Thursday, January 24, 2013

റോമന്‍സ്‌ (Romans)


രചന : വൈ. വി. രജേഷ്‌
സംവിധാനം: ബോബന്‍ സാമുവല്‍

കുറ്റവാളികളായ രണ്ടുപേര്‍ (ബിജുമേനോനും കുഞ്ചാക്കോ ബോബനും) ട്രെയിനില്‍ പോലീസിനോടൊപ്പം യാത്രചെയ്യുമ്പോള്‍ രക്ഷപ്പെട്ട്‌ എത്തുന്നത്‌ പൂമാല എന്ന ഗ്രാമത്തിലാണ്‌. ഈ ഗ്രാമം മൊത്തം വിഡ്ഢികളാണ്‌ എന്ന് നമ്മള്‍ അങ്ങ്‌ സമ്മതിക്കണം... അത്‌ പല പ്രാവശ്യം ഈ രണ്ട്‌ കള്ളന്‍മാരെക്കൊണ്ട്‌ പറയിപ്പിക്കും സംവിധായകന്‍. അതു കേട്ട്‌ നമ്മള്‍ വിശ്വസിച്ചേക്കണം.

ഇനി അവര്‍ ആ ഗ്രാമത്തില്‍ പള്ളീലച്ഛന്‍മാരായി അവതരിക്കും. അവിടെ അവര്‍ വിളയാടും. അതൊക്കെ കണ്ട്‌ ആസ്വദിക്കണം. അതിന്നിടയില്‍ കുറേ ദുരൂഹുതകളും ഭയപ്പാടുകളും ഉണ്ടാക്കിക്കൊണ്ടുവരും. അതിലൊക്കെ എന്തൊക്കെയോ ഗംഭീരതകളുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒടുവില്‍ എല്ലാം ബുദ്ധിപരമായി കണ്ടെത്തി പ്രശ്നം തീര്‍ത്ത്‌ കള്ളന്‍മാര്‍ നാട്ടില്‍ നിന്ന് പതുക്കെ മുങ്ങും. അപ്പോഴേയ്ക്കും ഇവരെ അന്വേഷിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തും. (പോക്കറ്റടിയും ചെറുകിട മോഷണവും അന്താരാഷ്ട്രാ കുറ്റകൃത്യങ്ങള്‍ ആയതുകൊണ്ട്‌ വലിയ അന്വേക്ഷണം നടത്തിയാണ്‌ ഇവരെ കണ്ടെത്തുന്നത്‌). പക്ഷെ, അപ്പോഴേയ്ക്കും ഇവര്‍ ഈ ഗ്രാമത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ത്ത്‌ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ 'നിങ്ങള്‍ക്ക്‌ ഉടനെ പുറത്തിറങ്ങാം' എന്ന് പറഞ്ഞ്‌ നമ്മള്‍ പ്രേക്ഷകരെ സമാധാനിപ്പിക്കും.

അപ്പോഴേയ്ക്കും ആ ഗ്രാമവാസികള്‍ ഇവരെ പുണ്യാളന്‍മാരായി പ്രഖ്യാപിച്ച്‌ അവര്‍ക്ക്‌ പ്രതിമ പണിയും. അവസാനം ഒരു മ്യൂസിക്‌ ബാന്‍ഡ്‌ ഇളകിയാടി സിനിമ അവസാനിപ്പിക്കും.

(കഥ മുഴുവന്‍ പറഞ്ഞുപോയി.. ക്ഷമിക്കുക).

 ഈ കഥയില്‍ ഈ രണ്ട്‌ കള്ളന്‍മാരെയും വിശ്വാസം ഇല്ലാത്ത ഒരു ഉപദേശി ഉണ്ടായിരുന്നു. അവസാനമാകുമ്പോഴേയ്ക്കും ഇയാളെ സിനിമയില്‍ കാണാനില്ല. കണ്ടിട്ട്‌ അത്യാവശ്യം ഉണ്ടായതുകൊണ്ടല്ല.. എന്നാലും ഒരു മര്യാദ വേണ്ടേ...

അതുപോലെ കുഞ്ചാക്കോ ബോബണ്റ്റെ കുടുംബ പശ്ചാത്തലമൊക്കെ പറഞ്ഞ്‌ സെണ്റ്റിയാക്കിയിട്ട്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്ന് ആറ്‍ക്കും ഒരു പിടിയുമില്ല. 'എനിക്കാരുമില്ല' എന്ന് പറയുന്ന കേട്ടു. എവിടെ പോയോ എന്തോ?

ബിജുമേനോന്‍ ആണേല്‍ പിന്നെ ആകാശത്തുനിന്ന് പൊട്ടിവീണ്‌ നേരെ കള്ളനായിത്തീര്‍ന്നതുകൊണ്ട്‌ ആരേയും അന്വേഷിക്കാനില്ല.

ഈ അച്ഛന്‍മാരെ ഈ ഗ്രാമത്തിലേയ്ക്ക്‌ പറഞ്ഞുവിട്ടു എന്ന് പറയപ്പെടുന്ന ഗബ്രിയേലച്ഛന്‍ ഇവിടെ എത്തുന്നു. ഇവരെ കണ്ടിട്ട്‌ ഈ അച്ഛനും കള്ളത്തരത്തിന്‌ കൂട്ടുനില്‍ക്കുന്നു. ഈ അച്ഛന്‍ വല്ല ഇണ്റ്റര്‍നാഷണല്‍ കുറ്റവാളിയാണോ എന്ന് നമുക്ക്‌ സംശയം തോന്നാം. പക്ഷേ, പാവം... ബിഷപ്‌ ആവാന്‍ വേണ്ടിയാണത്രേ ഈ കള്ളത്തരത്തിന്‌ കൂട്ട്‌ നിന്നത്‌.

പല തവണ കണ്ട്‌ മടുത്ത കുറേ കോമഡി സംഭവങ്ങള്‍ ഉണ്ട്‌ ഈ സിനിമയില്‍.

പക്ഷേ, ഉള്ള് തുറന്ന് ചിരിക്കാവുന്ന കുറച്ച്‌ നല്ല മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

ബിജുമേനോന്‍ എന്ന നടണ്റ്റെ വളരെ മികച്ച ഹാസ്യാഭിനയവും നല്ല കുറച്ച്‌ ഡയലോഗുകളും ഈ ചിത്രത്തെ ഒരല്‍പ്പം ഭേദപ്പെടുത്തുന്നുണ്ട്‌. കുഞ്ചാക്കോ ബോബനും തണ്റ്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം.

പക്ഷേ, ഒരല്‍പ്പം സാമാന്യബുദ്ധിക്ക്‌ നിരക്കുന്ന കഥയും സംഭവങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതൊരു മികച്ച ചിത്രമായേനെ. ഇപ്പോള്‍ ഇത്‌ ഒരു മണ്ടന്‍ സിനിമ എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഒരു ഗ്രാമത്തെ മുഴുവന്‍ മണ്ടന്‍മാരായി ഒരു കഥ ഉണ്ടാക്കിയപ്പോള്‍ ഈ സിനിമ കാണുന്നവരും ആ ഗ്രാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും എന്ന വിശ്വാസം ഇതിണ്റ്റെ സംവിധായകനും കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കണം. കുറേ ഹാസ്യം വിതറി ഒരു പുകമറ സൃഷ്ടിച്ചാല്‍ പ്രേക്ഷകരെ എളുപ്പം ആ മാനസികാവസ്ഥയില്‍ എത്തിക്കാം എന്ന സൂത്രം അവര്‍ മനസ്സിലാക്കി. അത്‌ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് വേണം ഈ സിനിമയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്‌.

Rating : 4 / 10

1 comment:

സൂര്യോദയം said...

ഒരു ഗ്രാമത്തെ മുഴുവന്‍ മണ്ടന്‍മാരായി ഒരു കഥ ഉണ്ടാക്കിയപ്പോള്‍ ഈ സിനിമ കാണുന്നവരും ആ ഗ്രാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും എന്ന വിശ്വാസം ഇതിണ്റ്റെ സംവിധായകനും കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കണം. കുറേ ഹാസ്യം വിതറി ഒരു പുകമറ സൃഷ്ടിച്ചാല്‍ പ്രേക്ഷകരെ എളുപ്പം ആ മാനസികാവസ്ഥയില്‍ എത്തിക്കാം എന്ന സൂത്രം അവര്‍ മനസ്സിലാക്കി. അത്‌ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് വേണം ഈ സിനിമയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്‌.