Tuesday, October 03, 2006

ക്ലാസ്‌മേറ്റ്‌സ്‌

ക്ലാസ്‌മേറ്റ്‌സ്‌സംവിധാനം : ലാല്‍ ജോസ്‌
രചന : ജെയിംസ്‌ ആര്‍ബര്‍ട്ട്‌
അഭിനയേതാക്കള്‍ : പ്രഥ്വിരാജ്‌,നരേന്‍,ജയസൂര്യ , ഇന്ദ്രജിത്‌,കാവ്യ

വലിയ പ്രതീക്ഷയോടേയാണ്‌ ഓണചിത്രങ്ങളില്‍ എറ്റവും വലിയ ഹിറ്റായ ക്ലാസ്‌മേറ്റ്‌ കാണാന്‍ പോയത്‌. പക്ഷേ പ്രതീക്ഷക്കൊത്ത ഒരു ചലച്ചിത്ര അനുഭൂതി പകര്‍ന്നുതരുന്നതില്‍ ഈ ചിത്രം പരാജയപ്പെടുന്നു.മറ്റ്‌ ഓണച്ചിത്രങ്ങളെ അപേക്ഷിച്ച്‌ ഒരു വ്യക്തമായൊരു കഥയുണ്ട്‌ എന്നതൊഴിച്ചാല്‍ പറയത്തക്ക മേന്മയൊന്നും ക്ലാസ്‌മേറ്റിനില്ല.

90 കളിലെ കാമ്പസ്‌ പുനരാവിഷ്ക്കരിക്കുന്നു എന്നതോടൊപ്പം ഈ തലമുറയിലേ കുട്ടികള്‍ക്ക്‌ തികച്ചും അജ്ഞമായ ഒരു കാമ്പസ്‌ പരിചപ്പെടുത്തുന്നു എന്ന അവകാശവാദത്തൊടെയാണ്‌ ലാല്‍ ജോസ്‌ ഈ ചിത്രം അവതരിപ്പിച്ചത്‌. എന്നാല്‍ ഒരു തരത്തിലുള്ള കാമ്പസ്‌ നൊസ്റ്റാള്‍ജിയും ഉണര്‍ത്താന്‍ ഈ ചിത്രത്തിന്‍ കഴിഞ്ഞിട്ടില്ലാ. ഈ വ്യത്യാസം മനസ്സിലാക്കന്‍ ഒരുപാട്‌ ബുദ്ധിമുട്ടുകയൊന്നും വേണ്ടാ വെറുതെ ഒന്ന് സര്‍വകലാശാല എന്ന ചിത്രത്തിന്റെ CD എടുത്തു കണ്ടാല്‍ മതി.

പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന സുകുവും കാവ്യ മാധവന്‍ അവതരിപ്പിച്ച താരയും തമ്മില്ലുള്ള പ്രണയവും തെറ്റിദ്ധാരണയുടേ പുറത്തുള്ള വേര്‍പിരിയലും പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും ഇതാണ്‌ ക്ലാസ്മേറ്റിന്റെ ആകെത്തുക. ഇത്‌ നേരിട്ടു പറഞ്ഞാല്‍ ഒരു പുതുമയും ഉണ്ടാകില്ല എന്നതുകൊണ്ട്‌ ഒരു സസ്പെന്‍സൊക്കേ പിടിപ്പിച്ച്‌ മൊത്തത്തില്‍ ഒരു വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചിടുണ്ട്‌ എന്നു മാത്രം.

പിന്നെ എന്തുകൊണ്ട്‌ ഈ ചിത്രം ഹിറ്റായി ? അതിന്‌ നന്ദി പറയേണ്ടത്‌ വയലാര്‍ ശരത്‌ ചന്ദ്രവര്‍മ്മയും അലക്സ്‌ പോളും ഒരുക്കിയ ഗാനങ്ങള്‍ക്കാണ്‌. അതി മനോഹരമായ ഗാനങ്ങള്‍ക്ക്‌ എങ്ങനെ ഒരു ചിത്രത്തിന്റെ വിജത്തിന്‌ സഹായകമാകും എന്ന് വീണ്ടും തെളിയക്കപ്പെടുന്നു.

വന്‍ അവകാശവാദങ്ങളാണ്‌ ഈ ചിത്രം ഇറങ്ങുന്നതിന്‌ മുന്‍പ്‌ ലാല്‍ ജോസ്‌ നടത്തിയത്‌ അതിനോട്‌ നീതി പുലര്‍ത്തുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ലാ .KSU ക്കാരേ തന്മയത്തോടേ അവതരിപ്പിച്ചപ്പോള്‍ SFI ക്കാരേ സത്യസന്തമായി അവതരിപ്പിക്കാന്‍ ലാല്‍ ജോസ്‌ പരാജയപ്പെട്ടു (ചിലപ്പോള്‍ സ്വാധീനമാകാം). ജെയിംസ്‌ ആല്‍ബര്‍ട്ടിനേ സംബദ്ധിച്ചിടത്തോളം നവാഗതന്‍ എന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നു.

ബാലചന്ദ്രമേനോന്‍ ഒഴിച്ചുള്ള എല്ലാ അഭിനയേതാക്കാളും നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌ എന്നതാണ്‌ ഈ ചിത്രത്തിന്റെ മറ്റൊരു നല്ലവശം. ഇന്ദ്രജിത്തിന്റേയും ജയസൂര്യയുടേയും പ്രകടനം


ഗംഭീരമാണ്‌.എന്റെ റേറ്റിഗ്‌ 2.5/5

11 comments:

കിരണ്‍ തോമസ് said...

വലിയ പ്രതീക്ഷയോടേയാണ്‌ ഓണചിത്രങ്ങളില്‍ എറ്റവും വലിയ ഹിറ്റായ ക്ലാസ്‌മേറ്റ്‌ കാണാന്‍ പോയത്‌. പക്ഷേ പ്രതീക്ഷക്കൊത്ത ഒരു ചലച്ചിത്ര അനുഭൂതി പകര്‍ന്നുതരുന്നതില്‍ ഈ ചിത്രം പരാജയപ്പെടുന്നു.

Anonymous said...

കിരണ്‍... എല്ലാവരും വളരെ നല്ല അഭിപ്രായം ആണ് ഈ ചിത്രത്തെക്കുറിച്ചു പറഞ്ഞത് (‌ ഒരു പക്ഷേ ഇതാദ്യമായാണ് ഒരു ആവറേജ് എന്ന അഭിപ്രായം കേള്‍ക്കുന്നത്), പാട്ടുകള്‍ കേട്ടപ്പോള്‍ വീണ്ടും ഒരു ഉറപ്പായി നല്ല സിനിമാ ആയിരിക്കുമെന്ന്... പക്ഷേ ഇതിപ്പോ...

ഒരു പക്ഷേ ...എല്ലാവരും പറഞ്ഞ്...പറഞ്ഞ് നമ്മുടെ expectation അധികം ആകുന്നതുകൊണ്ടാകാം ഇത്... എന്തായാലും ഇനി ഈ പടം കാണാന്‍ പോകുമ്പോള്‍ അധികം പ്രതീക്ഷിക്കില്ല... :)

പിന്നെ പാട്ടു കൊണ്ടു മാത്രം ഒരു ചിത്രം ഹിറ്റാകുമെന്ന് തോന്നുന്നില്ല... എങ്കില്‍ മഴവില്ല് , കാറ്റ്വന്നുവിളിച്ചപ്പോ‍ള്‍,ഓക്കെ ഹിറ്റാകേണ്ടതല്ലേ...?

ഓ:ടോ : ഈ സര്‍വകലാശാല ഒരു പരിപൂര്‍ണ്ണ കാമ്പസ്സ് ചിത്രമാണോ ?

കിരണ്‍ തോമസ് said...

ക്ലാസ്‌മേറ്റ്‌ ഒരു വന്‍ വിജയമായത്‌ അതിനോടൊപ്പം ഇറങ്ങിയ മറ്റു ചിത്രങ്ങള്‍ വളരേ മോശമായതുകൊണ്ടുകൂടിയാണ്‌.
ഞാന്‍ വലിയ പ്രതീക്ഷയോടേയാണ്‌ ഈ ചിത്രം കാണാന്‍ പോയത്‌ എന്നത്‌ സത്യം. തുറന്നു പറഞ്ഞാല്‍ ഒരു തരത്തിലുള്ള വികാരവും ഈ ചിത്രം സംവേദിക്കുന്നില്ല.
കാമ്പസ്‌ എന്ന വികാരമോ,പ്രണയം എന്ന വികാരമോ ദു:ഖമെന്ന വികാരമോ ഒന്നും ഈ ചിത്രം സംവേദിക്കുന്നില്ലാ എന്നാണ്‌ എനിക്കു തോന്നുന്നത്‌.

പിന്നേ സര്‍വകലാശാല ഒരു ഉദാത്ത ചിത്രമൊന്നുമല്ല പക്ഷെ അത്‌ അനുവാചകരില്‍ ഉണ്ടാക്കുന്ന് കാമ്പസ്‌ എന്ന വികാരം അതു മാത്രം മതി.

കുട്ടന്മേനൊന്‍::KM said...

KSU ക്കാരേ തന്മയത്തോടേ അവതരിപ്പിച്ചപ്പോള്‍ SFI ക്കാരേ സത്യസന്തമായി അവതരിപ്പിക്കാന്‍ ലാല്‍ ജോസ്‌ പരാജയപ്പെട്ടു (ചിലപ്പോള്‍ സ്വാധീനമാകാം). ...
ഒരു പഴയ SFI അനുഭാവിയായിരുന്ന ലാലുവിന് KSU ക്കാരെ തന്മയത്തത്തോടെ അവതരിപ്പിക്കാനായിയെന്ന നിരീക്ഷണത്തോട് യോജിപ്പില്ല. പിന്നെ, ലാലു ഒരു അവാര്‍ഡ് സിനിമയാണെന്നൊന്നും ക്ലാസ്മേറ്റ്സിനെക്കുറിച്ച് അവകാശപ്പെട്ടില്ലല്ലോ. ലാലുവിന്റെ മറ്റ് ചിത്രങ്ങളെപ്പൊലെ ഇതും ഒരു വ്യത്യസ്ഥാനുഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നും ലാലുവിന്റെ മികച്ച ചിത്രമായി എനിക്ക് തെരെഞ്ഞെടുക്കാനാവുന്നത് ‘രണ്ടാം ഭാവം’ തന്നെ. അച്ഛനുറങ്ങാ‍ത്ത വീട് അതിന് ശേഷമേ വരുന്നുള്ളൂ.

സൂര്യോദയം said...

ഒരു സംഭവത്തെ, പലരുടെ വിവരണങ്ങളിലൂടെ ഭംഗിയായി യോജിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. എല്ലാ വിവരണങ്ങളെയും ശരിക്കും മാച്ച്‌ ചെയ്യുന്ന വിധം പല കോണില്‍നിന്നും കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു.
ഇന്ദ്രജിത്തിന്റെ ചില കോളെജ്‌ പൂവാലന്‍ നമ്പറുകള്‍ വളരെ രസകരമായിട്ടുണ്ട്‌. പാട്ടുകളും നന്നായിരിക്കുന്നു.
ഒരു പാട്ട്‌ (പ്രിഥ്വിരാജും കാവ്യയും കൂടിയുള്ളത്‌) ചിത്രത്തിന്റെ ഒഴുക്കിനെ മന്ദമാക്കുകയും ബോറടിപ്പിക്കുകയും ചെയ്തു.

പിന്നെ, വളരെ ലോജിക്കലായിട്ടൊരു പ്രശ്നമുണ്ട്‌... 1991 കാലഘട്ടത്തില്‍ ഏത്‌ കോളെജ്‌ ഹോസ്റ്റലിലാണ്‌ ജനറേറ്റര്‍?

Thulasi said...

ഒരു കഥ പറയുന്നതിനിടയില്‍ മറ്റൊരു കഥ പ്രേക്ഷകര്‍ അറിയാതെ നടക്കുകയും, അവസാനം അതുവരെ അപ്രസക്തമായ ഒരു കഥപാത്രത്തിലൂടെ ആ കഥയുടെ ചുരുളഴിച് പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുക എന്ന ടെക്നിക് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ലാല ജോസ്‌.അദ്ദേഹത്തിന് കൂട്ട്‌ ബുദ്ധിയുള്ള കഥകൃത്തും,ഏഡിറ്ററും.Amores Perros എന്ന മെക്സികന്‍ ചിത്രം അനുകരിച്ച് മണിരത്നം ചെയ്ത യുവയില്‍ ഇതേ ടെക്നിക് ഉപയോഗിച്ച് ചിത്രം പരാജയപെടാന്‍ ഇടയായത് അത്‌ കഥയെ സങ്കീര്‍ണ്ണമാക്കി എന്നതിനാലാണ്.

സമാന്തരമായി പറഞ്ഞ ആ നിശബ്ദ പ്രണയമാണ് ഈ ചിത്രം മനോഹരമാക്കിയത്‌.അശോകനു ശേഷം മലയാളത്തിന് കിട്ടിയ നല്ലൊരു യുവനടനാണ് സുനില്‍ (നരേന്‍).ഈ ചിത്രം കണ്ടിട്ടും സംശയും ഉള്ളവര്‍ ‘ചിത്തിരം പേശുതടി’ എന്ന തമിഴ് ചിത്രം കാണുക.

ശ്രീജിത്ത്‌ കെ said...

ഈ സിനിമയ്ക്ക് ഒരു ടിക്കറ്റ് കിട്ടാന്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി ബാംഗ്ലൂരില്‍ ഞാന്‍ കഷ്ടപ്പെടുകയായിരുന്നു. അത്രയ്ക്കാണ് തിരക്ക്. ഇന്നലെ ആകസ്മികമായി നളന്‍ എന്നെ ഫോണ്‍ വിളിച്ച് മൂന്ന് ടിക്കറ്റ് ഉണ്ട്, തനിക്ക് പോകാന്‍ പറ്റില്ല, നിനക്ക് വേണോ എന്ന് ചോദിച്ചത് കൊണ്ട് സിനിമ കാണാന്‍ പറ്റി.

സിനിമ എനിക്കിഷ്ടമായി. ചാനലുകള്‍ വഴി നടത്തിയ ഗംഭീര അഭിപ്രായപ്രകടനങ്ങള്‍ കണ്ട് ഒരുപാട് എന്തൊക്കെയോ പ്രതീക്ഷിച്ചതാവാം കിരണിനെ നിരാശപ്പെടുത്തിയത്. ഡോണ്‍ എന്ന സിനിമയെപ്പറ്റിയും നല്ല അഭിപ്രായമാണ് ചാനലുകള്‍ പറഞ്ഞത് എന്നതില്‍ നിന്ന് ചാനലുകളെ എന്തുമാത്രം വിശ്വസിക്കാം എന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

സിനിമയുടെ രണ്ടാം പകുതിയില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലാണ് കഥ പോകുന്നത്. തിരക്കഥ ഗംഭീരം. എല്ലാക്കാലത്തും മാര്‍ക്കറ്റ് ഉള്ള ക്യാമ്പസ്സ് നൊസ്റ്റാള്‍ജിയ എന്ന വികാരം വളരെ സമര്‍ത്ഥമായിത്തന്നെ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോല്‍ ഞാന്‍ കണ്ടതും കേട്ടതുമായ സംഭവങ്ങളും സംഭാഷണങ്ങളും തന്നെ സിനിമയില്‍, ഇത് വളരെ യാഥാര്‍ത്ഥ്യബോധം നല്‍കുന്നു. എല്ലാവരും മത്സരിച്ചഭിനയിച്ചിരിക്കുന്നു, അനാവശ്യമായ ഒരു രംഗമോ സംഭാഷണമോ കഥാപാത്രമോ ഇതിലില്ല. എല്ലാം കൂടി ഒരു തികഞ്ഞ എന്റെര്‍ടൈനര്‍.

പാട്ടുകളാണ് സിനിമ വിജയിപ്പിച്ചത് എന്ന കിരണിന്റെ വാദവും അംഗീകരിക്കാനാവുന്നില്ല. ലാല്‍ ജോസിന്റെ മീശ മാധവന്‍ എന്ന സിനിമ വിജയിപ്പിച്ചത് പാട്ടുകളാണ്. പക്ഷെ ഇവിടെ പാടുകള്‍ സിനിമയേയും, സിനിമ പാട്ടുകളേയും പരസ്പരപൂരിതമായി നിന്നതാണ് രണ്ടും ഇത്ര ഗംഭീര വിജയം നേടാന്‍ കാരണം. പടം ഒരു മസ്റ്റ് സീ തന്നെ.

എന്റെ റേറ്റിങ്ങ് 4A / 5

Siju | സിജു said...

ഡെല്‍ഹി ബ്ലോഗ്ഗര്‍സിനു (സിനിമാ പ്രേമികള്‍ക്കു) ഒരു സന്തോഷ വാര്‍ത്തയുണ്ടു. ക്ലാസ്‌മേറ്റ്‌സ്‌ അടുത്തയാഴ്ച ഡെല്‍ഹിയില്‍ വരുന്നു. പതിവു പോലെ ഞായറാഴ്ച രാവിലെ സംഗത്തില്‍ ഒരു ഷോ ആയിരിക്കും. ഈ ആഴ്ച the don, പിന്നീട്‌, മഹാസമുദ്രം, ഭാര്‍ഗവ ചരിതം, ... ഡെല്‍ഹിയില്‍ മലയാളം ഫിലിം ഡിസ്ട്രിബ്യുട്ട്‌ ചെയ്യുന്നയാള്‍ വഴി അറിഞ്ഞതാണു

പെരിങ്ങോടന്‍ said...

ഒരു ലോജിക്കുമില്ലാത്ത പ്രണയവും കലാപവുമാണ് ക്ലാസ്‌മേറ്റ്സിനെ ആവറേജ് സിനിമയാക്കുന്നത്. നല്ല പാട്ടുകളുടേയും വര്‍ണ്ണപ്പൊലിമയുടേയും ധാരാളിത്തത്തില്‍ ലാല്‍ ജോസ് ആദ്യം പറഞ്ഞ കുറവിനെ മൂടിവയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ക്ലൈമാക്സിന്റെ സാധുതയെ ജനം ചോദ്യം ചെയ്യുമോ എന്ന് ഭയന്നിട്ടാണെന്ന് തോന്നുന്നു സിനിമയിലെ തുടക്കം മുതല്‍ അപ്രസക്തമാക്കാവുന്നവയെ പ്രസക്തമാക്കി ലാല്‍ അവതരിപ്പിക്കുന്നത് (ജഗതിയും ജനറേറ്ററുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങളെന്ന് തോന്നിപ്പിക്കുന്നു ചിലയിടത്ത്). മേക്കപ്പില്‍ കുറച്ചുകൂടെ മികവുകാട്ടാമായിരുന്നു, 35 വയസ്സില്‍ ജയസൂര്യയും പൃഥിരാജുമെല്ലാം വൃദ്ധന്മാരെപ്പോലെ തോന്നിപ്പിച്ചിരുന്നു. രാധിക എന്ന പെണ്‍‌കുട്ടിക്ക് നാണമല്ലാതെ വേറൊരു വികാരം അഭിനയിക്കാന്‍ അറിയില്ലെന്നായിരുന്നു ഞാന്‍ ധരിച്ചു പോന്നിരുന്നത്, സൈക്കിക് ഭാവങ്ങള്‍ അവര്‍ നന്നായി തന്നെ അഭിനയിച്ചിരുന്നു, ഇന്ദ്രജിത്തും വളരെ തന്മയത്വത്തോടെ അഭിനയിക്കുന്നുണ്ടു്. സിനിമ സാമാന്യജനത്തിന്റെ എന്റര്‍‌ടൈനര്‍ ആണെങ്കില്‍ ക്ലാസ്‌മേറ്റ്സിന് 10 -ല്‍ 9 ഉം കൊടുക്കാം, ജനപ്രിയ സിനിമ എന്ന ലേബലില്‍ കൊണ്ടാടാം. 2006 -ലെ ജനപ്രിയ സിനിമ മലയാളം സിനിമയില്‍ വന്ന ജനപ്രിയ സിനിമകളേക്കാള്‍ എത്ര തരംതാണതാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം അതെന്നുമാത്രം.

ചില നേരത്ത്.. said...

റൂം മേറ്റ്സുമായി വീണ്ടും ക്ലാസ്‌മേറ്റ്സ് കണ്ടു.
“ആ പൊടിമീശക്കാരനെ ഞാനും ശ്രദ്ധിച്ചിരുന്നു” എന്നയൊരൊറ്റ ഡയലോഗ് കേട്ടപ്പോഴുള്ള അവരുടെ
പ്രതികരണത്തില്‍ നിന്ന് ഞാനവരെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തെന്ന് മനസ്സിലാക്കി ഇറങ്ങിയോടി(എവിടെ
വെച്ച് സിനിമ കണ്ടെന്ന് ഞാന്‍ പറയില്ല). പൈങ്കിളിക്കാര്‍ക്കും ദഹിക്കാത്ത പൈങ്കിളിയാണ് ക്ലാസ്മേറ്റ്സ് എന്ന സിനിമ.
ആസ്വാദന നിലവാര മാപിനി താഴ്ത്തിവെച്ച് കാണാവുന്ന നല്ല സിനിമയുമാണ് ക്ലാസ്മേറ്റ്സ്. കെ എസ് യുക്കാരനെ
വീണ്ടും പഴയ ‘പൊറം‘ പൊളിക്കുന്ന അടിയുമോര്‍പ്പിക്കുന്നു ഈ സിനിമ.

അരവിന്ദ് :: aravind said...

ക്ലാസ്സ് മേറ്റ്സ് കണ്ടു.
നല്ല പടം.
ഇതിനെ ബാറ്റില്‍‌ഷിപ്പ് പോട്ടംകിന്നിന്നോടും മറ്റും കം‌പയര്‍ ചെയ്യരുത്..(ഞാന്‍ കണ്ടിട്ടില്ല, മുഴുവന്‍.ശക്തി ചോര്‍ന്നു പോയി)
എന്തിന്, 80 കളില്‍ മലയാളത്തിലിറങ്ങിയ പടങ്ങളോട്പോലും അടുത്ത് നില്‍ക്കുന്നില്ല ഇത്.
എന്നാല്‍ ഇപ്പോളിറങ്ങൂന്ന പടങ്ങളെ അപേക്ഷിച്ച് ഗുണങ്ങള്‍ ഏറെയുണ്ട് താനും.
ഒന്ന് -ആലോചിച്ച് എഴുതി ഉണ്ടാക്കിയ ഒരു തിരക്കഥ.
രണ്ട്-കോളേജില്‍ പഠിച്ച ഒരുതിരക്കഥാകൃത്ത്. (വേറെ കോളേജ് പടങ്ങളില്‍ കാണണ സ്ഥലം ഏതാണാവോ!)
മൂന്ന്-കഥാപാത്രങ്ങള്‍ സൂപ്പര്‍ ഹ്യൂമന്‍സ് ആവാത്തത്.
പിന്നെ നല്ല പാട്ടുകള്‍.(പ്ലേസിംഗ് കൃത്യം....ടൂര്‍ പോകുന്ന പാട്ടും ഇമ്പമുള്ളത്..അല്ലാതെ തട്ടുപൊളിപ്പന്‍ ഡൂക്കിലി ഇമിറ്റേഷന്‍ മല്ലുറോക്ക് അല്ല.(വേറെ ഏതോ ഒരു സിനിമായിലല്ലേ, വണ്‍ പ്ലസ് വണ്‍ എന്നൊരു ടൂ‍ൂര്‍ പാട്ട്..കേട്ടീട്ട്ചിരിച്ച് വയ്യാതായേ!)
ദോഷം തോന്നിയത്..
എല്ലാവരും ഹാപ്പി എന്ന അവസാനം ദഹിച്ചില്ല. പത്മരാജനെ ഹീറോ ആക്കിയ സംവിധായകന്‍ ആയിരുന്നെങ്കില്‍ സുകുവിനെ കൊന്നുകളഞ്ഞേനെ. എന്നിട്ട് കാണികള്‍ അവസാനം വരെ തലകുടയും..എന്തു പണ്ടാരത്തിനാണ് അവന്‍ ആത്മഹത്യ ചെയ്തത്?
എന്നിട്ട് പടം കഴിയുമ്പോള്‍ കാണികള്‍ സംവിധായകന്റെ അപ്പനു വിളിക്കും. പടം മോശമായതിനല്ല..അത് സമ്മാനിക്കുന്ന അസ്വസ്ഥത സഹിക്കാന്‍ മേലാഞ്ഞ് (ഒരു മെയ്‌മാസപ്പുലരിയില്‍ പോലെ....)

-കാവ്യക്ക് സുകുവിനെ കൊല്ലേണ്ട കാര്യം? വാട്ട് നോണ്‍സെന്‍സ്? ഒരു കത്ത്പബ്ലീക് ആക്കിയതിനാലോ? വളരെ പൊട്ടത്തരമായിപ്പോയി ആ സംശയം.

എല്ല്ലാരും കൊള്ളാം...പക്ഷേ ബാലചന്ദ്രമേനോന്‍ അറുബോറായി.

എനിക്കീ ചിത്രം ഇഷ്ടപ്പെട്ടു. ജഗതി അടിക്കുന്ന ചില തമാശകള്‍ പണ്ടേ കേട്ടതാണെങ്കിലും(കേട്ടറിവ് പോലെ)
ഈയിടെ കണ്ട ചിത്രങ്ങളില്‍ കേമം.

ഇതിനു മുന്‍പേ ഗോപിയണ്ണന്റെ ലങ്ക ആണേ കണ്ടത്..
ഹെന്റമ്മേഎ..ഇടി വെട്ടിയാല്‍ ഇത്രയും പരിക്ക് എനിക്ക് വരില്ലായിരുന്നു.
ഈ ഗോപിയണ്ണനെ രണ്ട് പൊട്ടിച്ച് വീട്ടിലിരുത്താന്‍ ആരുമില്ലേ അവടെ? എന്തൊരു പടമാണതെന്റെ ദൈവമേ!!

ക്ലാസ് മേറ്റ്സ് റെക്കമെന്റഡ്. നല്ല ഒരു ടൈം പാസ് പടം.
ലങ്ക പടം പോസ്റ്റര്‍ കണ്ടാല്‍ 3 വട്ടം കുളിക്കുക.വിവാദമായ സീന്‍ കൊണ്ടൊന്നുമല്ല..അതിന്റെ ആ ഡയലോഗുകളും കഥയും !! ഹോ!)