Sunday, July 03, 2011

ത്രീ കിംഗ്‌സ്‌ (Three Kings)കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രാജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...

Rating : 1.5 / 10

4 comments:

സൂര്യോദയം said...

ഇതൊക്കെ കാണേണ്ടിവരുന്നത്‌ ക്രൂരമായ വിധി... കൂടുതലൊന്നും പറയാനില്ല...

സുദേവ് said...

കേട്ടിട്ട് ഒരു സി ഐ ഡി മൂസ സെറ്റ് അപ്പ്‌ ആണെന്ന് തോന്നുന്നു ..നമ്ക്കൊക്കെ പറ്റും :)

സൂര്യോദയം said...

സുദേവ്‌...സി.ഐ.ഡി. മൂസ്സയുടെ ഏഴയലത്ത്‌ വരില്ല... :)

TAS said...

~കുറേയൊക്കെ ബോറടിപ്പിച്ചു എന്നല്ലാതെ, പ്രേക്ഷകമനസ്സിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഒരു ചിത്രം എന്നുമാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളൂ.


നന്ദി