Monday, March 28, 2011

ആഗസ്ത്‌ 15 (August 15)കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ഷാജി കൈലാസ്‌
നിര്‍മ്മാണം: എം. മണി


മുഖ്യമന്ത്രി ഒരു ഗുരുതരമായ ഹൃദയാഘാതത്തിനുശേഷം സുഖം പ്രാപിക്കുന്നു. മാരകമായ ഒരു വിഷാംശം ഉള്ളില്‍ ചെന്നതാണ്‌ ഈ ഹൃദയാഘാതത്തിനുകാരണം എന്ന് ഡോക്ടര്‍മാര്‍ 'യാദൃശ്ചികമായി' കണ്ടെത്തുന്നു. തുടര്‍ന്ന് പോലീസിനെ അറിയിക്കുന്നു. പോലീസ്‌ ഡിപ്പാര്‍ട്ട്‌ മെന്റും മുഖ്യമന്ത്രിയോടടുത്ത പാര്‍ട്ടിയുടെ ചിലരും ഡോക്ടര്‍മാരും ഈ വിവരം മാധ്യമങ്ങളേയോ മുഖ്യമന്ത്രിയേയോ അറിയിക്കാതെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് 'പെരുമാള്‍' ഒരു ബുള്ളറ്റും ഓടിച്ച്‌ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കുമായി കേസന്വേഷണത്തിനെത്തി അദ്ദേഹം ഉദ്വേഗഭരിതമായി കുറ്റവാളികളെ കണ്ടെത്തുന്നു.

സിനിമയുടെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റവാളികളാരൊക്കെയെന്ന് വ്യക്തത തരുന്നുണ്ടെങ്കിലും അത്‌ പെരുമാള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതും മറ്റ്‌ ശ്രമങ്ങള്‍ എങ്ങനെ തടയുന്നു എന്നതുമാണ്‌ വിവരിക്കുന്നത്‌. അതോടൊപ്പം ക്ലൈമാക്സ്നില്‍ പ്രതീക്ഷിക്കാത്ത ഒരാളെക്കൂടി വില്ലനായി കണ്ടെത്തുന്നതോടെ പ്രേക്ഷകര്‍ സായൂജ്യമടയുമെന്ന കണക്കുകൂട്ടലും കഥാകൃത്തിനുണ്ടായിരുന്നു.

ചിത്രത്തില്‍ പൊതുവേ അഭിനയം വലിയ മോശമില്ലായിരുന്നു. സായ്‌ കുമാര്‍ അവതരിപ്പിച്ച പാര്‍ട്ടി സെക്രട്ടറി നോട്ടത്തിലും ഭാവത്തിലും ശരീരചലനങ്ങളിലും ഒരു രാഷ്ട്രീയനേതാവിനെ ശരിക്കും വരച്ചുകാണിക്കാന്‍ പ്രാപ്തമായതായിരുന്നു. നെടുമുടിവേണുവിന്റെ മുഖ്യമന്ത്രി കഥാപാത്രം, സിദ്ധിക്കിന്റെ വില്ലന്‍ തുടങ്ങിയവയും ശരാശരി നിലവാരം പുലര്‍ത്തി. ജഗതി ശ്രീകുമാറിന്റേയും ലാലു അലക്സിന്റേയും കഥാപാത്രങ്ങള്‍ ഇടയ്ക്കെങ്കിലും അല്‍പം താല്‍പര്യം ജനിപ്പിക്കുന്നവയായിരുന്നു.

മമ്മൂട്ടി പൊതുവെ നല്ല ഗ്ലാമറില്‍ നിന്നെങ്കിലും നടപ്പിലും ചലനങ്ങളിലും എന്തോ അംഗവൈകല്ല്യപ്രതീതി ജനിപ്പിച്ചു. അദ്ദേഹത്തിന്‌ അഭിനയശേഷി പ്രകടിപ്പിക്കേണ്ട ഒന്നും തന്നെ ഈ പെരുമാള്‍ എന്ന കഥാപാത്രത്തിനുണ്ടായിരുന്നില്ലതാനും.

എസ്‌. എന്‍. സ്വാമിയുടെ സ്ക്രിപ്റ്റില്‍ പരതിയാല്‍ പതിരായിരിക്കും പൊതുവേ കൂടുതലും... ചില പതിര്‍ സാമ്പിളുകളും നിരീക്ഷണങ്ങളും താഴെ കൊടുക്കുന്നു.


1. അന്വേഷണം ഏറ്റെടുക്കുന്ന പെരുമാള്‍, പോലീസിന്റെ യാതൊരു സഹായവും കാര്യമായി ഉപയോഗിക്കാതെ, തന്റെ ഇഷ്ടത്തിന്‌ കാര്യങ്ങളെല്ലാം ചെയ്യുന്നു.

2. പള്ളീലച്ഛന്റെ വേഷം കെട്ടിയാല്‍ ആര്‍ക്കും അച്ഛന്മാര്‍ താമസിക്കുന്നിടത്ത്‌ കയറി തീറ്റയും കുടിയും വ്യായാമവും പ്രാര്‍ത്ഥനയുമായി കഴിയാമെങ്കില്‍ അവിടെ ജനപ്രളയമാകാന്‍ വലിയ താമസമില്ല.

3. ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസ്സ്‌ തകര്‍ക്കാന്‍ പറ്റിയ വെടിയുണ്ടയൊക്കെ വില്ലന്‌ ഉണ്ടാക്കിയെടുക്കാന്‍ എത്ര സമയം വേണം? (രാസായുധം വരെ കയ്യിലുണ്ട്‌... പിന്നെയല്ലേ ഒരു വെടിയുണ്ട...)

4. ഈ വില്ലനെ എന്തുകൊണ്ട്‌ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ചില്ല എന്ന് പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കണം. എന്തൊരു ഷാര്‍പ്പ്‌ ഷൂട്ടര്‍?

5. ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് ഷൂട്ട്‌ ചെയ്തതാണെന്ന് മനസ്സിലാക്കി പെരുമാള്‍ വണ്ടിയും കൊണ്ട്‌ അങ്ങോട്ട്‌ പായുന്നു. പാവം പോലീസുകാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്നു. ഇദ്ദേഹം ആര്‍ക്കും ക്രെഡിറ്റ്‌ കൊടുക്കില്ല എന്ന് ശപഥം ചെയ്ത്‌ നടപ്പാണെന്ന് വേണം കരുതാന്‍. എന്നിട്ട്‌ ഒറ്റയ്ക്ക്‌ പോയിട്ട്‌ കള്ളനും പോലീസും കളിച്ച്‌ വില്ലന്‍ രക്ഷപ്പെടുന്നതും നോക്കി നില്‍ക്കുന്ന കണ്ടാല്‍ പ്രേക്ഷകന്‍ വിചാരിക്കും ഇതെന്തോ തന്ത്രമാണെന്ന്.... സിനിമ കഴിഞ്ഞാലും ആ തന്ത്രം എന്തായിരുന്നു എന്ന് ഒരു പിടിയും കിട്ടില്ല.

6. സിനിമാപ്രദര്‍ശനശാലയുടെ സ്ക്രീനിന്‌ തീ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി മാത്രം ഇരുന്ന ഇരുപ്പില്‍ ഇരുന്ന് ചുമയ്കുകയും ബാക്കി എല്ലാവരും ഓടി രക്ഷപ്പെടുകയും ചെയ്തതും കേമം.. പ്രദര്‍ശനശാലയുടെ സമീപം പോലീസും സെക്യൂരിറ്റിയും കോടതി നിരോധിച്ചിട്ടുണ്ടോ ആവോ? (മാത്രമല്ല, അവിടെ എന്തായിരുന്നു കൊല്ലാന്‍ ഉപയോഗിക്കുന്ന പദ്ധതി എന്ന് വ്യക്തമായില്ല. തീ വെച്ചിട്ട്‌ വെടിവെയ്ക്കാനായിരുന്നോ, വെടി വച്ചിട്ട്‌ തീ വെയ്ക്കാനായിരുന്നോ, അതോ ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരുന്നോ? ഒരു പിടിയുമില്ല. നമ്മുടെ നിരീക്ഷണപാടവത്തിന്റെ കുറവാകാം മനസ്സിലാകാതിരിക്കാന്‍ കാരണം)

7. വില്ലന്‌ പെരുമാളുമായാണോ ശത്രുത എന്ന് ഇടയ്ക്കെങ്കിലും തോന്നിപ്പോകും. ജോലി ഏല്‍പിച്ച ആളുകള്‍ പിന്‍ വാങ്ങുമ്പോഴും അതിന്‌ സൗകര്യപ്പെടില്ല എന്ന് വില്ലന്‍ പറയുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ഡയലോഗുകളും കേട്ട്‌ രോമാഞ്ചഭരിതരയായിപ്പോകാത്തവരാരും ഉണ്ടാകില്ല.

8. പണം കണ്ട്‌ വശംവദനായിപ്പോയ ഒരു സബ്‌ ഇന്‍സ്പെക്ടറും കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മാറ്റങ്ങളും കണ്ട്‌ കഷ്ടം തോന്നിപ്പോകും.

9. ഹെല്‍മറ്റ്‌ ഉപയോഗിക്കാത്തതിന്‌ ഒരിക്കല്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്താല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഹെല്‍മറ്റ്‌ വെയ്ക്കാതെ സഞ്ചരിക്കാനുള്ള ലൈസന്‍സ്‌ ആകുമോ എന്ന് ആര്‍ക്കും ഒരു ചെറിയ സംശയം തോന്നാം.

10. ഡി.ജി.പി. ഇന്റലിജന്‍സ്‌ മുഖ്യമന്ത്രിയുടെ പ്രോഗ്രാമില്‍ വന്ന ഒരു മാറ്റം പെരുമാളിനെ അറിയിക്കാന്‍ മറന്നുപോയി എന്നത്‌ സുപ്രധാനമായി. ഇദ്ദേഹം മറന്നില്ലായിരുന്നെങ്കില്‍ വില്ലന്റെ പദ്ധതി നടപ്പിലാക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ ഇദ്ദേഹം നിര്‍ബന്ധമായും മറന്നതിനുപിന്നില്‍ ഇദ്ദേഹത്തിനും പങ്കുണ്ടായിരുന്നോ എന്ന് ആര്‍ക്കും സംശയം തോന്നും. പക്ഷേ, ആ ഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കി സര്‍പ്രൈസ്‌ വില്ലനെ കണ്ടെത്തികാണിച്ച്‌ സംഗതി പര്യവസാനിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ പതിവുപോലെ പെരുമാള്‍ കൂളിംഗ്‌ ഗ്ലാസ്‌ വെച്ച്‌ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ചുപോകുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇറങ്ങിപ്പോകാം.

പൊതുവേ പറഞ്ഞാല്‍ എസ്‌. എന്‍. സ്വാമിയുടെ സമീപകാല ചിത്രങ്ങളിലൊക്കെ കാണാവുന്ന ഏനക്കേടുകളും ഷാജികൈലാസിന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കാവുന്ന സംഗതികളും ചേര്‍ത്ത്‌ ഉണ്ടാക്കിയെടുത്ത ഒരു സിനിമ. പക്ഷേ, ഈ രണ്ട്‌ പേരും അവരുടെ തൊട്ട്‌ മുന്‍പ്‌ ചെയ്ത ചിത്രങ്ങളേക്കാല്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം (രണ്ട്‌ മോശം കാര്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ ഭേദം ഏത്‌ എന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട്‌)

Rating : 3 / 10

8 comments:

സൂര്യോദയം said...

എസ്‌. എന്‍. സ്വാമിയുടെ സമീപകാല ചിത്രങ്ങളിലൊക്കെ കാണാവുന്ന ഏനക്കേടുകളും ഷാജികൈലാസിന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കാവുന്ന സംഗതികളും ചേര്‍ത്ത്‌ ഉണ്ടാക്കിയെടുത്ത ഒരു സിനിമ. പക്ഷേ, ഈ രണ്ട്‌ പേരും അവരുടെ തൊട്ട്‌ മുന്‍പ്‌ ചെയ്ത ചിത്രങ്ങളേക്കാല്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം (രണ്ട്‌ മോശം കാര്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ ഭേദം ഏത്‌ എന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട്‌)

വിന്‍സ് said...

Oru mammootty filimil ninnum ithil kooduthal okkey pratheekshikkunnathu thanney mandatharam alley???

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

നിരൂപണം നന്നായി.. :)

Haree said...

പത്താമത്തെ പോയിന്റിനെപ്പറ്റി. പെരുമാളിനാണ്‌ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ചുമതല. ഡി.ജി.പി. അറിയിച്ചില്ലെങ്കില്‍ പോലും പെരുമാള്‍ അതറിയും. മുഖ്യമന്ത്രിയുടെ വാഹനം എവിടെയാണ്‌ എന്നത് അതാത് സമയം അറിഞ്ഞിരിക്കുമല്ലോ സുരക്ഷാ ഉദ്യോഗസ്ഥന്‍. പിന്നെ, സുരക്ഷ എന്നു പറയുന്നത് മുഖ്യമന്ത്രി എവിടെയോ അവിടെയാണല്ലോ നല്‍കേണ്ടത്. അല്ലാതെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നിടത്തല്ല. ഫയര്‍ഫോഴ്സും ആംബുലന്‍സും തയ്യാറാക്കലും, തൊട്ടുമുന്‍പുള്ള സുരക്ഷാപരിശോധനയുമൊക്കെ പ്രോട്ടോക്കോളിന്റെ ഭാഗമായി നടന്നു കൊള്ളൂം, പെരുമാള്‍ അറിയണമെന്നില്ല. പെരുമാള്‍ അറിഞ്ഞില്ല, അതുകൊണ്ട് അവിടെ മുഖ്യമന്ത്രിക്ക് സുരക്ഷയില്ല; നല്ല കോമഡി! :)
--

സൂര്യോദയം said...

വിന്‍സ്‌..മമ്മൂട്ടി പടങ്ങളെ അടച്ചാക്ഷേപിക്കാന്‍ പറ്റില്ലല്ലോ.. കാരണം, പല നല്ല സിനിമകളും (പോലീസ്‌ വേഷങ്ങള്‍ ഉള്‍പ്പെടെ) അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെന്നത്‌ സത്യമാണല്ലോ... പക്ഷേ, എസ്‌. എന്‍. സ്വാമി, ഷാജി കൈലാസ്‌ കൂട്ടുകെട്ടില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി എന്നത്‌ കാര്യം.. :)

ശ്രീജിത്‌... നന്ദി..

ഹരി.... വളരെ ശരിയാണ്‌... ആ സുരക്ഷാകോമഡി ഞാന്‍ അതില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. സുരക്ഷാകോമഡി കൂടാതെ ഡി.ജി.പി. മറന്നുപോയി എന്ന സംഗതിയും (മറക്കാന്‍ പറ്റിയ സിമ്പിള്‍ കാര്യമായിരുന്നല്ലോ..) കുറച്ച്‌ അതിക്രമമായിപ്പോയി..

sadique said...

(അഞ്ചു പേരോട് പൊരിഞ്ഞ ഇടി നടത്തുമ്പോഴും, കൊലയാളിയുടെ പിന്നാലെ ഓടുന്നത് പോലെ ഭാവിക്കുമ്പോഴും {അങ്ങേര്‍ക്കു അങ്ങനാന്‍ വയ്യ എന്നാ തോന്നുന്നത്} കൂളിംഗ് ഗ്ലാസ് മമ്മൂട്ടിയുടെ മുഖത്ത് തന്നെ സ്ഥാനം തെറ്റാതെ ഉണ്ട് ) മസിലും പെരുക്കി തേരാ പരാ നടപ്പാണ് അങ്ങേരുടെ അന്വേഷണത്തിന്റെ അമ്പതു ശതമാനം.ബാക്കി അമ്പതു ശതമാനം സിംഗിള്‍ സീറ്റ് ബുള്ളറ്റില്‍ തേരാ പാരാ പോവുക.കൂളിംഗ് ഗ്ലാസും,

ശ്രീ said...

എന്തൊരു ഗതികേടാണ് മലയാള സിനിമയ്ക്ക്???

പഴയ ടീമുകളൊന്നും നിലം തൊടുന്നില്ലല്ലോ

ചെലക്കാണ്ട് പോടാ said...

പതിരുകള്‍ കൊള്ളാം.......