Monday, July 18, 2011

ചാപ്പാ കുരിശ്‌



കഥ, സംവിധാനം: സമീര്‍ താഹിര്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റന്‍ സ്റ്റീഫന്‍

സമൂഹത്തിലെ യുവജീവിതത്തിണ്റ്റെ രണ്ട്‌ ധ്രുവങ്ങളിലായി ജീവിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍...
ഒരാള്‍ അര്‍ജുന്‍..(ഫഹദ്‌ ഫാസില്‍) ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ ജീവിതത്തിണ്റ്റെ എല്ലാ സുഖങ്ങളും ഉയര്‍ന്ന ജോലിയും ജീവിത ശൈലിയും ഉയര്‍ന്ന ക്ളാസ്സും സൌന്ദര്യവുമുള്ള സ്ത്രീ ബന്ധങ്ങളും...
മറ്റൊരാള്‍ അന്‍സാരി...(വിനീത്‌ ശ്രീനിവാസന്‍), ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൂപ്പുജോലി... പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ഉമ്മയ്ക്ക്‌ ഇടയ്ക്ക്‌ മണി ഓര്‍ഡര്‍ അയക്കുന്നതായൊക്കെ കാണിക്കുന്നുണ്ട്‌...

ഒരിക്കല്‍ അര്‍ജുനിണ്റ്റെ കയ്യിലെ ആധുനികമായ ഫോണ്‍ (ഐ ഫോണ്‍) അന്‍സാരിയുടെ കയ്യില്‍ അവിചാരിതമായി കിട്ടുന്നു. അര്‍ജുനിണ്റ്റെ ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്കു പുറമേ, അയാളും ഒാഫീസിലെ പെണ്‍കുട്ടിയുമായ ഒരു രഹസ്യവേഴ്ചയുടെ വീഡിയോ ക്ളിപ്‌ കൂടി ആ ഫോണിലുള്ളതിനാല്‍ ഇത്‌ തിരികെ ലഭിക്കുന്നതിനായി അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ സിനിമയുടെ നല്ലൊരു ശതമാനവും...

വളരെ ചെറിയ ഒരു കഥയെ വലിച്ച്‌ നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.
ഈ രണ്ട്‌ കഥാപാത്രങ്ങളുടെ സ്ഥിരതയില്ലായ്മയാണ്‌ മറ്റൊരു പ്രധാന പ്രശ്നം. ആദ്യം തന്നെ ഇവരെ പരിചയപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ധാരണയല്ല തുടര്‍ന്നങ്ങോട്ട്‌ ഇവരുടെ പ്രവര്‍ത്തികളില്‍ കാണുന്നത്‌. അര്‍ജുന്‍ എന്ന വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വളരെ പെട്ടെന്ന് വെറും മണ്ടന്‍ നടപടികളിലേയ്ക്ക്‌ മാറുന്നത്‌ ആശ്ചര്യത്തോടെയേ നമുക്ക്‌ കണ്ടിരിക്കാന്‍ കഴിയൂ. അതുപോലെ, വളരെ പാവം പിടിച്ച ഒരു മനുഷ്യനായി തോന്നുന്ന അന്‍സാരി, കുറച്ച്‌ കഴിയുമ്പോള്‍ ഒരു വെറുപ്പിക്കുന്ന മനസ്ഥിതിയിലേയ്ക്ക്‌ പോകുകയും വീണ്ടും നോര്‍മലായതിനുശേഷം പിന്നീട്‌ മറ്റൊരു മാനസികാവസ്ഥയിലെത്തുകയും ചെയ്യുന്നു.

അന്‍സാരിയുടെ പാവം പിടിച്ച ചെറിയൊരു പ്രണയവും, അര്‍ജുനിണ്റ്റെ സ്വാര്‍ത്ഥതയ്ക്കായുള്ള പ്രണയവും മറ്റൊരു പെണ്ണുമായുള്ള വിവാഹനിശ്ചയവുമെല്ലാം ഇതിന്നിടയില്‍ നടക്കുന്നുണ്ട്‌.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഭയപ്പെട്ടപോലെ ആ ഫോണില്‍ നിന്നുള്ള വീഡിയോ ക്ളിപ്പ്‌ ഇണ്റ്റര്‍നെറ്റില്‍ പബ്ളിഷ്‌ ആകുകയും തുടര്‍ന്ന് ജോലിയും ജീവിതവും പ്രതിസന്ധിയിലായ അര്‍ജുന്‍ പ്രതികാരദാഹിയായിത്തീരുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്ക്‌ കാണാം.

രണ്ട്‌ തലത്തിലുള്ള ജീവിതശൈലികളിലേയും ചില നേര്‍ക്കാഴ്ചകളിലേയ്ക്ക്‌ കുറച്ചൊക്കെ ധൈര്യത്തൊടെ ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്‌ എന്നതും ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതിണ്റ്റെ ആവശ്യകതകള്‍ കാട്ടിത്തരുന്നുണ്ടെന്നതും ഈ സിനിമയുടെ നല്ല വശങ്ങളാണ്‌.ചിത്രത്തിണ്റ്റെ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും സംഘട്ടനങ്ങളിലും ഒരു സ്വാഭാവികത ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും മികവാണ്‌.

ഫഹദ്‌ ഫാസിലിണ്റ്റെയും വിനീത്‌ ശ്രീനിവാസണ്റ്റെയും അഭിനയം മികവ്‌ പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഒരു ചലനം പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാഞ്ഞത്‌ രചനയിലെ പാളിച്ചകൊണ്ടാണെന്ന് തോന്നി. രമ്യാനമ്പീശന്‍ ഒരു സെക്സി ഗേള്‍ എന്ന പ്രതീതി ജനിപ്പിച്ചപ്പോള്‍ റോമ വെറും ഒരു ഡോള്‍ ഗേള്‍ മാത്രമായി ഒതുങ്ങി. വിനീതിണ്റ്റെ പ്രണയിനിയായി വേഷമിട്ട നിവേദിത മൊഞ്ചുള്ള ഒരു മുസ്ളീം പെണ്‍കുട്ടി എന്ന് തോന്നി.

പക്ഷേ, ഈയിടെ ഒരു ഇണ്റ്റര്‍വ്യൂവില്‍ ഇതിലെ അര്‍ജുനിണ്റ്റെ പ്രണയിനിയായി അഭിനയിച്ച രമ്യാ നമ്പീശന്‍ അവകാശപ്പെട്ടതുപോലെ ആ ലിപ്‌ റ്റു ലിപ്‌ കിസ്സ്‌ ഉള്ളതുകൊണ്ട്‌ ഈ കഥയുടെ സോഷ്യല്‍ കമ്മിറ്റ്‌ മെണ്റ്റ്‌ നിര്‍വ്വഹിക്കപ്പെട്ടു എന്നൊന്നും ഒരുതരത്തിലും തോന്നിയില്ല. രഹസ്യകേളികള്‍ നടത്തുമ്പോള്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ പെണ്‍ കുട്ടികള്‍ സമ്മതിക്കരുത്‌ എന്നതാണാവോ രമ്യാ നമ്പീശന്‌ സമൂഹത്തിലെ പെണ്‍കുട്ടികളോട്‌ പറയാനുണ്ടായിരുന്ന മെസ്സേജ്‌...ആ മെസ്സേജ്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം... മാത്രമല്ല, അങ്ങനെ മൊബൈലില്‍ എടുക്കുന്ന യുവാക്കള്‍ക്കും മെസ്സേജുണ്ട്‌... ഒന്നുകില്‍ അവനവണ്റ്റെ മുഖവും മറ്റും കാണാതെയായിരിക്കണം വീഡിയോ എടുക്കേണ്ടത്‌, അല്ലെങ്കില്‍ എടുത്താലും ഡിലീറ്റ്‌ ചെയ്തേക്കണം... മെസ്സേജ്‌ ഈസ്‌ ക്ളിയര്‍...

ഫോണ്‍ തിരിച്ച്‌ കിട്ടാനായി പോലീസിനെയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിച്ചാല്‍ എന്ത്‌ പ്രശ്നമാണ്‌ സംഭവിക്കുക എന്ന് പ്രേക്ഷകര്‍ ആലോചിച്ച്‌ മെനക്കെടേണ്ട... അങ്ങനെ കഷ്ടപ്പെട്ടാല്‍ ഈ സിനിമയുടെ ഭൂരിഭാഗം സമയവും കാണിക്കേണ്ടിവരില്ലായിരുന്നു.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ഛായാഗ്രഹണവും പൊതുവേ നിലവാരം പുലര്‍ത്തിയതോടൊപ്പം ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Rating 4.5 / 10

3 comments:

സൂര്യോദയം said...

ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Sadique M Koya said...

ചില ചില്ലറ ദൌര്ബല്യങ്ങളൊഴിച്ചാല് നല്ലൊരു സിനിമയായി ചാപ്പാ കുരിശ് വകതിരിവുള്ള പ്രേക്ഷകര്ക്ക് തോന്നിയേക്കും. ആധുനിക സൈബര്, മൊബൈല് ലോകത്തിന്റെ പ്രതിസന്ധികളെ സാമാന്യം രസകരമായി അടയാളപ്പെടുത്താനാണ് സമീര് താഹിര് ശ്രമിക്കുന്നത്. അതിലദ്ദേഹം പൂര്ണ്ണമായി വിജയിച്ചെന്നൊന്നും പറയവതല്ല. എന്നാല്, ഒട്ടും സൂക്ഷ്മതയും ശ്രദ്ധയും കാണിക്കാത്ത പരസ്യചിത്രങ്ങള് പോലും വിശ്വോത്തരങ്ങളായി ദേശീയജൂറിമാരാലും പ്രേക്ഷകരാലും വാഴ്ത്തപ്പെടുന്ന മലയാള് സിനിമാക്കാലത്ത് ഇതിലുണ്ടായിട്ടുള്ള ചില്ലറ വീഴ്ചകള് അവഗണനീയമാകുന്നു.
സാധാരണ ഇന്ത്യൻ ‘new age’ സിനിമയിലെ കഥാപാത്രങ്ങൾ, സായിപ്പിനെ അനുകരിച്ച് ഇംഗ്ലീഷ് പറയുന്ന, sexually free ആയ (അല്ലെങ്കിൽ അങ്ങിനെ നമ്മെ തോന്നിപ്പിക്കാൻ പാട് പെടുന്ന), ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന, മന്ദബുദ്ധികളെ ഓർമ്മിപ്പിക്കുന്ന, പരിഹാസ്യരാണ്. ചാപ്പാക്കുരിശിലെ ആളുകൾ ഇംഗ്ലീഷ് പറയുമ്പോൾ നമ്മുടെ തൊലി ഉരിയില്ല. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ, ആദ്യം പതറുന്നുവെങ്കിലും പ്രശംസയർഹിക്കും വിധം തന്റെ ഭാഗം ഭംഗിയാക്കിയിട്ടുമുണ്ട്.

സൂര്യോദയം said...

Sadique.. താങ്കളുടെ അഭിപ്രായങ്ങളോട്‌ ഒരു പരിധിവരെ യോജിക്കുന്നു. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഒരു സ്റ്റാന്‍ഡേഡ്‌ സിനിമ എന്ന് ഒരു പരിധിവരെ തോന്നിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്ന് റിവ്യൂവില്‍ പറഞ്ഞതും :) പക്ഷേ, ന്യൂനതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ... :)