Wednesday, September 03, 2014

പെരുച്ചാഴികഥ, സംവിധാനം : അരുണ്‍ വൈദ്യനാഥന്‍
സംഭാഷണം : അജയന്‍ വേണുഗോപാലന്‍, അരുണ്‍ വൈദ്യനാഥന്‍
നിര്‍മ്മാണം : സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

ആദ്യത്തെ ഒരു അര മണിക്കൂര്‍ ഈ സിനിമ വലിയ പ്രതീക്ഷയാണ്‌ നല്‍കുക. ടൈറ്റില്‍സ്‌ മോഹന്‍ ലാല്‍ എന്ന അഭിനയപ്രതിഭയുടെ പഴയകാല സിനിമകളുടെ ഡയലോഗുകള്‍ കൊണ്ട്‌ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. തുടര്‍ന്ന് ആദ്യത്തെ കുറച്ച്‌ മിനിട്ടുകള്‍ നായകന്റെ ഇണ്ട്രൊഡക്‌ ഷനും കേമത്തരവും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടും.

ഇടയ്ക്കൊക്കെ ചില ഡയലോഗുകളും രംഗങ്ങളും ചിരിപ്പിക്കുമെങ്കിലും ആദ്യത്തെ കുറച്ച്‌ മിനിട്ടുകള്‍ക്ക്‌ ശേഷം ഈ ചിത്രം വല്ലാതെ നിലവാരത്തകര്‍ച്ചയിലേയ്ക്ക്‌ പോകുകയും പലപ്പോഴും ബോറടിപ്പിക്കുകയും ചെയ്യും.

നാട്ടില്‍ എന്തോ വലിയ സംഭവമായ ജഗന്നാഥന്‍ (മോഹന്‍ ലാല്‍) ഇവിടത്തെ രാഷ്ട്രീയ സങ്കീര്‍ണ്ണതകളില്‍ മന്ത്രിയടക്കമുള്ളവര്‍ക്കൊക്കെ പരിഹാരങ്ങള്‍ കൊടുത്ത്‌ ക്രിക്കറ്റും ബുള്ളറ്റുമൊക്കെയായി രണ്ട്‌ ശിങ്കിടികളുമായി (അജു വര്‍ഗ്ഗീസ്‌, ബാബുരാജ്‌) വിലസുമ്പോഴാണ്‌ അങ്ങ്‌ അമേരിക്കയില്‍ ഗവര്‍ണ്ണര്‍ തെരെഞ്ഞെടുപ്പ്‌ വരുന്നതും ഒരു സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ്‌ പ്രചാരണച്ചുമതല ഒരു മലയാളിയുടെ തലയില്‍ ആവുന്നതും. അമേരിക്കയിലെ ഈ സായ്പിനെ ഒന്ന് ഗവര്‍ണ്ണര്‍ ആക്കി എടുക്കാനായി തെരെഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കാനായി ജഗന്നാഥനെയും കിങ്കരന്മാരെയും അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നു.

പിന്നെ ഭയങ്കരമാന തന്ത്രങ്ങളാണ്‌.
സസ്പെന്‍സ്‌ ഒന്നും ഇല്ലാത്തതിനാല്‍ ചിലതൊക്കെ വിവരിക്കാം.

1. ജാതീയ വിവേചനം സൃഷ്ടിച്ച്‌ മുതലെടുക്കുന്ന സംഗതി കറുത്തവരും വെളുത്തവരും തമ്മില്‍ ഉടക്കുണ്ടാക്കി അനുകൂലമാക്കുന്നു. ഇതൊക്കെ ജഗന്നാഥന്‌ വളരെ ലളിതം. രണ്ട്‌ ഗ്രൂപ്പ്‌ ആളുകള്‍ പോകുമ്പോള്‍ ജഗന്നാഥന്‍ ഇവരുടെ നടുക്ക്‌ നിന്ന് രണ്ട്‌ കൂട്ടത്തിലേയും സ്ത്രീകളുടെ പുറക്‌ വശത്ത്‌ പഴയ വന്ദനം സ്റ്റെയില്‍ ഒരു അടി കൊടുത്ത്‌ ഒന്നും അറിയാത്തപോലെ നില്‍ക്കുന്നു. അവര്‍ തമ്മില്‍ അടിപിടിയാകുന്നു. അങ്ങനെ ഒന്ന് രണ്ട്‌ ട്രിക്ക്സ്‌. ആ ഐറ്റം ക്ലിക്ക്ഡ്‌.

2. ഇലക്‌ ഷന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ടി.വി. കൊടുക്കാം എന്നൊക്കെ ഐഡിയ പറയുന്നുണ്ട്‌. ഇത്‌ പറയുന്നത്‌ വലിയ ബിസിനസ്‌ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ്‌ അമേരിക്കയില്‍ ജോലി ചെയ്യുന്ന അഭ്യാസിയാണെന്നതാണ്‌ ഏറ്റവും വലിയ കോമഡി. പിന്നീട്‌ അത്‌ പരിഷ്കരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലാപ്‌ ടോപ്പും സോപ്പും ചീപ്പും പോലെ എന്തൊക്കെയോ കൊടുക്കാമെന്നോ ബിയര്‍ അലവന്‍സ്‌ കൊടുക്കാമെന്നോ ഒക്കെ പ്രഖ്യാപിക്കുന്നുണ്ട്‌. (സംഭവങ്ങളുടെ താല്‍പര്യം നഷ്ടപ്പെട്ട പ്രേക്ഷകനെ സംബദ്ധിച്ചിടത്തോളം എന്ത്‌ കൊടുത്താലും വേണ്ടില്ല, ഇതൊന്ന് തീര്‍ത്ത്‌ തരുമോ എന്ന് മാത്രമേ ചിന്ത ഉണ്ടായുള്ളൂ)

3. എഴുത്ത്‌ പരീക്ഷ നടത്തി നന്നായി പ്രസംഗം എഴുതാനറിയുന്ന ആളെക്കൊണ്ട്‌ പ്രസംഗം എഴുതിച്ച്‌ സംവാദത്തില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന സംഭവം അതിമനോഹരം. എഴുതിക്കൊണ്ട്‌ പോയ കാര്യങ്ങളാണല്ലോ ഒരു സംവാദത്തില്‍ സാധാരണ സംഭവിക്കുക.

ഇത്‌ പോലുള്ള കളികള്‍ ഒക്കെ നടത്തി സ്ഥാനാര്‍ത്ഥിയുടെ റേറ്റിംഗ്‌ വര്‍ദ്ധിപ്പിക്കുന്ന സംഗതികള്‍ പ്രേക്ഷകനെ വല്ലാതെ ഞെട്ടിക്കും. (ഇത്ര തറ നിലവാരം പ്രതീക്ഷിച്ചില്ല എന്ന ഞെട്ടല്‍)

ഇതിന്നിടയില്‍ നമ്മുടെ നായകന്‌ അമേരിക്കയിലെ ഒരു ലൈഗികത്തൊഴിലാളിയായ സ്ത്രീയില്‍ പ്രണയവും സംഭവിക്കുന്നുണ്ട്‌. അതിന്റെ പേരില്‍ ആ സ്ത്രീയെയും കുട്ടിയെയും ദത്തെടുക്കാനും നായകന്‍ തയ്യാര്‍. ന്യൂ ജനറേഷന്‍ അതിക്രമിച്ച്‌ വളരെ വിശാലമായ ഒരു മാനസികമേഖലയിലേയ്ക്ക്‌ നമ്മുടെ നായകന്മാര്‍ സഞ്ചരിക്കുന്നത്‌ കണ്ട്‌ വളരെ സന്തോഷം തോന്നിപ്പോയി.

പിന്നെ, ഇലക്‌ ഷന്‍ ദിവസം ആകുമ്പോഴെയ്ക്കും കൊടുക്കാമെന്ന കാശ്‌ കൊടുക്കാതെ സ്ഥാനാര്‍ത്ഥിയും സ്ഥാനാര്‍ത്ഥിയുടെ മാനേജരായ മലയാളിയും വാക്ക്‌ മാറുന്നു. നായകനോടാണോ ഇവരുടെ കളി. ഇലക്‌ ഷന്റെ തലേന്ന് പോലും വലിയ ഒരു ഭീകരത പ്രവര്‍ത്തിച്ച്‌ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ പുഷ്പം പോലെ ജഗന്നാഥന്‌ സാധിക്കും എന്ന് ആ പാവങ്ങള്‍ കരുതിയില്ല.

വലിയ സീക്രട്ട്‌ ആണ്‌. എങ്കിലും പറയാം.

തെരെഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന വോട്ടിംഗ്‌ യന്ത്രങ്ങള്‍ മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി, അത്‌ കൊണ്ടുപോകാനുള്ള ട്രക്കും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി. എന്നിട്ട്‌ ഈ ഡ്യൂപ്ലിക്കേറ്റ്‌ യന്ത്രങ്ങള്‍ കൊണ്ടുപോയി സ്ഥാപിക്കപ്പെടുകയും ഒരു സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടുന്ന വോട്ടുകളില്‍ പലതും എതിര്‍ സ്ഥാനാര്‍ത്ഥിക്കായി പോകുന്ന തരത്തില്‍ സെറ്റ്‌ ചെയ്ത്‌ വെക്കുകയും ചെയ്ത്‌ തന്നെ ചതിച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നു.

അതിന്നിടയില്‍ രാജാവിന്റെ മകന്‍ കളി വേറെയുണ്ട്‌. കാമുകിയുടെ മകനെ തട്ടിക്കൊണ്ട്‌ പോകലും അത്‌ പിടിക്കലും ഇടിക്കലുമെല്ലാം. അതൊക്കെ ഒരു സൈഡില്‍ നടന്നോളും, നമ്മള്‍ കാര്യമാക്കാന്‍ പോകണ്ട.

ഗാങ്ങള്‍ അതി ഗംഭീരം.. അതിലെ വരികള്‍ എഴുതിയവര്‍ക്ക്‌ പ്രത്യേക പുരസ്കാരത്തിന്‌ പരിഗണിക്കണം.

'ഞാന്‍ എന്തോ ചെയ്യാന്‍.. ഞാന്‍ എന്തോ ചെയ്യാന്‍' എന്നൊക്കെ കേട്ടു. പിന്നെ, നീ പോ മോനേ ദിനേശാ എന്ന കാവ്യാത്മകമായ സംഗതികള്‍ വേറെയും.

എന്നാലും ഇത്ര പ്രതീക്ഷയൊക്കെ തന്ന് പ്രേക്ഷകരോട്‌ ഒരുതരം പെരുച്ചാഴി സ്വഭാവം കാണിക്കേണ്ടതില്ലായിരുന്നു എന്നേ പറയാനുള്ളൂ.

Rating : 3.5 / 10

1 comment:

സുധി അറയ്ക്കൽ said...

സംഭവം ശരി പൊളിപ്പടം തന്നെ.മമ്മൂട്ടിഫാൻ ആണല്ലേ!??!?!?!?