Saturday, February 02, 2013

കമ്മത്ത്‌ & കമ്മത്ത്‌


കഥ, തിരക്കഥ, സംഭാഷണം : സിബി കെ. തോമസ്‌, ഉദയകൃഷ്ണന്‍
സംവിധാനം: തോംസണ്‍

ഈ ചിത്രത്തിണ്റ്റെ കഥ എന്തെന്ന് പറഞ്ഞാല്‍ സസ്പെന്‍സ്‌ നഷ്ടപ്പെടും. അതിനാല്‍ അതിന്‌ മുതിരുന്നില്ല. എങ്കിലും ചെറിയൊരു സൂചന തരാം. സിബിയും ഉദയകൃഷ്ണനും ആയതുകൊണ്ട്‌ കഥ ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ലല്ലോ.. പഴയതില്‍ നിന്നൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലല്ലേ ഊഹിച്ച്‌ സമയം കളയേണ്ടതുള്ളൂ.

ഒരു ബാല്യകാലം... സഹോദരങ്ങള്‍... അച്ഛന്‍ കിടപ്പിലായപ്പോള്‍ ദോശ കച്ചവടം തുടങ്ങി. 

ഇപ്പോഴത്തെ കാലം... പട്ടണത്തിലെ ഒരു വലിയ ഹോട്ടല്‍ വ്യവസായി മറ്റൊരു പാവം ബ്രാഹ്മ്മണണ്റ്റെ നിര്‍ത്തിപ്പോയ ഹോട്ടല്‍ കൈക്കലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനപ്രിയ നായകന്‍ ബി.എം.ഡബ്ളിയു കാറില്‍ കുടയും നിവര്‍ത്തി സ്ളോ മോഷനില്‍ കടന്നുവരും.

പിന്നേ കുറേ കൊങ്ങിണി ചുവയുള്ള ഡയലോഗുകല്‍ ('എല്ലാ ഡയലോഗിണ്റ്റേയും അവസാനം 'കൊടുക്കെടോ', 'കൊടുക്കാം', 'നല്ല റസമായിറിക്കും' എന്നൊക്കെ ചേര്‍ത്താല്‍ മതി)

അങ്ങനെ ഈ അനിയന്‍ കമ്മത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ചേട്ടന്‍ കമ്മത്ത്‌ വിലകൂടിയ ഒരു കാറില്‍ നിന്ന് സ്ളോമോഷനില്‍ ഇറങ്ങും. അവിടെ ഒരു സ്റ്റണ്ട്‌ വേണമല്ലോ.. അത്‌ പക്ഷേ, താന്‍ തീറ്റ കൊടുത്തുവളര്‍ത്തുന്ന ഡ്റൈവറായ ബാബുരാജിനെക്കൊണ്ട്‌ നിര്‍വ്വഹിക്കും.

ഈ കമ്മത്തുമാര്‍ അങ്ങനെ ആരേയും നേരിട്ട്‌ തല്ലില്ലത്രേ... തല്ലിയാല്‍ ചത്തുപോകും (ആരാണെന്ന് ചോദിക്കരുത്‌). അതുകൊണ്ട്‌ ബാബുരാജിനെക്കൊണ്ട്‌ തല്ലിക്കുകയേയുള്ളൂ.. എത്ര ദയാശീലര്‍!

ഈ കഥ ഇങ്ങനെയൊക്കെ അങ്ങ്‌ പോകും. ഒന്ന് രണ്ട്‌ പെണ്ണുങ്ങള്‍ വരും.. അവരുടെ കഥയും ദുഖങ്ങളു അങ്ങനെ എന്തൊക്കെയോ... പക്ഷേ, കമ്മത്തുമാര്‍ ഉണ്ടല്ലോ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍.

ഒടുവില്‍ ഗോഡൌണില്‍ കൊണ്ടുപോയി ഗംഭീരമായ സ്റ്റണ്ട്‌ നടത്തി സംഗതി അവസാനിപ്പിക്കും. 

ഒന്ന് രണ്ട്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലുള്ളത്‌ അസഹനീയമാണെന്ന് പറയാതെ വയ്യ. പിന്നെ, ചിത്രത്തിണ്റ്റെ മൊത്തം അസഹനീയതയില്‍ ഈ ഗാനങ്ങളെ മാത്രം കുറ്റം പറയുന്നത്‌ ശരിയല്ലാത്തതിനാല്‍ ഗാനങ്ങള്‍ കൊള്ളാം എന്ന് പറഞ്ഞേക്കാം.

ബാബുരാജിണ്റ്റെ ചില ഡയലോഗുകളും ഭാവങ്ങളും ഒരല്‍പം ചിരിക്ക്‌ ഇട നല്‍കുന്നുണ്ട്‌. പക്ഷേ, ഈ ചിത്രം തരുന്ന പീഠനത്തിണ്റ്റെ തീവ്രത ഒട്ടും കുറയ്ക്കാന്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക്‌ ആവുന്നില്ല.

സിബിയും ഉദയകൃഷ്ണനും മലയാള സിനിമയുടെ എക്കാലത്തും സ്മരിക്കപ്പെടേണ്ട രണ്ട്‌ വ്യക്തികളാണ്‌. ഇവരെ എപ്പോള്‍ പൊന്നാടയണിയിച്ച്‌ 'ഇനി ദയവുചെയ്ത്‌ ഒരു തിരക്കഥയും എഴുതരുത്‌' എന്ന ഉറപ്പ്‌ വാങ്ങി എന്തെങ്കിലും അവാര്‍ഡ്‌ കൊടുത്ത്‌ മുക്കിലിരുത്തിയാല്‍ മലയാളസിനിമയ്ക്ക്‌ കുറേ കളങ്കം മാറിക്കിട്ടും.

രണ്ട്‌ ജനസ്വാധീനമുള്ള അഭിനേതാക്കളെ ഉപയോഗിച്ച്‌ പ്രത്യേകതയുള്ള ഭാഷയുടെ ഹൈലൈറ്റില്‍ ധനുഷിനെപ്പോലെയുള്ള ഒരു തമിഴ്‌ സ്റ്റാറിനെക്കൂടി ദുരുപയോഗപ്പെടുത്തി മലയാളിപ്രേക്ഷകരെ പറ്റിക്കുവാനുള്ള ഒരു വ്യക്തമായ ശ്രമം എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാകൂ.

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

 Rating : 2 / 10 

2 comments:

സൂര്യോദയം said...

ഈ പരുവത്തില്‍ ഒരു സിനിമ തട്ടിക്കൂട്ടിയാലും നമ്മുടെ പ്രേക്ഷകര്‍ തള്ളിക്കയറി മുടക്കുമുതല്‍ തിരിച്ച്‌ തരും എന്ന് ഇവര്‍ക്ക്‌ അറിയാം. ഇവരുടെ ഈ ബുദ്ധി പ്രേക്ഷകര്‍ക്ക്‌ അറിയില്ലെന്ന ധാരണയും ഒരുവിധം ശരിയായിരിക്കാം.

jense said...

below average movie.