Wednesday, April 10, 2013

ഇമ്മാനുവല്‍


സംവിധാനം: ലാല്‍ ജോസ്‌
കഥ : പ്രദീപ്‌ നായര്‍
തിരക്കഥ, സംഭാഷണം: എ.സി. വിജീഷ്‌
നിര്‍മ്മാണം: എസ്‌. ജോര്‍ജ്‌

ഒരു പഴഞ്ചന്‍ പബ്ളിഷിംഗ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇമ്മാനുവല്‍ (മമ്മൂട്ടി), ഭാര്യയും മകനുമടങ്ങുന്ന ഒരു കൊച്ച്‌ കുടുംബം. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പ്രതീക്ഷകളുമായി ഇവരുടെ ജീവിതം.

അതിന്നിടയില്‍ പബ്ളിഷിംഗ്‌ കമ്പനി പ്രവര്‍ത്തനം നിലയ്ക്കുകയും വേറെ ഒരു ജോലി തരപ്പെടുത്താന്‍ ഇമ്മാനുവല്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ സെയില്‍ സ്‌ എക്സിക്യൂട്ടീവായി ജോലിയില്‍ കയറുന്നതോടെ ഇദ്ദേഹത്തിണ്റ്റെ ജീവിതം മെച്ചപ്പെടുന്നുവെങ്കിലും ജോലിയിലെ പ്രശ്നങ്ങളും മറ്റുമായി കാര്യങ്ങള്‍ പതുക്കെ വഷളാകുന്നു.
ഈ ജോലിയില്‍ തുടക്കം മുതല്‍ തൊട്ട്‌ ശത്രുതാ മനോഭാവത്തിലുള്ള മാനേജറ്‍ (ഫഹദ്‌ ഫാസില്‍) ഇദ്ദേഹത്തിണ്റ്റെ ജോലി കൂടുതം ദുസ്സഹമാക്കുന്നു.

കസ്റ്റമേര്‍സിനെ വഞ്ചിച്ച്‌ ലാഭം ഉണ്ടാക്കലാണ്‌ ഈ കമ്പനിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുന്ന ഇമ്മാനുവല്‍ തണ്റ്റെ ഇടപെടലിലൂടെ ചില കസ്റ്റമേര്‍സിന്‌ അര്‍ഹതപ്പെട്ട ക്ളെയിം കിട്ടാന്‍ സഹായിക്കുന്നു. ഇത്രയൊക്കെയാണ്‌ ഈ സിനിമയുടെ ഒരു പൊതുവേയുള്ള നിലപാട്‌.

കോര്‍പ്പറേറ്റ്‌ കള്‍ച്ചര്‍ അവതരിപ്പിച്ചപ്പോള്‍ സംവിധായകനോ രചയിതാവോ ആ മേഘലയില്‍ ഒട്ടും തന്നെ ഒരു അന്വേഷണം നടത്താന്‍ മെനക്കെട്ടിട്ടില്ലെന്ന് വളരെ വ്യക്തം. വളരെ ബാലിശമായ രീതിയിലാണ്‌ ജോലിയില്‍ നിന്ന് പിരിച്ചുവിടലും കോര്‍പ്പറേറ്റ്‌ ജോലിയിലെ ടെന്‍ഷനും സ്ഥിരതയില്ലായ്മയുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. എങ്കിലും കുറച്ചെങ്കിലും ആ ജോലികളിലെ അസ്ഥിരതയെയും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലാഭക്കൊതിയെയും പ്രതിഫലിപ്പിക്കാനായതിനാല്‍ ഇവരുടെ ചതിക്കെണിയില്‍ പെടാതെ ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ ഗുണമായി.

തുടക്കം കുറച്ച്‌ നേരം ഇഴഞ്ഞ്‌ നീങ്ങിയ ഈ ചിത്രത്തില്‍ ഒരല്‍പ്പം ആശ്വാസമായത്‌ ഇമ്മാനുവലിണ്റ്റെ മകനായി അഭിനയിച്ച ബാലതാരമാണ്‌.

ഇമ്മാനുവല്‍ നന്‍മയുടെ പ്രതിപുരുഷനായി ഇങ്ങനെ ജീവിക്കുന്നു. ഇത്‌ നൂറ്‌ വട്ടം മമ്മൂട്ടി തന്നെ ചെയ്ത്‌ കണ്ടിട്ടുള്ളതിനാല്‍ ഒരു പ്രത്യേകതയും തോന്നിയില്ല.

ഇടയ്ക്ക്‌ ചില സെണ്റ്റിമണ്റ്റ്‌ സ്‌ ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും വേണ്ടത്ര ഏശിയില്ല. ക്യാന്‍സര്‍ ബാധിതയായ ഒരു അമ്മയെയും അവരുടെ ആരോരുമില്ലാത്ത കുഞ്ഞിനേയും ഒന്ന് രണ്ട്‌ തവണ പ്രദര്‍ശിപ്പിച്ചുനോക്കി. ഭര്‍ത്താവ്‌ മരിച്ചതിനുശേഷം മകളുടെ കല്ല്യാണം നടത്താന്‍ ഇന്‍ഷുറന്‍സ്‌ തുക കിട്ടാന്‍ കയറിയിറങ്ങുന്ന മുസ്ളീം സ്ത്രീയായി സുകുമാരിയെയും രണ്ട്‌ മൂന്ന് വട്ടം നടത്തിച്ചു.

ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഇണ്റ്റര്‍ വ്യൂ തന്നെ കുറച്ച്‌ അതിക്രമമായിപ്പോയി. ഇമ്മാുനുവല്‍ തണ്റ്റെ ഒരു മനസ്സാന്നിധ്യം കൊണ്ട്‌ ആ ജോലി തരപ്പെടുത്തി എന്നാണ്‌ പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചത്‌. പക്ഷേ, ഒരു പറ്റിക്കല്‍ നാടകം നടത്തിയതിലാണോ ഒരാളുടെ കഴിവ്‌ മനസ്സിലാക്കുന്നതെന്ന് അത്ഭുതം തോന്നി. ഇതിലും മികച്ച എന്തെങ്കിലും ആ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം രചയിതാവില്‍ നിന്നുണ്ടായില്ല. 

തിരക്കഥ പലപ്പോഴും വളരെ ബാലിശമായിപ്പോയി. ഒരാളെ 'പുരാവസ്തു' എന്ന് വിശേഷിപ്പിക്കുന്നതിണ്റ്റെ പൊരുള്‍ എന്താണെന്ന് LKG കുട്ടികള്‍ക്ക്‌ വരെ ഇപ്പോഴറിയാം. പക്ഷേ, ആ അഭിസംബോധനയുടെ അര്‍ത്ഥം എന്താണെന്ന് വിവരിച്ചു തരാന്‍ രചയിതാവും സംവിധായകനും പരിശ്രമിക്കുന്നതുകണ്ടപ്പോള്‍ കഷ്ടം തോന്നി (കമ്പനിയിലെ പ്രായം ചെന്ന അക്കൌണ്ടണ്റ്റിനെ പരിചയപ്പെടുത്തുമ്പോഴാണ്‌ ഈ സംഗതികള്‍).

അതുപോലെ, ചില നര്‍മ്മങ്ങള്‍ വിതറാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല.

ഇതിനെല്ലാം പുറമേ, ഇമ്മാനുവല്‍ എന്ന കഥാപാത്രത്തിണ്റ്റെ നന്‍മയെത്തന്നെ ഇല്ലാതാക്കുന്ന അവസാനരംഗങ്ങള്‍ ഈ സിനിമയുടെ രചയിതാവിണ്റ്റെയും സംവിധായകണ്റ്റെയും വലിയ ശ്രദ്ധക്കുറവായി.

താന്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ്‌ കമ്പനി ലാഭം മാത്രം മുന്നില്‍ കണ്ട്‌ പല അര്‍ഹതയുള്ളവരുടേയും ക്ളെയിം നിഷേധിക്കുന്നുവെന്നും കസ്റ്റമേര്‍ സിന്‌ കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെന്നും മനസ്സിലാക്കുന്ന ഇമ്മാനുവല്‍ ചിലര്‍ക്ക്‌ ക്ളെയിം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ ഈ ജോലി അവസാനിപ്പിക്കാന്‍ തയ്യാറാവുന്നതുമാണ്‌ കഥാഗതി. പക്ഷേ, അവസാനരംഗത്തോടടുത്ത്‌ കേസില്‍ സ്വത്തെല്ലാം നഷ്ടപ്പെട്ട്‌ ബാക്കിയുള്ള എന്തോ സ്ഥലമൊക്ക്‌ വിറ്റ്‌ ഈ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ അമ്പത്‌ ലക്ഷം നിക്ഷേപിക്കാന്‍ വരുന്ന വൃദ്ധണ്റ്റെ കാശ്‌ വാങ്ങി കമ്പനിയെ ഏല്‍പ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും കാണിക്കുന്നില്ല.
അതിനു മുന്‍പ്‌ ഒരു സീനില്‍ ഒരു കെട്ടിട നിര്‍മ്മാണ കമ്പനി അവിടെയുള്ള കുറച്ച്‌ തൊഴിലാളീകള്‍ക്ക്‌ മാത്രം ഇന്‍ഷുറന്‍സ്‌ എടുത്ത്‌ ബാക്കിയുള്ളവരെ പറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ തനിക്ക്‌ ആ ഡീല്‍ വേണ്ടെന്ന് പറഞ്ഞ്‌ അപേക്ഷാഫോമുകള്‍ കീറി എറിഞ്ഞ്‌ സ്ളോ മോഷനില്‍ നടന്നുവന്ന ആളാന്‌ ഇമ്മാനുവല്‍!

 സിനിമയുടെ അവസാനം ഈ ലോകത്തുള്ളവരെല്ലാം സന്തോഷമായി ജീവിക്കുന്നു എന്നും എല്ലാവരും നല്ലവരായെന്നും പ്രഖ്യാപിക്കുന്നു.

എന്തായാലും, ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രതീക്ഷകളും അതില്‍ ചിലതിണ്റ്റെ സാക്ഷാത്‌ കാരങ്ങളും ചില നിരാശകളും ഉണ്ടാവുമെന്നും അതൊക്കെത്തന്നെയാണ്‌ ജീവിതമെന്നും പോസിറ്റീവായി പറഞ്ഞുവെക്കാന്‍ ശ്രമിച്ചതിനെ അഭിനന്ദിക്കുന്നു.

ഫഹദ്‌ ഫാസില്‍ ഒരു മികച്ച നടനിലേയ്ക്കുള്ള പ്രയാണം തുടരുന്നു.

 കുടുംബപ്രേക്ഷകരെ ഉപദ്രവിക്കാത്ത ഒരു സാധാരണ ചിത്രം എന്നതിനാല്‍ ഈ അവധിക്കാലത്ത്‌ വലിയ ക്ഷീണമില്ലാതെ ഈ ചിത്രം കടന്നുപോകും എന്ന് വേണം കരുതാന്‍.

Rating : 4.5 / 10

1 comment:

ശ്രീ said...

നല്ല നിരൂപണം