Wednesday, April 17, 2013

ലേഡീസ്‌ ആണ്റ്റ്‌ ജെണ്റ്റില്‍ മാന്‍ (Ladies and Gentleman)കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സിദ്ദിക്ക്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

സിനിമ തുടങ്ങുമ്പോള്‍ മുതല്‍ അവസാനത്തെ ഒരു മിനിട്ട്‌ ഒഴികെ ബാക്കി സമയമെല്ലാം മദ്യലഹരിയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചന്ദ്രബോസ്‌ (മോഹന്‍ ലാല്‍), ഇദ്ദേഹത്തിണ്റ്റെ സന്തതസഹചാരിയായ മണി (കലാഭവന്‍ ഷാജോണ്‍), പിന്നെ ഇവരെ ചുറ്റിപ്പറ്റി മൂന്ന് നാല്‌ സ്തീ കഥാപാത്രങ്ങള്‍ (മീരാജാസ്മിന്‍, പത്മ പ്രിയ, മമത മോഹന്‍ ദാസ്‌, മിത്ര കുര്യന്‍).

കോടീശ്വരനായ ബോസ്‌ ഇങ്ങനെ ഫുള്‍ ടൈം മദ്യപാനവുമായി പല ആഡംബര കാറുകളില്‍ നടക്കുന്നത്‌ എന്തിനാണാവോ എന്ന് ആദ്യമൊക്കെ സംശയം തോന്നും. താനും ഭാര്യയുമായ ഡൈവോര്‍സ്‌ കേസ്‌ നടക്കുന്നുണ്ടെന്നും തനിക്ക്‌ ഭാര്യയെ പിരിയാന്‍ ആവില്ലെന്നുമാണ്‌ ഇദ്ദേഹത്തിണ്റ്റെ വിഷമം. ഈ ഭാര്യയുമായി ഇദ്ദേഹം പലപ്പോഴും ഫോണിലും അല്ലാതെയുമൊക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ട്‌. പിന്നെയാണ്‌ അതൊക്കെ മായയാണ്‌ (മായാലോകം എന്നാണ്‌ ഉദ്ദേശിച്ചത്‌) എന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നത്‌.

സോഫ്റ്റ്‌ വെയര്‍ കമ്പനി തുടങ്ങാനും മറ്റും ഒരു കൂട്ടം യുവാക്കളെയും യുവതികളെയും സഹായിക്കുന്നതും അവര്‍ക്ക്‌ പ്രൊജക്റ്റ്‌ കിട്ടുന്നതുമെല്ലാം നമ്മള്‍ കണ്ടുമടുത്ത സംഗതികളൊക്കെ തന്നെ. പിന്നെ, ഈ ചന്ദ്രബോസ്‌ എല്ലാം അറിയുന്ന സര്‍വ്വ ജ്ഞാനിയും സര്‍വ്വ വ്യാപിയുമായതിനാല്‍ കാര്യങ്ങളൊക്കെ എളുപ്പമാണ്‌.

മീരാ ജാസ്മിന്‍ മുഖം മുഴുവന്‍ പെയിണ്റ്റ്‌ അടിച്ചാണ്‌ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. പ്രേതഭാവം നല്‍കാനാണാവോ സംവിധായകന്‍ ഈ ദൃശ്യചാരുത നല്‍കിയത്‌. എന്തായാലും പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ മീരയ്ക്ക്‌ വലിയ ബുദ്ധിമുട്ടില്ലാതെ സാധിച്ചിട്ടുണ്ട്‌.

പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ പ്രധാന കോമ്പറ്റീഷനില്‍ ഉണ്ടായിരുന്നത്‌ പത്മപ്രിയയാണ്‌. വൃത്തികെട്ട ഹെയര്‍ സ്റ്റയിലും അഭിനയവും കൊണ്ട്‌ ഇവര്‍ തന്നെയാണ്‌ വെറുപ്പിക്കുന്നതിനുള്ള ട്രോഫി കരസ്ഥമാക്കുന്നത്‌.

മമതയും മിത്രാ കുര്യനെയും സഹിക്കാം.

കലാഭവന്‍ ഷാജോണ്‍ പ്രേക്ഷകര്‍ക്ക്‌ കുറച്ചെങ്കിലും ആശ്വാസമാകുന്നുണ്ടെങ്കിലും ഈ ചിത്രത്തിലെ കോമഡികളെല്ലാം തന്നെ കണ്ട്‌ മടുത്ത സന്ദര്‍ഭങ്ങളുടെ അനുകരണങ്ങള്‍ മാത്രം. പ്രേതമുണ്ടെന്ന് കഥ കേട്ട്‌ പ്രേതത്തെ പേടിക്കുക, വെളിച്ചമില്ലാത്തപ്പോള്‍ വീട്ടില്‍ വരുന്ന ആളെ കണ്ട്‌ പേടിക്കുക തുടങ്ങിയ സ്ഥിരം സംഗതികളൊക്കെത്തന്നെ.

'പാട്ടിണ്റ്റെ പാലാഴി' എന്നോ മറ്റോ ഉള്ള ഒരു ചിത്രത്തില്‍ മീരാ ജാസ്മിന്‍ ചെയ്ത കഥാപാത്രത്തിന്‌ തുല്ല്യമായ ഒരു റോള്‍ ഈ ചിത്രത്തില്‍ മോഹന്‍ ലാല്‍ ചെയ്യുന്നു എന്നേ ഉള്ളൂ. അദ്ദേഹം എന്തുകൊണ്ടാണ്‌ മുഴുവന്‍ സമയം (മദ്യപാനം ഇല്ലാത്തപ്പോഴും) ഒരു മദ്യപാനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്‌ എന്ന് അത്ഭുതം തോന്നാം.

സ്വന്തം ഭാര്യയുടെ ചിന്തകള്‍ എപ്പോഴും നിലനിര്‍ത്താനും ആ ലോകത്ത്‌ ജീവിക്കാനും വേറെ ഒരു സ്ത്രീയും ആ ലോകത്തേയ്ക്ക്‌ പ്രവേശിക്കാതിരിക്കാനുമാണ്‌ ഈ കോടീശ്വരന്‍ ഈ മദ്യലോകത്ത്‌ ജീവിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവസാനം പുഷ്പം പോലെ മമത മോഹന്‍ ദാസിണ്റ്റെ കൂടെ അമേരിക്കയ്ക്ക്‌ പ്ളെയിനില്‍ കയറി പോകുകയും മദ്യം ഇനി തൊടുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.

പ്ളെയിനില്‍ പത്മപ്രിയ ഒരു സ്മോള്‍ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മമതയുടെ ലഹരി തന്നെ തനിക്ക്‌ മതിയെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ പ്രേക്ഷകര്‍ ഹര്‍ഷപുളകിതരായി തീയ്യറ്റര്‍ വിടുന്നു. 

ഇടയില്‍ ചില ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരോടുള്ള ദ്രോഹത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

പൊതുവേ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും അവരെ നല്ലപോലെ ബോറടിപ്പിക്കുന്നതിലും വെറുപ്പിക്കുന്നതിലും ഉന്നത വിജയം കൈവരിച്ചിരിക്കുന്ന ഒരു ചിത്രമാകുന്നു ഇത്‌.

Rating : 2.5 / 10

1 comment:

സൂര്യോദയം said...

പൊതുവേ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും അവരെ നല്ലപോലെ ബോറടിപ്പിക്കുന്നതിലും വെറുപ്പിക്കുന്നതിലും ഉന്നത വിജയം കൈവരിച്ചിരിക്കുന്ന ഒരു ചിത്രമാകുന്നു ഇത്‌.