Sunday, January 02, 2011

മേരിക്കുണ്ടൊരു കുഞ്ഞാട്‌




കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ഷാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍

ഒരു മലയോരഗ്രാമത്തെ കപ്പ്യാരുടെ (വിജയരാഘവന്‍) രണ്ടാമത്തെ മകനായ സോളമന്‍ (ദിലീപ്‌) പേടിത്തൊണ്ടനും ജോലിയൊന്നും ചെയ്യാതെ നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നില്‍ അപഹാസ്യനായി ഇങ്ങനെ ജീവിക്കുന്നു. കപ്പ്യാരുടെ മൂത്ത മകന്‍ ചെറുപ്പത്തിലേ നാടുവിട്ടുപോയി. സോളനമെനെ കൂടാതെ രണ്ട്‌ പെണ്‍ മക്കളുമുണ്ട്‌ കപ്പ്യാര്‍ക്ക്‌. സോളമന്‌ ചെറുപ്പം മുതലേ ഒരു പണക്കാരനായ മുതലാളിയുടെ (ഇന്നസെണ്റ്റ്‌) മകളായ മേരിയുമായി (ഭാവന) അടുപ്പമുണ്ട്‌. അതിണ്റ്റെ പേരിലും മേരിയുടെ ആങ്ങളമാരുടെ കയ്യില്‍ നിന്ന് ഇടയ്ക്കിടയ്ക്ക്‌ നല്ല അടി കിട്ടാറുണ്ട്‌. ഒരിക്കല്‍ ആ നാട്ടിലേയ്ക്ക്‌ എത്തിച്ചേരുന്ന ഒരു അപരിചിതന്‍ (ബിജുമേനോന്‍) സോളമണ്റ്റെ നാടുവിട്ടുപോയ ചേട്ടനായി ചിത്രീകരിക്കപ്പെടേണ്ടിവരികയും തുടര്‍ന്ന് സോളമണ്റ്റേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ സിനിമയുടെ പ്രമേയം.

ദിലീപിണ്റ്റെ നിസ്സഹായവും നിഷ്കളങ്കവുമായ കഥാപാത്രം പ്രേക്ഷകരെ ഒരു പരിധിവരെ രസിപ്പിക്കാന്‍ പ്രാപ്തമായതാകുന്നു. കൂടാതെ, ശവപ്പെട്ടി വില്‍പ്പനക്കാരനായ സലിം കുമാര്‍, പള്ളിയിലെ വികാരിയായി ജഗതി തുടങ്ങിയവരും ഹാസ്യാത്മകമായി ഈ സിനിമയെ മുന്നോട്ട്‌ കൊണ്ടുപോകുവാന്‍ സഹായിച്ചിരിക്കുന്നു.

ബിജുമേനോന്‍ ആകുന്നു ഈ സിനിമയിലെ ഏറ്റവും മര്‍മ്മ പ്രധാനമായ കഥാപാത്രം. രസിപ്പിക്കുന്നതിലുപരി അഭിനയത്തിലും ബിജുമേനോന്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നു.

ദിലീപിനെപ്പോലെ തന്നെ, ഇന്നസെണ്റ്റും തണ്റ്റെ ഭാഗം ഗംഭീരമാക്കി. ഭാവന തണ്റ്റെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി.
പൊതുവേ, എല്ലാവരുടേയും അഭിനയം മികച്ചുനിന്നു.

രണ്ട്‌ ഗാനങ്ങള്‍ തീയ്യറ്ററില്‍ ഒാളം സൃഷ്ടിക്കാന്‍ പ്രാപ്തമായവയായിരുന്നു. മറ്റൊരെണ്ണം അത്ര മെച്ചമായി തോന്നിയില്ല.

കാര്യമായ കഴമ്പുള്ള ഒരു കഥയൊന്നുമല്ലെങ്കിലും സിനിമയുടെ നല്ലൊരു ശതമാനം ഭാഗവും പ്രേക്ഷകരെ രസിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. പക്ഷേ, ക്ളൈമാക്സിനോടടുത്തപ്പോള്‍ 'പാപ്പി അപ്പച്ചാ' സിനിമയിലെ 'വീട്‌ കത്തിക്കല്‍' സംഭവം അതേപോലെ ആവര്‍ത്തിക്കുകയും 'മീശമാധവ'നിലെ വിഗ്രഹമോഷണത്തെ തടയുന്നത്‌ ലോക്കേഷന്‍ പോലും സമാനമായ രീതിയില്‍ പുനരാവിഷ്കരിച്ചിരിക്കുകയും ചെയ്തത്‌ വല്ലാത്തൊരു ചെയ്തായിപ്പോയി.

സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത പല സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്‌. മണ്ണ്‍ മാന്തി കുഴിച്ചിട്ട സാധനം തിരയാനായി നാലഞ്ച്‌ അടിയുടെ കുഴികള്‍ ഒരു പ്രദേശം മുഴുവന്‍ ഉണ്ടാക്കിയിടുന്നതിണ്റ്റെ ഔചിത്യം പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്‌. ('മാവ്‌ നിന്നിരുന്ന സ്ഥാനം പണ്ടേ ചോദിക്കാമായിരുന്നില്ലേ' എന്നത്‌ സിനിമ കണ്ടതിനുശേഷം തെൊന്നുകയും ചെയ്തു).

ആവര്‍ത്തനം കൊണ്ട്‌ പല കോമഡി രംഗങ്ങളുടേയും ഡെവലപ്‌ മെണ്റ്റ്‌ ഊഹിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നെങ്കിലും പൊതുവേ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ സത്യം.

വലിയ പ്രാധാന്യമോ കാമ്പോ ഇല്ലാത്ത കഥയാണെങ്കിലും പ്രേക്ഷകരെ കാര്യമായി ഉപദ്രവിക്കാതെ, അവര്‍ക്ക്‌ ചിരിക്കാനും ആസ്വദിക്കാനുമുള്ള അവസരം സൃഷ്ടിക്കുക വഴി ഈ സിനിമ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

Rating: 6 / 10

4 comments:

സൂര്യോദയം said...

വലിയ പ്രാധാന്യമോ കാമ്പോ ഇല്ലാത്ത കഥയാണെങ്കിലും പ്രേക്ഷകരെ കാര്യമായി ഉപദ്രവിക്കാതെ, അവര്‍ക്ക്‌ ചിരിക്കാനും ആസ്വദിക്കാനുമുള്ള അവസരം സൃഷ്ടിക്കുക വഴി ഈ സിനിമ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിക്കൊണ്ടിരിക്കുന്നു.

nikhimenon said...

nalla karyam

Unknown said...

ഓക്കേ.......

kARNOr(കാര്‍ന്നോര്) said...

:)