Sunday, September 04, 2011

തേജാഭായി & ഫാമിലി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ദീപു കരുണാകരന്‍
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി

ലോജിക്കുകളോ ക്വാളിറ്റിയോ നോക്കാതെ ഇതൊരു ലാഘവത്തോടെ കാണേണ്ട സിനിമയാണ്‌ എന്നാണെങ്കില്‍ ഈ റിവ്യൂവിനേയും അങ്ങനെത്തന്നെ കാണണമെന്ന് അപേക്ഷ.

മലേഷ്യയില്‍ അധോലോകത്ത്‌ ഉന്നതസ്ഥാനീയനായ തേജാഭായി. ഏതെങ്കിലും ഒരു ഏരിയയിലെ കെട്ടിടങ്ങളോ പ്രോപ്പര്‍ട്ടിയോ ഇദ്ദേഹത്തിണ്റ്റെ ആളുകള്‍ വന്ന് 'തേജാഭായി സീല്‍' പതിപ്പിച്ചാല്‍ പിന്നെ ചോദ്യോം പറച്ചിലും ഒന്നുമില്ല. അത്‌ അവരുടേതായി അത്രേ. ('വെള്ളരിക്കാപ്പട്ടണം' അല്ല, മലേഷ്യയാണ്‌.. ഒര്‍മ്മിപ്പിച്ചൂന്ന് മാത്രം...)

ഇനി അഥവാ ആര്‍ക്കെങ്കിലും ചോദ്യം ചെയ്യണമെന്നു തോന്നിപ്പോയാല്‍ തേജാഭായി കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ളാസ്സും വച്ച്‌ ഒരുപ്രാവശ്യം സ്ളോമോഷനില്‍ വരും.. കൂടെ ഏകദേശം ഇതേ വേഷവിധാനത്തില്‍ (കോട്ടിണ്റ്റെ കളര്‍ വ്യത്യാസം കാണും) കൂട്ടാളികളും ഉണ്ടാകും. ഇവര്‍ നിരന്ന് നിന്ന് പല വലുപ്പത്തിലും ഡിസൈനിലും ഉള്ള തോക്കുകള്‍ കൊണ്ട്‌ ഒരു വെടിക്കെട്ട്‌ നടത്തും... ചോദ്യം ചെയ്ത ആളുടെ ദേഹത്തല്ല, ചുറ്റിലുമാണ്‌ ഈ വെടിക്കെട്ട്‌. ഇത്‌ കണ്ട്‌ ഹിസ്റ്റീരിയ ബാധിച്ച്‌ എവിടെ വേണേലും ഒപ്പിട്ട്‌ കൊടുത്ത്‌ പാവങ്ങള്‍ സ്ഥലം വിടും.

ഇനി അഥവാ വേറെ കോട്ടിട്ട ക്വൊട്ടേഷണ്‍ ടീമുകള്‍ വന്നാല്‍ തേജാഭായി എല്ലാവരേയും ഒറ്റയ്ക്ക്‌ നേരിടും.. ഇത്‌ പുള്ളി തണ്റ്റെ ബോഡി വല്ലപ്പോഴും അനങ്ങാന്‍ വേണ്ടി ചെയ്യുന്നതാണത്രേ... ഒരു പ്രത്യേകത എന്തെന്നാല്‍, തേജാഭായിയുടെ ഗ്യാങ്ങിണ്റ്റെ കയ്യില്‍ മാത്രമേ തോക്ക്‌ ഉണ്ടാവുള്ളൂ... ബാക്കി ടീമുകളെല്ലാം വാളിണ്റ്റെ ആളുകളാ... തോക്കുപോലെതന്നെ വാളും തേജാഭായിയ്ക്ക്‌ വഴങ്ങും... ഈയിടെ 'ഉറുമി' ട്രെയിനിംഗ്‌ കിട്ടിയിട്ടുണ്ടല്ലോ.. അങ്ങനെ എല്ലാവരേയും വെട്ടി നോവിച്ച്‌ (കൊല്ലൂല്ലെന്ന് തോന്നുന്നു) കോട്ട്‌ നേരെയാക്കി നില്‍ക്കുമ്പോള്‍ കൊണ്ടുപോകാന്‍ വണ്ടി വരും... എന്ത്‌ വണ്ടിയാണെന്നോ... ഹെലികോപ്റ്റര്‍ വണ്ടി. ഇങ്ങനെയുള്ള ഒരു സംഭവമാണ്‌ തേജാഭായി.

ഈ തേജാഭായിയ്ക്ക്‌ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്‍പരയായ ഒരു പെണ്‍കുട്ടിയോട്‌ വല്ലാത്ത പ്രേമം തോന്നിയതിനാല്‍ ആ കുട്ടിയുടെ ഇഷ്ടം നേടാനായി ശ്രമങ്ങള്‍ നടത്തുന്നു. ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ നല്ല തറവാട്ടുകാര്‍ക്കേ മോളെ വിവാഹം ചെയ്തു കൊടുക്കൂ. മാത്രമല്ല, ഇയാള്‍ക്ക്‌ വിശ്വാസമുള്ള ഒരു യോഗാചാര്യ സ്വാമി (സുരാജ്‌ വെഞ്ഞാര്‍മൂട്‌) പറഞ്ഞപോലെയേ ബാക്കി എല്ലാം ചെയ്യൂ. തേജാഭായി ഈ സ്വാമിയേയും അധീനതയിലാക്കി നാട്ടിലെത്തി വീടും വീട്ടുകാരേയും വാടകയ്ക്ക്‌ സംഘടിപ്പിച്ച്‌ തണ്റ്റെ ശ്രമങ്ങള്‍ നടത്തുന്നതാണ്‌ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കുറേ ഹാസ്യതാരങ്ങളെ തള്ളിക്കയറ്റി ഒരു കോമഡിടൂര്‍ നടത്താന്‍ ദീപു കരുണാകരന്‍ കിണഞ്ഞു ശ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാവുന്ന സീനുകള്‍ (ആവര്‍ത്തനമെങ്കിലും) ഉണ്ടെങ്കിലും പൊതുവേ ഒരു ദയനീയസ്ഥിതി ചിത്രത്തെ ബാധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടതിനെത്തുടര്‍ന്നുണ്ടായ ചില സംശയങ്ങളും നിഗമനങ്ങളും..

1. കൃത്യം 5 മണിയാകുമ്പോള്‍ തേജാഭായിയും കൂട്ടരും അവരുടെ ജോലി നിര്‍ത്തും. ഒരാളെ വെടിവെക്കാന്‍ പോകുകയാണെങ്കില്‍ പോലും 5 മണി അടിച്ച്‌ കഴിഞ്ഞാല്‍ അത്‌ പിറ്റേന്നാളേയ്ക്ക്‌ വയ്ക്കും. പക്ഷേ, രാവിലെ എപ്പോള്‍ പരിപാടി വീണ്ടും തുടങ്ങും എന്ന് വ്യക്തമല്ല.

2. തോക്ക്‌ തേജാഭായിയുടെ ടീമിനുമാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യയില്‍ നിയമം ഉണ്ടോ എന്നൊരു സംശയം.

3. 5 PM മണികഴിഞ്ഞാല്‍ മറ്റ്‌ അധോലോകസംഘങ്ങളും ജോലി നിര്‍ത്തുമോ എന്ന് അറിയില്ല. അങ്ങനെയാണ്‌ മലേഷ്യയില്‍ നിയമം എന്നു തോന്നുന്നു. അല്ലെങ്കില്‍ പിന്നെ തേജാഭായിയുടെ പണി പണ്ടേ തീര്‍ന്നേനെയല്ലോ.

4. യോഗാചാര്യന്‍ യോഗ പഠിപ്പിക്കുന്നതിനുമുന്‍പ്‌ മലയാളം കോഴ്സ്‌ ഉണ്ടാകുമോ അതോ യോഗാ കോഴ്സ്‌ കഴിയുമ്പോഴേയ്ക്ക്‌ മലേഷ്യക്കാരോക്കെ മലയാളം പഠിക്കുമോ എന്നൊരു സംശയം.

5. നായികയുടെ അച്ഛന്‍ യോഗാചാര്യന്‍ പറഞ്ഞതേ അനുസരിക്കൂ എന്ന് പറയുന്നുണ്ട്‌. അതായത്‌, അത്ര വിശ്വാസവും ബഹുമാനവും ആണെന്നര്‍ത്ഥം. പക്ഷേ, യോഗാചാര്യന്‌ പെണ്‍കുട്ടിയുടെ അച്ഛനെയാണ്‌ പേടിയും ബഹുമാനവും. മാത്രമല്ല, ഈ യോഗാചാര്യനെ സ്റ്റുപിഡ്‌ ഇഡിയറ്റ്‌ എന്നൊക്കെ ഒരു സാഹചര്യത്തില്‍ വിളിക്കുന്നുമുണ്ട്‌. പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ ഒരു ഗുരു ശിഷ്യ ബന്ധം ആയിരിക്കും എന്ന് ഊഹിക്കാം.

6. മലേഷ്യയിലൊക്കെ ജീവകാരുണ്യപ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി ഏത്‌ ഹോസ്പിറ്റലിലും ആര്‍ക്ക്‌ വേണേല്‍ കയറിച്ചെന്ന് പരിക്ക്‌ പറ്റിയവരുടെ മുറിവുകള്‍ എല്ലാം വൃത്തിയാക്കി ശുശ്രൂഷിക്കാം എന്ന് മനസ്സിലായി.

7. മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയവര്‍ മലയാളം പത്രം വായിക്കുക വിരളമായിരിക്കും എന്ന് മനസ്സിലായി. പേപ്പറില്‍ ഒരു പേജ്‌ വലുപ്പത്തില്‍ ഫോട്ടോ വച്ച്‌ കൊടുത്ത പരസ്യം നായികയോ അച്ഛനോ കണ്ടേ ഇല്ല.

8. 'ലിവിംഗ്‌ ടുഗദര്‍' എന്ന ആശയം നടപ്പിലാക്കാനാണാവോ നായിക കല്ല്യാണം നിശ്ചയിക്കുന്നതിനുമുന്‍പ്‌ തന്നെ നായകണ്റ്റെ വീട്ടില്‍ വന്ന് താമസം തുടങ്ങുന്നത്‌. കുറേ കഴിഞ്ഞപ്പോഴേയ്ക്കും വാടകബന്ധുക്കളാണെന്നറിഞ്ഞിട്ടുകൂടി എല്ലാവരുമായി ആ ഒരു ഒത്തൊരുമയും മാനസികമായ അടുപ്പവും കണ്ടാല്‍ ആരുടേയും നെഞ്ച്‌ തകര്‍ന്നുപോകും

ഈ സംശയങ്ങള്‍ക്കും അനുമാനങ്ങള്‍ക്കുമിടയിലും കുറേ നല്ല സംഗതികളും ഈ ചിത്രത്തിലുണ്ട്‌. ഗാനനൃത്ത രംഗങ്ങള്‍ മികച്ചുനിന്നു. പ്രത്യേകിച്ചും 'ഒരു മധുരകിനാവിന്‍' എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം വളരെ ആകര്‍ഷണീയമായി.

അത്ര ഗംഭീരമായ അഭിനയസാദ്ധ്യതകളൊന്നുമില്ലെങ്കിലും അഖില തണ്റ്റെ റോള്‍ നന്നായി ചെയ്തു.

പൃഥ്യിരാജ്‌ കോമഡി രംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു.

ജഗതിയും ജഗതീഷും സീരിയസ്സായി ഇമോഷണലാകുന്നത്‌ കണ്ടപ്പോഴാണ്‌ കൂടുതല്‍ ചിരി വന്നത്‌.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ ഈ ചിത്രത്തിന്‌ നല്ല സംഭാവന നല്‍കിയിട്ടുണ്ട്‌. പക്ഷേ, പലപ്പോഴും കൈവിട്ടുപോയ ഒരു ലക്ഷണം അനുഭവപ്പെട്ടിരുന്നു.

ദ്വയാര്‍ത്ഥപ്രയോഗമുള്ളതും അശ്ളീലച്ചുവയുള്ളതുമായ ഡയലോഗുകള്‍ ഹാസ്യത്തിണ്റ്റെ കൊഴുപ്പിനായി ചിലയിടത്ത്‌ ഉപയോഗിച്ച്‌ നോക്കിയിട്ടുണ്ട്‌.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന ചില പതിവ്‌ ചേരുവകളില്‍ വട്ടമിട്ട്‌ നിന്ന് ചെകിടിത്തടി, ഒാടിച്ചിട്ട്‌ തലയ്ക്കടി, ആളുമാറി കെട്ടിപ്പിടി, ആള്‍മറാട്ടക്കളിയോകളി തുടങ്ങിയവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

ഒട്ടും സീരിയസ്സായ ഒരു കഥ പ്രതീക്ഷിക്കാതെ കുറേ നര്‍മ്മമുഹൂര്‍ത്തങ്ങളോടെ ആസ്വദിക്കാവുന്ന ഒരു സിനിമ എന്ന് പ്രതീക്ഷിച്ച്‌ പോയാല്‍ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ദുര്യോഗം.

Note: ഒബറോണിലെ സിനിമാക്സില്‍ നിന്ന് ഒരു ഫുള്‍ ഫാമിലി (തേജാഭായി ആണ്റ്റ്‌ ഫാമിലി അല്ല, പ്രായമായ അച്ഛനും അമ്മയും കോളേജില്‍ പഠിക്കുന്ന മകന്‍, ചേട്ടന്‍ ചേട്ടത്തിയമ്മ എന്നിവര്‍ അടങ്ങിയ ഫാമിലി) ഇണ്റ്റര്‍വെല്‍ സമയത്ത്‌ സിനിമയെ പ്രാകിക്കൊണ്ട്‌ എഴുന്നേറ്റ്‌ പോകുന്നതിന്‌ സാക്ഷ്യം വഹിച്ചപ്പോള്‍ അത്ഭുതം തോന്നി. ഇത്ര കാശ്‌ മുടക്കിയാലും അവനവണ്റ്റെ സമയവും ഉറക്കവുമാണ്‌ വലുതെന്ന പ്രഖ്യാപനമായി ഇതിനെ തോന്നി.

Rating: 3 / 10

2 comments:

സൂര്യോദയം said...

ഒട്ടും സീരിയസ്സായ ഒരു കഥ പ്രതീക്ഷിക്കാതെ കുറേ നര്‍മ്മമുഹൂര്‍ത്തങ്ങളോടെ ആസ്വദിക്കാവുന്ന ഒരു സിനിമ എന്ന് പ്രതീക്ഷിച്ച്‌ പോയാല്‍ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ദുര്യോഗം.

Sadique M Koya said...

ഇതുപോലൊരു മോശം ചിത്രം പൃഥിയുടേ കരിയറില്‍ ഉണ്ടാവാനില്ല :(
ഇതിലെ കോമഡി സീനുകളേക്കാള്‍ എത്രയോ ഭേദമാണ് ‘ഒരു നുണക്കഥ‘യിലേയും ‘കഥയിലെ നായിക‘യിലേയും തമാശ രംഗങ്ങള്‍!!

വീണിടത്തു നിന്നു എഴുന്നേല്‍ക്കാന്‍ പൃഥി ഇനി ഒരുപാട് കഷ്ടപ്പെടേണ്ടിവരും