Monday, May 07, 2007

ഡെവിള്‍ ‍ വെയേഴ്സ് പ്രാഡ



സാമാന്യത്തിലും വളരെയേറെ തിരക്കുപിടിച്ച, ജോലിസുരക്ഷിതത്വം തീരെയില്ലാത്ത ഒരു കോര്‍പ്പറേറ്റ് കമ്പനി. കണക്കില്ലാത്ത അധികാരപരിധിയുടെ ഉടമയും ക്ഷിപ്രകോപിയുമായ വനിതാമേലധികാരി. വേണമെന്നാഗ്രഹിക്കാതെ ഇതിനിടയില്‍ ചെന്നുപെടുന്ന തുടക്കക്കാരിയായ ഒരു ജോലിക്കാരി. മെറില്‍ സ്ട്രീപ്പും ആന്‍ ഹാഥവേയും രസകരമായി അഭിനയിച്ചിരിക്കുന്ന ഒരു എന്റര്‍ടൈനര്‍ - ഡെവില്‍ വെയേഴ്സ് പ്രാഡ.




പേരുകേട്ട ‘റണ്‍വേ’ എന്ന ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായി ചേരാന്‍ ആഗ്രഹിച്ച ആന്‍ഡി (ആന്‍ ഹാഥവേ) എന്ന കോളേജ് ഫ്രഷര്‍ക്ക് കിട്ടുന്നത്, മാഗസിന്റെ എഡിറ്റര്‍ മിരാന്‍ഡാ പ്രസ്‌ലിയുടെ സെക്കന്റ് അസ്സിസ്റ്റന്റ്റ് എന്ന പോസ്റ്റാണ്. ഈ പോസ്റ്റില്‍ താല്പര്യമില്ലാതിരുന്നിട്ടും,
മിരാന്‍ഡായുടെ ഒപ്പം ജോലി ചെയ്യുന്നത് പിന്നീട് കരിയറില്‍ ഏറെ സഹായിക്കുമെന്നതിനാല്‍, ആന്‍ഡി ഈ ജോലി ഏറ്റെടുക്കുന്നു.



മിരാന്‍ഡാ പ്രസ്‌ലി യുടെ അവസാ‍നമില്ലാത്ത ഡിമാന്‍ഡുകളും ഒരിക്കലും അവസാനിക്കാത്ത വര്‍ക്ക് ഡേയും കഠിനമായി ക്ഷമ പരീക്ഷിക്കപ്പെടുന്ന ജോലിപരിതസ്ഥിതികളും ഒക്കെ ആന്‍ഡി തരണം ചെയ്യുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.




ഒരു വശത്ത് മിരാന്‍ഡയെ തൃപ്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ആന്‍ഡിയുടെ സ്വകാര്യജീവിതം നഷ്ടപ്പെടുന്നതും വളരെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു.



ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുക സ്ത്രീകള്‍ക്കായിരിക്കും. പക്ഷേ, കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കടമപൂര്‍ത്തീകരണങ്ങള്‍ക്കിടയില്‍ കരിയര്‍ വേണോ ജീവിതം വേണോ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള നമ്മളില്‍ പലര്‍ക്കും കൂടി ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും പ്രത്യേകിച്ച്, ടോപ്പ് മാനേജ്മെന്റുമായി നിത്യവും നേരിട്ട് ഇടപെടേണ്ടി വരുന്ന തരം ജോലിയുള്ളവര്‍ക്കും prestigious കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒക്കെ ഈ ചിത്രം പ്രത്യേകമായി ‘ഫീല്‍’ ചെയ്യാന്‍ സാധ്യതയുണ്ട്.

(ചിത്രത്തിന്റെ അവസാനത്തോടടുത്ത് മിരാന്‍ഡാ പ്രസ്‌ലി ആന്‍ഡിയോടായി പറയുന്ന ഒരു വാചകം രസകരമായി തോന്നി “Everybody wants what we have, everybody want the charm we have, they just pretend they dont". ഗ്ലാമറസ് കോര്‍പ്പറേറ്റ് ലൈഫിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഈയൊരു കാര്യം സത്യമാണ് എന്ന് തോന്നുന്നു)

ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും മെറില്‍ സ്ട്രീപ്പിന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഡെവിള്‍ വെയേഴ്സ് പ്രാഡ. ലോറന്‍ വെയ്സ്ബെര്‍ഗറുടെ ഒരു ബെസ്റ്റ് സെല്ലര്‍ നോവല്‍ ആണ് ഈ ചിത്രത്തിനാധാരം.

ചിത്രത്തിലെ എടുത്തുപറയാവുന്ന മറ്റൊരു സാന്നിദ്ധ്യം സ്റ്റാന്‌ലി ടുച്ചി ആണ്. ‘ഷാല്‍ വീ ഡാന്‍സ്‘-ലെ നായകന്റെ ഗേ കൊളീഗ്, ‘ദി ടെര്‍മിനല്‍‘-ലെ എയര്‍പോര്‍ട്ട് മാനേജര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച/ശ്രദ്ധ ആകര്‍ഷിച്ച സ്റ്റാന്‍ലി, കോര്‍പ്പറേറ്റ് ലൈഫില്‍ തുടക്കക്കാരിയായ ആന്‍ഡിയ്ക്ക് ഓഫീസില്‍ നല്ലൊരു സീനിയര്‍ സുഹൃത്തായ നിഗേല്‍ എന്ന കഥാപാത്രത്തെ ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു.

3 comments:

ദിവാസ്വപ്നം said...

“ഡെവിള്‍ വെയേഴ്സ് പ്രാഡ”

ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുക സ്ത്രീകള്‍ക്കായിരിക്കും. പക്ഷേ, കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കടമപൂര്‍ത്തീകരണങ്ങള്‍ക്കിടയില്‍ കരിയര്‍ വേണോ ജീവിതം വേണോ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള നമ്മളില്‍ പലര്‍ക്കും കൂടി ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും. പ്രത്യേകിച്ച്, ടോപ്പ് മാനേജ്മെന്റുമായി നിത്യവും നേരിട്ട് ഇടപെടേണ്ടി വരുന്ന തരം ജോലിയുള്ളവര്‍ക്കും...

Kiranz..!! said...

ദിവാ‍...ഒരു നൂറ് നന്ദി..ആയിരം ഇപ്പോ പറയില്ല,അടുത്തതിനൊക്കെ പിന്നെപ്പറയാന്‍ ഞാന്‍ എന്നാ ചെയ്യും..:)ഒരോന്നോരാന്നായി ഇങ്ങോട്ടിറക്കിവിടവന്മാരെ..എന്നിട്ട് വേണം എനിക്കൊന്നര്‍മ്മാദിച്ചു ഡൌണ്‍ലോഡിത്തകര്‍ക്കാന്‍..ഹോളിഡേ ഇന്നലെ മ്യൂടോറന്റില്‍ കേറി,സീഡറമ്മാര്‍ക്കിട്ട് ക്ലച്ച് പിടിച്ചോണ്ടിരിക്കുവാ :)


oru kOppile word verifi..:(

Dinkan-ഡിങ്കന്‍ said...

കിരണ്‍സേ ആ ഡൌണ്‍ലോഡ് സൈറ്റൊക്കെ ഒന്നു കമെന്റാമോ?
ഡിങ്കന്‍ ഓടി... കോപ്പിറൈറ്റ്..

ഇന്ന് ആകെ മോശം ദിവസമാ. ഉള്ളതില്‍ പാതി വേറ്ഡ്വെരിമ്മെ തീര്‍ന്നു lvwgzop