നെപ്പോളിയന്‍ ഡൈനാമൈറ്റിനെപ്പറ്റി സിനിമാനിരൂപണത്തില്‍ അരവിന്ദ്‍ എഴുതിയിരുന്നല്ലോ. ആ ചിത്രത്തിന്റെ പിന്നണിക്കാര്‍ (സംവിധായകന്‍ - ജാരെഡ് ഹെസ്സ്, എഴുത്തുകാര്‍ - മൈക്ക് വൈറ്റ്, ജെറുഷാ ഹെസ്സ്) ഒത്തുകൂടിയ മറ്റൊരു സരസമായ ചിത്രമാണ് ‘നാച്ചോ ലിബ്രേ’. വര്‍ഷം 2006.
നാച്ചോ ലിബ്രേയുടെ ചിത്രങ്ങള്‍ ഇവിടുണ്ട്.
നെപ്പോളിയന്‍ ഡൈനാമൈറ്റിനെ പറ്റി അരവിന്ദ് എഴുതിയതു പോലെ, ബുദ്ധിജീവികള്‍ ഒരിത്തിരി അകലം പാലിക്കേണ്ട ചിത്രമാണ് ഇതും. അല്ലാത്തവര്‍ക്ക് വളരെ രസകരമായി ആസ്വദിക്കാവുന്നൊരു കോമഡി.
(നായകനെ അവതരിപ്പിക്കുന്ന ‘ജാക്ക് ബ്ലാക്ക്’ എന്ന നടനെ അറിയാത്തവര്‍ക്ക് വേണ്ടി : ഇദ്ദേഹം കോമഡി-നടന്മാരില്‍ വളരെ പോപ്പുലറാണ്. ഇദ്ദേഹത്തിന്റേതായി പെട്ടെന്ന് ഓര്‍മ്മ വരുന്ന മറ്റൊരു കഥാപാത്രം ‘ഓറഞ്ച് കൌണ്ടി’ എന്ന ചിത്രത്തിലെ നായകന്റെ ചേട്ടനായി വരുന്ന കഥാപാത്രമാണ്. വളരെ ദൂരെയുള്ള കോളേജ് ഹോസ്റ്റലിലേയ്ക്ക് അനിയനെ കൊണ്ടുപോകുന്ന വഴി കാറിലിരുന്ന്, ഭാവിയുടെ അനന്തസാധ്യതകളെ പറ്റി ഈ കഥാപാത്രം നടത്തുന്ന ഒരു പ്രഭാഷണം ഒരിക്കല്‍ കണ്ട് പൊട്ടിച്ചിരിച്ചവര്‍ ഇദ്ദേഹത്തെ മറക്കാനിടയില്ല. കൂടുതലും ഫ്രീക് ഔട്ട് കഥാപാത്രങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്)
കഥ നടക്കുന്ന വളരെ പണ്ട് ആണ്. ഒരു മെക്സിക്കന്‍ സന്യാസ സഭയിലെ അംഗമാണ് ജാക്ക് ബ്ലാക്ക് അവതരിപ്പിക്കുന്ന നായകന്‍ - ‘നാച്ചോ’.
എടുത്തുപറയത്തക്ക സ്കില്ലുകളൊന്നും ഇല്ലാത്ത ഇയാള്‍ പ്രധാനമായും സഭയോടു ചേര്‍ന്നുള്ള ചെറിയ അനാഥ മന്ദിരത്തിന്റെ കുശിനിക്കാരന്‍ (കുക്ക്) ആയി സേവനം അനുഷ്ഠിക്കുന്നു. പക്ഷേ, നാച്ചോയുടേ കുക്കിംഗ് സ്കില്ലിന്റെയും അനാഥ മന്ദിരത്തിന്റെ സാമ്പത്തിക സ്ഥിതിയുടെയും പോരായ്മ കൊണ്ട്, നാച്ചോ വയ്ക്കുന്ന ഭക്ഷണം അനാഥക്കുട്ടികളുടെ ഇടയില്‍ അത്ര പോപ്പുലറല്ല.
കാര്യം കഴിവിത്തിരി കുറവാണെങ്കിലും, അനാഥക്കുട്ടികളോട് വലിയ സ്നേഹമാണ് നാച്ചോയ്ക്ക്. അവര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം നല്‍കണമെന്ന് ആഗ്രഹവുമുണ്ട്. ആയിടയ്ക്കാണ്, തന്നില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു പുതിയ സ്കില്‍ - റെസ്ലിംഗ് - നാച്ചോ കണ്ടെത്തുന്നത്. നമ്മുടെ WWF - ന് സമാനമായ ‘ലൂച്ചാ ലിബ്രേ‘ (free style wresling) എന്ന ഗുസ്തി അക്കാലത്ത് വളരെ പോപ്പുലറാണ്. നല്ല രീതിയില്‍ പണം സമ്പാദിക്കാനുള്ള ഒരു എളുപ്പ വഴിയുമാണ് ലൂച്ചാ ലിബ്രേ.
കൂടാതെ, ഒരു പുതിയ കന്യാസ്ത്രീ - എന്‍കാര്‍ണേസ്യോ (Encarnacion) - ആയിടയ്ക്ക് അനാഥമന്ദിരത്തില്‍ വന്നുചേരുന്നതോടെ, അനാഥര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണത്തിനൊരു എളുപ്പവഴി, കൂടാതെ അതിലൂടെ ഈ സിസ്റ്ററെ ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കുക എന്നീ ഉദ്ദേശങ്ങളോടെ ‘നാച്ചോ’ ഗുസ്തിമത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി ! ഗുസ്തി മത്സരം, സന്യാസ സഭയുടെ നിയമങ്ങള്‍ക്ക് കഠിനമായി വിപരീതമായതിനാല്‍, മുഖം മൂടിയണിഞ്ഞ് രാതികാലങ്ങളില്‍ മാത്രമാണ് നാച്ചോ ഈ ഗുസ്തികളില്‍ പങ്കെടുക്കുന്നത്.
തൂടക്കത്തിലെ ചെറിയ ചില മത്സരങ്ങളില്‍ നാച്ചോ ദയനീയമായി പരാജയപ്പെടുകയും പിന്നീട് ചിലതില്‍ വിജയിക്കുകയും ചെയ്തു. ഇത്തിരി മെച്ചപ്പെട്ട ഭക്ഷണം അനാഥക്കുട്ടുകള്‍ക്ക് കിട്ടിത്തുടങ്ങി. പക്ഷേ, നാച്ചോ അതുകൊണ്ട് തൃപ്തനല്ല.
ഗുസ്തിയില്‍ നിന്ന് കാര്യമായ എന്തെങ്കിലും വരുമാനം തടയണമെങ്കില്‍, സ്ഥലത്തെ പ്രധാന ഗുസ്തിക്കാരനായ ‘രാംസെ’യെ ഗോദായില്‍ ഏറ്റുമുട്ടി തോല്‍പ്പിക്കണം; ഈ വലിയ ടാര്‍ജറ്റ്, താമസിയാതെ നാച്ചോയുടെ തലയില്‍ വന്നു വീഴുന്നു.
നാച്ചോയുടെ രാത്രികാലങ്ങളിലുള്ള ഗുസ്തികളി സന്യാസ-മേലധികാരികള്‍ കണ്ടുപിടിക്കുമോ, നാച്ചോ ഗുസ്തിമത്സരത്തില്‍ രാംസേയേ തോല്‍പ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഈ ചിത്രം കാണുകയോ എനിക്ക് ഈമെയില്‍ അയയ്ക്കുകയോ ചെയ്യുക !
പണ്ടെങ്ങോ മെക്സിക്കോയില്‍ ജീവിച്ചിരുന്ന ഒരു വൈദികന്‍ ഇങ്ങനെ വേഷം മാറി രാതികാലങ്ങളില്‍ ഗുസ്തിമത്സരം നടത്തിയിരുന്നതായും അഗതികളെ സഹായിച്ചിരുന്നതായും കഥകള്‍ ഉണ്ടത്രേ. പക്ഷേ, ഈ മൂലകഥയില്‍ നിന്ന് ഒരു കൊള്ളാവുന്ന കോമഡി ചിത്രം ഉണ്ടാക്കുകയാണ് ‘നെപ്പോളിയന്‍ ഡൈനമിറ്റിന്റെ’ അണിയറക്കാര്‍ ചെയ്തിരിക്കുന്നത്. സരസമായ ചിത്രങ്ങളെ അങ്ങനെ തന്നെ ആസ്വദിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാവുന്ന ഒരു ചിത്രം.
3 comments:
നാച്ചോ ലിബ്രേ !
നേരത്തെ പറേണ്ടേ?
ഇത് ടിവിയില്‍ വന്നപ്പോ സ്കിപ്പ് ചെയ്തു.
ഇനി എന്തായാലും കാണും.
:-)
നാച്ചോ ലിബ്രേയുടെ ചിത്രങ്ങള്‍ പോസ്റ്റില്‍ (link) ചേര്‍ത്തിട്ടുണ്ട്.
Post a Comment