Wednesday, October 18, 2006

കോര്‍പ്പറേറ്റ്‌

നിര്‍മ്മാണം : സഹാറ വണ്‍ മോഷന്‍ പിക്ചേര്‍സ്‌.
സംവിധാനം : മധുര്‍ ഭണ്ഡാര്‍കര്‍
കഥ, തിരക്കഥ : മനോജ്‌ ത്യാഗി, മധുര്‍ ഭണ്ഡാര്‍കര്‍
സംഭാഷണം : മനോജ്‌ ത്യാഗി, അജയ്‌ മോംഗേ
ക്യാമറ : മഹേഷ്‌ ലിമായേ.
സംഗീതം : സമീര്‍ ഠണ്ടന്‍.

രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, 2004 ഇലെ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോഴാണെന്ന് തോന്നുന്നു, മലയാള വേദിയില്‍ ഒരു ചൂടു സംവാദം നടന്നിരുന്നു. ഇന്ത്യന്‍ മധ്യവര്‍ത്തി സിനിമയുടെ കേന്ദ്രം ഹിന്ദി ഭാഷയിലേക്ക്‌ മാറിയോ എന്നതിനെപ്പറ്റി. മലയാളവും ബംഗാളിയും കയ്യടക്കി വെച്ചിരുന്ന " നല്ല സിനിമകള്‍" എന്ന മുദ്ര, പതുക്കെ ഹിന്ദി സിനിമകളിലേക്ക്‌ മാറാന്‍ തുടങ്ങിയത്‌ നാം കണ്ടു തുടങ്ങിയിട്ട്‌ രണ്ടു മൂന്നു കൊല്ലമായി. തഴക്കവും വഴക്കവും ചെന്ന ഋതുപര്‍ണ്ണ ഘോഷിനേയും ( റെയിന്‍ കോട്ട്‌, ചൊഖേര്‍ ബാലി) ജാഹ്‌നു ബറുവയേയും (മേം നേ ഗാന്ധി കോ നഹിം മാരാ) പോലുള്ള സംവിധായകര്‍ പോലും ഹിന്ദിയിലേക്ക്‌ ചേക്കേറിയ കാലമാണ്‍ ഇത്‌ . അതു കൂടാതെ സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു പറ്റം പുതിയ സംവിധായകരേയും നാം കണ്ടു. ആശുതോഷ്‌ ഗൊവാരിക്കര്‍ (ലഗാന്‍, സ്വദേശ്‌), പ്രദീപ്‌ സര്‍ക്കാര്‍ (പരിനീത), രാജ്‌കുമാര്‍ ഹിറാനി (മുന്നാഭായ്‌ സീക്വലുകള്‍), വിശാല്‍ ഭരദ്വാജ്‌ (മഖ്‌ബൂല്‍, ഓംകാര), ഡോ. ചന്ദ്രപ്രകാശ്‌ ദ്വിവേദി (പിഞ്ജര്‍), ഒനീര്‍ (മൈ ബ്രദര്‍ നിഖില്‍), രേവതി (ഫിര്‍ മിലേംഗേ) തുടങ്ങി ഒട്ടേറെ സംവിധായകര്‍ നല്ല പടങ്ങള്‍ ചെയ്യുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അതു കൂടാതെയാണ്‌ കല്‍പ്പനാ ലാജ്‌മി, അപര്‍ണ്ണാ സെന്‍ എന്നിവരുടെ ചിത്രങ്ങളും. അങ്ങിനെ ശരിക്കും ഹിന്ദി സിനിമയില്‍ ഉണ്ടായ ഒരു നവോദ്ധാനത്തിന്റെ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന സംവിധായകനാണ്‌ മധുര്‍ ഭണ്ഡാര്‍കര്‍.

വ്യത്യസ്തമായ, അധികം ആളുകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന, പ്രമേയങ്ങള്‍ നിര്‍ഭയം അവതരിപ്പിക്കുന്നു എന്നതാണ്‌ മധുര്‍ എന്ന സംവിധായകന്റെ പ്രത്യേകത. മധുര്‍ ആദ്യം ചെയ്ത ആന്‍ എന്ന ചിത്രം അധികം ശ്രദ്ധ ഒന്നും നേടിയില്ലെങ്കിലും, സത്ത എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ഇദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്നു വന്ന "ചാന്ദ്‌നി ബാര്‍" മധുറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് പറയാം. ഒട്ടേറെ ദേശീയ അവാര്‍ഡുകള്‍ നേടിയ "പേജ്‌ 3" യിലും ഈ വ്യത്യസ്തത പുലര്‍ത്താന്‍ ഈ സംവിധായകനായി.

കോര്‍പ്പറേറ്റ്‌ എന്ന തന്റെ പുതിയ ചിത്രത്തിലും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വന്‍കിട കമ്പനികളുടെ മത്സരമാണ്‌ മധുര്‍ വരച്ചിടുന്നത്‌. തന്റെ മുഖമുദ്രയായ തുറന്ന സമീപനം ഇതിലും അദ്ദേഹം പാലിക്കുന്നു എന്ന് പറയാതെ വയ്യ. ബോംബേയിലെ വന്‍കിട മുതലാളി കുടുംബങ്ങളായ സെഹ്‌ഗാലുകളും മാര്‍വകളും തമ്മിലുള്ള കിടമത്‌സരമാണ്‌ പ്രതിപാദ്യ വിഷയം. അധികാരം എന്ന മധുരക്കനി കയ്യിലൊതുക്കുന്നതിന്‌ ഇവര്‍ ഏതറ്റം വരെ പോവും എന്ന് കാണിക്കുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു.ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ രംഗത്ത്‌ നിലനില്‍ക്കുന്ന അഴിമതിയും, കാര്യസാധ്യത്തിനായുള്ള പിന്‍വാതില്‍ക്കളികളും, അതിനായി കുടുംബ ബന്ധങ്ങളേയും വിശ്വസ്തരേയും പോലും ബലികൊടുക്കാനുള്ള മടിയില്ലായ്മയും നന്നായി എടുത്തുകാണിച്ചിരിക്കുന്നു. ഭദ്രമായ ഒരു തിരക്കഥ അടിസ്ഥാനമാക്കിയാണ്‌ മധുറിന്റെ കഥ പറച്ചില്‍ വികസിക്കുന്നത്‌. അതുകൊണ്ടു തന്നെ, ഈ പ്രോസസ്സിലുടനീളം പ്രേക്ഷകരെ ഒപ്പം നിര്‍ത്തുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിരിക്കുന്നു മധുര്‍ എന്ന് പറയാതെ വയ്യ.

പേജ്‌ 3 യില്‍ അവലംബിച്ച, കഥയില്‍ അത്ര പ്രാധാന്യമില്ലാത്ത പാത്രങ്ങളെക്കൊണ്ട്‌, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയിക്കുന്ന രീതി ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നു. പേജ്‌ 3 യില്‍ അത്‌ താരങ്ങളുടെ ഡ്രൈവര്‍മാര്‍ ആയിരുന്നുവെങ്കില്‍ ഇവിടെ ഓഫിസ്‌ ബോയ്‌മാര്‍ ആണ്‌ എന്ന വ്യത്യാസം മാത്രം.

സംഗീതം, ക്യാമറ എന്നിവയിലും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്‌. പക്ഷേ ചാന്ദ്‌നി ബാറിലും,( തബു, അതുല്‍ കുല്‍ക്കര്‍ണി) പേജ്‌ 3 യിലും (കൊങ്കണാ സെന്‍) അഭിനേതാക്കളില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട്‌ കോര്‍പ്പറേറ്റില്‍ ലഭിച്ചോ എന്ന് സംശയം. കേക്കേ, രജത്‌ കപൂര്‍, രാജ്‌ ബബ്ബാര്‍ എന്നിവര്‍ നിരാശപ്പെടുത്തി. മദ്‌ഹോശ്‌ എന്ന ചിത്രത്തിലെ സ്കീസോഫ്രേനിയാക്കിനു ശേഷം ലഭിച്ച കാമ്പുള്ള ഒരു റോള്‍ ബിപാഷ മോശമാക്കിയില്ല എന്നേ പറയാനുള്ളു. എന്തായാലും, ഗ്ലാമര്‍ ഗേള്‍ എന്ന ടാഗിനപ്പുറം അത്യാവശ്യം ശ്രദ്ധിക്കപ്പെടേണ്ട നടിയാണ്‌ താന്‍ എന്ന് ബിപാഷ ഓര്‍മ്മപെടുത്തുന്നു.

മൊത്തത്തില്‍, കാണാവുന്ന ഒരു ചിത്രം. അര്‍ബന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്‌ എന്നത്‌ ഒരു ന്യൂനതയാവില്ലെങ്കില്‍.

എന്റെ റേറ്റിംഗ്‌ : 3 /5.

9 comments:

കണ്ണൂസ്‌ said...

കോര്‍പ്പറേറ്റ്‌ - നിരൂപണം.

എനിക്കിത്‌ പാരഗ്രാഫ്‌ തിരിച്ചിടാന്‍ പറ്റുന്നില്ല. ജിത്തേ, ഒന്ന് ശ്രമിക്കാമോ?

Sreejith K. said...

അനാവശ്യമായി ഒരുപാട് <div> ടാഗുകള്‍ ഉണ്ടായിരുന്നതായിരുന്നു പ്രശ്നം. അതെല്ലാം മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ഖണ്ഡിക ശരിയായോ എന്ന് നോക്കൂ കണ്ണൂസ്.

പകുതിയില്‍ കൂടുതല്‍ മാര്‍ക്കിട്ടിരിക്കുന്നത് കൊണ്ട് ഈ പടം എന്തായാലും ഒന്ന് കാണണം. നല്ല നിരൂപണം. കുറച്ചുംകൂടി വിശദമാക്കാമായിരുന്നു എന്നു തോന്നായ്കയില്ല.

കണ്ണൂസ്‌ said...

പെര്‍ഫക്റ്റ്‌. നന്ദി ജിത്തേ.

അതുല്യ said...

കണ്ണൂസേ, ഹിന്ദി സീരിയലുകളിലേ പ്രമേയമാണെന്ന് എനിക്ക്‌ ഒരിയ്കല്‍ തോന്നിയിരുന്നു ഈ സിനിമ. പിന്നെ പേടിയുണ്ടായിരുന്നത്‌ ബിപാഷ നമ്മടെ മനസ്സില്‍ കൂടുമാറുന്നതില്‍ എത്ര മാത്രം വിജയിയ്കും എന്നുള്ളതിലും. പക്ഷെ ഇതിലുടെ ബിപാഷയ്ക്‌ നല്ല അഭിനയവും വണങ്ങും എന്ന് മനസ്സില്ലാക്കാം. ആദ്യത്തേ പകുതി, ഒരു ശരാശരി നമ്മുടെ ഇടയിലുള്ള മനുഷ്യര്‍ക്ക്‌ അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണു പറയുന്നത്‌, തീരെ ഒരു പുതുമ എനിക്ക്‌ തോന്നിയില്ല ഇതില്‍. പിന്നെ ഭണ്ടാര്‍ക്കര്‍, കോര്‍പറെറ്റ്‌ സെറ്റ്പ്പിന്റെ നല്ല വശങ്ങളൊക്കെ തീരെ അവഗണിച്ച്‌, തീരെ തിന്മ നിറഞ്ഞ കാര്യങ്ങള്‍ മാത്രം പൊലിപ്പിച്ച്‌ പറഞ്ഞില്ലേ എന്നും തോനായ്കയില്ല.

ചിത്രം ആകെ മൊത്തം വിലകുടിയ സ്യൂട്ടുകളിലും ബ്രാന്‍ഡ്ട്‌ സാധനങ്ങളും അണിയുന്ന കോര്‍പറേറ്റ്‌ എക്സിക്യൂട്ടിവ്സ്‌ വികാര വിചാരങ്ങളില്‍ അല്ലെങ്കില്‍ മോറലി എത്രമാത്രം പാപ്പരാണു എന്നുള്ളതാണു നമുക്ക്‌ പറഞ്ഞു തരുന്നത്‌.

ഈയ്യിടെ വന്നതില്‍ അല്‍പം മികച്ച ഒരു സിനിമ എന്നാണു എനിക്ക്‌ തോന്നുന്നത്‌. ഒരു തവണ കാണാം.

bodhappayi said...

3/5 നു പറ്റിയ സിനിമ.

അനംഗാരി said...

കണ്ണൂസേ.നിരൂപണം കൊള്ളാം. എങ്കിലും കുറച്ചു കൊടി നന്നാക്കാമായിരുന്നു എന്ന് ഒരു സംശയം. . അല്‍പ്പം ചില പാളിച്ചകള്‍ ഈ സിനിമക്കും ഉണ്ട് എന്ന് എനിക്ക് തോന്നിയിര്ന്നു. ബിപാഷ ബസുവിന്റെ ഇതുവരെയുള്ള സിനിമകളില്‍ മെച്ചപ്പെട്ടതാണിത്.

ഓ:ടോ: അതുല്യയുടേയും, മറ്റു ബൂലോഗരുടേയും അറിവിലേക്കായി:ഈ വിവരം അറിയാവുന്നതാണെങ്കില്‍ എന്റെ ഓഫിനെ തള്ളിക്കളയുക. www.musicnmovie.com ല്‍ പോയാല്‍ ഒരു പാ‍ട് പുതിയതും പഴയതും ആയ സിനിമകള്‍ സൌജന്യമായി കാണാം.കോര്‍പ്പറേറ്റ് ഉള്‍പ്പടെ.

കണ്ണൂസ്‌ said...

തുളസീ, സുധീര്‍ മിശ്രയെ മറന്നതല്ല. ഹിന്ദിയിലേക്ക്‌ ചേക്കേറിയ സംവിധായകന്‍ എന്നോ പുതിയ സംവിധായകന്‍ എന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ആവില്ലല്ലോ. ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ " യേ വോ മന്‍സില്‍ തോ നഹി?" എന്നൊരു പടം നമ്മുടെ കരംചന്ദ്‌ ജോഡിയെ (പങ്കജ്‌ കപൂറും സുഷ്മിതാ മുഖര്‍ജിയും) വെച്ചെടുത്ത ആളാ അദ്ദേഹം.

ചമേലിയും കല്‍ക്കട്ടാ മെയിലും കണ്ടിരുന്നു. ഹസാരോം ഖായിഷേം ഐസി കാണാന്‍ പറ്റിയിട്ടില്ല. നോക്കാം.

ചമേലിയുടെ കാര്യം പറഞ്ഞപ്പോള്‍ രാഹുല്‍ ബോസിനെ ഓര്‍മ്മ വന്നു. അപ്പോള്‍ പറയേണ്ടിയിരുന്ന വേറൊരു സംവിധായകന്റെ കാര്യവും. സുജോയ്‌ ഘോഷിന്റെ ഝങ്കാര്‍ ബീറ്റ്‌സും കാണാന്‍ കൊള്ളാവുന്ന ഒരു പടമായിരുന്നു.

രാഹുല്‍ ബോസിനെപ്പറ്റി പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്ന വേറൊരു കാര്യം. ഈ മധ്യവര്‍ത്തി സിനിമ ഹിന്ദിയില്‍ ശക്തമായത്‌ കൊണ്ട്‌ എണ്ണം പറഞ്ഞ കുറെ നടന്‍മാരും വന്നിട്ടുണ്ട്‌. അതുല്‍ കുല്‍ക്കര്‍ണ്ണി, ഷൈനി അഹൂജ, സഞ്ജയ്‌ സൂരി, കല്ലുമാമ സൌരഭ്‌ ശുക്ല, ബൊമേന്‍ ഇറാനി, യശ്‌പാല്‍ ശര്‍മ്മ തുടങ്ങിയവര്‍.

അരവിന്ദ് :: aravind said...

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്..
ഒരു റിവ്യൂ എഴുതണം എന്ന് കരുതിയിരിക്കുകയായിരുന്നു. സമയം പ്രശ്നം.
അത്ര ഗംഭീര പടമൊന്നുമല്ല...പക്ഷേ നന്നായി എടുത്തിരിക്കുന്നു. പക്ഷേ ഒഴുക്കന്‍ മട്ടില്‍ കഥ പറയുകയാണ് സംവിധായകന്‍.
ചെയുടെ കാഴ്ചപ്പാടിലെ മാറ്റം അത്ര ഊന്നിക്കാണിക്കുന്നില്ല. ഒരു സന്ദേശവും നല്‍കുന്നില്ല. ചെ എന്ന് കേട്ടപ്പോള്‍ ബുദ്ധിജീവികള്‍ ചാടിവീണതാകാനാണ് വഴി.
പടത്തിനൊടുവില്‍ ക്രെഡിറ്റ് കാണിക്കുമ്പോള്‍ ഉള്ള ബാക്ക്‍ഗ്രൌണ്ട് സ്കോര്‍ ഞാന്‍ ഇതുവരെ കേട്ടതില്‍ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഒന്നാണ്.

മധുര്‍ ഭന്‍ഡാര്‍ക്കരെ എനിക്കിഷ്ടമല്ല. പേജ് ത്രീ കണ്ടപ്പോള്‍ പോയ അഭിപ്രായമാണ്. എങ്ങിനെ ആ സിനിമ ഇത്രയും പുരസ്കാരങ്ങള്‍ നേടി എന്ന് അത്ഭുതപ്പെട്ടു. വിഷയത്തിന്റെ പുതുമ കൊണ്ടാകാം. ചില രംഗങ്ങള്‍ ഒഴിച്ചാല്‍ ഒട്ടുമേ മെച്ചമില്ലാത്ത ഒരു സാധാ പടം. സ്പ്‌ളിറ്റ് വൈഡ് ഓപ്പണ്‍ എന്ന ഒരു പടം പണ്ടിറങ്ങിയിരുന്നു. അതായിരുന്നു മെച്ചം.

കണ്ടിഷ്ടപ്പെട്ട ഒന്നുരണ്ട് വ്യത്യസ്ത ഹിന്ദിപ്പടങ്ങള്‍

തീന്‍ ദീവാരേം - നാഗേഷ് കുക്ക്നൂര്‍
ബീയിംഗ് സൈറസ് - ഹോമി അഡ്ജാനിയ
അബ് തക് ചപ്പന്‍ - ഷിമിത് ആമി (സൊപ്രാനോസിനോട് കിടപിടിക്കും ഈ പടം)

കണ്ടിട്ടില്ലെങ്കില്‍ കണ്ട് നോക്കൂ.

cloth merchant said...

madhur bhandarkarinde adya chitram "aan" alla ennanu ende ormma.athu malayaliyala rajiv ravi chayagrahanam nirvahicha "chandni bar"thanneyanu. athinu sheshamanu "satta"(ravina,atul,sameer )yum "aan" enna multistar parama wastum vannathu.