Sunday, January 13, 2013

അന്നയും റസൂലും (Annayum Rasoolum)


കഥ, തിരക്കഥ, സംഭാഷണം : രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി. സേതുനാഥ്‌

സംവിധാനം: രാജീവ്‌ രവി

കൊച്ചിയുടെ ഉള്‍ പ്രദേശങ്ങളിലെ തനിമയില്‍ വളരെ സ്വാഭാവികതയോടെയും സത്യസന്ധതയോടെയും അവതരിപ്പിക്കപ്പെട്ട കുറേ കഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രം പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌.

ചെറുതും വലുതും വേഷഭേദമന്യേ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച്‌ അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

ഫഹസ്‌ ഫാസില്‍ (റസൂല്‍), സണ്ണി വെയ്‌ ന്‍ (റസൂലിണ്റ്റെ സുഹൃത്ത്‌), ആന്‍ഡ്രിയ ജെറമിയ (അന്ന) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും റസൂലിണ്റ്റെ ഇക്കയായി വരുന്ന ആഷിക്‌ അബു, ഉപ്പയായി അഭിനയിച്ച രഞ്ജിത്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ തിളങ്ങി നിന്നു.

ചിത്രത്തിലെ ഗാനങ്ങളും സ്വാഭാവികതയോടെ ചേര്‍ന്ന്‌ നില്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ സിനിമയുടെ 'കഥ' എന്താണ്‌ എന്ന്‌ ചോദിച്ചാല്‍ ഒരു വരിയില്‍ തീരും. എന്നാല്‍ ആ കഥയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്‌ പരിശോധിച്ചാല്‍ ഒന്നുമില്ലതാനും.

ഈ കഥ പറയുന്നതിന്‌ അവലംബിച്ച രീതി, കഥാപാത്രങ്ങളെ ഉപയോഗിച്ച ശൈലി എന്നിവയൊക്കെ കുറച്ച്‌ പ്രത്യേകതയുള്ളവയാണ്‌ എന്ന്‌ പറയാം.

സിനിമയില്‍ ഉടനീളം കാര്യങ്ങള്‍ 'മെല്ലെപ്പോക്ക്‌' സമ്പ്രദായമായതിനാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും 'ഒന്നു വേഗം ആകട്ടെടാ..' എന്ന് വിളിച്ച്‌ പറയിപ്പിക്കാന്‍ ശേഷിയുള്ളവയുമാണ്‌ എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്‌.

ഒരു പെണ്‍ കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പരമാവധി കാണുവാനായി പിന്നാലെ നടക്കുന്ന സംഗതികളൊക്കെ സത്യസന്ധം. പക്ഷേ, ആ പെണ്‍ കുട്ടിയെ മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ തുറിച്ച്‌ കുറേ നേരം നോക്കി നില്‍ക്കുമ്പോള്‍ നമുക്കും ഒരല്‍പം അത്ഭുതവും വിഷമവും തോന്നാം. ഇനി, ആ നോട്ടത്തിലൂടെ ഒരായിരം കാര്യങ്ങള്‍ സംവദിച്ചു എന്നൊക്കെ പറയുകയാണേല്‍ അത്‌ ഒരോരുത്തര്‍ക്ക്‌ അവരവരുടെ ഇഷ്ടത്തിന്‌ ഡയലോഗുകളായും വികാരപ്രകടനങ്ങളായും സൃഷ്ടിച്ചെടുക്കാനാവുന്നതാണ്‌.

അന്നയുടെ കുടുംബത്തെക്കുറിച്ച്‌ കാര്യമായ ഒരു വ്യക്തത നല്‍കാതെ ഒരു ആശയക്കുഴപ്പം പ്രേക്ഷകമനസ്സില്‍ സൃഷ്ടിച്ച്‌ വെച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊക്കെ ഊഹിച്ച്‌ സ്വന്തം ഇഷ്ടത്തിന്‌ പൂരിപ്പിക്കാന്‍ ബുദ്ധിയുള്ള പ്രേക്ഷകരാണ്‌ എന്ന്‌ സ്ഥാപിച്ച്‌ പ്രേക്ഷകരെ ബഹുമാനിച്ചതാകാം.

അങ്ങനെ കുറേ ഭാഗങ്ങള്‍ പ്രേക്ഷകരുടെ മനോധര്‍മ്മം പോലെ പൂരിപ്പിച്ച്‌ ആസ്വദിക്കാനാണെങ്കില്‍ സിനിമ ഓരോരുത്തരുടെ കപ്പാസിറ്റി അനുസരിച്ച്‌ ഗംഭീരമായിരിക്കും.

സണ്ണി വേയ്‌ ന്‍ സുഹൃത്തായ റസൂലിനെ രക്ഷിക്കാന്‍ നടത്തുന്ന ഇടപെടലല്ലാതെ വേറൊന്നും പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടില്ല.

സിനിമയുടെ അവസാന രംഗങ്ങളും (വെള്ളത്തിലുള്ള ഊളിയിട്ടുകളിയും ഊരുതെണ്ടലും) അത്രയ്ക്കങ്ങ്‌ തൃപ്തികരമല്ല.

Rating : 5.5 / 10

No comments: