Wednesday, January 25, 2012
സ്പാനിഷ് മസാല (Spanish Masala)
കഥ, തിരക്കഥ, സംഭാഷണം: ബെന്നി പി. നായരമ്പലം
സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: നൌഷാദ്
അത്യാവശ്യം സാമ്പത്തികബാദ്ധ്യതകളുമായി മിമിക്രി കളിച്ചു നടന്ന ചാര്‍ളി ഒരു ട്രൂപ്പിനോടൊപ്പം സ്പെയിനില്‍ എത്തുകയും അവിടെ നിന്ന് തിരികെ പോരാതെ സ്പെയിനില്‍ തന്നെ തങ്ങുകയും ചെയ്യുന്നു. അവിടെ ഒരു ഹോട്ടലില്‍ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കെ 'സ്പാനിഷ് മസാല' ദോശയുടെ ഗുണം കൊണ്ട് സ്പെയിനിലെ ഒരു ധനിക കുടുംബത്തിലെ പെണ്‍ കുട്ടിയുടെ വീട്ടില്‍ കുക്ക് ആയി ജോലി ചെയ്യാന്‍ സാധിക്കുന്നു. ഈ വീട്ടില്‍ മാനേജര്‍ ഒരു മേനോന്‍ (ബിജു മേനോന്‍). വേറെ ഒരു ജോലിക്കാരനും മലയാളി (നെല്‍ സന്‍). ഈ പെണ്‍കുട്ടിയെ പോറ്റി വളര്‍ത്തിയത് ഒരു മലയാളി സ്ത്രീ ആയതിനാല്‍ ഈ കുട്ടിക്കും മലയാളം അറിയാം. ഇപ്പോള്‍ കാര്യങ്ങള്‍ ഒക്കെ ഒരുവിധം സിനിമയ്ക് വേണ്ട കഥയാക്കിയെടുക്കാന്‍ പരുവമായി എന്ന് മനസ്സിലായല്ലോ.
ഇനി, ഈ പെണ്‍കുട്ടിക്ക് പോറ്റമ്മയുടെ മകനുമായി (കുഞ്ചാക്കോ ബോബന്‍) പ്രേമമാകുകയും പെണ്‍കുട്ടിയുടെ അച്ഛന്‍ അതിനെ എതിര്‍ക്കുകയും പയ്യനെ പോര്‍ച്ചുഗലിലെ ഇദ്ദേഹത്തിണ്റ്റെ തോട്ടം നോക്കാനോ മറ്റോ മാനേജറായി വിട്ട് ശല്ല്യം ഒഴിപ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് ഈ പയ്യന്‍ കാറപകടത്തില്‍ മരണപ്പെട്ടു എന്നും പറയുന്നു. അച്ഛന്‍ തണ്റ്റെ കാമുകനെ ഇല്ലാതാക്കിയെന്ന് ഈ പെണ്‍കുട്ടി വിശ്വസിച്ച് ബഹളം വെക്കുന്നതിന്നിടയില്‍ ഉരുണ്ട് വീണ് കണ്ണ് കാണാതാകുന്നു. (എന്ത് രസമുള്ള കഥ എന്ന് തോന്നുന്നില്ലേ?.. വരാനിരിക്കുന്നേയുള്ളൂ ബാക്കി രസങ്ങള്‍.. നവരസങ്ങള്‍)
ചാര്‍ളി എന്ന മിമിക്രിക്കാരന്‍ ഒരു സംഭവമാണ്. ഇദ്ദേഹത്തിന് അപ്പോള്‍ കണ്ട ആളുടെ സ്വരം പോലും കൃത്യമയി അനുകരിക്കാന്‍ പറ്റും. ഇതോടുകൂടി ഈ കഥയെ ബുദ്ധിപരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ ചേരുവകളുമായി എന്ന് തോന്നും...
ഈ കണ്ണ് കാണാതായ പെണ്‍കുട്ടി പതുക്കെ പതുക്കെ കാഴ്ച തിരികെ കിട്ടുന്ന അവസ്ഥയിലേയ്ക്ക് എത്തുമെന്നും സൂചന തരുന്നുണ്ട്.
ചാര്‍ളി ഈ പെണ്‍കുട്ടിക്കും അച്ഛന്‍ സായ്പിനും ഇഷ്ടപ്പെട്ടവനായി മാറുന്നു. ചാര്‍ളിക്ക് കല്ല്യാണം കഴിച്ചുകൊടുത്താലോ എന്ന ആലോചന നടക്കുന്നതിന്നിടയില്‍ അച്ഛന്‍ സായ്പ് വെറുതേ ഇരുന്ന് മരിക്കുന്നു. അപ്പോഴേയ്ക്കും പെണ്‍കുട്ടിയുടെ കാഴ്ച മുഴുവനായി തിരിച്ച് കിട്ടുന്നു.
മരണച്ചടങ്ങിന് എല്ലാവരേയും (പ്രേക്ഷകരെ ഒഴിച്ച്) ഞെട്ടിച്ചുകൊണ്ട് മരണപ്പെട്ടു എന്ന് വിചാരിച്ചിരുന്ന പയ്യന്‍ (കുഞ്ചാക്കോ ബോബന്‍) തിരിച്ചെത്തുന്നു.
പിന്നീട് സംഭവബഹുലമായ കഥയായിരിക്കും എന്ന് ഊഹിക്കാമല്ലോ.
ഇങ്ങനെയുള്ള ഈ കഥ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരൊറ്റ കാര്യം പോലും തെറ്റി സംഭവിക്കില്ല. പ്രതീക്ഷിച്ച കാര്യം സംഭവിക്കുന്നതിനുവേണ്ടി കുറേ നേരം ബോറടിച്ച് വെയ്റ്റ് ചെയ്യണമെന്നു മാത്രം. പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ അങ്ങനെ സംഭവിക്കല്ലേ എന്ന് വിചാരിച്ചുപോകും... പക്ഷേ, അങ്ങനെയേ സംഭവിക്കൂ.. ഉദാഹരണത്തിന് കുഞ്ചാക്കോ ബോബനെ അമ്മ ചെകിടത്ത് അടിക്കുന്ന സീന്‍.. ഹോ.. വേണ്ട വേണ്ട എന്ന് നമ്മള്‍ എത്രാ വിചാരിച്ചിട്ടും കാര്യമില്ല. എന്നും കണ്ടിട്ടുള്ള അതേ സീക്വന്‍സില്‍ പാവം അമ്മ മകണ്റ്റെ കരണത്തടിക്കും.
അച്ഛനും മകളുമായുള്ള സ്നേഹം, കാമുകനുമായുള്ള സ്നേഹം, കാമുകണ്റ്റെ മരണത്തെത്തുടര്‍ന്നുള്ള ശോകം, രണ്ട് കാമുകര്‍ക്കിടയില്‍ നില്‍ക്കുമ്പോഴുള്ള അനിശ്ചിതത്വം, കാമുകിയെ നഷ്ടപ്പെടുമ്പോഴുള്ള വിരഹം, അമ്മയും മകനുമായുള്ള സ്നേഹം, ചതിക്കപ്പെട്ട വേദന തുടങ്ങിയ വികാരങ്ങളെല്ലാം ഈ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒന്നുപോലും ഒട്ടും തന്നെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ലാല്‍ ജോസും തിരക്കഥാകൃത്തും അഭിനന്ദനമര്‍ഹിക്കുന്നു.
ഇതില്‍ ആകെ പ്രേക്ഷകന് രസിക്കാന്‍ സാധിച്ചത് നെല്‍ സന്‍ എന്ന ഒരു കലാകാരണ്റ്റെ പ്രകടനവും ഗാനങ്ങളും മാത്രമാണ്.
ബാക്കി എല്ലാം വളരെ ബോറായി, വേണ്ടതിലധികം വഷളാക്കി, പ്രേക്ഷകരെ വെറുപ്പിച്ച് ഒരു വഴിക്കാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതിനാല്‍ 'സ്പാനിഷ് മസാല' മനസ്സിനെങ്കിലും അജീര്‍ണ്ണമുണ്ടാക്കുന്ന ഒരു വിഭവമായി കലാശിച്ചു എന്നുവേണം പറയാന്‍. (ഈ വിവരം പ്രേക്ഷകര്‍ മനസ്സിലാക്കിയതിനാലാവണം ഷേണായീസില്‍ ഒരു വരള്‍ച്ച അനുഭവപ്പെട്ടത്. )
'സ്പാനിഷ് മസാല'യ്ക്ക് പകരം 'തട്ടിക്കൂട്ട് മസാല' എന്ന പേരായിരുന്നെങ്കില്‍ അത് ഈ ചിത്രത്തെ നീതീകരിക്കുന്നതാകുമായിരുന്നു എന്ന് തോന്നി. സ്പെയിനില്‍ പോയി ചെയ്തതായതുകൊണ്ട് 'സ്പാനിഷ് തട്ടിക്കൂട്ട് മസാല' എന്നതാണെങ്കിലും വിരോധം ഇല്ല.
Rating : 3 / 10
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Subscribe to:
Post Comments (Atom)
3 comments:
'സ്പാനിഷ് മസാല'യ്ക്ക് പകരം 'തട്ടിക്കൂട്ട് മസാല' എന്ന പേരായിരുന്നെങ്കില്‍ അത് ഈ ചിത്രത്തെ നീതീകരിക്കുന്നതാകുമായിരുന്നു എന്ന് തോന്നി. സ്പെയിനില്‍ പോയി ചെയ്തതായതുകൊണ്ട് 'സ്പാനിഷ് തട്ടിക്കൂട്ട് മസാല' എന്നതാണെങ്കിലും വിരോധം ഇല്ല.
Dileepinte pachakutharkku Sesham Aa manushyante orupadavum najn kanarillaa..Lal josinu Pattiya Pani Ippo Vereyaa.. pavavm Nawshadh..Cash Poy....
film kandu
dhana nashtam samaya nashtam maanahaani
Post a Comment