Friday, September 26, 2014

സപ്തമശ്രീ തസ്കരാ: (Sapthamashree Thaskaraha)



രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍


ഈ സിനിമയുടെ ആദ്യപകുതിയില്‍ മൂന്ന് നാല്‌ നിരുപദ്രവകാരികളായ കള്ളന്മാര്‍ ജയിലില്‍ എത്തിച്ചേരുന്ന രസകരമായ സംഭവങ്ങളിലൂടെ വിവരിക്കുന്നു. ജയിലിലെത്തിയ ഇവരുടെ ചില ദിവസങ്ങളും തുടര്‍ന്ന് കൂട്ടത്തിലുള്ള ഒരാളുടെ നേതൃത്വത്തില്‍ ജയിലില്‍ നിന്നറങ്ങിയതിനുശേഷമുള്ള ഒരു വലിയ മോഷണവും പ്ലാന്‍ ചെയ്യുന്നു.

ഇതിലെ ഒരു കള്ളനായ മാര്‍ട്ടിന്‍ (ചെമ്പന്‍ വിനോദ്‌) പള്ളിയില്‍ വന്ന് കുമ്പസാരിക്കുന്നതായാണ്‌ ഈ കഥ അവതരിപ്പിക്കപ്പെടുന്നത്‌. പള്ളീലച്ചനായി ലിജോ ജോസ്‌ പെല്ലിശ്ശേരി വേഷമിടുന്നു.

തൃശൂര്‍ ഭാഷയിലാണ്‌ ഇതിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും സംസാരിക്കുന്നത്‌.

ലിജോയും രസകരമായി തന്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

നെടുമുടി വേണുവും സുധീര്‍ കരമനയും ഈ കള്ളന്മാരുടെ കൂട്ടത്തില്‍ മികവോടെത്തന്നെയുണ്ട്‌.

ചെമ്പന്‍ വിനോദ്‌, നീരജ്‌ മാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തില്‍ ഏറ്റവും മികച്ച്‌ നിന്നത്‌.

ആസിഫ്‌ അലി ഒരു പതിവ്‌ പരുഷഭാവത്തില്‍ തന്നെ അവതരിച്ചിരിക്കുന്നു.

റീനു മാതൂസ്‌ കുറച്ച്‌ സമയമേ സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും തന്റെ റോള്‍ നന്നായി നിര്‍വ്വഹിച്ചു.
സനുഷ ചിത്രത്തിലുണ്ട്‌.

ആദ്യപകുതിയില്‍ പതുക്കെ പതുക്കെ ഹാസ്യത്തിലൂടെ സഞ്ചരിച്ച്‌ രണ്ടാം പകുതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ രീതിയിലേയ്ക്ക്‌ കഥ മാറുന്നു. ഒടുവില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ചെറിയ ഞെട്ടലും സമ്മാനിച്ചുകൊണ്ടാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

കഥയിലെ പല ഭാഗങ്ങളിലും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷേ, അതൊക്കെ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടുകഴിഞ്ഞേ ആലോചിക്കൂ എന്നത്‌ അനില്‍ രാധാകൃഷ്ണന്റെ ഭാഗ്യമാണ്‌. ഉദാഹരണത്തിന്‌, കൃഷ്ണനുണ്ണിയെ അവതരിപ്പിച്ച പൃഥ്യിരാജിന്റെ കഥാപാത്രം, പോലീസിന്റെ ഇടികൊണ്ട്‌ അവശതയിലാവുന്നതെങ്ങനെ എന്നത്‌ ഒടുവില്‍ മാത്രമേ സംശയിക്കേണ്ടിവരുന്നുള്ളു.

പൊതുവേ, രസകരമായ രീതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ ആയി ഒടുവില്‍ ഒരു സര്‍പ്രൈസും നല്‍കി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.

Rating : 6/ 10

2 comments:

shajitha said...

6 koduthath kurachu kadanna kayyaayipoyi, oru 2 pore

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ഷാജിതയ്ക്കീ സിനിമ ഒട്ടുമിഷ്ടായില്ലെന്ന് തോന്നുന്നു. 5 മാർക്ക്‌.