Wednesday, January 25, 2012

ബ്യൂട്ടിഫുള്‍ (Beautiful)രചന: അനൂപ്‌ മേനോന്‍
സംവിധാനം: വി. കെ. പ്രകാശ്‌
നിര്‍മ്മാണം: ആനന്ദ്‌ കുമാര്‍

(കുറിപ്പ്‌: പ്രായോഗികമായ ചില കാരണങ്ങളാല്‍ ഈ ചിത്രം കാണുവാന്‍ വൈകിപ്പോയെങ്കിലും ഇപ്പോള്‍ അത്ര പ്രസക്തമല്ലെങ്കില്‍ പോലും ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂ എഴുതിയില്ലെങ്കിലുള്ള എന്തോ ഒരു നീതികേട്‌ തോന്നിയതിനാലാണ്‌ വൈകിയെങ്കിലും ഈ റിവ്യൂ എഴുതുന്നത്‌.)


തലയ്ക്ക്‌ കീഴ്പോട്ട്‌ തളര്‍ന്ന് കിടക്കുന്ന ധനികനായ ഒരാളുടെ (സ്റ്റീഫന്‍ -ജയസൂര്യ) ജീവിതത്തോടുള്ള സമീപനവും ഇയാളെ ചുറ്റിപ്പറ്റിയുള്ള മറ്റ്‌ കഥാപാത്രങ്ങളും അതേ സമയം തന്നെ സംഗീതവും മറ്റ്‌ സാദ്ധ്യമായ ജോലികളും കൊണ്ട്‌ തണ്റ്റെ അനിയത്തിയെ പഠിപ്പിച്ച്‌ ഡോക്ടറാക്കാനും സ്വന്തം ജീവിതം മെച്ചപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വളരെ പോസിറ്റീവ്‌ കാഴ്ചപ്പാടുള്ള മറ്റൊരു ചെറുപ്പക്കാരനും (ജോണ്‍ -അനൂപ്‌ മേനോന്‍) ഈ ചിത്രത്തിണ്റ്റെ കഥാഗതിയെ നയിക്കുന്നു. ഈ രണ്ട്‌ കഥാപാത്രങ്ങളും കണ്ടുമുട്ടുകയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

വളരെ സത്യസന്ധമായ ഒരു രചനാവൈഭവം ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. സംഭാഷണങ്ങളും സാഹചര്യങ്ങളും കലര്‍പ്പില്ലാതെ നേരെ ചെൊവ്വേ പ്രേക്ഷകണ്റ്റെ മുന്നിലേക്കെത്തിച്ചിരിക്കുന്നു എന്നതിനാല്‍ തന്നെ ഈ ചിത്രം ആസ്വാദ്യകരമാകുന്നു.

വളരെ പോസിറ്റീവ്‌ ആയ ഒരു സമീപനം ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സ്വീകരിച്ചിരിക്കുമ്പോഴും അത്തരം സമീപനങ്ങളുടെ കാര്യകാരണങ്ങളും പ്രതിപാദിക്കുന്നുണ്ട്‌.

ധനികനായതുകൊണ്ട്‌ ഇങ്ങനെ ജീവിതത്തെ പോസിറ്റീവ്‌ ആയി കണ്ട്‌ ആസ്വദിക്കാവുന്ന മാനസികാവസ്ഥയില്‍ ജീവിക്കുന്നു എന്ന് സ്റ്റീഫന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്‌. 'തന്നോട്‌ സിമ്പതിയാണോ' എന്ന് ചോദിക്കുന്ന സ്റ്റീഫനോട്‌ ജോണ്‍ പറയുന്ന ഒരു ഉത്തരത്തില്‍ ധനികനല്ലെങ്കിലും ഇത്ര സൌകര്യങ്ങളില്ലെങ്കിലും ജീവിതത്തെ പോസിറ്റീവ്‌ ആയി അഭിമുഖീകരിക്കാം എന്ന സന്ദേശവും നല്‍കുന്നു. "സാറിനിവിടെ എന്തിണ്റ്റെ കുറവാണ്‌? ശരീരം തളര്‍ന്ന് വികലാംഗതയുള്ള ഒരാള്‍ ദിവസവും അയാള്‍ നടത്തുന്ന ടെലഫോണ്‍ ബൂത്തിലേയ്ക്ക്‌ പോകുന്നത്‌ കണ്ട്‌ കൊണ്ടാണ്‌ എണ്റ്റെ എല്ലാ ദിവസവും തുടങ്ങുന്നത്‌" എന്നതാണ്‌ ആ ഉത്തരം.

അതുപോലെ തന്നെ, കഷ്ടതയനുഭവിക്കുന്നവരോട്‌ അനുഭാവം കാണിക്കുകയും അവര്‍ക്ക്‌ വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധമാണെന്ന് പറയുകയും ചെയ്യുന്ന പലരും കാര്യത്തോടടുക്കുമ്പോള്‍ പിന്‍മാറുകയും അവനനവണ്റ്റെ സുഖസൌകര്യങ്ങള്‍ തേടിപോകുകയുമാണ്‌ പതിവെന്ന ഒരു സൂചനയും ഒരു സിറ്റുവേഷനില്‍ കാണിക്കുന്നു.

വിവാഹേതരബന്ധത്തെക്കുറിച്ചും മറ്റും പച്ചയായ ചില ചൂണ്ടിക്കാണിക്കലുകളും ഈ ചിത്രത്തിലൂടെ നല്‍കുന്നുണ്ട്‌.

ചിത്രത്തിണ്റ്റെ ക്ളൈമാക്സിനോടടുക്കുമ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ട്‌. ജോണിനെപ്പോലുള്ള ഒരു വ്യക്തിക്ക്‌ അത്തരം ഒരു ചിന്താഗതിയിലേയ്ക്ക്‌ പോയി എന്നത്‌ അത്ര വിശ്വാസ്യയോഗ്യമല്ല. ഐ.സി.യു. വില്‍ കിടക്കുന്ന സ്റ്റീഫന്‍ 'നീയാണോ ഇത്‌ ചെയ്തത്‌?' എന്ന് ജോണിനോട്‌ ചോദിക്കുമ്പോള്‍ പ്രതികരിക്കാതെ നില്‍ക്കുന്ന ജോണും അത്ര വ്യക്തമല്ല. മറ്റുള്ളവരോട്‌ താനല്ല എന്ന് പറയാന്‍ മടികാണിക്കാത്ത ജോണ്‍, വികാരം കൊണ്ട്‌ പ്രതികരിക്കാതെ നിന്ന് ജയിലില്‍ പോകാന്‍ മനസ്സുകാണിച്ചു എന്ന് പറയുന്നതിനെ നീതീകരിക്കാനാവുന്നില്ല.

ചിത്രത്തിലെ സംഗീതവും മികച്ചതായിരുന്നു. നല്ലൊരു രചനയെ അത്‌ അര്‍ഹിക്കും വിധം സംവിധാനം ചെയ്ത്‌ നല്ലൊരു സിനിമ ഒരുക്കുവാന്‍ വി.കെ. പ്രകാശിനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു.

Rating : 7 /10

2 comments:

സൂര്യോദയം said...

നല്ലൊരു രചനയെ അത്‌ അര്‍ഹിക്കും വിധം സംവിധാനം ചെയ്ത്‌ നല്ലൊരു സിനിമ ഒരുക്കുവാന്‍ വി.കെ. പ്രകാശിനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു.

irshad cp said...

Nirropanathil Adichumattiya filim story prathekam parayan
For Example ANoop menon's cocktail is a copycat from butterfly on a wheel(English). Also this movie Beautiful is from a story of French Filim