മുന്നോട്ട്‌ നടന്നുപോകുന്ന ചെറുപ്പക്കാരന്‍...

ചെന്നൈ നഗരത്തിലെ ഒരു സിനിമയുടെ പൂജാ ചടങ്ങ്‌... പൂജ ചെയ്യുന്ന പൂജാരി..

കേരളത്തിലെ ഒരു വീട്ടില്‍ നിസ്കരിക്കുന്ന ഒരു സ്ത്രീ..

പെട്ടെന്ന് ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിത്തെറിക്കുന്നു.. സ്കൂട്ടറിന്നടുത്ത്‌ നിന്നാണ്‌ സ്പോടനം, ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ചെറുപ്പക്കാരന്‍.. മദ്രാസ്‌ നഗരത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ആ പൂജാരി ഞെട്ടി തിരിഞ്ഞ്‌ നോക്കുന്നു.. കേരളത്തിലെ വീട്ടില്‍ നിസ്കരിച്ച്‌ കൊണ്ടിരിന്ന ആ സ്ത്രീ ഞെട്ടി ഭയപ്പാടോടെ പനിപിടിക്കുന്നു..

ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിയതിന്‌ ആ ചെറുപ്പക്കാരണ്റ്റെ ഞെട്ടല്‍ സ്വാഭാവികം.. മറ്റ്‌ രണ്ട്‌ സ്ഥലങ്ങളിലേയും ഞെട്ടലുകള്‍ അസ്വാഭാവികം.. എന്താണ്‌ എന്ന് ചോദിക്കരുത്‌... അത്‌ ആറാം ഇന്ദ്രിയത്തിണ്റ്റെ ഒരു ചെറിയ വിസ്പോടനാത്മകമായ പ്രതിഭാസമാകാം..

ഇനി കൊല്ലം പത്ത്‌ പതിനാല്‌ മുന്നോട്ട്‌... അന്ന് പൂജാരിയായി കണ്ടയാല്‍ പണ്ട്‌ ബോംബെയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ ഞെട്ടിയ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്‌ (സമീര്‍)... പിന്നെ, പോലീസ്‌ ചോദ്യം ചെയ്യലുകളും മാനസികപീഠനങ്ങളും... മുസ്ളീമായതിണ്റ്റെ പേരിലുള്ള പീഢനങ്ങളെന്നൊക്കെ പറയുന്നുണ്ട്‌... ബോംബ്‌ സ്പോടനത്തിണ്റ്റെ പങ്കിനെക്കുറിച്ചോ ഒക്കെ ചോദിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ വീണ്ടും കൊല്ലം മുന്നോട്ടൊ പുറകോട്ടോ ഒക്കെയായി കാണിക്കും.. സൂക്ഷിച്ച്‌ ഇരുന്നോളണം... കണ്ണ്‍ ചിമ്മി കൊല്ലം എഴുതിക്കാണിച്ചത്‌ മിസ്സ്‌ ആയാല്‍ സംഗതി കയ്യില്‍ നിന്ന് പോകും... പിന്നെ, എന്താ ഏതാ എന്നൊന്നും ഒരു എത്തും പിടിയും കിട്ടില്ല... (മുന്‍ സീറ്റിലിരിക്കുന്ന കുറച്ചു പയ്യന്‍മാര്‍ പരസ്പരം ചോദിക്കുന്ന കണ്ടു.. ഒരു പ്രാവശ്യമല്ല, ഇടയ്ക്കിടെ). ഞാനും എണ്റ്റെ സുഹൃത്തും പരസ്പരവും ഈ ചോദ്യം ചോദിച്ചു... ഇടയ്ക്ക്‌ ലിങ്ക്‌ വിട്ടുപോയപൊലെ തോന്നും... തിരിച്ച്‌ കിട്ടിയെന്നും തോന്നും... അങ്ങനെ അംനീഷ്യ ബാധിച്ചപോലുള്ള ഒരു പ്രതീതി... നമ്മുടെ പ്രശ്നമാകും... പോട്ടെ...

അതിന്നിടയില്‍ ഏതോ കൊല്ലവര്‍ഷത്തില്‍ കോയമ്പത്തൂര്‍ സ്പോടനത്തെക്കുറിച്ചും പറയുന്നുണ്ട്‌... ഒമ്പത്‌ വര്‍ഷം ചോദ്യം ചെയ്യലും വിചാരണയുമായി ജയിലില്‍ കിടന്നവരെ വെറുതെ വിടുന്നു... അതില്‍ ഒരാള്‍ അന്നത്തെ പൂജാരിയും ഇന്നത്തെ മുസ്ളീമുമായ ആള്‍ (നമ്മുടെ മമ്മൂട്ടി തന്നെ).

അങ്ങനെ കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്നിടയ്ക്ക്‌ ഒരു സംഗതി പിടികിട്ടും. ആ മുസ്ളീം കുടുംബത്തിലെ പയ്യന്‍ (ഷാജഹാന്‍) ബോബെയില്‍ ജോലികിട്ടി പോകുകയും പോകുന്ന വഴിയില്‍ ട്രെയിനില്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവദമ്പതികളുടെ ബാഗില്‍ സ്പോടകവസ്തുക്കള്‍ പോലീസ്‌ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ ദമ്പതികള്‍ രക്ഷപ്പെട്ടു. ഈ പയ്യന്‍ സാക്ഷി പറഞ്ഞു. ബോംബെയില്‍ ഈ പയ്യന്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ആ ദമ്പതികളിലെ പെണ്‍കുട്ടിയെ കാണുന്നു. പുറത്ത്‌ സ്ട്രീറ്റില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെ കാണുന്നു. ഈ പയ്യന്‍ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ പഴ്സ്‌ കാണാതാകുന്നു, ഫോണ്‍ വരുന്നു, പഴ്സ്‌ കിട്ടിയ ആള്‍ വിളിച്ച്‌ വരേണ്ട വഴി പറഞ്ഞുകൊടുക്കുന്നു, ചെന്നെത്തുന്നത്‌ ജിഹാദിനുവേണ്ടിപ്രേരിപ്പിക്കുന്ന പഠനക്ളാസ്സിലേയ്ക്കും...

ഈ പയ്യന്‍ പിന്നീട്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ച്‌ നാട്ടിലെത്തുന്നു, ജിഹാദികള്‍ പിന്‍ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, നാട്ടില്‍ നിന്ന് തിരിച്ച്‌ ബോംബെയില്‍ പോകാതെ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലെത്തി അവിടെ നെയ്ത്ത്‌ ജോലിചെയ്ത്‌ ജീവിക്കുന്നു. ഈ സ്ഥലത്തെ അമ്പലത്തില്‍ പൂജാരിയായി മമ്മൂട്ടി എത്തുന്നു. പിന്നീട്‌ പട്ടാളവുമായി ഏറ്റുമുട്ടലില്‍ ഷാജഹാന്‍ കൊല്ലപ്പെടുന്നു...

ഇനി കൂടുതലായി പറഞ്ഞ്‌ കഥയുടെ സസ്പെന്‍സ്‌ കളയുന്നില്ല. ഈ സിനിമയുടെ കഥ ഒരു ദീര്‍ഘമായ കാലയളവില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്നതിനാലും ഈ കാലഘട്ടങ്ങളിലെ സംഭവങ്ങളെല്ലം തലയും വാലുമില്ലാതെ പറയുന്നതിനാലും ശ്രദ്ധയില്ലാത്തവര്‍ വെറുതേ തിയ്യറ്ററില്‍ പോയി മെനക്കെടരുത്‌. ഇനി ശ്രദ്ധയുള്ളവര്‍ പോയാല്‍ കുറേ സംശയങ്ങള്‍ മനസ്സില്‍ തോന്നും... ഉത്തരം ചിലതിനൊക്കെ നിര്‍ബദ്ധിച്ചാല്‍ കിട്ടും, പക്ഷേ, പലതിനും കിട്ടാന്‍ ബുദ്ധിമുട്ടും... ജിഹാദികള്‍ ഷാജഹാനെ എന്തിനിങ്ങനെ പിന്‍ തുടര്‍ന്ന് വേട്ടയാടി? സ്വാമിയ്ക്ക്‌ സമീറാകാതെ വേറെ മാര്‍ഗ്ഗമില്ലാതായതെന്ത്‌? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ പെടും.

നിരപരാധികളെ പോലീസ്‌ ചോദ്യം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ രംഗങ്ങള്‍ പൊതുവേ ഒരു ഭീതിജനിപ്പിക്കുന്ന അനുഭവമായി. അതുപോലെ ചിത്രീകരണത്തിലെ സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും സ്വാഭാവികതയും ശ്രദ്ദേയമായി. ഗാനങ്ങള്‍ മികച്ചുനിന്നു. ഷാജഹാനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കുന്ന അഭിനയം കാഴ്ച വച്ചു. ഷാജഹാണ്റ്റെ ബാപ്പയായി സാദിക്ക്‌ മികച്ച പ്രകടനം നടത്തിയപ്പോള്‍ മമ്മൂട്ടിയും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

പക്ഷേ, ബോറടികൊണ്ടും ആവര്‍ത്തനമായ സീനുകള്‍ കൊണ്ടും ഈ ചിത്രം സമ്പുഷ്ടമാണ്‌. പകുതി ഷൂട്ടിംഗ്‌ കൊണ്ട്‌ ഒരു മുഴുവന്‍ സിനിമ എടുക്കാനായിരിക്കുന്നു എന്നത്‌ ഒരു ഗുണമണ്‌. കാരണം, കണ്ട രംഗങ്ങള്‍ തന്നെ പലപ്രാവശ്യം വീണ്ടും കാണിക്കും. ആളുകള്‍ക്ക്‌ ഒരു ചുക്കും മനസ്സിലാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അത്‌.. പക്ഷേ, എന്നിട്ടും ഫലം സ്വാഹ...

അങ്ങനെ മനസ്സിലാവായ്മയുടേയും വിഭ്രന്തിയുടേയും ഇടയില്‍ ഒരു നൂല്‍പ്പാലത്തിലൂടെ മനസ്സ്‌ സഞ്ചരിച്ച്‌ ഒന്ന് സ്റ്റെഡിയാക്കികൊണ്ടുപോയി നോര്‍മലായ മാനസികാവസ്ഥയില്‍ എത്തിനിന്നിട്ട്‌ ബാക്കി സിനിമകാണാം എന്ന സ്ഥിതിയാകുമ്പോള്‍ ആരോടും പറയാതെ സിനിമ പെട്ടെന്ന് സ്റ്റില്‍ ആകും... എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട്‌ ആണെന്ന് വിചാരിച്ച്‌ ആളുകള്‍ ഇരിക്കുമ്പോള്‍ എഴുതിക്കാണിക്കും... സിനിമ മുഴുവനാകുന്നതിനുമുന്‍പ്‌ മാനസികവിഭ്രാന്തി ബാധിച്ച്‌ ഇറങ്ങിപ്പോകാത്തവര്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക്‌ എഴുന്നേറ്റ്‌ പോകാന്‍ അവസരം കൈ വന്നിരിക്കുന്നു എന്നര്‍ത്ഥം. പക്ഷേ, ഇവിടെ ബാക്കിയുള്ളവര്‍ നിരാശരാകും... കാര്യങ്ങള്‍ ഒരു വഴിയ്ക്കാക്കി മനസ്സിണ്റ്റെ താളം വീണ്ടെടുത്ത്‌ സിനിമ ബാക്കി കാണാം എന്നുവിചാരിച്ച്‌ ഇരിക്കുമ്പോള്‍ സിനിമ തീര്‍ന്നുപോയാല്‍ സഹിക്കുമോ? പക്ഷേ, ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ആളുകള്‍ ഇറങ്ങി വേഗം സ്ഥം വിടും.

Rating : 3.5 / 10