Friday, January 28, 2011

ദി മെട്രോ



കഥ, തിരക്കഥ, സംഭാഷണം: വ്യാസന്‍ എടവനക്കാട്‌

സംവിധാനം: ബിപിന്‍ പ്രഭാകര്‍

അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കൊച്ചി നഗരത്തിന്റെ ഇരുളടഞ്ഞ ക്രിമിനല്‍ ലോകത്തേയ്ക്ക്‌ ആകസ്മികമായി എത്തിച്ചേരുകയും അവരുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയുള്ള ഒരു രാത്രി അനുഭവിക്കേണ്ടിവരികയും ചെയ്യുന്നതാണ്‌ ഇതിനെ കഥ. ഈ ക്രിമിനല്‍ സംഘത്തെ തളയ്ക്കാന്‍ ജനപിന്തുണയുള്ള ഒരു പോലീസ്‌ ഓഫീസറും എത്തുന്നതോടെ ആ രാത്രി സംഭവബഹുലമാകുന്നു.

ആദ്യത്തെ ഒരു പത്ത്‌ മിനുട്ട്‌ ഒരു ടി.വി. ന്യൂസ്‌ ഷോ എന്നരീതിയില്‍ കൊച്ചിയിലെ ഒരു സാഹചര്യത്തെ വിവരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഈ സിനിമയോട്‌ തുടക്കത്തിലേ ഒരു വെറുപ്പ്‌ തോന്നുന്നതിന്‌ ഇത്‌ വളരെ ഉപകരിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. സിനിമയുടെ കഥ മുഴുവന്‍ ഒരാള്‍ നിന്ന് ന്യൂസ്‌ വായിക്കുന്ന പോലെ വായിച്ചാല്‍ സംഭവം എങ്ങനെയുണ്ടാകും?

സുരാജ്‌ വെഞ്ഞാര്‍മൂടിനെ ഒരു 'മക്കള്‍ വാല്‍സല്യനിധിയായ അച്ഛന്‍' വേഷം കെട്ടിച്ച്‌ കുറേ സെന്റി ഉണ്ടാക്കാന്‍ നോക്കിയതെല്ലം ദയനീയമായ ഫലമാണ്‌ ഉണ്ടാക്കിയത്‌. മിണ്ടിയാ മിണ്ടിയാല്‍ 'എന്റെ കുട്ടികള്‍' എന്ന് തുടങ്ങുന്ന വര്‍ത്തമാനം കേട്ട്‌ കുറേ കഴിഞ്ഞപ്പോള്‍ തീയ്യറ്ററില്‍ ഉണ്ടായിരുന്ന ആകെ 6 പേരില്‍ 5 പേരും കോട്ടുവാ ഇട്ടു തുടങ്ങിയിരുന്നു.

വില്ലന്‍ വേഷത്തില്‍ സുരേഷ്‌ കൃഷ്ണയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ശരത്‌ കുമാറും തങ്ങളുടെ ഭാഗം മോശമല്ലാതെ ചെയ്തു.

പത്തിരുപത്‌ ആളുകളെ നേരിടുമ്പോഴും തോക്ക്‌ പോക്കറ്റില്‍ ഭദ്രമായിത്തന്നെ വയ്ക്കുന്ന പോലീസ്‌ ഓഫീസര്‍ തന്നെ ഇവിടെയും. ഒടുവില്‍ മാത്രം തോക്ക്‌ എടുക്കുകയും പതിവുപോലെ അത്‌ തട്ടിത്തെറിപ്പിക്കപ്പെടുകയും എല്ലാം അതേ പടി തന്നെ.

വല്ലാത്ത സംഘര്‍ഷകരമായ അവസ്ഥയിലും മൊബൈല്‍ ഫോണില്ലാത്തതിന്റെ പോലും സെന്റിമെന്റല്‍ ഡയലോഗ്‌ കുത്തിക്കയറ്റാന്‍ തോന്നിയ തിരക്കഥാകൃത്തിനെ സ്തുതിക്കാതെ നിവര്‍ത്തിയില്ല. ('നിനക്കിതുവരെ ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്തത്‌ കഷ്ടം തന്നെ' എന്ന ഡയലോഗിന്റെ മറുപടിയായി 'ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞാനെങ്ങനെയാടാ മൊബൈല്‍ വാങ്ങുന്നത്‌?' എന്ന സെന്റി... അതും ജീവന്‍ പോകാന്‍ നില്‍ക്കുന്ന അവസ്ഥയില്‍... കൊളളാം..)

രണ്ട്‌ മൂന്ന് മൊബൈല്‍ ഫോണും കയ്യില്‍ വച്ച്‌ ഒരു സഹായവും കിട്ടാതെ നെട്ടോട്ടമോടേണ്ടി വരിക എന്നത്‌ തിരക്കഥാകൃത്തിന്റെ ദയനീയത കൂടുതല്‍ വ്യക്തമാക്കുന്നു.

ഒരു ആംബുലന്‍സും ഫയര്‍ എഞ്ചിനും എത്തുമ്പോഴേയ്ക്കും ഗാഢനിദ്രയിലാണ്ട കൊച്ചിയിലെ സ്ത്രീജനങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ ഓടിക്കൂടുന്ന രംഗം കണ്ട്‌ കോരിത്തരിച്ചുപോയി.... കഷ്ടം!

പൊതുവേ പറഞ്ഞാല്‍ ഒരു പ്രത്യേകതകളോ ആസ്വാദനമൂല്ല്യമോ ഇല്ലാത്ത ഒരു സാദാ സിനിമ. ജഗതിയേയും കുറേ ആന്റിമാരേയും കൂട്ടി ഒരു ആഭാസനൃത്തഗാനരംഗം കൂടി ചേരുന്നതോടെ തികഞ്ഞു എല്ലാം.

(സിനിമകള്‍ മോശമാകുന്നതുകൊണ്ട്‌ കഷ്ടത്തിലാകുന്ന ഒരു വിഭാഗം കൂടിയുണ്ട്‌. തീയ്യറ്ററില്‍ സ്നാക്ക്സും ചായയും വില്‍ക്കുന്ന കടക്കാരാണ്‌. കാരണം, ആകെയുള്ള 6 പേരില്‍ ഒരു 4 പേരല്ലേ ഇത്‌ വല്ലതും വാങ്ങൂ...)

Rating: 3/10

3 comments:

സൂര്യോദയം said...

ഒരു പ്രത്യേകതകളോ ആസ്വാദനമൂല്ല്യമോ ഇല്ലാത്ത ഒരു സാദാ സിനിമ.

rixBhp said...

aake undaayirunna 6 peril 5 perum...hahah :)

വിനയന്‍ said...

Crap movie... My rating is 0.5/10.