Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10

3 comments:

സൂര്യോദയം said...

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

മുകിൽ said...

നന്ദി.

TAS said...

~നന്ദി.