Wednesday, April 10, 2013

3 ഡോട്ട്‌ സ്‌


കഥ, സംവിധാനം: സുഗീത്‌
തിരക്കഥ, സംഭാഷണം: രാജേഷ്‌ രാഘവന്‍

വീണ്ടും ജയിലില്‍ നിന്നിറങ്ങുന്ന ചങ്ങാതിമാരായി കുഞ്ചാക്കോയും ബിജുമേനോനും. ഇത്തവണ ഇവരേക്കാള്‍ ഒരല്‍പ്പം മുന്‍പ്‌ ജയിലില്‍ നിന്നിറങ്ങി ഒരു ചെറിയ ഫ്ലാറ്റില്‍ പാട്ടും കേട്ട്‌ കഴിയുന്ന ഒരു പപ്പേട്ടനുമുണ്ടെന്ന് മാത്രം (പ്രതാപ്‌ പോത്തന്‍).

 ഇതില്‍ കുഞ്ചാക്കോ ബോബന്‍ ജോലി കിട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്നു (അപ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ജോലി ചെയ്യാതെ ജീവിക്കാനുള്ള സെറ്റപ്പൊക്കെയുണോ എന്ന് ചോദിക്കരുത്‌. തല്‍ക്കാലം ഇങ്ങേര്‌ ജോലിയ്ക്ക്‌ ട്രൈ ചെയ്യട്ടേ..).

ജയിലില്‍ നിന്ന് ഇറങ്ങിയതാണെന്ന സത്യം പറയുമ്പോള്‍ ഒരു ജോലിയും തരപ്പെടുന്നില്ല (പാവം... സത്യം മാത്രം പറയൂ എന്ന് നിര്‍ബന്ധമുള്ളതോണ്ടാണ്‌ ട്ടോ... ഒന്നും തോന്നരുത്‌).

ഒടുവില്‍ ജയിലില്‍ കൌണ്‍സിലിങ്ങിന്‌ വരാറുള്ള ഡോക്ടര്‍ (നരേന്‍) ഇവരെ സഹായിക്കുന്നു. ഒരു പ്ളേ സ്കൂള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുന്നു.

പിന്നീട്‌ ഈ ഡോക്ടറെ സഹായിക്കാന്‍ ഇദ്ദേഹത്തിണ്റ്റെ കുഞ്ഞിനെ സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ട്‌ വന്ന് കൃഷ്ണഗിരിയില്‍ റിസോര്‍ട്ടില്‍ താമസിക്കുന്നു.

പിന്നെയല്ലേ ട്വിസ്റ്റും ട്വിസ്റ്റിണ്റ്റെ മുകളില്‍ ട്വിസ്റ്റും....

ഡോക്ടര്‍ സ്മാര്‍ട്ടാകുമ്പോള്‍ നമ്മുടെ നായകന്‍മാര്‍ ഡബിള്‍ സ്മാര്‍ട്ട്‌ ആകുന്നു.

ഭയങ്കര തന്ത്രങ്ങളും പ്രവര്‍ത്തികളും കണ്ട്‌ പ്രേക്ഷകര്‍ ഹര്‍ഷപുളകിതരാകുമ്പോള്‍ സിനിമ തീരും.

ഇതിന്നിടയില്‍ രണ്ട്‌ നായികമാര്‍ ഇടൊപെടും.. വല്ല്യ ദ്രോഹമില്ലാത്തതുകൊണ്ട്‌ മൈന്‍ഡ്‌ ചെയ്യേണ്ട.

വളരെ ബോറായ ഒരു പഴഞ്ചന്‍ കഥയും സംഗതികളും (ഈ സംഗതികള്‍ വളരെ ഇണ്റ്ററസ്റ്റിംഗ്‌ ആയി പല നല്ല സംവിധായകരും സിനിമയുണ്ടാക്കി അവതരിപ്പിച്ചതുകണ്ടിട്ടാകും സുഗീതും ഇറങ്ങിപ്പുറപ്പെട്ടത്‌) കൂട്ടിച്ചേര്‍ത്ത്‌ പ്രേക്ഷകരെ പറ്റിക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു സിനിമ എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ.

കഴിഞ്ഞ ചിത്രത്തിണ്റ്റെ പ്രതീക്ഷിച്ചതിണ്റ്റെ മുകളിലുള്ള വിജയമാകാം ഒരു പറ്റിക്കല്‍ ശ്രമത്തിന്‌ സുഗീതിനെ പ്രേരിപ്പിച്ചത്‌.

ഒരു പറ്റിക്കലിണ്റ്റെ മണം തോന്നിയതിനാല്‍ വളരെ വൈകി മാത്രം ഈ ചിത്രം കാണാന്‍ ശ്രമിച്ചുള്ളൂ. പക്ഷേ, അതിക്രമമായിപ്പോയി.

രണ്ട്‌ പാട്ടുകള്‍ തിരികിക്കയറ്റി നല്ല അസ്സല്‍ ബോറാക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ബിജുമേനോന്‍ തുടക്കത്തില്‍ ചില ഡയലോഗുകള്‍ കൊണ്ട്‌ ഒരല്‍പ്പം ചിരി പടര്‍ത്തിയെങ്കിലും ചിത്രം പൊതുവേ പ്രേക്ഷകര്‍ക്ക്‌ നിരാശ മാത്രം സമ്മാനിക്കുന്നതായി.

സുഗീത്‌ ഈ തരത്തിലാണ്‌ ഇനിയും സിനിമകള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നതെങ്കില്‍ ഒരു 'ഡോട്ട്‌' ഇടുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍, പ്രേക്ഷകര്‍ ഉടനെ ഒരു 'ഡോട്ട്‌' (ഫുള്‍ സ്റ്റോപ്പ്‌) ഇടീക്കും.

Rating : 3 / 10 

1 comment:

സൂര്യോദയം said...

സുഗീത്‌ ഈ തരത്തിലാണ്‌ ഇനിയും സിനിമകള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നതെങ്കില്‍ ഒരു 'ഡോട്ട്‌' ഇടുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍, പ്രേക്ഷകര്‍ ഉടനെ ഒരു 'ഡോട്ട്‌' (ഫുള്‍ സ്റ്റോപ്പ്‌) ഇടീക്കും.